സോഷ്യല്‍ മീഡിയയിലെല്ലാം വളരെയധികം ചര്‍ച്ചകളുയര്‍ത്തുകയാണ് പ്രമുഖ ബോഡി ബില്‍ഡര്‍ ജോ ലിൻഡ്നറുടെ മരണം. ജോസ്തെറ്റിക്സ് എന്ന പേരിലറിയപ്പെടുന്ന ജോ ലിൻഡ്നര്‍ക്ക് എണ്‍പത് ലക്ഷത്തിലധികം ഫോളോവേഴ്സ് ഇൻസ്റ്റഗ്രാമിലും ഒമ്പത് ലക്ഷത്തോളം സബ്സ്ക്രൈബേഴ്സ് യൂട്യൂബിലുമുണ്ട്.
ആരോഗ്യപ്രശ്നങ്ങളെയോ അസുഖങ്ങളെയോ തുടര്‍ന്ന് ചെറുപ്പക്കാര്‍ മരണത്തിന് കീഴടങ്ങുമ്പോള്‍ അത് പലപ്പോഴും വലിയ ആശങ്കയ്ക്ക് ഇടയാക്കാറുണ്ട്. ആരോഗ്യകാര്യങ്ങളിലും ഫിറ്റ്നസിലുമെല്ലാം ശ്രദ്ധ നല്‍കുന്നവരാണെങ്കില്‍ പ്രത്യേകിച്ച് കൂടുതല്‍ ചര്‍ച്ചകളുമുയരാറുണ്ട്.
ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയിലെല്ലാം വളരെയധികം ചര്‍ച്ചകളുയര്‍ത്തുകയാണ് പ്രമുഖ ബോഡി ബില്‍ഡര്‍ ജോ ലിൻഡ്നറുടെ മരണം. ജോസ്തെറ്റിക്സ് എന്ന പേരിലറിയപ്പെടുന്ന ജോ ലിൻഡ്നര്‍ക്ക് എണ്‍പത് ലക്ഷത്തിലധികം ഫോളോവേഴ്സ് ഇൻസ്റ്റഗ്രാമിലും ഒമ്പത് ലക്ഷത്തോളം സബ്സ്ക്രൈബേഴ്സ് യൂട്യൂബിലുമുണ്ട്. ഫിറ്റ്നസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കണ്ടന്‍റ് തയ്യാറാക്കി പങ്കുവച്ചാണ് ഇദ്ദേഹം പ്രശസ്തനായത്.
മുപ്പത് വയസ് മാത്രമുള്ളപ്പോള്‍, ആരോഗ്യകാര്യങ്ങളില്‍ ഇത്രയധികം ശ്രദ്ധ നല്‍കിയിരുന്ന ജോ ലിൻഡ്നര്‍ എങ്ങനെയാണ് മരണത്തിന് കീഴടങ്ങിയതെന്നാണ് ഏവരും അന്വേഷിക്കുന്നത്.
ഇദ്ദേഹത്തിന്‍റെ ജീവിതപങ്കാളിയായ നിച്ച ഇദ്ദേഹത്തിന് എന്താണ് സംഭവിച്ചതെന്ന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. അന്യൂറിസം ബാധിച്ചാണ് ജോ ലിൻഡ്നറിന്‍റെ മരണം സംഭവിച്ചതെന്ന് ഇവര്‍ ഇൻസ്റ്റ പോസ്റ്റിലൂടെ പങ്കുവച്ചതോടെ എന്താണ് അന്യൂറിസം എന്ന വിഷയത്തിലാണ് പലരും വിവരങ്ങള്‍ തേടുന്നത്.
എന്താണ് അന്യൂറിസം?
രക്തക്കുഴലുകളുടെ ഭിത്തിയിലെ പ്രശ്നങ്ങള്‍ മൂലം രക്തക്കുഴലുകള്‍- പ്രധാനമായും ധമനി വീര്‍ത്തുവരുന്ന അവസ്ഥയാണിത്. സാധാരണഗതിയില്‍ ഇത് അത്ര ഗുരുതരമാകുന്നൊരു അവസ്ഥയല്ല. എന്നാല്‍ ചില കേസുകളില്‍ ധമനി പൊട്ടുന്ന സാഹചര്യമുണ്ടാകാം. ഇത് രോഗിയെ മരണം വരെയെത്തിക്കാം.
പ്രത്യേകിച്ച് തലച്ചോറിലെ ധമനിയില്‍ സംഭവിക്കുമ്പോഴാണ് 'റിസ്ക്' കൂടുതലായി വരുന്നത്. ഹൃദയം അടക്കം മറ്റ് പല അവയവങ്ങളിലും ഇങ്ങനെ സംഭവിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ തലച്ചോറിലേതിന് കൂടുതല്‍ ഗൗരവമുണ്ട്.
എന്തുകൊണ്ട് അന്യൂറിസം? ലക്ഷണങ്ങള്‍...
എന്തുകൊണ്ടാണ് അന്യൂറിസം സംഭവിക്കുന്നത് എന്നത് പെട്ടെന്ന് വ്യക്തമാകുന്നതല്ല. ചിലരില്‍ ഇതിനുള്ള സാധ്യത പാരമ്പര്യമായിത്തന്നെ കാണാമത്രേ. ഇതിന് പുറമെ ബിപി, കൊളസ്ട്രോള്‍, പുകവലി പോലുള്ള കാരണങ്ങളും അന്യൂറിസം സാധ്യത കൂട്ടാമെന്ന് വിദഗ്ധര്‍ പറയുന്നു.
അന്യൂറിസത്തിന്‍റെ ഏറ്റവും വലിയൊരു വെല്ലുവിളി, ഇതില്‍ വേണ്ടത്ര ലക്ഷണങ്ങളൊന്നും കാണാനാകില്ല എന്നതാണ്. അതേസമയം ജോ ലിൻഡ്നറുടെ കേസില്‍ ഇദ്ദേഹം മൂന്ന് ദിവസത്തോളമായി കഴുത്തുവേദനയുണ്ടെന്ന് പരാതിപ്പെട്ടിരുന്നതായി പങ്കാളി പറയുന്നു. എന്നാലിവരിത് കാര്യമാക്കിയില്ലെന്നതാണ് മനസിലാക്കാൻ കഴിയുന്നത്. തങ്ങള്‍ക്ക് വൈകിപ്പോയി എന്നും ഇവര്‍ കുറിച്ചിരുന്നു.
അന്യൂറിസം തന്നെ പല വിധത്തിലുമുണ്ട്. വയറുവേദന, നടുവേദന, ശ്വാസതടസം, കീഴ്ത്താടിയില്‍ വേദന, നെഞ്ചുവേദന, മുതുക് വേദന തുടങ്ങിയ ലക്ഷണങ്ങളും അന്യൂറിസത്തിന്‍റെ ഭാഗമായി വരാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-