നടി ശ്രീദേവിക്ക് തിരിച്ചടിയായത് അശാസ്ത്രീയമായ ഡയറ്റ്? ബോണി കപൂര്‍ നല്‍കിയ സൂചനകള്‍

By Web Team  |  First Published Oct 3, 2023, 5:13 PM IST

ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിനായി 'ലോ സാള്‍ട്ട്' ഡയറ്റ് പാലിച്ചിരുന്നുവെന്നും ഇത് ഇടയ്ക്കിടെ അവരുടെ ബിപി കുറയ്ക്കുകയും ബോധരഹിതയായി വീഴുന്നതിലേക്ക് വരെ അവരെ നയിക്കുകയും ചെയ്തുവെന്നാണ് ബോണി കപൂര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 


ഫിറ്റ്നസ് തല്‍പരരായ ആളുകള്‍ ഇന്ന് മുൻകാലങ്ങളെ അപേക്ഷിച്ച് ഏറെയാണ്. ചെറുപ്പക്കാര്‍ മാത്രമല്ല,  അമ്പതും അറുപതും കടന്നവരും ഇപ്പോള്‍ ഒരുപോലെ ഫിറ്റ്നസിന് വേണ്ടി ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നത് സാധാരണമായിരിക്കുന്നു. 

പ്രത്യേകിച്ച് സിനിമാ- എന്‍റര്‍ടെയിൻമെന്‍റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഫിറ്റ്നസിന് വേണ്ടി ഏറെ കാര്യങ്ങള്‍ ചെയ്യാറ്. പക്ഷേ പലപ്പോഴും അശാസ്ത്രീയമായി ഇത്തരത്തില്‍ ഫിറ്റ്നസിന് വേണ്ടി പരിശ്രമിക്കുന്നത് അവരുടെ ജീവന് തന്നെ ആപത്താകാം. 

Latest Videos

ഇത്തരത്തില്‍ നമുക്ക് വായിച്ചെടുക്കാവുന്നതാണ് ഇപ്പോള്‍  പ്രമുഖ ബോളിവുഡ് നിര്‍മ്മാതാവ് ബോണി കപൂര്‍ തന്‍റെ ജീവിതപങ്കാളിയായിരുന്ന നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് പറഞ്ഞ ചില കാര്യങ്ങള്‍. 

2018ല്‍ ദുബൈയില്‍ വച്ചാണ് ഹോട്ടല്‍ മുറിയില്‍ ബാത്ത്ടബ്ബില്‍ മുങ്ങിമരിച്ച നിലയില്‍ ശ്രീദേവിയെ കണ്ടെത്തുന്നത്. പിന്നീട് താരസുന്ദരിയുടെ മരണത്തില്‍ വിവാദങ്ങളേറെ ഉയര്‍ന്നുകേട്ടു. ശ്രീദേവിയെ കൊന്നതാണ്, ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതകളുണ്ട് എന്നിങ്ങനെ പല വാദങ്ങളും വന്നു. 

എന്നാല്‍ അതൊരു അപകടമരണമായിരുന്നു എന്ന് തന്നെയാണ് അവസാനം വരെയും വന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ അടിവരയിട്ട് പറഞ്ഞത്. ബോധരഹിതയായി ബാത്ത്ടബ്ബിലേക്ക് വീഴുകയും എഴുന്നേല്‍ക്കാനാകാഞ്ഞതിനാല്‍ മുങ്ങിമരിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വിഷയത്തില്‍ ബോണി കപൂര്‍ കാര്യമായ പ്രതികരണങ്ങള്‍ നടത്താതിരുന്നതും വിവാദങ്ങള്‍ക്ക് കൊഴുപ്പേകിയിരുന്നു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കിപ്പുറം ശ്രീദേവിയുടെ മരണത്തെ കുറിച്ച് സംസാരിക്കുകയാണ് ബോണി കപൂര്‍.

തന്‍റെ ഭാര്യ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിനായി 'ലോ സാള്‍ട്ട്' ഡയറ്റ് പാലിച്ചിരുന്നുവെന്നും ഇത് ഇടയ്ക്കിടെ അവരുടെ ബിപി കുറയ്ക്കുകയും ബോധരഹിതയായി വീഴുന്നതിലേക്ക് വരെ അവരെ നയിക്കുകയും ചെയ്തുവെന്നാണ് ബോണി കപൂര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 

വലിയ രീതിയിലാണ് ബോണി കപൂറിന്‍റെ വാക്കുകള്‍ ശ്രദ്ധ നേടുന്നത്. ഡയറ്റ് ചെയ്താലേ ഫിറ്റ്നസുണ്ടാകൂ എന്ന് ശ്രീദേവി വിശ്വസിച്ചു, അങ്ങനെ തന്നെ ജീവിതരീതികള്‍ ക്രമീകരിച്ചു- അതിനാല്‍ സ്ക്രീനില്‍ അവര്‍ കാണാൻ നന്നായിരുന്നു. പക്ഷേ സ്ക്രീനിന് പുറത്ത് പല അനാരോഗ്യപ്രശ്നങ്ങളും അവര്‍ നേരിട്ടു, മരണം വരെ അത്തരത്തില്‍ സംഭവിച്ചതാണ് എന്നെല്ലാമാണ് ബോണി കപൂര്‍ വ്യക്തമാക്കുന്നത്. 

