ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ സംഭവം; വെള്ളത്തിലൂടെ കൊറോണ വൈറസ് പടരുമോയെന്ന് ആശങ്ക

By Web Team  |  First Published May 13, 2021, 2:35 PM IST

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണ് ഇത്തരത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ നോക്കാതെ ഒഴുക്കിവിട്ടിരിക്കുന്നത് എന്നാണ് ഉയരുന്ന ആരോപണം. അങ്ങനെയെങ്കില്‍ വെള്ളത്തിലൂടെ വൈറസ് വ്യാപനം നടക്കുമോയെന്നാണ് ആശങ്ക. പല ഗ്രാമങ്ങളിലേക്കും വെള്ളമെത്തിക്കുന്ന പ്രധാന ജല സ്രോതസാണ് ഗംഗ


കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഗംഗയിലൂടെ മൃതദേഹങ്ങള്‍ കൂട്ടമായി ഒഴുകിയെത്തിയ സാഹചര്യത്തില്‍ കൊവിഡ് വ്യാപന ആശങ്ക ശക്തമാകുന്നു. യുപി, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിലായി ഗംഗയിലൂടെ നൂറിലധികം മൃതദേഹങ്ങളാണ് പലപ്പോഴായി ഒഴുകിയെത്തിയത്. 

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണ് ഇത്തരത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ നോക്കാതെ ഒഴുക്കിവിട്ടിരിക്കുന്നത് എന്നാണ് ഉയരുന്ന ആരോപണം. അങ്ങനെയെങ്കില്‍ വെള്ളത്തിലൂടെ വൈറസ് വ്യാപനം നടക്കുമോയെന്നാണ് ആശങ്ക. പല ഗ്രാമങ്ങളിലേക്കും വെള്ളമെത്തിക്കുന്ന പ്രധാന ജല സ്രോതസാണ് ഗംഗ.

Latest Videos

undefined

അതിനാല്‍ തന്നെ വെള്ളത്തിലൂടെ വൈറസ് പടരുമെങ്കില്‍ അത് കൊവിഡ് വ്യാപനം വന്‍ തോതില്‍ വര്‍ധിപ്പിക്കുമോയെന്നാണ് ആളുകള്‍ ഭയപ്പെടുന്നത്. എന്നാല്‍ ഇത്തരത്തില്‍ വെള്ളത്തിലൂടെ കൊവിഡ് വ്യാപനം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. 

'കൊവിഡ് ബാധിച്ച് മരിച്ചവരുടെ തന്നെ മൃതദേഹങ്ങളാണോ കണ്ടെത്തപ്പെട്ടിട്ടുള്ളത് എന്നതില്‍ സ്ഥിരീകരണമായിട്ടില്ല. അങ്ങനെയല്ലെങ്കില്‍ പോലും ഗംഗയില്‍ ഇത്തരത്തില്‍ മൃതദേഹങ്ങള്‍ ഒഴുക്കിവിടുന്നത് സ്വീകാര്യമായ സംഗതിയല്ല. എന്നാല്‍ ഗ്രാമങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന ഉറവിടമായതിനാല്‍ കൊവിഡ് വ്യാപനം സംഭവിക്കുമോയെന്ന ആശങ്ക പ്രസക്തമാണ്. സാധാരണഗതിയില്‍ പുഴവെള്ളം വിതരണത്തിനെത്തിക്കുമ്പോള്‍ ചില പ്രോസസിംഗ് നടക്കുന്നുണ്ട്. അത് ഈ സാഹചര്യത്തിലും സുരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ട്. മറിച്ച് നേരിട്ട് പ്രദേശങ്ങളിലെ പുഴയില്‍ നിന്ന് വെള്ളം ശേഖരിക്കുന്നത് ഒഴിവാക്കുന്നതായിരിക്കും ഉചിതം..'- ഐഐടി കാണ്‍പൂരിലെ പ്രൊഫസറായ സതീഷ് താരെ പറയുന്നു. 

Also Read:- മൃതദേഹങ്ങൾ ആംബുലൻസിൽ കൊണ്ടുവന്ന് തള്ളുന്നു, ഗം​ഗാ നദിയിൽ 71 എണ്ണം കണ്ടെത്തി, യുപിയെ കുറ്റപ്പെടുത്തി ബീഹാർ...

വെള്ളത്തിലൂടെ കൊറോണ വൈറസ് പടരാനുള്ള സാധ്യത കുറവാണെന്ന് തന്നെയാണ് മുമ്പ് വന്നിട്ടുള്ള പഠനറിപ്പോര്‍ട്ടുകളും സൂചിപ്പിച്ചിട്ടുള്ളത്. എന്നാല്‍ പരിപൂര്‍ണ്ണമായി ഈ സാധ്യത തള്ളിക്കളയാനാകില്ലെന്നും വിദഗ്ധര്‍ അറിയിച്ചിരുന്നു. വായുവിലൂടെ തന്നെയാണ് വലിയ പങ്കും വൈറസ് വ്യാപനം നടക്കുന്നതെന്നും ഗവേഷകര്‍ അടിവരയിട്ട് പറയുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!