Omicron : 'ആഘോഷങ്ങള്‍ കുറച്ചോളൂ'; ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നു...

By Web Team  |  First Published Dec 17, 2021, 11:50 PM IST

കേരളമടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഇതുവരെ 101 ഒമിക്രോണ്‍ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. യുകെ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ പ്രതിദിനം കേസുകള്‍ വര്‍ധിച്ചുവരുന്നതിനെ അടിസ്ഥാനപ്പെടുത്തി, രാജ്യത്തെ വരും ദിവസങ്ങള്‍ വിശകലനം ചെയ്യുകയാണ് 'കൊവിഡ് ടാസ്‌ക് ഫോഴ്‌സ്'


കൊവിഡ് 19 രോഗം ( Covid 19 ) പരത്തുന്ന വൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണ് ഒമിക്രോണ്‍ ( Omicron Variant ). ആഴ്ചകള്‍ക്ക് മുമ്പ് ദക്ഷിണാഫ്രിക്കയിലാണ് ( South Africa ) ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിക്കപ്പെട്ടത്. പിന്നീട് ചുരുങ്ങിയ സമയത്തിനകം തന്നെ ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളില്‍ ഇത് കണ്ടെത്തപ്പെട്ടു. 

കൊവിഡ് 19, വമ്പന്‍ തിരിച്ചടിയേകിയ യുകെ വീണ്ടും ഒമിക്രോണ്‍ സ്ഥിരീകരിക്കപ്പെട്ട പശ്ചാത്തലത്തില്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് നിലവില്‍ കടന്നുപോകുന്നത്. ഇന്ത്യയില്‍ ദിനംപ്രതി കേസുകള്‍ വര്‍ധിക്കുകയാണ് ഈ സാഹചര്യത്തില്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകണമെന്നാണ് കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 'കൊവിഡ് ടാസ്‌ക് ഫോഴ്‌സ്' ആവശ്യപ്പെടുന്നത്. 

Latest Videos

undefined

കേരളമടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഇതുവരെ 101 ഒമിക്രോണ്‍ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. യുകെ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ പ്രതിദിനം കേസുകള്‍ വര്‍ധിച്ചുവരുന്നതിനെ അടിസ്ഥാനപ്പെടുത്തി, രാജ്യത്തെ വരും ദിവസങ്ങള്‍ വിശകലനം ചെയ്യുകയാണ് 'കൊവിഡ് ടാസ്‌ക് ഫോഴ്‌സ്'

'യുകെയിലെയും ഫ്രാന്‍സിലെയുമെല്ലാം സ്ഥിതി ഇന്ത്യയിലുണ്ടായാല്‍ നമ്മുടെ ജനസംഖ്യ അനുസരിച്ച് ലക്ഷക്കണക്കിന് പേര്‍ക്കാണ് കൊവിഡ് പിടിപെടുക. ഏതണ്ട് പതിമൂന്ന് ലക്ഷം കേസുകള്‍ പ്രതിദിനം വരാം...'- 'കൊവിഡ് ടാസ്‌ക് ഫോഴ്‌സ്' മേധാവി വി കെ പോള്‍ പറയുന്നു. 

നേരത്തെ ഇന്ത്യയിലടക്കം പല രാജ്യങ്ങളിലും ശക്തമായ കൊവിഡ് തരംഗം സൃഷ്ടിച്ച ഡെല്‍റ്റ വകഭേദത്തെക്കാളെല്ലാം ഇരട്ടിയിലധികം വേഗത്തിലാണ് ഒമിക്രോണ്‍ രോഗം പരത്തുന്നത്. യുകെയിലാണെങ്കില്‍ ഔദ്യോഗികമായി ഒമിക്രോണ്‍ മരണവും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. 

'അനാവശ്യമായ യാത്രകള്‍, ആളുകള്‍ ഒത്തുകൂടുന്ന ആഘോഷങ്ങള്‍ എന്നിവയിലെല്ലാം നാം നിയന്ത്രണങ്ങളേര്‍പ്പെടുത്തേണ്ടതുണ്ട്. പുതുവര്‍ഷാഘോഷം തുടങ്ങി പല ആഘോഷങ്ങളും വരികയാണ്. ഈ അവസരങ്ങളിലെല്ലാം നമ്മുടെ നിലവിലെ സാഹചര്യം ഓര്‍മ്മയുണ്ടാകണം...'- വി കെ പോള്‍ പറയുന്നു.

ജനസംഖ്യയുടെ വലിയ വിഭാഗത്തിനും വാക്‌സിന്‍ ഉറപ്പുവരുത്തിയിട്ടും യൂറോപ്പ് കടുത്ത പ്രതിസന്ധിയിലൂടെയാണ് പോകുന്നതെന്നും ഇത് ഇന്ത്യ ഒരു ഓര്‍മ്മപ്പെടുത്തലായി എടുക്കണമെന്നും കൊവിഡ് ടാസ്‌ക് ഫോഴ്‌സ് ചൂണ്ടിക്കാട്ടുന്നു. 

കൊവിഡ് കേസുകള്‍ ഇതുവരെ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മഹാരാഷ്ട്രയില്‍ തന്നെയാണ് ഒമിക്രോണ്‍ കേസുകളും കൂടുതലായി വന്നിരിക്കുന്നത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ കര്‍മാടക, ഗുജറാത്ത്, ദില്ലി, കേരളം, തമിഴ് നാട്, പശ്ചിം ബംഗാള്‍, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഒമിക്രോണ്‍ കേസുകളുള്ളത്.

Also Read:- ദില്ലിയിൽ 10 പേർക്ക് കൂടി ഒമിക്രോൺ; ഇവരെ ചികിത്സിക്കുന്ന ഡോക്ടർ പറയുന്നത്...

click me!