ചൈനയിൽ വീണ്ടും കൊവിഡ് തരംഗം, വില്ലനായത് 'ഡെല്‍റ്റ'; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

By Web Team  |  First Published Jul 31, 2021, 8:43 PM IST

പുതുതായി ചൈനയില്‍ സ്ഥിരീകരിക്കപ്പെട്ട കേസുകളില്‍ മഹാഭൂരിപക്ഷവും 'ഡെല്‍റ്റ' വകഭേദത്തില്‍ നിന്നുണ്ടായതാണെന്നാണ് കണ്ടെത്തല്‍. ഇതോടെ 'ഡെല്‍റ്റ'യെ ചൊല്ലി വീണ്ടും മുന്നറിയിപ്പ് നല്‍കുകയാണ് ലോകാരോഗ്യ സംഘടന


ചൈനയിലെ വുഹാനില്‍ നിന്നാണ് 2019 അവസാനത്തോടെ കൊവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. പിന്നീടിത് ലോകമെമ്പാടുമെത്തി. ഓരോ രാജ്യവും മഹാമാരിയോട് പോരാടുമ്പോള്‍ രോഗം ആദ്യമായി കണ്ടെത്തപ്പെട്ട ചൈന, പതിയെ സാധാരണജീവിതത്തിലേക്ക് തിരികെ വരികയായിരുന്നു.

രോഗഭീഷണി ഏതാണ്ട് പരിപൂര്‍ണമായി അകന്നുവെന്ന രീതിയില്‍ ചൈന സജീവമായി. എന്നാലിപ്പോള്‍ വീണ്ടും ചൈനയില്‍ കൊവിഡ് കേസുകള്‍ ആശങ്കാജനകമാം വിധം ഉയരുന്ന സാഹചര്യമാണുള്ളത്. ഇന്ത്യയില്‍ നിന്നും ഉയര്‍ന്നുവന്ന കൊവിഡ് വൈറസ് വകഭേദമായ 'ഡെല്‍റ്റ'യാണ് ചൈനയിലും വില്ലനായത്. 

Latest Videos

undefined

പുതുതായി ചൈനയില്‍ സ്ഥിരീകരിക്കപ്പെട്ട കേസുകളില്‍ മഹാഭൂരിപക്ഷവും 'ഡെല്‍റ്റ' വകഭേദത്തില്‍ നിന്നുണ്ടായതാണെന്നാണ് കണ്ടെത്തല്‍. ഇതോടെ 'ഡെല്‍റ്റ'യെ ചൊല്ലി വീണ്ടും മുന്നറിയിപ്പ് നല്‍കുകയാണ് ലോകാരോഗ്യ സംഘടന. 

'ഡെല്‍റ്റ ഒരു വലിയ താക്കീതാണ് നല്‍കുന്നത്. കൊവിഡ് വൈറസുകളില്‍ സംഭവിക്കുന്ന ജനിതകവ്യതിയാനങ്ങള്‍ മഹാമാരി സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി എത്രത്തോളം രൂക്ഷമാക്കുമെന്നതിന്റെ ഒരു സൂചന. കൂടുതല്‍ അപകടകാരികളായ വകഭേദങ്ങള്‍ ഉയര്‍ന്നുവരുന്നതിന് മുമ്പായി ഇവയ്‌ക്കെതിരെ കാര്യക്ഷമമായ മുന്നൊരുക്കങ്ങള്‍ നാം നടത്തേണ്ടതുണ്ട്...'- ലോകാരോഗ്യ സംഘടന എമര്‍ജന്‍സി വിഭാഗം ഡയറക്ടര്‍ മൈക്കല്‍ റയാന്‍ പറയുന്നു. 

സാമൂഹികാകലം പാലിക്കുക, മാസ്‌ക് ധരിക്കുക, കൈകള്‍ ഇടവിട്ട് ശുചീകരിക്കുക തുടങ്ങിയ പ്രാഥമികമായ കൊവിഡ് പ്രതിരോധമാര്‍ഗങ്ങള്‍ ഇനിയും കൃത്യമായി പിന്തുടരേണ്ടതുണ്ടെന്നും അദ്ദേഹം എടുത്തുപറയുന്നു. 

നിലവില്‍ സമ്പന്നരാജ്യങ്ങളടക്കം 'ഡെല്‍റ്റ' വകഭേദത്തെ എത്തരത്തില്‍ പിടിച്ചുകെട്ടണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണെന്നും ഇത് ആഗോളതലത്തില്‍ തന്നെ കൊവിഡ് പ്രതിസന്ധി ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. 

ചൈനയ്ക്ക് പുറമെ ഓസ്‌ട്രേലിയ, യുഎസ്, യുകെ തുടങ്ങി പല രാജ്യങ്ങളിലും 'ഡെല്‍റ്റ' വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. കുറഞ്ഞ സമയത്തിനകം കൂടുതല്‍ പേരിലേക്ക് രോഗമെത്തിക്കാനുള്ള കഴിവാണ് 'ഡെല്‍റ്റ'യുടെ പ്രത്യേകത. വാക്‌സിനെ പോലും അതിജീവിച്ച് ശരീരത്തിനകത്തേക്ക് പ്രവേശിക്കാനുള്ള ഇതിന്റെ പാടവവും വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. ലോകത്ത് തന്നെ വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഏറ്റവുമധികം രോഗമെത്തിച്ചതും 'ഡെല്‍റ്റ' തന്നെ. 

Also Read:- ചൈനയിൽ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു; രോഗവ്യാപനം തടയാൻ കൂട്ടപരിശോധന

click me!