മൃതകോശങ്ങളാവും ഇതെന്ന ധാരണയിലാണ് ചെവിയിലെ അഴുക്ക് ഡോക്ടര്‍ നീക്കം ചെയ്യാനൊരുങ്ങിയത്. ഇയര്‍ സക്ഷന്‍ ടെക്നിക്കിലൂടെയാണ് ഓഡിയോളജിസ്റ്റ് ഇത് പുറത്തെടുത്തത്.
കടുത്ത ചെവി വേദനയുമായി എത്തിയ മൂന്നുവയസുകാരന്‍റെ ചെവിയില്‍ നിന്ന് നീക്കം ചെയ്തത് പല്ല്. ലണ്ടനിലെ ഓഡ്ബൈയിലാണ് സംഭവം. നീല്‍ റെയ്താത എന്ന ഇഎന്‍ഡി വിദഗ്ധനാണ് മൂന്നുവയസുകാരന്‍റെ ചെവിയില്‍ കുടുങ്ങിയ നിലയില്‍ പല്ല് കണ്ടെത്തിയത്. ചെവിയില്‍ ഇനാമല്‍ പോലൊരു വസ്തു ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അതൊരിക്കലും പല്ലാവുമെന്ന് കരുതിയില്ലെന്നാണ് ഡോക്ടര്‍ പറയുന്നത്. മൃതകോശങ്ങളാവും ഇതെന്ന ധാരണയിലാണ് ചെവിയിലെ അഴുക്ക് ഡോക്ടര്‍ നീക്കം ചെയ്യാനൊരുങ്ങിയത്.
ഇയര്‍ സക്ഷന്‍ ടെക്നിക്കിലൂടെയാണ് ഓഡിയോളജിസ്റ്റ് ഇത് പുറത്തെടുത്തത്. എന്താണ് ചെവിയിലിട്ടതെന്ന് കുട്ടിയോട് ഓഡിയോളജിസ്റ്റ് ചോദിച്ചെങ്കിലും വ്യക്തമായ ഒരുത്തരം നല്‍കാന്‍ മൂന്ന് വയസുകാരന് സാധിച്ചിരുന്നില്ല. പല്ലാണ് പുറത്തെടുത്തതെന്ന് സൂക്ഷ്മമായ പരിശോധനയിലാണ് വ്യക്തമാവുന്നത്. പുറത്തെടുക്കുമ്പോള്‍ ഇയര്‍ഡ്രമ്മിന് ചെറിയ പരിക്കുണ്ടെന്ന് ഡോക്ടര്‍ പറയുന്നു.
എന്നാല്‍ ഇത് സാരമല്ലെന്നും കുട്ടിയുടെ കേള്‍വി ശക്തിയെ ബാധിക്കില്ലെന്നും ഡോക്ടര്‍ വിശദമാക്കി. ചെവിയിലെന്തോ തടഞ്ഞത് പോലെ തോന്നിയതുകൊണ്ട് മരുന്നുകള്‍ ഒഴിച്ച് നീക്കാന്‍ വീട്ടുകാര്‍ നടത്തിയ ശ്രമം രൂക്ഷമായ അണുബാധയാണ് കുഞ്ഞിനുണ്ടാക്കിയത്. പല്ല് എങ്ങനെയാണ് ചെവിക്കുള്ളില്‍ എത്തിയതെന്നോ കുട്ടിയുടെ തന്നെ പല്ലാണോ ഇതെന്നോ ഇനിയും വ്യക്തമായിട്ടില്ല.