ഒമിക്രോണ്‍ എന്ന വകഭേദവും അതിന്‍റെ ഉപവകഭേദങ്ങളുമാണ് ഇപ്പോള്‍ കൂടുതലും കൊവിഡ് കേസുകള്‍ സൃഷ്ടിക്കുന്നത്. ഇതില്‍ തന്നെ പുതിയൊരു വകഭേദം കൂടി വന്നെത്തിയിട്ടുണ്ട്. ബിഎ 2.75 എന്നാണിതിനെ വിളിക്കുന്നത്.
കൊവിഡ് 19 രോഗവുമായുള്ള നമ്മുടെ പോരാട്ടം ഇപ്പോഴും തുടരുകയാണ്. ആദ്യഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങള്‍ രോഗവ്യാപനം നടത്തുമ്പോള്‍ രോഗതീവ്രതയിലും രോഗലക്ഷണങ്ങളിലുമെല്ലാം വ്യത്യാസങ്ങള്‍ കാണപ്പെടുന്നുണ്ട്.
അത്തരത്തില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളില്‍ കാണപ്പെടുന്ന മൂന്ന് ലക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ദില്ലിയില്‍ നിന്നുള്ള ആരോഗ്യ വിദഗ്ധരാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.
നെഞ്ചുവേദന, വയറിളക്കം, മൂത്രത്തിന്‍റെ അളവില്‍ കുറവ് എന്നിവയാണ് ഇത്തരത്തില്‍ ചൂണ്ടിക്കാട്ടപ്പെട്ട മൂന്ന് ലക്ഷണങ്ങള്‍. നേരത്തെ ഉണ്ടായിരുന്ന കൊവിഡ് ലക്ഷണങ്ങളില്‍ നിന്ന് വ്യത്യാസപ്പെട്ടതാണ് ഈ ലക്ഷണങ്ങള്‍. ഇതില്‍ നെഞ്ചുവേദനയുടെ കാര്യത്തില്‍ ചില ആശങ്കകളും ഡോക്ടര്‍മാര്‍ തന്നെ പങ്കുവയ്ക്കുന്നുണ്ട്.
'ഹൃദയാഘാതത്തിന്‍റെ സൂചനയായും കൊവിഡ് രോഗികളില്‍ നെഞ്ചുവേദനയുണ്ടാകാം. അക്യൂട്ട് കൊറോണറി സിന്‍ഡ്രോം, മയോകാര്‍ഡിയല്‍ ഇൻഫ്രാക്ഷൻ അഥവാ ഹൃദയാഘാതം എന്നിവയെല്ലാം കൊവിഡ് രോഗികളില്‍ കൂടിവരുന്നുണ്ട്. നെഞ്ചുവേദന, മൂത്രത്തിന്‍റെ അളവില്‍ കുറവ്, വയറിളക്കം എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ ആദ്യം കാണുകയും പിന്നീട് കൊവിഡ് പൊസിറ്റീവ് കാണിക്കുകയും ചെയ്യുകയാണ്...'- ദില്ലിയില്‍ നിന്നുള്ള ശ്വാസകോശ രോഗ വിദഗ്ധൻ അക്ഷയ് ബുദ്രാജ പറയുന്നു.
ഇപ്പോഴും കാണുന്ന മറ്റ് കൊവിഡ് ലക്ഷണങ്ങള്‍
-തലകറക്കം
-അസാധാരണമായ ക്ഷീണം
- ഗന്ധവും രുചിയും താല്‍ക്കാലികമായി നഷ്ടപ്പെടുന്ന അവസ്ഥ.
- പനിയും കുളിരും
-ചുമ
- ശ്വാസതടസവും ശ്വസിക്കാൻ പ്രയാസവും
-തളര്‍ന്നുപോകുന്ന അവസ്ഥ
-പേശീവേദന അല്ലെങ്കില്‍ ശരീരവേദന
-തലവേദന
-തൊണ്ടവേദന
-മൂക്കടപ്പ് അല്ലെങ്കില്‍ ജലദോഷം
പുതിയ കൊവിഡ് വകഭേദം
ഒമിക്രോണ്‍ എന്ന വകഭേദവും അതിന്‍റെ ഉപവകഭേദങ്ങളുമാണ് ഇപ്പോള്‍ കൂടുതലും കൊവിഡ് കേസുകള്‍ സൃഷ്ടിക്കുന്നത്. ഇതില്‍ തന്നെ പുതിയൊരു വകഭേദം കൂടി വന്നെത്തിയിട്ടുണ്ട്. ബിഎ 2.75 എന്നാണിതിനെ വിളിക്കുന്നത്. രോഗവ്യാപനം വളരെ വേഗത്തിലാക്കാൻ കഴിവുള്ള വകഭേദമാണിത്. എന്നാല്‍ ഇതിനെ ഭയപ്പെടേണ്ട കാര്യമില്ലെന്നും രോഗതീവ്രത കാര്യമായി ഉയര്‍ത്താൻ കഴിവുള്ള വകഭേദമല്ലെന്നുമാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
രാജ്യത്ത് കഴിഞ്ഞ ഒരു ദിവസത്തിനിടെ മാത്രം 15,754 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 39 കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിയുന്നതും ആള്‍ക്കൂട്ടം ഒഴിവാക്കുകയും, സാമൂഹികാകലം പാലിക്കുകയും, മാസ്ക് ധരിക്കുകയും ചെയ്യുന്നത് വഴി കൊവിഡ് ബാധ ഒഴിവാക്കാനും കൊവിഡ് വ്യാപകമാകുന്ന സാഹചര്യമൊഴിവാക്കാനും നമുക്ക് സാധിക്കും.
Also Read:- മീനിന് വരെ കൊവിഡ് ടെസ്റ്റ്; കാരണം എന്തെന്നറിയാമോ?