ഈ കൊടുംചൂടില്‍ തണുത്ത വെള്ളം കുടിച്ചാല്‍ സ്ട്രോക്ക് വരുമോ; കോട്ടയം മെഡിക്കല്‍ കോളേജിന്‍റെ പേരില്‍ വ്യാജസന്ദേശം

By Web Team  |  First Published May 5, 2024, 7:46 PM IST

കേരളത്തില്‍ പുതിയ ഉഷ്ണ തരംഗം വരാൻ പോകുന്നുവെന്നും ചൂടിൽ നിന്ന് വീട്ടിനകത്തേക്ക് വരുന്നവർ തണുത്ത വെള്ളത്തിൽ കുളിക്കരുതെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്.


കോട്ടയം: കൊടും ചൂടില്‍ തണുത്ത വെള്ളം കുടിച്ചാല്‍ സ്ട്രോക്ക് വരുമെന്നും രക്തക്കുഴലുകള്‍ പൊട്ടുമെന്നും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് വിദഗ്ധര്‍. കോട്ടയം മെഡിക്കൽ കോളേജിന്റെ പേരിലാണ് വാട്സ് ആപ് ഗ്രൂപ്പുകളിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും സന്ദേശം വ്യാപകമായി പ്രചരിക്കുന്നത്. ഈ സന്ദേശം വ്യാജമാണെന്നും പ്രചരിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് മാധ്യമങ്ങളോട് അറിയിച്ചു. 

കേരളത്തില്‍ പുതിയ ഉഷ്ണ തരംഗം വരാൻ പോകുന്നുവെന്നും ചൂടിൽ നിന്ന് വീട്ടിനകത്തേക്ക് വരുന്നവർ തണുത്ത വെള്ളത്തിൽ കുളിക്കരുതെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്. തണുത്ത വെള്ളം കുടിക്കുന്നവരുടെ രക്തക്കുഴലുകൾ പൊട്ടിത്തെറിക്കുകയും അവർക്ക് സ്ട്രോക്ക് വരികയും ചെയ്യാമെന്നും പറയുന്നു. കഴിഞ്ഞ വർഷം മുതൽ എങ്കിലും സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ ഈ സന്ദേശം പ്രചരിക്കുന്നുണ്ടെന്നും വിദഗ്ധര്‍ പറഞ്ഞു. ഇത്തരം സന്ദേശങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റി  അശാസ്ത്രീയമായ ആരോഗ്യ വിവരങ്ങൾ സമൂഹത്തിൽ എത്തിക്കാനുള്ള ശ്രമമാണ് ചിലർ നടത്തുന്നതെന്നും പറയുന്നു. 

Latest Videos

undefined

 എന്നാല്‍, താപനില 40 ഡിഗ്രി സെൽഷ്യസിൽ എത്തുമ്പോൾ വളരെ തണുത്ത വെള്ളം കുടിക്കുന്നത് ചെറിയ രക്തക്കുഴലുകൾ പൊട്ടിത്തെറിക്കാൻ കാരണമാകുമെന്ന  വാദത്തിന് വൈദ്യശാസ്ത്ര  ഗവേഷണത്തിന്റെ യാതൊരു പിന്തുണയും ഇല്ല. ആന്തരിക താപനില നിലനിർത്താൻ  ഉഷ്ണരക്ത ജീവിയായ മനുഷ്യൻറെ ശരീരത്തിന് കഴിവുണ്ട്. നമ്മൾ കഴിക്കുന്ന ജലത്തിൻ്റെ താപനില, തണുപ്പോ  ചൂടോ ആകട്ടെ, നമ്മുടെ രക്തക്കുഴലുകളുടെ ബലത്തെ നേരിട്ട് ബാധിക്കുന്നില്ല. വളരെ  ചൂടുള്ളതോ തണുത്തതോ ആയ ദ്രാവകങ്ങൾ കുടിച്ചാൽ വായ, പല്ലുകൾ, അന്നനാളം എന്നിവയിൽ ഒക്കെ പൊള്ളൽ അല്ലെങ്കിൽ തണുപ്പ് മൂലമുള്ള പരിക്കോ ഉണ്ടാകാമെങ്കിലും   ഇവ ആന്തരിക രക്തക്കുഴലുകൾ പൊട്ടുന്നതിനുള്ള അപകടസാധ്യത  വർദ്ധിപ്പിക്കുന്നു എന്നതിന് തെളിവുകളില്ലെന്നും ഇത് സംബന്ധിച്ച് ഡോക്ടര്‍മാരുടെ സോഷ്യല്‍മീഡിയ ഗ്രൂപ്പായ ഇന്‍ഫോക്ലിനിക്കില്‍ ഡോ. അരുൺ മംഗലത്ത് എഴുതി. 

