'കുമിളകള്‍ പൊങ്ങി ദേഹം കരിക്കട്ട പോലെയായി'; ചിക്കൻ പോക്സ് രോഗി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ പറയുന്നു...

By Web Team  |  First Published Mar 28, 2023, 7:37 PM IST

''കുമിളകൾ കൂടുതൽ പൊങ്ങുന്നത് കണ്ടപ്പോൾ ഉള്ളിലുള്ളത് മുഴുവൻ പുറത്ത് വരികയാണ്, അതാണല്ലോ ശരിയായ ചികിത്സാ രീതി, വേരോടെ അറുത്തു മാറ്റുകയാണ് എന്നും കരുതി കാത്തിരുന്നു... അവസാനം ദേഹം ഒന്നാകെ കുമികൾ വന്നുപൊങ്ങി ദേഹം കരിക്കട്ട പോലെയായി.  ഭക്ഷണവും വെള്ളവും കഴിക്കാൻ വയ്യാതെ രക്തത്തിലെ സോഡിയം 90 ആയി കുറഞ്ഞു.  ബോധം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഹോമിയോ ചികിൽസ നിർത്തി ആശുപത്രിയിൽ വരുന്നത്...''


ചിക്കൻപോക്സ് എന്ന രോഗത്തെ കുറിച്ച് കേള്‍ക്കാത്തവര്‍ കാണില്ല. ദേഹം മുഴുവൻ നീര് നിറഞ്ഞ കുമിളകള്‍ പൊങ്ങുന്നതാണ് ചിക്കൻ പോക്സിന്‍റെ പ്രധാന ലക്ഷണം. ഈ കുമിളകളില്‍ ചൊറിച്ചിലും ചിലപ്പോള്‍ വേദനയും അനുഭവപ്പെടാം. വൈറല്‍ ബാധയായ ചിക്കൻ പോക്സ് ചിലരില്‍ തീവ്രത കൂടിയും ചിലരില്‍ തീവ്രത കുറഞ്ഞുമാണ് വരാറ്.

എന്തായാലും ചിക്കൻപോക്സ് ബാധിച്ച് മരണം സംഭവിക്കുകയെന്നത് അത്ര സാധാരണമല്ലാത്തൊരു സംഗതിയാണ്. എന്നാല്‍ പാലക്കാട് കുഴല്‍മന്ദത്ത് കഴിഞ്ഞ ദിവസം ചിക്കൻ പോക്സ് ബാധിച്ച് ഇരുപത്തിമൂന്നുകാരൻ മരിച്ചത് ചെറുതല്ലാത്ത ആശങ്കയോ ആശയക്കുഴപ്പങ്ങളോ ഈ വാര്‍ത്തയറിഞ്ഞ ഒരു വിഭാഗം പേരിലുണ്ടാക്കിയിട്ടുണ്ട്. 

Latest Videos

ചിക്കൻപോക്സ് ബാധിച്ച് ഒരാഴ്ചയ്ക്ക് ശേഷം അവശനാവുകയും വെള്ളം പോലും കുടിക്കാൻ വയ്യാത്ത അവസ്ഥയിലാവുകയും ചെയ്തതോടെയാണ് അഭിജിത്ത് എന്ന യുവാവിനെ ആശുപത്രിയിലെത്തിച്ചതത്രേ. എന്നാല്‍ ചികിത്സ ലഭ്യമാക്കും മുമ്പ് വൈകാതെ തന്നെ മരണം സംഭവിക്കുകയായിരുന്നുവെന്നാണ് ലഭ്യമായ റിപ്പോര്‍ട്ട്.

ഈ സംഭവത്തെ കുറിച്ചും, ചിക്കൻപോക്സ് രോഗത്തെ കുറിച്ചുമെല്ലാം വിശദമായി സംസാരിക്കുകയാണ് ഒമാനില്‍ ഡോക്ടറായ ജമാല്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് ഡോ. ജമാല്‍ ഇക്കാര്യങ്ങള്‍ പങ്കുവച്ചത്. സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനപ്രദമാകുന്ന കുറിപ്പ് വായിച്ചുനോക്കൂ...

ഡോ. ജമാല്‍ എഴുതുന്നു..

