കഴുത്തിന് പിന്നില്‍ ഇങ്ങനെ മുഴയുണ്ടോ? അറിയാം ഇതെക്കുറിച്ച് കൂടുതലായി...

By Web Team  |  First Published Oct 16, 2023, 9:19 PM IST

കഴുത്തിന് പ്രശ്നം പറ്റിയാലും നമ്മളത് തിരിച്ചറിയണമെന്നില്ല. എന്നാല്‍ കടുത്ത വേദന അനുഭവപ്പെടുമ്പോള്‍ മാത്രം ചിലര്‍ താല്‍ക്കാലികമായ പരിഹാരങ്ങള്‍ തേടും. വീണ്ടും പഴയ ശീലത്തിലേക്ക് മടങ്ങുകയും ചെയ്യും


നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതാണ്. മിക്കവരും ഇത്തരത്തില്‍ നേരിടുന്ന പ്രശ്നങ്ങളെല്ലാം നിസാരമായി തള്ളിക്കളയാറാണ് പതിവ്. പക്ഷേ ഇങ്ങനെ ചെയ്യുന്നത് ഭാവിയില്‍ കൂടുതല്‍ സങ്കീര്‍ണതകളിലേക്കേ നമ്മെ നയിക്കൂ. 

കാരണം ഇന്ന് നാം അനുഭവിക്കുന്ന പല ആരോഗ്യപ്രശ്നങ്ങളും നാളെ നേരിടാനുള്ള രോഗങ്ങളുടെ ലക്ഷണങ്ങളോ സൂചനകളോ എല്ലാമാകാം. സമാനമായ രീതിയില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടൊരു ആരോഗ്യപ്രശ്നത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

Latest Videos

'ടെക്സ്റ്റ് നെക്ക് സിൻഡ്രോം' അല്ലെങ്കില്‍ 'ടെക് നെക്ക്' എന്നൊക്കെയാണിത് അറിയപ്പെടുന്നത്. പേരില്‍ സൂചിപ്പിച്ചിരിക്കുംപോലെ തന്നെ കഴുത്തിനെയാണിത് ബാധിക്കുന്നത്. 

ഇന്നത്തെ ഡിജിറ്റല്‍ കാലത്ത് മണിക്കൂറുകളോളമാണ് ഓരോരുത്തരും ഫോണിലും മറ്റ് ഗാഡ്‍ഗെറ്റുകളിലും സമയം ചിലവിടുന്നത്. ഈ ശീലത്തിന്‍റെ ഭാഗമായി പിടിപെടുന്നൊരു ആരോഗ്യപ്രശ്നമാണ്  'ടെക്സ്റ്റ് നെക്ക് സിൻഡ്രോം' അഥവാ  'ടെക് നെക്ക്'. 

പതിവായ കഴുത്തുവേദനയും കഴുത്തിനേല്‍ക്കുന്ന തകരാറുമാണ്  'ടെക് നെക്ക്'. തല താഴ്ത്തി ദീര്‍ഘനേരം ഫോണ്‍, ടാബ്, ലാപ് എല്ലാം ഉപയോഗിക്കുന്നത് മൂലമാണിത് പിടിപെടുന്നത്. കഴുത്തിന് പിന്നില്‍ നട്ടെല്ലിന്‍റെ ഭാഗത്തായി ചെറിയ മുഴ കാണുന്നതും ടെക് നെക്കിന്‍റെ ലക്ഷണമാണ്.

നമ്മുടെ നട്ടെല്ല് നിവര്‍ന്നിരിക്കുന്നതാണ് ആരോഗ്യകരമായ പൊസിഷൻ. ഓരോ തവണ മുപ്പത് ഡിഗ്രി വളയുമ്പോള്‍ പോലും അതിന് എത്രയോ അധികഭാരമാണത്രേ വരുന്നത്. അപ്പോള്‍ ദീര്‍ഘനേരം ഇങ്ങനെ വളഞ്ഞിരിക്കുന്നത് എത്രമാത്രം നട്ടെല്ലിന് ബാധിക്കുമെന്നതിനെ കുറിച്ച് പറയേണ്ടതില്ലല്ലോ. 