ഇന്‍ഫോക്ലിനിക്കിലെ വിശദീകരണം പൂര്‍ണ രൂപത്തില്‍

തണുത്ത വെള്ളം കുടിച്ചാൽ സ്ട്രോക്ക് വരുമോ?

പുതിയ ഉഷ്ണ തരംഗം വരാൻ പോകുന്നു എന്നും  50° വരെയുള്ള ചൂട് ഉണ്ടാകാമെന്നും ചൂടിൽ നിന്ന് വീട്ടിനകത്തേക്ക് വരുന്നവർ തണുത്ത വെള്ളത്തിൽ കുളിക്കരുത്,  തണുത്ത വെള്ളം കുടിക്കരുത് എന്നും മറ്റും പറഞ്ഞുകൊണ്ടുള്ള ഒരു സന്ദേശം  സാമൂഹ്യമാധ്യമങ്ങളിൽ കറങ്ങുന്നുണ്ട്.  തണുത്ത വെള്ളം കുടിക്കുന്നവരുടെ രക്തക്കുഴലുകൾ പൊട്ടിത്തെറിക്കുകയും അവർക്ക് സ്ട്രോക്ക് വരികയും ചെയ്യാമത്രെ.  അന്വേഷണത്തിൽ ഇതൊരു പുതിയ സന്ദേശം അല്ല എന്നും കഴിഞ്ഞ വർഷം മുതൽ എങ്കിലും സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ കറങ്ങുന്ന ഒരു സന്ദേശമാണ് എന്നും മനസ്സിലായി.  ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ഇൻഡോനേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലെല്ലാം കഴിഞ്ഞവർഷം  സമാനമായ സന്ദേശങ്ങൾ പലവട്ടം കറങ്ങിയിട്ടുണ്ട്.  ഇത്തരം സന്ദേശങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റി  അശാസ്ത്രീയമായ ആരോഗ്യ വിവരങ്ങൾ സമൂഹത്തിൽ എത്തിക്കാനുള്ള ശ്രമമാണ് ചിലർ നടത്തുന്നത്. 

താപനില 40 ഡിഗ്രി സെൽഷ്യസിൽ എത്തുമ്പോൾ വളരെ തണുത്ത വെള്ളം കുടിക്കുന്നത് ചെറിയ രക്തക്കുഴലുകൾ പൊട്ടിത്തെറിക്കാൻ കാരണമാകുമെന്ന  വാദത്തിന് വൈദ്യശാസ്ത്ര  ഗവേഷണത്തിന്റെ യാതൊരു പിന്തുണയും ഇല്ല. ആന്തരിക താപനില അഥവാ തെർമൽ ഹോമിയോസ്റ്റാസിസ് നിലനിർത്താൻ  ഉഷ്ണരക്ത ജീവിയായ മനുഷ്യൻറെ ശരീരത്തിന് കഴിവുണ്ട്. നമ്മൾ കഴിക്കുന്ന ജലത്തിൻ്റെ താപനില, തണുപ്പോ  ചൂടോ ആകട്ടെ, നമ്മുടെ രക്തക്കുഴലുകളുടെ ബലത്തെ നേരിട്ട് ബാധിക്കുന്നില്ല. വളരെ  ചൂടുള്ളതോ തണുത്തതോ ആയ ദ്രാവകങ്ങൾ കുടിച്ചാൽ വായ, പല്ലുകൾ, അന്നനാളം എന്നിവയിൽ ഒക്കെ പൊള്ളൽ അല്ലെങ്കിൽ തണുപ്പ് മൂലമുള്ള പരിക്കോ ഉണ്ടാകാമെങ്കിലും   ഇവ ആന്തരിക രക്തക്കുഴലുകൾ പൊട്ടുന്നതിനുള്ള അപകടസാധ്യത  വർദ്ധിപ്പിക്കുന്നു എന്നതിന് തെളിവുകളില്ല. 

