നാവില്‍ ഈ പ്രശ്നങ്ങള്‍ കാണാറുണ്ടോ? എങ്കില്‍ നിങ്ങളാദ്യം പരിശോധിക്കേണ്ടത്...

By Web TeamFirst Published Apr 12, 2023, 8:46 PM IST
Highlights

നാവില്‍ കാണുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണിനി സൂചിപ്പിക്കുന്നത്. നാവില്‍ ഇടയ്ക്കിടെ പുണ്ണ് (ചെറിയ കുമിളകള്‍ പോലെയുള്ളത്), നാവില്‍ തരിപ്പ്, നാവില്‍ ചെറിയ പാളികള്‍ പോലെയുള്ള വരകള്‍, നാവിലോ വായ്ക്കകത്ത് മറ്റെവിടെയെങ്കിലുമോ പൊള്ളുന്നത് പോലുള്ള അനുഭവം എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ചെയ്യേണ്ടത്...

നമ്മുടെ ആരോഗ്യം ഏതെങ്കിലും വിധത്തില്‍ ഭീഷണി നേരിടുമ്പോള്‍ അതിനുള്ള സൂചനകള്‍ തീര്‍ച്ചയായും ശരീരത്തില്‍ തന്നെ കാണാൻ സാധിക്കുന്നതാണ്. എന്നാല്‍ പലപ്പോഴും ശരീരം നല്‍കുന്ന ഇത്തരം സൂചനകളെ നാം സമയബന്ധിതമായി കാണുകയോ ശ്രദ്ധിക്കുകയോ ചെയ്യണമെന്നില്ല. 

ഇങ്ങനെ നാവില്‍ കാണുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണിനി സൂചിപ്പിക്കുന്നത്. നാവില്‍ ഇടയ്ക്കിടെ പുണ്ണ് (ചെറിയ കുമിളകള്‍ പോലെയുള്ളത്), നാവില്‍ തരിപ്പ്, നാവില്‍ ചെറിയ പാളികള്‍ പോലെയുള്ള വരകള്‍, നാവിലോ വായ്ക്കകത്ത് മറ്റെവിടെയെങ്കിലുമോ പൊള്ളുന്നത് പോലുള്ള അനുഭവം എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ നിങ്ങള്‍ ആദ്യം പരിശോധിക്കേണ്ടത് വൈറ്റമിൻ-ഡിയുടെ അളവാണ്.

Latest Videos

കാരണം മറ്റൊന്നുമല്ല, വൈറ്റമിൻ-ഡിയുടെ കുറവ് നാവിലും വായ്ക്കകത്തും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. ഇനി, വൈറ്റമിൻ-ഡി അത്ര വലിയ കാര്യമുള്ള കാര്യമല്ലെന്ന് ചിന്തിച്ച് നിസാരവത്കരിക്കുകയും വേണ്ട കെട്ടോ. വൈറ്റമിൻ ഡി കുറവ് നമ്മെ എങ്ങനെയെല്ലാം ബാധിക്കുമെന്നറിയാമോ?

എല്ലുകള്‍ ദുര്‍ബലപ്പെടുക, എല്ല് ക്ഷയം, പേശീവേദന, തളര്‍ച്ച തുടങ്ങി വിഷാദം- മൂഡ് ചെയ്ഞ്ചസ് പോലുള്ള മാനസികാരോഗ്യപ്രശ്നങ്ങളിലേക്ക് വരെ ഇത് നയിക്കാം. നിത്യജീവിതത്തില്‍ വൈറ്റമിൻ-ഡി കുറവ് തിരിച്ചറിയാതെ എന്നാല്‍ അതിന്‍റെ ഭാഗമായി ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ ഏറെയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്. 

അതിനാല്‍ തന്നെ വൈറ്റമിൻ-ഡിയുടെ അളവ് മനസിലാക്കുന്നതിനുള്ള പരിശോധന ചെയ്യുന്നത് ഏറെ നല്ലതാണ്. ഇത് ആര്‍ക്കും ചെയ്യാവുന്നതേയുള്ളൂ. വളരെ ലളിതമായ രീതിയാണിതിനുള്ളത്. രക്തം ശേഖരിച്ച് ഈ സാമ്പിളിലാണ് പരിശോധന നടത്തുന്നത്. വൈറ്റമിൻ ഡി കുറവാണെന്ന് കണ്ടെത്തിയാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം വേണ്ട നടപടിയെടുക്കാം. സപ്ലിമെന്‍റ്സ് കഴിക്കുകയോ ഇൻജെക്ഷനെടുക്കുകയോ എല്ലാം ചെയ്യാവുന്നതാണ്. ഒപ്പം തന്നെ തുടര്‍ന്നുള്ള ജീവിതരീതികളില്‍ ആരോഗ്യകരമായ മാറ്റവും വരുത്താം. 

വൈറ്റമിൻ-ഡി നമുക്ക് കാര്യമായും കിട്ടുന്നത് സൂര്യപ്രകാശത്തില്‍ നിന്നാണ്. അധികവും വീട്ടിനകത്തോ കെട്ടിടങ്ങള്‍ക്കകത്തോ തന്നെ തുടരുന്നവരെ സംബന്ധിച്ച് അവരില്‍ വൈറ്റമിൻ-ഡി കുറവ് കാണാൻ സാധ്യതയുണ്ട്. അതിനാല്‍ ദിവസവും അല്‍പസമയമെങ്കിലും സൂര്യപ്രകാശമേല്‍ക്കാൻ ശ്രദ്ധിക്കുക. ഡയറ്റിലും പോസിറ്റീവായ മാറ്റങ്ങള്‍ കൊണ്ടുവരാം.

Also Read:- വിശപ്പില്ലായ്മ, എപ്പോഴും ഉറക്കം; ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ഒന്ന്...

 

click me!