ഇത്തരത്തില്‍ കഴുത്തിന് പ്രശ്നം പറ്റിയാലും നമ്മളത് തിരിച്ചറിയണമെന്നില്ല. എന്നാല്‍ കടുത്ത വേദന അനുഭവപ്പെടുമ്പോള്‍ മാത്രം ചിലര്‍ താല്‍ക്കാലികമായ പരിഹാരങ്ങള്‍ തേടും. വീണ്ടും പഴയ ശീലത്തിലേക്ക് മടങ്ങുകയും ചെയ്യും. പക്ഷേ ക്രമേണ ഇത് നമ്മുടെ ശരീരത്തിന്‍റെ ഘടനയെ തന്നെ മാറ്റുമെന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പായി നല്‍കുന്നത്. 

നിലവില്‍  'ടെക് നെക്ക്' ബാധിക്കുന്നവുടെ എണ്ണം ഏറെയാണെന്നും ഫോണ്‍- ലാപ് ഉപയോഗം തന്നെയാണ് ഇതിന് കാരണമാകുന്നതെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. 

ദീര്‍ഘനേരം തല താഴ്ത്തി ഫോണ്‍, ലാപ് മറ്റ് ഗാഡ്‍ഗെറ്റുകള്‍ ഉപയോഗിക്കാതിരിക്കുക, സ്ട്രെച്ചിംഗ് അടക്കമുള്ള വ്യായാമം ചെയ്യുക, ബോധപൂര്‍വം തന്നെ ശരീരത്തിന്‍റെ ഘടനയ്ക്ക് (പോസ്ചര്‍) അനുകൂലമാം വിധത്തില്‍ ഇരുന്നും, നടന്നും, കിടന്നുമെല്ലാം ശീലിക്കുക, ദീര്‍ഘനേരം ഇരുന്ന് ചെയ്യുന്ന ജോലിയാണെങ്കില്‍ ഇടയ്ക്കിടെ ബ്രേക്ക് എടുക്കുക, ജോലി ചെയ്യുന്ന അന്തരീക്ഷം ആരോഗ്യകരമായ രീതിയില്‍ ഡിസൈൻ ചെയ്യുക, കഴുത്തിലെ പേശികള്‍ ബലപ്പെടുത്താൻ വേണ്ടി തന്നെ വ്യായാമം പതിവാക്കുക, എല്ലിനെ ബലപ്പെടുത്താൻ സഹായിക്കുന്ന തരത്തില്‍ ആരോഗ്യകരമായ ഭക്ഷണശീലവും പിന്തുടരുക. ഇത്രയും കാര്യങ്ങളാണ്  'ടെക് നെക്ക്' പ്രതിരോധത്തിനായി നമുക്ക് ചെയ്യാവുന്നത്.

പുതിയ കാലത്ത് ടെക്നോളജിയുടെ സഹായം എല്ലാ മേഖലയിലും വൻ മുന്നേറ്റമാണുണ്ടാക്കുന്നത്. എന്നാലിതുമായി ബന്ധപ്പെട്ട് പല ആരോഗ്യപ്രശ്നങ്ങളും നമുക്കിടയില്‍ വ്യാപകമാവുകയാണ്. ഇക്കൂട്ടത്തിലൊന്നാണ് തീര്‍ച്ചയായും  'ടെക് നെക്ക്'ഉം. ഇത് പിടിപെടാതിരിക്കാനും, അധികരിക്കാതിരിക്കാനും ഇനിയെങ്കിലും വേണ്ടത്ര ശ്രദ്ധ നല്‍കൂ...

Also Read:- പക്ഷാഘാതം അഥവാ സ്ട്രോക്ക് ചെറുപ്പക്കാരില്‍ വരുമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!