Nail Color : നഖത്തിലെ വെളുത്ത വരകളും നിറവ്യത്യാസങ്ങളും; തിരിച്ചറിയാം പല അസുഖങ്ങളും...

By Web Team  |  First Published Mar 9, 2022, 1:50 PM IST

നഖത്തിലുണ്ടാകുന്ന ഇത്തരം മാറ്റങ്ങള്‍ പലതും പല അസുഖങ്ങളുടെയും ഭാഗമായി വരുന്നതാകാം. നമ്മളത് കാര്യമായി പരിഗണിക്കുകയോ അതെക്കുറിച്ച് അന്വേഷിക്കുകയോ ചെയ്യാറില്ല എന്നതാണ് സത്യം. എന്തായാലും നഖങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന അനാരോഗ്യകരമായ മാറ്റങ്ങളെയും അവ സൂചിപ്പിക്കുന്ന അസുഖങ്ങളെയും കുറിച്ചാണിനി പങ്കുവയ്ക്കുന്നത്


അസുഖങ്ങള്‍ ഏത് തന്നെയായാലും അതിനെ സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങളെങ്കിലും ( Disease Symptoms ) നമ്മളില്‍ പ്രകടമായിരിക്കും. ഒന്നുകില്‍ ഈ ലക്ഷണങ്ങള്‍ പെട്ടെന്ന് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നതാകാം. അല്ലെങ്കില്‍ നമ്മള്‍ നിത്യജീവിതത്തില്‍ നേരിടുന്ന ( Daily Life ) ആരോഗ്യപ്രശ്‌നങ്ങളുടെ കൂട്ടത്തില്‍ നിസാരമായി തള്ളിക്കളയുന്നതുമാകാം. ഇത്തരത്തില്‍ നമ്മള്‍ ഒട്ടും ശ്രദ്ധിക്കാതെ ഒഴിവാക്കുന്നൊരു പ്രശ്‌നമാണ് നഖങ്ങളില്‍ കാണുന്ന നിറവ്യത്യാസങ്ങളും മറ്റും. 

എന്നാല്‍ നഖത്തിലുണ്ടാകുന്ന ഇത്തരം മാറ്റങ്ങള്‍ പലതും പല അസുഖങ്ങളുടെയും ഭാഗമായി വരുന്നതാകാം. നമ്മളത് കാര്യമായി പരിഗണിക്കുകയോ അതെക്കുറിച്ച് അന്വേഷിക്കുകയോ ചെയ്യാറില്ല എന്നതാണ് സത്യം. എന്തായാലും നഖങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന അനാരോഗ്യകരമായ മാറ്റങ്ങളെയും അവ സൂചിപ്പിക്കുന്ന അസുഖങ്ങളെയും കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

Latest Videos

ഒന്ന്...

ആരോഗ്യമുള്ള ഒരാളെ സംബന്ധിച്ച് നഖങ്ങളുടെ അറ്റം അര്‍ധചന്ദ്രാകൃതിയിലാണ് കാണപ്പെടേണ്ടത്. ഇങ്ങനെയല്ല കാണപ്പെടുന്നത് എങ്കില്‍ അത് പോഷകാഹാരക്കുറവ്, വിഷാദരോഗം, വിളര്‍ച്ച എന്നിങ്ങനെയുള്ള പ്രശ്നങ്ങളുടെ ലക്ഷണമാകാം. ക്ഷീണം, ഉത്കണ്ഠ, തലകറക്കം എന്നിവ കൂടി അനുഭവപ്പെടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതാണ്. 

രണ്ട്...

സാധാരണഗതിയില്‍ നഖങ്ങള്‍ക്ക് പരുക്കന്‍ പ്രകൃതം ഉണ്ടാകേണ്ടതില്ല. നിറമാണെങ്കിലോ, ചെറിയ ചുവപ്പ് കലര്‍ന്നാണ് കാണേണ്ടും. എന്നാല്‍ ചിലരില്‍ നഖം വിളര്‍ത്തും മഞ്ഞനിറത്തിലും കാണാറുണ്ട്. ഇത് കരള്‍, വൃക്ക, ഹൃദയം എന്നിങ്ങനെയുള്ള അവയവങ്ങളെ സംബന്ധിക്കുന്ന പ്രസ്‌നങ്ങളെയോ, വിളര്‍ച്ചയെയോ ( അനീമിയ ), പോഷകാഹാരക്കുറവിനെയോ സൂചിപ്പിക്കുന്നതാകാം. ഒപ്പം തന്നെ ശ്വാസകോശരോഗമായ 'ക്രോണിക് ബ്രോങ്കൈറ്റിസ്', തൈറോയ്ഡ്, മറ്റ് ശ്വാസകോശരോഗങ്ങള്‍, പ്രമേഹം, ചര്‍മ്മത്തെ ബാധിക്കുന്ന 'സോറിയാസിസ്' എന്നീ പ്രശ്നങ്ങളുടെ ഭാഗമായും ഇത് വരാം. 

