ഇത് കൊറോണയുടെ പുതിയ ലക്ഷണമോ? പരിഭ്രാന്തി പരത്തി കുട്ടികളുടെ ആരോഗ്യനില!

By Web Team  |  First Published May 5, 2020, 9:08 PM IST

'കവാസാക്കി' രോഗം എന്നറിയപ്പെടുന്ന അസുഖത്തിന്റേയും 'ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം' എന്ന അസുഖത്തിന്റേയും ലക്ഷണങ്ങളോടെ ന്യൂയോര്‍ക്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളില്‍ കൊവിഡ് 19 കൂടി സ്ഥിരീകരിച്ചിരിക്കുന്നു എന്നതാണ് വാര്‍ത്ത


കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുതിയ വിവരങ്ങളാണ് ശാസത്രലോകത്ത് നിന്നെത്തുന്നത്. പൂര്‍ണ്ണമാകാത്ത സൂചനകളിലൂടെയും അറിവുകളിലൂടെയുമാണ് ഈ മാരക രോഗകാരിയെ പ്രതിരോധിക്കാന്‍ നമ്മള്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ പരിഭ്രാന്തി പരത്തിക്കൊണ്ട് ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നും പുതിയ ഒരു വാര്‍ത്ത കൂടിയെത്തുകയാണ്. 

'കവാസാക്കി' രോഗം എന്നറിയപ്പെടുന്ന അസുഖത്തിന്റേയും 'ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം' എന്ന അസുഖത്തിന്റേയും ലക്ഷണങ്ങളോടെ ന്യൂയോര്‍ക്ക് സിറ്റിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളില്‍ കൊവിഡ് 19 കൂടി സ്ഥിരീകരിച്ചിരിക്കുന്നു എന്നതാണ് വാര്‍ത്ത. 

Latest Videos

undefined

രക്തക്കുഴലുകളുടെ ഭിത്തിയില്‍ പഴുപ്പുണ്ടാകുന്ന അവസ്ഥയാണ് 'കവാസാക്കി' എന്ന രോഗത്തില്‍ സംഭവിക്കുന്നത്. ഇതുമൂലം ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയും. സാധാരണഗതിയില്‍ കുട്ടികളിലാണ് ഈ രോഗം കണ്ടുവരാറ്. ചികിത്സയിലൂടെ ഭേദപ്പെടുത്താമെങ്കിലും ചില കേസുകളില്‍ ജീവന് ഭീഷണി ഉയരുകയും ചെയ്‌തേക്കാം. ദേഹത്ത് ചുവന്ന പാടുകളും തടിപ്പും കാണുക, പനിയുണ്ടാവുക, തൊലി അടര്‍ന്നുപോരുക എന്നിവയെല്ലാമാണ് ഈ രോഗത്തിന്റെ പ്രകടമായ ലക്ഷണങ്ങള്‍. 

ചിലയിനം ബാക്ടീരിയകളുണ്ടാകുന്ന അണുബാധയാണ് 'ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം'. പനി, ദേഹത്ത് പാടുകള്‍ തെളിയുക, തൊലിയടര്‍ന്നുപോരുക, രക്തസമ്മര്‍ദ്ദം കുറയുക എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ഇതും ചികിത്സയിലൂടെയോ ഗൗരവമുള്ള കേസുകളിലാണെങ്കില്‍ സര്‍ജറിയിലൂടെയോ സുഖപ്പെടുത്താവുന്നതാണ്. എങ്കിലും നേരത്തേ സൂചിപ്പിച്ചത് പോലെ ചില രോഗികളിലെങ്കിലും മറ്റ് സങ്കീര്‍ണതകളിലേക്ക് ഇത് വഴി വച്ചേക്കാം. 

ഈ രണ്ട് രോഗങ്ങളുടേയും ലക്ഷണങ്ങളുമായി പ്രവേശിപ്പിക്കപ്പെട്ട 15 കുട്ടികളില്‍ പിന്നീട് കൊവിഡ് 19 വൈറസ് സാന്നിധ്യം കണ്ടെത്തുകയായിരുന്നു. അങ്ങനെയെങ്കില്‍ കൊവിഡ് 19ഉം മേല്‍പ്പറഞ്ഞ രോഗങ്ങളുമെല്ലാം എങ്ങനെ ബന്ധപ്പെടുന്നു എന്നത് വ്യക്തമായേ പറ്റൂ. നിലവില്‍ ഇക്കാര്യത്തില്‍ വ്യക്തതയൊന്നും വന്നിട്ടുമില്ല. 

Also Read:- പെട്ടെന്ന് ഗന്ധം നഷ്ടപ്പെടുന്ന അവസ്ഥ 'കൊറോണ'യുടെ ലക്ഷണമോ?...

കൊവിഡ് സ്ഥിരീകരിച്ച ഈ കുട്ടികളില്‍ അഞ്ച് പേര്‍ വെന്റിലേറ്ററിലാണ്. ഏഴ് പേര്‍ രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാക്കി വയ്ക്കുന്നതിനുള്ള ഉപകരണത്തിന്റെ സഹായത്തോടെയാണ് തുടരുന്നത്. സമാനമായൊരു കേസ് കാലിഫോര്‍ണിയയിലെ 'സ്റ്റാന്‍ഫോര്‍ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലി'ല്‍ നിന്നുകൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

നേരത്തേ യുകെയില്‍ നിന്ന് ഇതേ വിഷയത്തിലേക്ക് വിരല്‍ചൂണ്ടുന്ന വാദങ്ങളുമായി കുട്ടികളുടെ ഡോക്ടര്‍മാര്‍ രംഗത്തെത്തിയിരുന്നു. കൊവിഡ് 19 കുട്ടികളില്‍ ചില അസാധാരണമായ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട് എന്നതായിരുന്നു ആ മുന്നറിയിപ്പ്. സ്‌പെയിനിലേയും ഇറ്റലിയിലേയും ആശുപത്രികളില്‍ നിന്ന് കൂടി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്. എന്നാല്‍ അതിന് ശേഷം ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ റിപ്പോര്‍ട്ടുകളൊന്നും വന്നിരുന്നില്ല. ഇതിനിടെയാണ് ന്യൂയോര്‍ക്കില്‍ പരിഭ്രാന്തി പരത്തിക്കൊണ്ട് കുട്ടികളുടെ രോഗാവസ്ഥയെക്കുറിച്ച് സ്ഥിരീകരണം വന്നിരിക്കുന്നത്. 

Also Read:- 14 ദിവസത്തിന് ശേഷവും കൊവിഡ് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതായി പഠനങ്ങൾ; വൈറസ് ഷെഡിംഗും ഉണ്ടാകാമെന്ന് വിദഗ്ധർ...

click me!