മുപ്പത്തിമൂന്ന് വയസ് മാത്രമുള്ള ബോഡി ബില്‍ഡര്‍, കാര്‍ഡിയാക് അറസ്റ്റ് അഥവാ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. ഇദ്ദേഹം ഒരു ഡോക്ടര്‍ കൂടിയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്.
ഫിറ്റ്നസിന് ഏറെ പ്രാധാന്യം നല്‍കുന്നതോടെ ആരോഗ്യപ്രശ്നങ്ങളെയും അസുഖങ്ങളെയുമെല്ലാം അകറ്റിനിര്‍ത്താമെന്ന് ഏവരും ചിന്തിക്കാറുണ്ട്. ഇത് വലിയൊരു പരിധി വരെ സത്യവുമാണ്. എന്നാല്‍ ശരീരം 'ഫിറ്റ്' ആയി സൂക്ഷിക്കുന്നു എന്ന കാരണത്താല്‍ യാതൊരു അസുഖവും പിന്നീട് ബാധിക്കില്ലെന്ന് ഉറപ്പിക്കാൻ സാധിക്കുകയില്ല. ആരോഗ്യപ്രശ്നങ്ങളുടെയോ അസുഖങ്ങളുടെയോ കാര്യത്തില്‍ അങ്ങനെ 'സീറോ' സാധ്യത എന്നൊന്ന് ഡോക്ടര്‍മാര്‍ക്ക് പോലും ഉറപ്പ് നല്‍കാൻ സാധിക്കാത്ത കാര്യമാണ്.
ജിമ്മിലെ വര്‍ക്കൗട്ടിനിടെ കുഴഞ്ഞുവീണ് മരിച്ചു, അല്ലെങ്കില്‍ പതിവായി നന്നായി വ്യായാമം ചെയ്യുന്നയാള്‍ പെടുന്നനെ ആരോഗ്യനില മോശമായി മരിച്ചു എന്നെല്ലാമുള്ള വാര്‍ത്തകള്‍ വരുമ്പോള്‍ അധികപേരും ഞെട്ടലിലാകുന്നതും സംശയത്തിലാകുന്നത് ആദ്യം സൂചിപ്പിച്ചത് പോലുള്ള തെറ്റിദ്ധാരണയുടെ പേരിലാണ്. പക്ഷേ പതിവായി വര്‍ക്കൗട്ട് ചെയ്യുന്നതോ, ഫിറ്റായിരിക്കുന്നതോ അസുഖങ്ങളെ പരിപൂര്‍ണമായി തളച്ചിടുമെന്ന ചിന്ത തീര്‍ത്തും തെറ്റ് തന്നെയാണ്.
ഇപ്പോഴിതാ ഇത്തരത്തില്‍ ചര്‍ച്ചകളില്‍ ഇടം നേടിയിരിക്കുകയാണ് പ്രശസ്തനായ യുവ- ബോഡി ബില്‍ഡറുടെ മരണം. മുപ്പത്തിമൂന്ന് വയസ് മാത്രമുള്ള ബോഡി ബില്‍ഡര്‍, കാര്‍ഡിയാക് അറസ്റ്റ് അഥവാ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. ഇദ്ദേഹം ഒരു ഡോക്ടര്‍ കൂടിയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്.
ബ്രസീലിലെ സാവോ പൗവോയില്‍ നിന്നുള്ള ഡോ. റൊഡോള്‍ഫോ ഡ്വാര്‍ട്ട് റിബൈറോ ഇൻസ്റ്റഗ്രാമിലൂടെ വര്‍ക്കൗട്ട് വീഡിയോകളും ഫോട്ടോയുമെല്ലാം നിരന്തരം പങ്കുവച്ചുകൊണ്ടാണ് ശ്രദ്ധേയനായത്.
കരളില്‍ ഒരു ചെറിയ മുഴ രൂപപ്പെടുകയും ഇത് പിന്നീട് പൊട്ടി സങ്കീര്‍ണമാവുകയും ചെയ്തതിന് പിന്നാലെയാണ് ഡോ. റൊഡോള്‍ഫോയ്ക്ക് ഹൃദയസ്തംഭനമുണ്ടായത് എന്നാണ് ഇദ്ദേഹം ജോലി ചെയ്തിരുന്ന ക്ലിനിക് അറിയിച്ചിരിക്കുന്നത്. സ്റ്റിറോയ്ഡുകളുടെ അമിതോപയോഗമാണ് ഇദ്ദേഹത്തെ ഹൃദയസ്തംഭനത്തിലേക്ക് നയിച്ചത് എന്ന ആരോപണം തള്ളിക്കൊണ്ടാണ് ക്ലിനിക് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
സ്റ്റിറോയ്ഡുകളുടെ അമിതോപയോഗം എന്ന വിഷയത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളാണ് ഡോക്ടറുടെ മരണത്തോടെ ഉയര്‍ന്നുവന്നിട്ടുള്ളത്. ബോഡി ബില്‍ഡര്‍ ആകാനുള്ള ആഗ്രഹത്താല്‍ സോഷ്യല്‍ മീഡിയയിലൂടെയും പുറത്തുമെല്ലാം കാണുന്ന പലരെയും മാതൃകയാക്കിക്കൊണ്ട് ധാരാളം പേര്‍ സ്റ്റിറോയ്ഡുകളുടെ ഉപയോഗത്തിലേക്കും മറ്റും എത്തുന്നുണ്ടെന്നും ഇത്തരത്തില്‍ തെറ്റായ രീതിയില്‍ വര്‍ക്കൗട്ടിനെയും ഫിറ്റ്നസിനെയും ഉള്‍ക്കൊള്ളുന്നത് അപകടത്തിലേക്കേ നയിക്കൂ എന്നുമെല്ലാം ചര്‍ച്ചകളുടെ ഭാഗമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം ഡോക്ടറുടെ മരണത്തില്‍ സ്റ്റിറോയ്ഡ് ഉപയോഗമല്ല കാരണമായത് എന്ന അറിയിപ്പ് വന്നതോടെ ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഏറെക്കുറെ അവസാനമായി എന്നുതന്നെ പറയാം. എന്നാല്‍ സ്വന്തം ആരോഗ്യവും ജീവനും മറന്നുകൊണ്ടുള്ള ബോഡി ബില്‍ഡിംഗോ, ശരീരസൗന്ദര്യ പ്രകടനങ്ങളോ, ഫിറ്റ്നസ് ഗോളുകളോ ഒന്നും യുവാക്കള്‍ തെരഞ്ഞെടുക്കരുത് എന്ന നിര്‍ദേശം വിദഗ്ധരെല്ലാം ഒരുപോലെ മുന്നോട്ടുവയ്ക്കുന്നു.
Also Read:- 'സിംഗിള്‍ ആയതിനാല്‍ വീട് തന്നില്ല'; കരഞ്ഞുകൊണ്ട് വീഡിയോ പങ്കിട്ട് നടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-