ഇന്ന് ദേശീയ ഡോക്ടേഴ്‌സ് ദിനം. 'കഴിഞ്ഞ മുപ്പത് കൊല്ലത്തിനിടയില്‍ മറക്കാന്‍ കഴിയാത്ത ഒരുപാട് രോഗികള്‍ ഉണ്ട്....'- ഡോ. സുല്‍ഫി നൂഹു അനുഭവം പറയുന്നു.
ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നത്, ഒരാളുടെ വേദന മാറ്റാന്‍ കഴിയുന്നത് ഭാഗ്യമായി കാണുന്നു എന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) വൈസ് പ്രസിഡന്‍റ് ഡോ. സുല്‍ഫി നൂഹു പറയുന്നു. അതുകൊണ്ടാണ് ഈ ജോലി മഹത്വമുള്ളതാകുന്നത് എന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
'നല്ലൊരു മനുഷ്യന് മാത്രമേ നല്ലൊരു ഡോക്ടര്‍ ആകാന്‍ കഴിയൂ. ഒരു രോഗിയുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാന്‍ ഒരു ഡോക്ടറിന് കഴിയണം. എനിക്ക് ഏഴോ എട്ടോ വയസ്സ് തൊട്ടുള്ള ആഗ്രഹമായിരുന്നു ഡോക്ടര്‍ ആകണമെന്ന്. ഇന്ന് നോക്കുമ്പോള്‍ തിരക്ക് പിടിച്ച ജീവിതമാണ്. കുടുംബവുമൊത്ത് ചിലവിടുന്ന സമയം വളരെ കുറവാണ്. എന്നാലും രോഗികളെ നോക്കാനും പരിചരിക്കാനും ഇഷ്ടമാണ്. അതുകൊണ്ട് സന്തോഷം മാത്രമേയുള്ളൂ'- ഡോ സുല്‍ഫി പറയുന്നു.
undefined
മറക്കാനാവാത്ത ആ രോഗി...
കഴിഞ്ഞ മുപ്പത് കൊല്ലത്തിനിടയില്‍ മറക്കാന്‍ കഴിയാത്ത ഒരുപാട് രോഗികള്‍ ഉണ്ട്. മുന്‍പ് മറ്റൊരു സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന സമയം. വാര്‍ഡിലെ രോഗികളെ കാണാന്‍ പോയപ്പോള്‍ മറ്റൊരു ഡോക്റുടെ രോഗി പെട്ടെന്ന് കുഴഞ്ഞുവീണതായി കാണപ്പെട്ടു. കുപ്രസിദ്ധമായ 'പെന്‍സില്ലിന്‍' അലര്‍ജി. രോഗിയുടെ പള്‍സ് റേറ്റ് കുറവായിരുന്നു. മിനിറ്റുകള്‍ക്കകം രോഗി മരണപ്പെട്ടേക്കാം എന്ന അവസ്ഥയിലായിരുന്നു. പെട്ടെന്ന് ആ രോഗിയെ രക്ഷിക്കാനുള്ള കാര്യങ്ങളൊക്കെ ഞാന്‍ ചെയ്തു. ശരിക്കും ഞാന്‍ ആ സമയത്ത് അവിടെ ഉണ്ടായിരുന്നത് കൊണ്ടുതന്നെയാണ് അവരുടെ ജീവന്‍ തിരിച്ചുകിട്ടിയത് എന്നുവേണമെങ്കില്‍ പറയാം. ആ സമയത്ത് ഞാന്‍ അവിടെ ഇല്ലാതിരുന്നെങ്കില്‍ മറ്റൊരു ഡോക്ടര്‍ വാര്‍ഡിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ അവരുടെ ജീവന്‍ പോകുമായിരുന്നു.
ഒരാഴ്ച കഴിഞ്ഞ് ഞാന്‍ ഒപിയില്‍ ഇരിക്കുമ്പോള്‍ ആ രോഗി വീണ്ടും എന്‍റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. എനിക്ക് ആ രോഗിയുടെ മുഖം ഓര്‍മ്മയുണ്ടായിരുന്നു. അയാളെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു.. 'എന്താ വന്നത്..ഇപ്പോള്‍ എങ്ങനെയുണ്ട്' ? അയാള്‍ പറഞ്ഞു, 'ഇപ്പോള്‍ കുഴപ്പമില്ല, ചികിത്സിക്കുന്ന ഡോക്ടറെ കാണാന്‍ വന്നതാ'. പക്ഷേ ഡോക്ടര്‍ ഇന്നില്ല, അതുകൊണ്ടാ ഇങ്ങോട്ട് വന്നത് എന്നു അയാള്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ ചോദിച്ചു, 'എന്നെ ഓര്‍മ്മയുണ്ടോ?' 'ഡോക്ടര്‍..ഇവിടത്തെ ഡോക്ടര്‍ ആണെന്ന് എനിക്ക് അറിയാം'- അയാള്‍ പറഞ്ഞ വാക്കുകള്‍ അത്രമാത്രമായിരുന്നു. അയാള്‍ക്ക് ഇപ്പോഴും അറിയില്ല അയാളുടെ ജീവന്‍ അന്ന് രക്ഷിച്ചതിലെ എന്‍റെ പങ്ക്. ഞാന്‍ ഒന്ന് ചിരിച്ചിട്ട് തോളില്‍ തട്ടി. പെന്‍സില്ലിന്‍ അലര്‍ജിയുണ്ടെന്ന് എല്ലാവരോടും പറയണമെന്ന് ഞാന്‍ പറഞ്ഞു. ഇത്തരത്തില്‍ നമ്മളെ തിരിച്ചറിയാത്ത ഒരുപാട് രോഗികളുണ്ട്. അവരെ പിന്നീട് കാണുമ്പോള്‍ അതിയായ സന്തോഷമാണ്.