ചൂടുള്ള  സമയത്ത് വീട്ടിന് പുറത്ത് സമയം ചിലവാക്കിയ ശേഷം തണുത്ത വെള്ളം കുടിക്കുന്നത് ഹാനികരമാകുമെന്ന ധാരണ ശാസ്ത്രീയ തെളിവുകളാൽ  സ്ഥിരീകരിക്കപ്പെട്ട ഒന്നല്ല. തണുത്ത വെള്ളത്തിന് ഉന്മേഷം നൽകാനും ശരീര താപനില നിയന്ത്രിക്കാനും കഴിയും. ചൂട് അനുഭവപ്പെടുമ്പോൾ തണുത്ത വെള്ളം കുടിക്കുന്നത് സാധാരണവും സുരക്ഷിതവുമായ  രീതി തന്നെയാണ്. ഉയർന്ന ചൂടിൽ ദീർഘനേരം സമ്പർക്കം പുലർത്തിയതിന് ശേഷം  ഐസ് പോലെ തണുത്ത വെള്ളം അമിതമായ അളവുകളിൽ കഴിക്കുന്നത് ചിലപ്പോൾ ശരീരത്തിന് താൽക്കാലിക  അസ്വസ്ഥതയോ  ഗുരുതരമായ കുഴപ്പങ്ങളോ ഉണ്ടാക്കാം എങ്കിലും  സാധാരണ അളവിൽ കുഴപ്പമുള്ള കാര്യമല്ല.  ഈ തണുത്ത വെള്ളം നേരിട്ട് കിഡ്നിയിൽ എത്തി അതിൻറെ  പ്രവർത്തനം തകരാറിലാക്കും എന്ന വാദങ്ങളിലും യാതൊരു കഴമ്പും ഇല്ല.  

കഴിക്കുന്ന ഭക്ഷണത്തെയും വെള്ളത്തെയും ഒക്കെ ശരീരത്തിൻ്റെ താപനിലയിലേക്ക് കൊണ്ടുവരാനുള്ള സംവിധാനമാണ് നമ്മുടെ ശരീരത്തിൽ ഉള്ളത്.  ശരീരത്തിന്റെ താപം പുറത്തു കളയാൻ കൂടുതൽ ബുദ്ധിമുട്ടുള്ള ചൂടുള്ള സമയങ്ങളിൽ തണുത്ത ഭക്ഷണം, വെള്ളം എന്നിവ  ശരീരത്തിന്റെ ആരോഗ്യകരമായ താപനില നിലനിർത്താൻ ശരീരത്തെ സഹായിക്കുക പോലും ചെയ്യും.  കൂടാതെ ഹൈപ്പർതെർമിയ  പോലുള്ള മെഡിക്കൽ സാഹചര്യങ്ങളിൽ  ശരീരത്തിൻറെ താപനില പെട്ടെന്ന് കുറച്ചു കൊണ്ടുവരാൻ ഐസ്ബാത്ത് പോലെയുള്ള സംവിധാനങ്ങൾ ആശുപത്രികളിൽ പോലും  ഉപയോഗിക്കാറുമുണ്ട്. 

