ഈ അമ്മൂമ്മയുടെ കൈവിരലുകൾ മാനിക്യൂർ ചെയ്യുന്നതിനിടെയാണ് ലിൻഡ ശ്രദ്ധിച്ചത്, അവരുടെ കൈവിരലുകളിൽ നഖങ്ങൾ വളഞ്ഞുപോയിരിക്കുന്നു
73 കാരിയായ ജോയാൻ തന്റെ ശരീരസംരക്ഷണത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല. മാസത്തിലൊരിക്കൽ മുടങ്ങാതെ അവർ തന്റെ ബ്യൂട്ടീഷനായ ലിൻഡയുടെ അടുത്തെത്തും. ലളിതമായ ചില ത്വക് പരിചരണങ്ങൾ, പിന്നെ ഒരു മാനിക്യൂർ, ഒരു പെഡിക്യൂർ. ഇത്രയും എല്ലാമാസവും അവർ പതിവായി, മുടങ്ങാതെ ചെയ്യും.
ഈ അമ്മൂമ്മയുടെ കൈവിരലുകൾ മാനിക്യൂർ ചെയ്യുന്നതിനിടെയാണ് ലിൻഡയുടെ ശ്രദ്ധയിൽ ഒരു കാര്യം പെടുന്നത്. ജോയാനിന്റെ കൈവിരലുകളിൽ നഖങ്ങൾ വളഞ്ഞുപോയിരിക്കുന്നു. അതിൽ എന്തോ പന്തികേടുണ്ട് എന്ന് തോന്നിയ ലിൻഡയാണ് അടിയന്തരമായി ഏതെങ്കിലും ഡോക്ടറെ ചെന്ന് കൺസൾട്ട് ചെയ്യാൻ ജോയാനെ നിർബന്ധിക്കുന്നത്. ആ പരിശോധന അവരെ നയിച്ചത് തനിക്ക് ശ്വാസകോശാർബുദമുണ്ട് എന്ന ഞെട്ടിക്കുന്ന കണ്ടെത്തലിലേക്കാണ്. യുകെയിലെ സ്റ്റഫോർഡ്ഷെയർ എന്ന സ്ഥലത്താണ് സംഭവം.
undefined
സാധാരണയായി കാണുന്ന നോൺ സ്മാൾ സെൽ കാൻസർ ആയിരുന്നു ജോവാനും. അവരുടെ ശ്വാസകോശത്തിനുള്ളിൽ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 4 mm നീളത്തിലുള്ള ഒരു ട്യൂമർ ആണ്. ഇപ്പോൾ കീമോതെറാപ്പിയിലൂടെ തുടർചികിത്സ നടത്തുന്ന ജോയാന് വളരെ നേരത്തെ തന്നെ രോഗത്തെപ്പറ്റി അറിഞ്ഞതുകൊണ്ട് പൂർണമായും അതിജീവിക്കാനാകും എന്ന ശുഭപ്രതീക്ഷയുണ്ട്. ഡോക്ടർമാരും അതുതന്നെയാണ് പറയുന്നത്. ദീർഘകാലമായി തുടർന്നുപോന്നിരുന്ന പുകവലിയാകാം തന്റെ രോഗത്തിന് കാരണം എന്ന് ജോയൻ കരുതുന്നു.
ഇപ്പോൾ ഈ അമ്മൂമ്മ ഇപ്പോൾ കാണുന്നവരോടെല്ലാം പങ്കിടുന്നത്, ബ്യൂട്ടി പാർലർ മുടങ്ങാതെ സന്ദർശിക്കുന്ന ശീലം ഒടുവിൽ തന്റെ ജീവൻ രക്ഷിച്ചതിന്റെ സന്തോഷമാണ്. "എന്നാലും, ഒറ്റനോട്ടത്തിൽ തന്നെ അവൾക്ക് ഇതെങ്ങനെ മനസ്സിലായി?" എന്ന അവരുടെ അത്ഭുതം ഇനിയും അടങ്ങിയിട്ടില്ല. കൊവിഡിനിടയിലും തന്റെ സർജറി നടന്നുകിട്ടിയതിനു അവർ ദൈവത്തോട് നന്ദിയും പറയുന്നു.