Covid 19 : 'ഒന്നില്‍ കൂടുതല്‍ തവണ കൊവിഡ് ബാധിതരായാല്‍...'; പഠനം പറയുന്നത് കേള്‍ക്കൂ

By Web Team  |  First Published Jun 30, 2022, 10:04 PM IST

ഒന്നോ രണ്ടോ തവണ കൊവിഡ് പിടിപെട്ടാല്‍ പിന്നെ ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തേണ്ട കാര്യമില്ലെന്ന് ചിന്തിക്കുന്നവരാണ് അധികപേരും. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്. 


ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ ( Covid Cases ) ഉയരുകയാണ്. പ്രത്യേകിച്ച് കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകളില്‍ വലിയ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നാം നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില വിവരങ്ങളാണ് പുതിയൊരു പഠനം പങ്കുവയ്ക്കുന്നത്.

യുഎസിലെ സെന്‍റ് ലൂയിസിലുള്ള യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ഒന്നിലധികം തവണ കൊവിഡ് ബാധിതരാകുന്നവരിലും ( Covid Reinfection ) , രണ്ടിലധികം കൊവിഡ് ബാധിതരാകുന്നവരിലും കണ്ടേക്കാവുന്ന അനുബന്ധ പ്രശ്നങ്ങളെ കുറിച്ചാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. 

Latest Videos

ഒന്നോ രണ്ടോ തവണ കൊവിഡ് പിടിപെട്ടാല്‍ ( Covid Reinfection ) പിന്നെ ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തേണ്ട കാര്യമില്ലെന്ന് ചിന്തിക്കുന്നവരാണ് അധികപേരും. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്. ഒന്നില്‍ കൂടുതല്‍ കൊവിഡ് പിടിപെടുന്നത് ആരോഗ്യത്തെ പല രീതിയില്‍ പ്രശ്നത്തിലാക്കുമെന്നും അത് ജീവന് വരെ ഭീഷണിയാകുന്ന തരത്തിലേക്ക് എത്തുമെന്നുമാണ് പഠനം പറയുന്നത്. 

കൊവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട അവസ്ഥ, അനുബന്ധ ആരോഗ്യപ്രശ്നങ്ങള്‍ കൂടുതലായി കാണുക എന്നിവയെല്ലാം വീണ്ടും കൊവിഡ് ബാധിക്കുമ്പോള്‍  ( Covid Cases ) വളരെ കൂടുതലാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യത്തില്‍ വാക്സിന്‍ സ്വീകരിച്ചാല്‍ പോലും രക്ഷയില്ലെന്നും പഠനം പറയുന്നു. 


'രണ്ട് തവണ കൊവിഡ് പിടിപെട്ടവരെക്കാള്‍ ഗുരുതരമായിരിക്കും മൂന്ന് തവണ കൊവിഡ് പിടിപെട്ടവരുടെ അവസ്ഥ. അതിലും പ്രശ്നമാണ് മൂന്നിലധികം തവണ രോഗം പിടിപെട്ടവരുടെ കാര്യം. ശരാശരി 75ഉം 65ഉം ദിവസത്തെ ഇടവേളകളിലാണ് രണ്ടും മൂന്നും തവണയും കൊവിഡ് പിടിപെടുന്നതായി കണ്ടെത്താൻ സാധിച്ചിട്ടുള്ളത്. ഹൃദയസംബന്ധമായ തകരാറുകളിലേക്ക് വരെ രണ്ടിലധികം തവണ കൊവിഡ് പിടിപെടുന്നത് നയിക്കുന്നുണ്ട്. അതുപോലെ രക്തം കട്ട പിടിക്കുന്ന സാഹചര്യത്തിലേക്കും വീണ്ടും വീണ്ടും രോഗബാധയുണ്ടാകുന്നത് നയിക്കുന്നു. ഇതിന് പുറമെ ശ്വാസകോശം, വൃക്കകള്‍ എന്നിങ്ങനെയുള്ള അവവങ്ങള്‍ കാര്യമായി ബാധിക്കപ്പെടുന്നു.  ന്യൂറോളജി പ്രശ്നങ്ങള്‍, പ്രമേഹം, മാനസിക പ്രശ്നങ്ങള്‍ എന്നിവയെല്ലാം കൊവിഡ് വീണ്ടും പിടിപെടുമ്പോള്‍ കൂടുതലായി കാണുന്നു...'- പഠനം പറയുന്നു. 

കൊവിഡ് വീണ്ടും പിടിപെടുന്നത് ഹൃദയാഘാതം, പക്ഷാഘാതം പോലെ ജീവന് ഭീഷണിയാകുന്ന സ്ഥിതികളിലേക്ക് നയിക്കുമെന്ന് നേരത്തേ ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം അടിവരയിടുന്നതാണ് പുതിയ പഠനവും. രക്തം കട്ട പിടിക്കുന്ന സാഹചര്യവും ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാം. ഒമിക്രോണ്‍ വകഭേദമാണ് കൂടുതലായി വീണ്ടും അണുബാധയുണ്ടാകാൻ കാരണമാകുന്നതെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് ഭേദപ്പെട്ടാലും ഏറെക്കാലത്തേക്ക് ആരോഗ്യപ്രശ്നങ്ങള്‍ നീണ്ടുനില്‍ക്കുന്ന 'ലോംഗ് കൊവിഡ്' എന്ന അവസ്ഥ വീണ്ടും രോഗബാധയുണ്ടാകുമ്പോള്‍ സങ്കീര്‍ണമാകുമെന്നും അതിനാല്‍ തന്നെ 'ലോംഗ് കൊവിഡ്' പ്രശ്നങ്ങള്‍ വച്ചുകൊണ്ടിരിക്കാതെ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണമെന്നും പഠനം ഓര്‍മ്മിപ്പിക്കുന്നു. വീണ്ടും രോഗബാധയുണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാനും പഠനം നിര്‍ദേശിക്കുന്നു.

Also Read:- കൊവിഡ് 19; ഉയരവും സംസാരരീതിയും രോഗം പകരുന്നതിന് കാരണമാകുന്നുവെന്ന് പഠനം

click me!