ചെറുപ്പക്കാരിലെ ഹൃദ്രോഗം, പിന്നിലെ കാരണങ്ങള്‍ പങ്കുവച്ച് ഡോ. സുൽഫി നൂഹു; കുറിപ്പ് വൈറല്‍

By Web TeamFirst Published Sep 27, 2024, 7:17 PM IST
Highlights

അനാരോഗ്യകരമായ ജീവിതശൈലി ആണ് ഇതിന് പിന്നിലെ കാരണം. മൊബൈലും ലാപ്ടോപ്പും താഴെ വയ്ക്കാതെ, ശരീരം അനങ്ങാതെ കുത്തിയിരിക്കുന്നത് ഹൃദ്രോഗ സാധ്യതയെ കൂട്ടുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ഡോ. സുൽഫി നൂഹു.

ഇന്ന് ചെറുപ്പക്കാരില്‍ പോലും ഹൃദ്രോഗം കൂടിവരുകയാണ്. അനാരോഗ്യകരമായ ജീവിതശൈലി ആണ് ഇതിന് പിന്നിലെ കാരണം. മൊബൈലും ലാപ്ടോപ്പും താഴെ വയ്ക്കാതെ, ശരീരം അനങ്ങാതെ കുത്തിയിരിക്കുന്നത് ഹൃദ്രോഗ സാധ്യതയെ കൂട്ടുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ഡോ. സുൽഫി നൂഹു.

ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: 

Latest Videos

ചെറുപ്രായത്തിൽ ഹൃദ്രോഗം കൂടുന്നു എന്നുള്ളത് വാസ്തവം. ആ മൊബൈലും ലാപ്ടോപ്പും താഴെ വെച്ച് ഇറങ്ങി ഓടുന്നതാണ് നല്ലത്. ഇല്ലെങ്കിൽ ഹൃദ്രോഗം വരും, ഉറപ്പാണ്. എല്ലാരും കൂടി ആ കോവിഡ് വാക്സിൻ്റെ തലയിൽ കൊണ്ടുവച്ചു.കഷ്ടമാണ്!! ദശലക്ഷക്കണക്കിനാൾക്കാരുടെ ജീവൻ രക്ഷിച്ച വാക്സിനാണ്. അവനാണ് ഈ ഹൃദ്രോഗമൊക്കെയുണ്ടാക്കുന്നതെന്നാണ് ചിലരുടെ വിദഗ്ധമതം. ഇതിനൊക്കെ വാക്സിൻ അല്ലേയല്ല കാരണം.

മറിച്ച് ലാപ്ടോപ്പിൽ നിന്നും മൊബൈലിൽ നിന്നും കണ്ണെടുക്കാതെ ശരീരം അനങ്ങാതെ അങ്ങനെയങ്ങ് കുത്തിയിരിക്കുന്നതാണ് കാരണങ്ങളിൽ ഒന്ന്. ശരീരം ഒട്ടും തന്നെ അനങ്ങില്ല, അനക്കില്ല ! ഏതാണ്ട്  പ്രീ സ്കൂൾ മുതൽ അങ്ങനെ തന്നെ ടീനേജിൽ എത്തിയാൽ പിന്നെ പറയുകയും വേണ്ട . ആഹാരമൊ? കെങ്കെമവും എന്തും തിന്നും! ഏതും തിന്നും ! വണ്ണം കൂടിയാൽ അച്ഛന് വണ്ണമുണ്ട്, അപ്പുപ്പന് വണ്ണമുണ്ട് എനിക്ക് തൈറോയ്ഡുണ്ട് അങ്ങനെ 100 എസ്ക്യൂസുകൾ പറഞ്ഞ്,ഒളിച്ചുവച്ച ചിപ്സിൽ നിന്നും ഒരു പിടി അകത്താക്കുകയും ചെയ്യും. പൊണ്ണ തടി ഉണ്ടാക്കുന്ന സർവ്വതും ഫുൾടൈം സ്റ്റോക്കിൽ. പഠിക്കാനൊ ജോലിക്കൊ പോയാൽ ലോകത്തുള്ള സ്ട്രെസ്സുകളും  തലയിൽ !

സമ്പാദിച്ചു കൂട്ടുവാനുള്ള ബദ്ധപ്പാടിലാണ് സർവ്വരും ! പണത്തിന്മേൽ പരുന്തും പറക്കില്ല എന്നാണ് ചൊല്ല്. പക്ഷേ ഇങ്ങനെ പോയാൽ ചുറ്റിലും കഴുകൻ  പറക്കും . കൂടെ കാലനും. എട്ടു മണിക്കൂർ ഉറങ്ങാനോ, എട്ട് ഗ്ലാസ് വെള്ളം കുടിക്കാനോ, മാനസിക ശാരീരിക ഉല്ലാസം കിട്ടുന്ന വ്യായാമങ്ങളിൽ ഏർപ്പെടാനോ സമയമില്ല തന്നെ. വീക്കെന്റിൽ പബിലൊ ബാറിലോ പോയി രണ്ടെണ്ണം. അതാണ് റിലാക്സേഷൻ എന്നാണ് വിചാരം !പുകവലി മാത്രമല്ല അത്യാവശ്യം എന്തും  പറ്റുമെങ്കിൽ ഉപയോഗിക്കും. പാരമ്പര്യ ഘടകമില്ലെങ്കിലും ഡയബറ്റിസോ ഹൈപ്പർ ടെൻഷനോ ഇല്ലെങ്കിലും ഇതൊക്കെ മതി ഹൃദ്രോഗം ഉണ്ടാക്കാൻ. ഇറങ്ങി ഓടുന്നതാണ് നല്ലത്, എല്ലാ ദിവസവും ഓടിയില്ലെങ്കിൽ, നടക്കുക ദിവസവും 30 മിനിറ്റ്.  ആഹാരം ശത്രുവാണെന്ന്  ന്യൂ നോർമൽ മറക്കാതെ ഓർത്തുവയ്ക്കണം. 

- ഡോ.സുൽഫി നൂഹു

 

Also read: പതിവായി മുട്ട കഴിക്കുന്നത് കൊണ്ടുള്ള പത്ത് ഗുണങ്ങള്‍

click me!