ജീവന് ഭീഷണിയാകുന്ന ഡയറ്റ്?

സത്യത്തില്‍ ഡയറ്റ് പാലിക്കുന്നത് ഒരു വ്യക്തിയെ ഈ വിധം ബാധിക്കുമോ എന്ന സംശയം ഇപ്പോള്‍ പലരിലും ഉയരുകയാണ്. അശാസ്ത്രീയമായ രീതിയിലാണ് ഡയറ്റ് പാലിക്കുന്നതെങ്കില്‍ അത് തീര്‍ച്ചയായും ജീവന് തന്നെ ഭീഷണിയാകുമെന്നതാണ് ഇതിനുള്ള ഉത്തരം.

പ്രത്യേകിച്ച് 'ലോ സാള്‍ട്ട്' ഡയറ്റെല്ലാം എടുക്കുന്നതിന് മുമ്പ് തീര്‍ച്ചയായും ഡോക്ടറുമായി സംസാരിക്കേണ്ടതുണ്ട്. ഓരോ വ്യക്തിയുടെയും ആരോഗ്യനിലയും ശരീരപ്രകൃതിയും വ്യത്യസ്തമായിരിക്കും. അതിനാല്‍ തന്നെ ഡയറ്റിലേക്ക് പോകുമ്പോള്‍ അത് തങ്ങള്‍ക്ക് യോജിക്കുന്നതാണോ, ഏതെങ്കിലും വിധത്തില്‍ തങ്ങള്‍ക്ക് ഭീഷണിയാകുമോ എന്നെല്ലാം പരിശോധിക്കേണ്ടതുണ്ട്. 

'ലോ സാള്‍ട്ട്' ഡയറ്റിലേക്ക് വരുമ്പോള്‍ ഉപ്പ് ആണ് കാര്യമായി കുറയ്ക്കുന്നത്. ഉപ്പ് അമിതമാകുന്നത് ശരീരത്തിന് ദോഷമാണ് എന്ന് പറയുന്നത് പോലെ തന്നെ ഉപ്പ് ക്രമാതീതമായി കുറയുന്നതും ശരീരത്തിന് അപകടമാണ്. 

ബിപി (രക്തസമ്മര്‍ദ്ദം) കുറയുന്നത് തന്നെയാണ് ഇതിന്‍റെയൊരു പ്രധാന പ്രശ്നം. അതുപോലെ നിര്‍ജലീകരണം (ശരീത്തില്‍ ജലാംശം നില്‍ക്കാത്ത അവസ്ഥ), സോഡിയം കുറയുന്നത് മൂലമുള്ള മറ്റ് പ്രശ്നങ്ങള്‍, രക്തത്തില്‍ കൊഴുപ്പിന്‍റെ അളവ് കൂടുന്ന അവസ്ഥ എന്നിങ്ങനെ പല പ്രശ്നങ്ങള്‍ 'ലോ സാള്‍ട്ട്' ഡയറ്റ് സൃഷ്ടിക്കാം. ഹൃദയത്തിന്‍റെ പ്രവര്‍ത്തനം വരെ അവതാളത്തിലാകാം ഇതുമൂലം. 

തളര്‍ച്ച, തലകറക്കം, ഓക്കാനം, അസ്വസ്ഥത, മുൻകോപം, പേശികളില്‍ ബലക്കുറവ്, തലവേദന, ചിന്തകളില്‍ അവ്യക്തത എന്നിങ്ങനെ നിത്യജീവിതത്തെ പ്രശ്നത്തിലാക്കുന്ന ഒരുപിടി ആരോഗ്യപ്രശ്നങ്ങളും ഈ ഡയറ്റിനെ തുടര്‍ന്ന് സംഭവിക്കാം. 

എന്തായാലും ശ്രീദേവിയുടെ ജീവൻ അപകടത്തിലാക്കുന്നതിലേക്ക് നയിച്ചത് അവരുടെ അശാസ്ത്രീയമായ ജീവിതരീതികള്‍ തന്നെയാണെന്നതാണ് ബോണി കപൂര്‍ സംസാരിച്ചതില്‍ നിന്ന് വ്യക്തമാകുന്നത്. ഇത് വലിയൊരു മുന്നറിയിപ്പും പാഠവുമാണ് ഏവര്‍ക്കും നല്‍കുന്നത്. ഫിറ്റ്നസിന് വേണ്ടി തിരക്ക് കൂട്ടുമ്പോള്‍ അതൊരിക്കലും ജീവന് ആപത്താകുന്ന അവസ്ഥയിലേക്ക് എത്താതിരിക്കാൻ ഏവരും ശ്രദ്ധിക്കണമെന്ന മൂല്യമേറിയ സന്ദേശം തന്നെയാണ് ബോണി കപൂര്‍ പരോക്ഷമായി നല്‍കുന്നത്.

Also Read:- ഇന്ത്യയില്‍ ഏതെല്ലാം സംസ്ഥാനങ്ങളിലുള്ള സ്ത്രീകള്‍ക്കാണ് ആയുസ് കൂടുതല്‍ എന്നറിയാമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!