സൂര്യപ്രകാശത്തിൽ സമയം ചെലവഴിച്ച ശേഷം ശരീരം കഴുകുകയോ കുളിക്കുകയോ ചെയ്യുന്നതിന് മുമ്പ് അര മണിക്കൂർ  കാത്തിരിക്കണം എന്നും മറ്റുമുള്ള നിർദ്ദേശങ്ങളും ശാസ്ത്രീയമല്ല. അമിതമായ  സൂര്യപ്രകാശം ശരീരത്തിൽ പതിക്കുന്നതിൽ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ട നടപടികൾ കൃത്യമായി സ്വീകരിക്കുകയും  സൂര്യാതപം  തടയുന്നതിനുള്ള നടപടികൾ കൈക്കൊള്ളുകയും  ചെയ്യണമെങ്കിലും, വെയിലത്ത് കഴിഞ്ഞയുടനെ കൈകാലുകൾ കഴുകുന്നതിൽ അപകടമൊന്നുമില്ല. പതിവായി  കുളിക്കുന്നത് ഉൾപ്പെടെയുള്ള നല്ല ശുചിത്വ സമ്പ്രദായങ്ങൾ  ഈ ചൂടുകാലത്ത് മൊത്തത്തിലുള്ള ആരോഗ്യത്തിനും വൃത്തിയ്ക്കും പ്രധാനമാണ്.  കൂടാതെ നേരിട്ടു സൂര്യപകാശം ഏൽക്കേണ്ട സാഹചര്യങ്ങളിൽ തൊപ്പി ഉൾപ്പടെയുള്ള തക്കതായ വസ്ത്രധാരണവും, സൺസ്‌ക്രീനും മറ്റും ഉപയോഗിക്കുകയും വേണം.
 

ചൂടിൽ നിന്നും വന്ന ഉടനെ കുളിക്കുന്നതോ സ്വിമ്മിംഗ് പൂളിൽ ഇറങ്ങുന്നതോ  ഒക്കെ  താടിയെല്ലിന് വേദനയും സ്ട്രോക്കും ഉണ്ടാക്കും എന്ന്  വാദത്തിനും ശാസ്ത്രീയമായ അടിസ്ഥാനം ഇല്ല.  പൊതുവായ ആരോഗ്യസ്ഥിതി, ജീവിതശൈലി ഘടകങ്ങൾ, ജനിതക  കാരണങ്ങൾ എന്നിവയുൾപ്പെടെ ഒന്നിലധികം കാരണങ്ങളുണ്ടാകാവുന്ന സങ്കീർണ്ണമായ  അസുഖമാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. ചൂടിൽ  നിന്ന് വന്നശേഷം തണുത്ത വെള്ളത്തിൽ കുളിക്കുന്നത് മനുഷ്യർ സാധാരണഗതിയിൽ ലോകമെമ്പാടും ചെയ്യുന്ന കാര്യമാണ്.  ഇത്  പക്ഷാഘാതമോ ഹൃദയാഘാതമോ മറ്റെന്തെങ്കിലും തരത്തിലുള്ള ഗുരുതര രോഗങ്ങളോ  ഉണ്ടാക്കും എന്നതിന് കാര്യമായ തെളിവൊന്നുമില്ല.  മറ്റേത് സമയത്തും ഉണ്ടാകാം എന്നതുപോലെ കുളിക്കുന്ന സമയത്തും സ്ട്രോക്കോ  ഹൃദയാഘാതമോ ഒക്കെ ഉണ്ടായി എന്ന് വരാം.  ഇത്തരം ഗുരുതര ആരോഗ്യപ്രശ്നങ്ങൾ അഭിമുഖീകരിച്ചാൽ ഉടനെ തന്നെ വൈദ്യശാസ്ത്ര സഹായം തേടേണ്ടതാണ്.  ചുരുക്കിപ്പറഞ്ഞാൽ കുളിക്കുന്നതിനും കുടിക്കുന്നതിനും തണുത്ത വെള്ളത്തെ മാറ്റി  നിർത്തേണ്ടതില്ല. തണുത്ത വെള്ളം മാത്രമേ ഉള്ളൂ എങ്കിൽ അവ കുടിക്കാതെ ഗുരുതര പ്രശ്നങ്ങളും ഉണ്ടാക്കാൻ ഇട വരുത്തരുത്.

എഴുതിയത് : ഡോ. അരുൺ മംഗലത്ത്, ഇൻഫോ ക്ലിനിക് 

click me!