രാത്രിയിലെ ഉറക്കം പതിവായി ശരിയായില്ലെങ്കില്‍ ബിപി കൂടുമോ? ഹൃദയാഘാതത്തിനും സാധ്യത?

By Web TeamFirst Published Jan 15, 2024, 10:46 AM IST
Highlights

സ്ട്രെസ് അതുപോലെ ദഹനപ്രവര്‍ത്തനങ്ങള്‍ എല്ലാം നിയന്ത്രിക്കുന്ന ഹോര്‍മോണുകളുടെ മേല്‍ നിയന്ത്രണം വേണമെങ്കില്‍ ഉറക്കം നിര്‍ബന്ധമാണ്. ഉറക്കം നഷ്ടപ്പെടുമ്പോള്‍ ഈ ഹോര്‍മോണുകളുടെ മേലുള്ള പിടി വിട്ടുപോകുന്നു.

രാത്രിയില്‍ ഏഴ്- എട്ട് മണിക്കൂര്‍ ഉറക്കം മുതിര്‍ന്നവര്‍ക്കെല്ലാം നിര്‍ബന്ധമാണ്. എന്നാല്‍ പലര്‍ക്കും ഇങ്ങനെ ആവശ്യത്തിന് ഉറക്കം കിട്ടാറില്ല എന്നതാണ് സത്യം. മൊബൈല്‍ ഫോണിന്‍റെ അമിതോപയോഗം തന്നെയാണ് ഇന്ന് ഇതിന് ഏറ്റവും വിഘാതമാകുന്നത്. സ്ട്രെസ്, മാനസികാരോഗ്യപ്രശ്നങ്ങള്‍, മോശം ഭക്ഷണരീതി, അലസമായ ജീവിതരീതി, ലഹരി ഉപയോഗം എന്നിങ്ങനെ പല കാരണങ്ങളും രാത്രിയില്‍ സുഖകരമായ ഉറക്കം ഉറപ്പിക്കുന്നതിന് വെല്ലുവിളികളാകാറുണ്ട്. 

എന്നാല്‍ രാത്രിയില്‍ ആവശ്യത്തിന് ഉറക്കം ലഭിക്കുന്നില്ല എങ്കില്‍ അത് തീര്‍ച്ചയായും നമ്മുടെ ആരോഗ്യത്തെ വലിയ രീതിയില്‍ ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല. കുറവ് സമയം ഉറങ്ങുന്നത്, ആഴത്തിലുള്ള ഉറക്കം ലഭിക്കാതിരിക്കുന്നത്, ഇടയ്ക്കിടെ ഉറക്കം മുറിഞ്ഞുപോകുന്നത് എല്ലാം ഉറക്കപ്രശ്നങ്ങളെ തന്നെയാണ് സൂചിപ്പിക്കുന്നത്.

Latest Videos

ഇങ്ങനെ പതിവായി ഉറക്കക്കുറവുണ്ടായാല്‍ അത് ബിപി (രക്തസമ്മര്‍ദ്ദം) ഉയര്‍ത്തുമെന്ന് പറയുന്നത് നിങ്ങളില്‍ മിക്കവരും കേട്ടിരിക്കും. ഇത് ചെറുതല്ലാത്ത ഭയം നമ്മളില്‍ തീര്‍ക്കാറുമുണ്ട്. ഇങ്ങനെ ഉറക്കമില്ലായ്മയ്ക്ക് പുറമെ ഉറങ്ങുന്നില്ലല്ലോ എന്ന സ്ട്രെസ് ബാധിക്കുന്നവരും ഏറെയാണെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്. 

സത്യത്തില്‍ ഉറക്കം ശരിയാകുന്നില്ല എങ്കില്‍ അത് രക്തസമ്മര്‍ദ്ദം ഉയര്‍ത്തുമോ? അതോ ബിപി ഉള്ളവരില്‍ മാത്രം സംഭവിക്കുന്നൊരു പ്രശ്നമാണോ ഇത്? 

പതിവായി നിങ്ങള്‍ ആറ് മണിക്കൂറിന് താഴെയാണ് ഉറങ്ങുന്നതെങ്കില്‍ അത് കുട്ടികളാണെങ്കില്‍ പോലും ബിപി ഉയരാൻ സാധ്യതയുണ്ട് എന്നതാണ് സത്യം. നേരത്തേ ബിപി ഉള്ളവരിലാണെങ്കില്‍ ഇത് കൂടുതല്‍ അപകടമാണെന്നും മനസിലാക്കുക. 

