Weight Loss : രാവിലെ ചൂടുവെള്ളം കുടിച്ചാല്‍ വണ്ണം കുറയുമോ?

By Web Team  |  First Published Aug 26, 2022, 8:47 AM IST

പ്രധാനമായും രാവിലെ ചൂടുവെള്ളം കുടിക്കുന്നതിലൂടെ ദഹനപ്രശ്നങ്ങളാണ് നമുക്ക് പരിഹരിക്കാൻ സാധിക്കുക. ഇതിന് പുറമെ ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിനും ഇത് സഹായിക്കുന്നു.


വണ്ണം കുറയ്ക്കുകയെന്നത് അത്ര എളുപ്പമുള്ള സംഗതിയല്ല. വര്‍ക്കൗട്ട്- ഡയറ്റ് എല്ലാം ഇതിനായി പാലിക്കേണ്ടിവരും. എന്നാല്‍ വണ്ണം കുറയ്ക്കാൻ എളുപ്പവഴികള്‍ എന്തെങ്കിലുമുണ്ടോ എന്ന് തിരക്കുന്നവര്‍ നിരവധിയാണ്. ഇത്തരക്കാരെ ചൂഷണം ചെയ്യുന്നതിനായി വ്യാജവിവരങ്ങള്‍ പങ്കുവയ്ക്കുന്നവരും കുറവല്ല. ഇങ്ങനെ വണ്ണം കുറയ്ക്കാൻ സഹായകമാണെന്ന രീതിയില്‍ പ്രചരിക്കുന്ന പല കാര്യങ്ങളും അടിസ്ഥാനരഹിതമാണെന്നതാണ് സത്യം. 

അത്തരത്തില്‍ ശാസ്ത്രീയമായി ശരിയല്ലാത്തൊരു പ്രചാരണമാണ് രാവിലെ ചൂടുവെള്ളം കുടിച്ചാല്‍ വണ്ണം കുറയുമെന്നത്. രാവിലെ എഴുന്നേറ്റയുടനെ ഇളം ചൂടുവെള്ളം കുടിക്കുന്നത് നല്ലതുതന്നെയാണ്. എന്നാല്‍ ഇതൊരിക്കലും വണ്ണം കുറയ്ക്കാൻ സഹായിക്കില്ല. 

Latest Videos

പ്രധാനമായും രാവിലെ ചൂടുവെള്ളം കുടിക്കുന്നതിലൂടെ ദഹനപ്രശ്നങ്ങളാണ് നമുക്ക് പരിഹരിക്കാൻ സാധിക്കുക. ഇതിന് പുറമെ ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിനും ഇത് സഹായിക്കുന്നു. ഈ വെള്ളത്തില്‍ അല്‍പം ചെറുനാരങ്ങാനീര് കൂടി ചേര്‍ക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ ഒരല്‍പം മഞ്ഞള്‍പ്പൊടി ( വീട്ടില്‍ തന്നെ തയ്യാറാക്കിയത്). ഇതെല്ലാം ശരീരത്തിന് വിവിധ രീതിയില്‍ ഗുണമാകും. 

രാവിലെ ചൂടുവെള്ളം കുടിക്കുന്നത് പതിവാക്കിയാല്‍ വേറെയും ചില ഗുണങ്ങള്‍ കൂടിയുണ്ട്. അവ ഏതെല്ലാമാണെന്ന് കൂടി ഒന്നറിയാം...

ഒന്ന്...

ചൂടുവെള്ളം രക്തയോട്ടം വര്‍ധിപ്പിക്കുന്നതിന് സഹായിക്കും. ഇതിലൂടെ ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും കൃത്യമായി രക്തമെത്തും. ആകെ ആരോഗ്യത്തെ തന്നെ ഇത് നല്ലരീതിയില്‍ സ്വാധീനിക്കും. 

രണ്ട്...

ചിലര്‍ക്ക് എപ്പോഴും മലബന്ധം പ്രശ്നം സൃഷ്ടിക്കാറുണ്ട്. അത്തരക്കാര്‍ക്കും രാവിലെ എഴുന്നേറ്റയുടനെ ചൂടുവെള്ളം കുടിക്കുന്നത് സഹായകമാണ്. ഇത് മലം വയറിനകത്ത് ഉറച്ചുകിടക്കാതെ പുറത്തുപോകുന്നതിന് സഹായിക്കും. 

മൂന്ന്...

ചുമ, ജലദോഷം പോലുള്ള അണുബാധകളെ ചെറുക്കുന്നതിനും ഇവയില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിനും രാവിലെ ചൂടുവെള്ളം കുടിക്കുന്നത് സഹായിക്കും. 

നാല്...

സ്ത്രീകള്‍ക്കാണെങ്കില്‍ ആര്‍ത്തവവേദന ലഘൂകരിക്കാനും രാവിലെ ചൂടുവെള്ളം കുടിക്കുന്നത് സഹായിക്കും. 

Also Read:- വണ്ണം കുറയ്ക്കാൻ അത്താഴം ഒഴിവാക്കണോ?

click me!