Covid 19 : കൊവിഡ് 19; ചൈനയില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപനങ്ങള്‍...

By Web Team  |  First Published Dec 22, 2021, 7:15 PM IST

ഇപ്പോള്‍ ഒമിക്രോണ്‍ വകഭേദം വ്യാപകമായ സാഹചര്യത്തിലാണ് ചൈനയുടെ മുന്‍കൂര്‍ നടപടികളെന്നാണ് സൂചന. യുകെ അടക്കം പലയിടങ്ങളിലും ഒമിക്രോണ്‍ കാര്യമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇന്ത്യയിലും ഇരുന്നൂറിലധികം ഒമിക്രോണ്‍ കേസുകള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്


കൊവിഡ് 19 ( Covid 19 ) കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ നടപടികളുമായി ചൈനീസ് നഗരങ്ങള്‍( Chinese Cities ) . ഒരു കോടിയിലധികം ആളുകളാണ് നിലവില്‍ ലോക്ഡൗണ്‍ നിയന്ത്രണത്തിന് ( Lockdown China ) കീഴില്‍ വരുന്നത്. അവശ്യകാര്യങ്ങള്‍ക്ക് മാത്രം നിയന്ത്രിതമായ രീതിയില്‍ പുറത്തിറങ്ങാന്‍ മാത്രമാണ് ഇവര്‍ക്ക് അനുമതിയുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 

2022 ഫെബ്രുവരിയില്‍ നടക്കുന്ന വിന്റര്‍ ഒളിംപിക്‌സിന് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു തലസ്ഥാനമായ ബെയ്ജിംഗ്. ഇതിനിടെ വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിച്ചതോടെയാണ് ശക്തമായ നടപടികള്‍ വന്നിരിക്കുന്നത്. 

Latest Videos

undefined

ഡിസംബര്‍ ആദ്യവാരത്തിന് ശേഷമാണ് പല നഗരങ്ങളിലും കൊവിഡ് കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പട്ടത്. ക്‌സിയാംഗ് നഗരത്തില്‍ മാത്രം ബുധനാഴ്ച പുതിയ 52 കൊവിഡ് കേസുകള്‍ കൂടി വന്നതോടെ വ്യാഴാഴ്ചയാണ് ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത്. ഭാഗികമായാണ് നിലവില്‍ ലോക്ഡൗണ്‍.

രണ്ട് ദിവസത്തിലൊരിക്കല്‍ അവശ്യസാധനങ്ങള്‍ വാങ്ങിക്കാനും മറ്റും ഒരു വീട്ടിലെ ഒരാള്‍ക്ക് പുറത്തിറങ്ങാം. ബാക്കിയുള്ളവര്‍ നിര്‍ബന്ധമായും വീടുകളില്‍ തന്നെ തുടരണമെന്നാണ് ഉത്തരവ്. അതുപോലെ അതത് നഗരപരിധികള്‍ വിട്ട് ആളുകള്‍ പുറത്തുപോകുന്നതിനും വിലക്കുണ്ട്. 

ഇനി കൂട്ട കൊവിഡ് പരിശോധന നടത്താനാണ് അധികൃതരുടെ അടുത്ത നീക്കം. അവശ്യസേവനങ്ങള്‍ ലഭ്യമാക്കുന്ന സ്ഥാപനങ്ങളൊഴികെ ബാക്കിയെല്ലാം അടച്ചിടാനും നിര്‍ദേശമുണ്ട്. 

കൊവിഡ് 19 മഹാമാരി ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് തന്നെ ചൈനയിലായിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനകം തന്നെ രോഗമുയര്‍ത്തിയ വെല്ലുവിളിയില്‍ നിന്ന് തങ്ങള്‍ മോചിപ്പിക്കപ്പെട്ടതായി ചൈന അറിയിച്ചു. സാധാരണജീവിതത്തിലേക്ക് ചൈനീസ് നഗരങ്ങള്‍ മടങ്ങുകയും ചെയ്തിരുന്നു. ഇടയ്ക്ക് കൊവിഡ് കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതായ വാര്‍ത്തകള്‍ പുറത്തുവരും. തുടര്‍ന്ന് വീണ്ടും രോഗമുക്തി നേടിയതായി അവകാശപ്പെടും. 

ഇപ്പോള്‍ ഒമിക്രോണ്‍ വകഭേദം വ്യാപകമായ സാഹചര്യത്തിലാണ് ചൈനയുടെ മുന്‍കൂര്‍ നടപടികളെന്നാണ് സൂചന. യുകെ അടക്കം പലയിടങ്ങളിലും ഒമിക്രോണ്‍ കാര്യമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇന്ത്യയിലും ഇരുന്നൂറിലധികം ഒമിക്രോണ്‍ കേസുകള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ ചൈനയിൽ ഒരു ലക്ഷത്തോളം പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചതായി ഔദ്യോഗിക രേഖകള്‍ കാണിക്കുന്നത്. 4,636 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഈ വിവരങ്ങളുടെ ആധികാരികത സംബന്ധിച്ച് ഇപ്പോഴും തർക്കങ്ങൾ നിലനിൽക്കുന്നുവെന്നതും ശ്രദ്ധേയമാണ്.

Also Read:- ഒമിക്രോണിന് ഡെൽറ്റയേക്കാൾ മൂന്നിരട്ടി വ്യാപനശേഷി; ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം

click me!