രാജ്യത്തെ ആദ്യ വനിതാ കാര്‍ഡിയോളജിസ്റ്റ് ഡോ.എസ് പദ്മാവതി കൊവിഡ് ബാധയെ തുടര്‍ന്ന് അന്തരിച്ചു

By Web Team  |  First Published Aug 31, 2020, 11:27 AM IST

രണ്ടാം ലോകമഹായുദ്ധ കാലത്താണ് (1942) ഇവര്‍ ഇന്ത്യയിലെത്തുന്നത്. മെഡിക്കല്‍ രംഗത്ത് തന്നെ അധ്യാപനം ചെയ്തുകൊണ്ടായിരുന്നു തുടക്കം. 1962ല്‍ 'ഓള്‍ ഇന്ത്യ ഹാര്‍ട്ട് ഫൗണ്ടേഷന്‍'ഉം 1981ല്‍ എന്‍എച്ച്‌ഐയും സ്ഥാപിച്ചു. ആതുരസേവനരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് 1967ല്‍ രാജ്യം ഡോ. പദ്മാവതിയെ പത്മഭൂഷണും 1992ല്‍ പത്മവിഭൂഷണും നല്‍കി ആദരിച്ചു


രാജ്യത്തെ ആദ്യ വനിതാ കാര്‍ഡിയോളജിസ്റ്റും ദില്ലി 'നാഷണല്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട്' (എന്‍എച്ച്‌ഐ) സ്ഥാപകയുമായ ഡോ. എസ് പദ്മാവതി കൊവിഡ് ബാധയെ തുടര്‍ന്ന് അന്തരിച്ചു. 103 വയസായിരുന്നു ഇവര്‍ക്ക്. 

കഴിഞ്ഞ പത്ത് ദിവസത്തിലധികമായി കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എന്‍എച്ച്‌ഐയില്‍ തന്നെ ചികിത്സയിലായിരുന്നു ഡോ. പദ്മാവതി. പനിയും ശ്വാസതടസവുമായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ഉണ്ടായിരുന്ന വിഷമതകള്‍. 

Latest Videos

undefined

എന്നാല്‍ പിന്നീട് ന്യുമോണിയ ബാധിക്കുകയും ഇത് രണ്ട് ശ്വാസകോശങ്ങളുടേയും പ്രവര്‍ത്തനത്തെ തകരാറിലാക്കുകയുമായിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഹൃദയസ്തംഭനം മൂലം അന്ത്യം സംഭവിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 

1917ല്‍ ബര്‍മ്മയില്‍ (ഇന്നത്തെ മ്യാന്‍മര്‍) ആയിരുന്നു ഡോ. പദ്മാവതിയുടെ ജനനം. ലോകത്തെ പിടിച്ചുകുലുക്കിയ സ്പാനിഷ് ഫ്‌ളൂ മഹാമാരി പൊട്ടിപ്പുറപ്പെടുന്നതിന് ഒരു വര്‍ഷം മുമ്പ്. 'റംഗൂണ്‍ മെഡിക്കല്‍ കോളേജി'ല്‍ നിന്ന് ബിരുദമെടുത്ത ശേഷം ഉന്നത പഠനത്തിന് വിദേശത്തേക്ക് പോയി. 

ഇതിനെല്ലാം ശേഷം രണ്ടാം ലോകമഹായുദ്ധ കാലത്താണ് (1942) ഇവര്‍ ഇന്ത്യയിലെത്തുന്നത്. മെഡിക്കല്‍ രംഗത്ത് തന്നെ അധ്യാപനം ചെയ്തുകൊണ്ടായിരുന്നു തുടക്കം. 1962ല്‍ 'ഓള്‍ ഇന്ത്യ ഹാര്‍ട്ട് ഫൗണ്ടേഷന്‍'ഉം 1981ല്‍ എന്‍എച്ച്‌ഐയും സ്ഥാപിച്ചു. ആതുരസേവനരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് 1967ല്‍ രാജ്യം ഡോ. പദ്മാവതിയെ പത്മഭൂഷണും 1992ല്‍ പത്മവിഭൂഷണും നല്‍കി ആദരിച്ചു. 

രാജ്യത്തിനകത്ത് 'ഗോഡ് മദര്‍ ഓഫ് കാര്‍ഡിയോളജി' എന്നായിരുന്നു ഡോ. പദ്മാവതി അറിയപ്പെട്ടിരുന്നത്. നിരവധി പ്രമുഖരാണ് ഡോ. പദ്മാവതിക്ക് ആദരാഞ്ജലികളര്‍പ്പിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഞായറാഴ്ച തന്നെ ഇവരുടെ സംസ്‌കാരവും നടത്തി. 

Also Read:- കൊവിഡ് വന്ന് ഭേദമായി; വീണ്ടും മരണത്തോളം പോയി ഏഴുവയസുകാരന്‍...

click me!