മൂന്ന്...

ചിലരില്‍ പാരമ്പര്യഘടകങ്ങളുടെ ഭാഗമായി നഖങ്ങളില്‍ വരകള്‍ ഉണ്ടാകാറുണ്ട്. ആദ്യഘട്ടത്തില്‍ ഇത് നേര്‍ത്തതും പിന്നീട് പ്രായം ഏറും തോറും കട്ടി കൂടിവരുന്നതും ആകാം. ഇങ്ങനെയല്ലാതെ നഖത്തില്‍ നീളത്തിലും കുറുകെയും വരകള്‍ വീഴുന്നത് സോറിയാസിസ് രോഗം, ആര്‍ത്രൈറ്റിസ്, വൃക്ക രോഗം, എല്ല് സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയുടെ ലക്ഷണമാകാം. നഖത്തില്‍ കുറുകെയുള്ള വരകളാണെങ്കില്‍ ഇത് വൃക്ക രോഗത്തെ സൂചിപ്പിക്കുന്നതാകാം. 

നാല്...

ചിലരില്‍ ഇയ്ക്കിടെ നഖം പൊട്ടിപ്പോകാറുണ്ട്. തൈറോയ്ഡിന്റെയോ ഫംഗല്‍ അണുബാധയുടെയോ ഭാഗമായി ഇത് സംഭവിക്കാം. അതുപോലെ അമിതമായ നനവ്, അമിതമായ നെയില്‍ പോളിഷ്- നെയില്‍ പോളിഷ് റിമൂവര്‍ പോലുള്ള കെമിക്കലുകളുടെ ഉപയോഗം എന്നിവയും നഖം കൂടെക്കൂടെ പൊട്ടാനിടയാക്കും. 

അഞ്ച്...

ചിലരുടെ നഖത്തില്‍ വെളുത്ത നിറത്തില്‍ കുത്തുകളോ വരകളോ കാണാറുണ്ട്. ഇത് അധികവും സിങ്ക്, കാത്സ്യം എന്നിവയുടെ കുറവിനെയാണേ്രത സൂചിപ്പിക്കുന്നത്. അത്ര ഗൗരവമുള്ള പ്രശ്നമല്ല ഇത്. എങ്കിലും ഡയറ്റ് മെച്ചപ്പെടുത്തുന്നതാണ് ഉചിതം. അല്ലാത്ത പക്ഷം ഭാവിയില്‍ ആരോഗ്യം സംബന്ധിച്ച് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിടാം. നഖത്തില്‍ ചിതറിയ പോലെ ധാരാളം വെള്ള വരകളോ കുത്തുകളോ കാണുന്നത് അലര്‍ജിയുടെയോ ഫംഗല്‍ ബാധയുടെയോ ലക്ഷണമായും കണക്കാക്കാം. 

ആറ്...

സാധാരണനിലയില്‍ നഖത്തില്‍ കറുത്ത നിറമോ, കറുത്ത വരകളോ ഉണ്ടാകുന്നത് ഏതെങ്കിലും തരത്തിലുള്ള പരിക്കുകളുടെ ഭാഗമായോ അവയുടെ അവശേഷിപ്പായോ എല്ലാമാണ്. ചില സന്ദര്‍ഭങ്ങളില്‍ 'മെലനോമ' എന്ന ക്യാന്‍സറിന്റെ സൂചനയായും ഇങ്ങനെ സംഭവിക്കാറുണ്ട്. അതിനാല്‍ ദീര്‍ഘകാലം ഈ നിറവ്യത്യാസം കാണുകയാണെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറെ കണ്ട് വേണഅട പരിശോധനകള്‍ നടത്താം.

Also Read:- താരൻ അകറ്റാൻ‌ ഇതാ ചില പ്രകൃതിദത്ത മാർ​ഗങ്ങൾ

click me!