ആയിരക്കണക്കിന് ചിക്കൻ പോക്സ് രോഗികളെ കണ്ടതിൽ എന്‍റെ ഓർമ്മയിൽ ഒരാളേ മരണപ്പെട്ടിട്ടുള്ളു. ഒറ്റപ്പാലത്ത് ജോലി ചെയ്യുന്ന സമയത്ത് കണ്ട ഒരു രോഗി.  ഒരാഴ്ചയിലേറെ ഹോമിയോ ചികിത്സ എടുത്തിരുന്നു.  കുമിളകൾ കൂടുതൽ പൊങ്ങുന്നത് കണ്ടപ്പോൾ ഉള്ളിലുള്ളത് മുഴുവൻ പുറത്ത് വരികയാണ്, അതാണല്ലോ ശരിയായ ചികിത്സാ രീതി, വേരോടെ അറുത്തു മാറ്റുകയാണ് എന്നും കരുതി കാത്തിരുന്നു...

അവസാനം ദേഹം ഒന്നാകെ കുമികൾ വന്നുപൊങ്ങി ദേഹം കരിക്കട്ട പോലെയായി.  ഭക്ഷണവും വെള്ളവും കഴിക്കാൻ വയ്യാതെ രക്തത്തിലെ സോഡിയം 90 ആയി കുറഞ്ഞു.  ബോധം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഹോമിയോ ചികിൽസ നിർത്തി ആശുപത്രിയിൽ വരുന്നത്.  അപ്പോഴേക്കും രോഗം അങ്ങേയറ്റം ഗുരുതരമായിരുന്നു.  രക്ഷിക്കാൻ കഴിഞ്ഞില്ല.  ആദ്യമായും അവസാനമായും ഒരു ചിക്കൻ പോക്സ് രോഗി മരിക്കുന്നത് കാണുന്നത് അപ്പോഴാണ്.

ഹോമിയോ മരുന്ന് കഴിക്കുമ്പോൾ കുമിളകൾ കൂടുതൽ പൊങ്ങുന്നത്, മരുന്ന് അകത്തെ കുമിളകളെ പുറത്തേക്കു തള്ളിക്കൊണ്ടു വരുന്നതുകൊണ്ടല്ല.  മരുന്ന് ഫലപ്രദമാകാതെ വൈറസ് ക്രമാതീതമായി പെരുകുന്നതുകൊണ്ടാണ്. തലച്ചോറിനെ വരെ ബാധിക്കാൻ തക്കം ശക്തിയുള്ളവയാണ് ചിക്കൻ പോക്സ് വൈറസുകൾ.

ചിക്കൻ പോക്സിന് കൃത്യമായ ചികിത്സയുണ്ട്. തുടക്കത്തിൽ തന്നെ മരുന്ന് കഴിച്ചാൽ ഒരു കുഴപ്പവുമില്ലാതെ തടിയൂരാം. പൊങ്ങുന്ന കുമിളകളുടെ എണ്ണം കാര്യമായി കുറയ്ക്കാൻ സാധിക്കും.  ഉള്ളവ കാര്യമായ പാടുകൾ ഒന്നുമില്ലാതെ പെട്ടെന്ന് പോവുകയും ചെയ്യും.  ഗുരുതരമായ അവസ്ഥയിലേക്ക് രോഗം മൂർച്ഛിക്കുന്നത് തടയാനും കഴിയും. 

കുറച്ച് വർഷങ്ങൾക്കു മുൻപ് എനിക്കും വന്നിരുന്നു ചിക്കൻ പോക്സ്. ആദ്യം കടുത്ത പനിയും തലവേദനയും. സാധാരണ viral fever ആയിരിക്കും എന്നാണ് കരുതിയത്. ഒരു ദിവസത്തെ ലീവ് പറഞ്ഞു. ഷേവ് ചെയ്യാൻ നേരത്താണ് കവിളിൽ വളരെ ചെറിയൊരു കുമിള ശ്രദ്ധയിൽ പെട്ടത്. ഷർട്ട് ഊരി നോക്കിയപ്പോൾ 1-2 കുമിളകൾ ദേഹത്ത് അങ്ങിങ്ങായി കണ്ടു.  അപ്പോൾ തന്നെ തൊട്ടടുത്ത മെഡിക്കൽ ഷോപ്പിൽ പോയി മരുന്ന് വാങ്ങിച്ച് കഴിച്ച് തുടങ്ങി. 

5 ദിവസത്തെ ലീവ് കഴിഞ്ഞ് ഞാൻ തിരിച്ചു ഡ്യൂട്ടിക്ക് കയറുമ്പോൾ പെട്ടെന്ന് കണ്ടാൽ അറിയാൻ പാകത്തിൽ ഒരൊറ്റ പാട് പോലും മുഖത്ത് ഉണ്ടായിരുന്നില്ല.