രസകരമായ അനുഭവം...
ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി അനസ്തേഷ്യ കൊടുത്ത് കഴിഞ്ഞപ്പോള്‍ ഒരു രോഗിക്ക് ഹൃദയ സ്തംഭനം സംഭവിച്ചു. പള്‍സ് റേറ്റ് കുറഞ്ഞു. രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലായി. ആ രോഗിയെ രക്ഷിക്കാന്‍ ഞങ്ങള്‍ക്ക് കഴിയാവുന്നതൊക്കെ ചെയ്തു. ഒരു മൂന്ന് മണിക്കൂറിന് ശേഷം രോഗി രക്ഷപ്പെട്ടു. ശസ്ത്രക്രിയക്കിടെ ഒരു രോഗിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതൊരു ഡോക്ടറേ വളരെയധികം വേദനിപ്പിക്കുന്ന കാര്യമാണ്.
അന്ന് ആ ശസ്ത്രക്രിയ നടത്തിയില്ല. അയാള്‍ക്ക് എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്ന് ഞങ്ങള്‍ക്ക് വിലയിരുത്തണമായിരുന്നു. രോഗിയെ ഐസിയുവിലേക്ക് മാറ്റി. വൈകുന്നേരം ഐസിയു സന്ദര്‍ശിച്ചപ്പോള്‍ അയാള്‍ ചായയൊക്കെ കുടിച്ചുകൊണ്ട് ഇരിക്കുകയാണ്. എന്നിട്ട് എന്നോട് പറഞ്ഞു, 'ഡോക്ടറേ...എനിക്ക് ഇന്ന് സര്‍ജറി നടത്തിയില്ല. നാളെ നടത്തുമോ'. എനിക്ക് പെട്ടെന്ന് ചിരിയാണ് വന്നത്. രോഗിക്ക് എന്തുകൊണ്ട് ഹൃദയ സ്തംഭനം സംഭവിച്ചു.. തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പഠിച്ചതിന് ശേഷം മാത്രമേ ഇനിയൊരു സര്‍ജറിയെ കുറിച്ച് ഞങ്ങള്‍ക്ക് ചിന്തിക്കാന്‍ കൂടി കഴിയൂ. എന്നാല്‍ പുള്ളി ഇതെന്നും അറിയാതെ വളരെ സിംപിളായി ചോദിക്കുകയായിരുന്നു.
ഡോക്ടര്‍മാരുടെ സേവനം പലപ്പോഴും രോഗികള്‍ പോലും തിരിച്ചറിയുന്നില്ല. രോഗികളില്‍ നിന്ന് പല രോഗങ്ങള്‍ ബാധിച്ച് മരിച്ച ഡോക്ടര്‍മാരുണ്ട്. ഡെങ്കി പനി, ടി ബി, എച്ച്ഐവി തുടങ്ങി കൊവിഡ് വരെ രോഗികളില്‍ നിന്നും ഡോക്ടര്‍മര്‍ക്ക് പിടിപ്പെടുന്നു. എന്നിട്ടും ഒരിക്കല്‍ പോലും പിന്നിലോട്ട് മാറാതെ സ്വന്തം സുരക്ഷയെക്കാള്‍ മുന്‍പില്‍ ഇരിക്കുന്ന രോഗിയുടെ ജീവന് വില നല്‍കുന്നവരാണ് ഡോക്ടര്‍മാര്‍.
കൊവിഡ് കാലത്തെ ഡോക്ടര്‍മാര്‍...
സ്വന്തം ജീവന്‍ വരെ പണയം വച്ചാണ് ഡോക്ടർമാര്‍ രോഗികളെ ചികിത്സിക്കുന്നത്. ധീരതയോടെ പ്രവര്‍ത്തിക്കുന്നവരാണ് ഡോക്ടര്‍മാര്‍. ഇത്തവണത്തെ ഡോക്ടേഴ്‌സ് ദിനം വളരെ പ്രത്യേകതയുള്ളതാണ്. എന്നാല്‍ ആഘോഷങ്ങള്‍ ഒന്നുമില്ല.
കൊവിഡിനെതിരെ യുദ്ധം നയിക്കുമ്പോള്‍ ജീവന്‍ നഷ്ടപ്പെട്ട ഡോക്ടര്‍മാര്‍ക്കുള്ള സ്മരണാഞ്ജലി അര്‍പ്പിക്കുകയാണ് ഈ ദിനത്തില്‍.
Also Read: ഇന്ന് ദേശീയ 'ഡോക്ടേഴ്‌സ് ദിനം'; ജീവന്‍റെ കാവലാളുകള്‍ക്ക് നന്ദി !