സ്ട്രെസ് അതുപോലെ ദഹനപ്രവര്‍ത്തനങ്ങള്‍ എല്ലാം നിയന്ത്രിക്കുന്ന ഹോര്‍മോണുകളുടെ മേല്‍ നിയന്ത്രണം വേണമെങ്കില്‍ ഉറക്കം നിര്‍ബന്ധമാണ്. ഉറക്കം നഷ്ടപ്പെടുമ്പോള്‍ ഈ ഹോര്‍മോണുകളുടെ മേലുള്ള പിടി വിട്ടുപോകുന്നു. ഇതാണ് പിന്നീട് ബിപിയിലേക്ക് നയിക്കുന്നതത്രേ. 

ബിപി കൂടുന്നത്, നമുക്കറിയാ ഹൃദയത്തിനാണ് 'പണി'. ബിപി കൂടുമ്പോള്‍ ഹൃദയം കൂടുതല്‍ പ്രയാസപ്പെട്ട് കൂടുതല്‍ പ്രവര്‍ത്തിക്കേണ്ട നിര്‍ബന്ധിതാവസ്ഥയിലേക്ക് എത്തുന്നു. ഇങ്ങനെ സംഭവിക്കുന്നതിന്‍റെ ഭാഗമായി ഹൃദയത്തിന്‍റെ താഴെ ഇടത്തുള്ള അറയില്‍ വീക്കം വരുന്നു. ഇത് ഹൃദയാഘാതം (ഹാര്‍ട്ട് അറ്റാക്ക്) പോലുള്ള ഗുരുതരമായ അവസ്ഥയിലേക്ക് വരെ നയിക്കുന്നു. 

ബിപിയും ഹൃദയാഘാതവും എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്നത് കണ്ടില്ലേ? അങ്ങനെയെങ്കില്‍ പതിവായി ഉറക്കം നഷ്ടപ്പെടുന്നവരില്‍ ഹൃദയാഘാത സാധ്യതയും വരുമെന്ന് മനസിലായല്ലോ...

രാത്രിയിലെ ഉറക്കം ശരിയായില്ലെങ്കില്‍ ബിപി മാത്രമല്ല പ്രമേഹം, അമിതവണ്ണം, കൊളസ്ട്രോള്‍, കുറഞ്ഞ രോഗപ്രതിരോധശേഷി, മാനസികാരോഗ്യപ്രശ്നങ്ങള്‍ എന്നിങ്ങനെ പല അപായവും നിങ്ങളിലേക്ക് കടന്നുകയറാം. ഇവയെല്ലാം തന്നെ ക്രമേണ ബിപിയുടെ കാര്യം സൂചിപ്പിച്ചത് പോലെ ഹൃദയത്തിനും മറ്റ് പ്രധാനപ്പെട്ട അവയവങ്ങള്‍ക്കുമാണ് തിരിച്ചടിയാവുക. 

രാത്രിയില്‍ പതിവായി ഉറക്കപ്രശ്നം നേരിടുന്നുണ്ടെങ്കില്‍ എന്താണ് അതിലേക്ക് നയിക്കുന്നത് എന്ന് മനസിലാക്കി അത് പരിഹരിച്ച് ഉറക്കം ഉറപ്പിക്കാനുള്ള മാര്‍ഗം നിര്‍ബന്ധമായും തേടുക. ഇതിന് മനശാസ്ത്രവിദഗ്ധരുടെ സഹായം ആവശ്യമാണെന്ന് തോന്നിയാല്‍ അത് തേടാനും മടിക്കരുത്. ശാരീരികാരോഗ്യപ്രശ്നങ്ങളെ പോലെ തന്നെയാണ് മാനസികാരോഗ്യപ്രശ്നങ്ങളെന്നും തിരിച്ചറിയുക. 

Also Read:- നാല്‍പത് കടന്ന പുരുഷന്മാരില്‍ ഏറ്റവുമധികം സാധ്യതയുള്ള ക്യാൻസറുകള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!