കൊവിഡ് രണ്ടാം തരംഗം ഏറ്റവുമധികം ബാധിച്ചത് ഏത് പ്രായക്കാരെയാണെന്ന് അറിയാമോ?

By Web Team  |  First Published Jun 16, 2021, 3:08 PM IST

സമയത്തിന് ചികിത്സ ലഭിച്ചില്ല എന്ന കാരണം മൂലം മാത്രം ജീവന്‍ നഷ്ടപ്പെട്ടവര്‍ തന്നെ ഏറെയാണ്. ഇതിനിടെ മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായി പ്രായമായവരും മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ അസുഖങ്ങളോ ഉള്ളവരും മാത്രമല്ല, യുവാക്കളും വലിയ രീതിയില്‍ രോഗബാധിതരാകുന്നതായും മരണം സംഭവിക്കുന്നതായും നാം കണ്ടു


കൊവിഡ് ഒന്നാം തരംഗത്തില്‍ നിന്ന് വ്യത്യസ്തമായിരുന്നു രണ്ടാം തരംഗം. കേസുകളുടെ എണ്ണവും മരണനിരക്കുമെല്ലാം കുത്തനെ വര്‍ധിച്ചു. ആരോഗ്യമേഖല കനത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യവും വന്നു. രാജ്യത്ത് പലയിടങ്ങളിലും ആശുപത്രിക്കിടക്കകളോ, ആവശ്യത്തിന് ഓക്‌സിജനോ ലഭ്യമല്ലാത്ത ദുരവസ്ഥ പോലും ഉണ്ടായി. 

സമയത്തിന് ചികിത്സ ലഭിച്ചില്ല എന്ന കാരണം മൂലം മാത്രം ജീവന്‍ നഷ്ടപ്പെട്ടവര്‍ തന്നെ ഏറെയാണ്. ഇതിനിടെ മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായി പ്രായമായവരും മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ അസുഖങ്ങളോ ഉള്ളവരും മാത്രമല്ല, യുവാക്കളും വലിയ രീതിയില്‍ രോഗബാധിതരാകുന്നതായും മരണം സംഭവിക്കുന്നതായും നാം കണ്ടു. 

Latest Videos

undefined

പലപ്പോഴും ഇത് കാര്യമായ ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും ഇടയാക്കി. അങ്ങനെ കൊവിഡ് രണ്ടാം തരംഗത്തില്‍ പ്രായഭേദമെന്യേ എല്ലാവരും പ്രതിരോധിച്ച് നില്‍ക്കണമെന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ ആരോഗ്യ വിദഗ്ധരും പുറപ്പെടുവിച്ചു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തമായ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 

കൊവിഡ് രണ്ടാം തരംഗത്തില്‍ ഏറ്റവുമധികം ബാധിക്കപ്പെട്ടത് 21 വയസ് മുതല്‍ 50 വയസ് വരെ പ്രായമുള്ളവരായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഒന്നാം തരംഗത്തില്‍ ഈ വിഭാഗക്കാര്‍ 59.74 ശതമാനമായിരുന്നു ബാധിക്കപ്പെട്ടിരുന്നതെങ്കില്‍ രണ്ടാം തരംഗമായപ്പോഴേക്ക് ഇത് 62.4 ശതമാനമായി ഉയര്‍ന്നു. 

ഏറ്റവുമധികം ആശങ്കയില്‍ കഴിഞ്ഞിരുന്ന അറുപത് വയസിന് മുകളില്‍ പ്രായം വരുന്നവരില്‍ 13.89 ശതമാനമായിരുന്നു രണ്ടാം തരംഗത്തില്‍ രോഗബാധ. ഒന്നാം തരംഗത്തില്‍ ഇത് 12.58 ശതമാനമായിരുന്നു. ഒന്ന് മുതല്‍ 20 വയസ് വരെ പ്രായമുള്ളവര്‍ക്കിടയിലെ കൊവിഡ് ബാധ കണക്കുകളിലും രണ്ടാം തരംഗമായപ്പോള്‍ വലിയ വ്യത്യാസം വന്നിട്ടില്ല. ആദ്യതരംഗത്തില്‍ 11.31 ശതമാനമായിരുന്നുവെങ്കില്‍ രണ്ടാം തരംഗത്തില്‍ 11.62 ശതമാനമായിരുന്നു അണുബാധയുടെ തോത്. ഒന്ന് മുതല്‍ പത്ത് വയസ് വരെ പ്രായം വരുന്നവരുടെ കാര്യത്തിലും രണ്ട് തരംഗത്തിലും വലിയ വ്യതിയാനം വന്നിട്ടില്ല. 

കൊവിഡ് മൂന്നാം തരംഗവും രാജ്യത്ത് സംഭവിക്കുമെന്നും ഇതില്‍ കുട്ടികളായിരിക്കും കൂടുതലായി ബാധിക്കപ്പെടുകയെന്നും അഭ്യൂഹങ്ങളും വിലയിരുത്തലുകളും നടക്കുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. മൂന്നാം തരംഗം കുട്ടികളെ ലക്ഷ്യമിട്ട് വരുന്നതാണെന്ന് കരുതിയാല്‍ പോലും ഏത് പ്രായത്തില്‍ ഉള്‍പ്പെടുന്നവരും ജാഗ്രതയോടെ തന്നെ മുന്നോട്ട് പോകേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. ഇപ്പോള്‍ രാജ്യത്ത് രണ്ടാം തരംഗത്തിന്റെ അവാസനഘട്ടമാണ് പോയിക്കൊണ്ടിരിക്കുന്നത്. മിക്ക സംസ്ഥാനങ്ങളിലും പ്രതിദിന കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണ്. ഇതനുസരിച്ച് പലയിടങ്ങളിലും ജനജീവിതം നിയന്ത്രണങ്ങളില്‍ നിന്ന് മുക്തമാവുകയും ചെയ്യുകയാണ്.

Also Read:- കൊവിഡ് കാലത്ത് മക്കളില്‍ നിന്ന് പോലും പീഡനമേറ്റ വൃദ്ധര്‍; റിപ്പോര്‍ട്ട് പുറത്ത്...

click me!