ഈ വാർത്തയിൽ പറഞ്ഞിരിക്കുന്ന വ്യക്തിയും ആദ്യം നാട്ടുവൈദ്യന്‍റെ അടുത്തും പിന്നീട് ഹോമിയോ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. രോഗം ഗുരുതരമായി,  കൈവിട്ട അവസ്ഥയിലാണ് മോഡേൺ മെഡിസിൻ ചികിത്സ തേടി വന്നത്. അത് പക്ഷേ പത്രവാർത്തയായില്ല. രക്ഷിക്കാൻ കഴിയുമായിരുന്ന ഒരു ചെറുപ്പക്കാരന്‍റെ ജീവിതം ഇങ്ങനെ അവസാനിച്ചത് കഷ്ടം തന്നെ.

ചിക്കൻ പോക്സ് സംബന്ധമായി ഇത്രയേറെ അന്ധവിശ്വാസങ്ങൾ എങ്ങനെ വന്നു എന്നതും അത്ഭുതമാണ്.  അസുഖം ഉള്ള സമയത്ത് കുളിക്കരുത് എന്നതാണ് അതിൽ പ്രധാനം. ദിവസേനെ കുളിക്കണം എന്നാണ് മോഡേൺ മെഡിസിൻ പറയുന്നത്. പനിയും വിയർപ്പും സഹിച്ച് ഒരാഴ്‌ചയോളം കുളിക്കാതിരിക്കുന്നത് എന്ത് വൃത്തികേടാണ്! മാത്രമല്ല, കുളിക്കാതിരുന്നാൽ തൊലിപ്പുറത്തെ കുമിളകൾ പൊട്ടി അതിൽ ബാക്റ്റീരിയൽ infection വരാനുള്ള സാധ്യതയും കൂടും. അങ്ങനെ നിരവധി അബദ്ധ ധാരണകളും അന്ധവിശ്വാസങ്ങളും ചിക്കൻ പോക്സിനെ ചുറ്റിപ്പറ്റിയുണ്ട്.

ഒറ്റപ്പാലത്തെ വീട്ടിൽ ജോലികളൊക്കെ ചെയ്യാൻ ഒരു ചേച്ചി വരാറുണ്ടായിരുന്നു. എനിക്ക് ചിക്കൻ പോക്സ് ആണെന്ന് അവരോടു പറഞ്ഞാൽ അവർ വരാതിരിക്കാനും കുക്കിംഗ്‌ ഉൾപ്പെടെയുള്ള എല്ലാ പണികളും ഞാൻ തന്നെ ചെയ്യേണ്ടി വരാനും സാധ്യതയുള്ളതിനാൽ പറയാതിരുന്നാലോ എന്നാലോചിച്ചു.   പിന്നെ അതൊരു ചതിയല്ലേ, പറഞ്ഞേക്കാം എന്ന് തീരുമാനിച്ചു. പിറ്റേന്ന് തൊട്ട് അവർ വരില്ല എന്നായിരുന്നു ഞാൻ കരുതിയത്.   പക്ഷേ അവർ കൃത്യമായി വരികയും വീട്ടു ജോലികൾ ചെയ്യുകയും ഭക്ഷണം ഉണ്ടാക്കുകയും ചെയ്തു. എന്‍റെ കാര്യത്തിൽ ഇത്രയേറെ പരിഗണനയുണ്ടല്ലോ എന്നതിൽ ഞാൻ ഹാപ്പി ആവുകയും ചെയ്തു.  
ചേച്ചി വന്നത് എനിക്ക് വലിയ ആശ്വാസമായി എന്നൊരിക്കൽ ഞാൻ പറയുകയും ചെയ്തു.

"അല്ലെങ്കിലും ചിക്കൻ പോക്സ് ഉള്ള വീടുകളിൽ സ്ഥിരമായി വരുന്ന ആളുകൾ വരാതിരിക്കാൻ പാടില്ലത്രെ...  അങ്ങനെ വരാതിരുന്നാൽ പ്രശ്നമാണ് " അതായിരുന്നു അവരുടെ വിശ്വാസം. എന്തായാലും ആ വിശ്വാസം എനിക്ക് വലിയ ഉപകാരമായി.

 

Also Read:- ശരീരവേദന, വേദനയുള്ള ഭാഗങ്ങളില്‍ നീര് എന്നിവ കണ്ടാല്‍ നിസാരമാക്കരുത്, കാരണമുണ്ട്...

 

click me!