ഭക്ഷണം പത്ര താളുകളില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി
ദില്ലി: ഭക്ഷ്യ വസ്തുക്കള്‍ പത്രത്തില്‍ പൊതിഞ്ഞു നല്‍കുന്ന ശീലം നമ്മുടെ നാട്ടിലുണ്ട്. ഇത് ആരോഗ്യത്തിന് നല്ലതല്ലെന്നും ഈ രീതി അവസാനിപ്പിക്കണമെന്നും ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ ( എഫ് എസ് എസ് എ ഐ ) നിര്‍ദേശം നല്‍കി. ഭക്ഷ്യവസ്തുക്കള്‍ പത്ര താളുകളില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നാണ് ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി സിഇഒ കമല വര്‍ധന റാവു നല്‍കിയ കര്‍ശന നിര്‍ദേശം.
പത്രങ്ങളില്‍ ഉപയോഗിക്കുന്ന മഷിയില്‍ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന രാസവസ്തുക്കളുണ്ട്. ഈ മഷി കലര്‍ന്ന ഭക്ഷണം കഴിക്കുമ്പോള്‍ ലെഡ്, ഘനലോഹങ്ങള്‍ തുടങ്ങിയവ ഉള്ളില്‍ ചെല്ലുകയും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്യുമെന്ന് കമല വര്‍ധന റാവു വിശദീകരിച്ചു. കാന്‍സര്‍ പോലുള്ള മാരക അസുഖങ്ങള്‍ ഉണ്ടാവാന്‍ ഇവ കാരണമായേക്കാം. കുട്ടികളെയും പ്രായമായവരെയുമാണ് ഏറ്റവും അധികം ബാധിക്കുക.
undefined
പത്ര വിതരണവും വായനയും വില്‍പ്പനയുമെല്ലാം കഴിഞ്ഞ് പല കൈ മറിഞ്ഞാണ് കടകളില്‍ ഭക്ഷണ സാധനങ്ങള്‍ പൊതിയാനായി ന്യൂസ് പേപ്പറുകള്‍ എത്തുന്നത്. അപ്പോഴേക്കും ബാക്ടീരിയ, വൈറസ് പോലുള്ള സൂക്ഷ്മാണുക്കള്‍ ന്യൂസ് പേപ്പറില്‍ പറ്റിപ്പിടിക്കാന്‍ സാധ്യതയുണ്ട്. ഇതും രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് എഫ് എസ് എസ് എ ഐ മുന്നറിയിപ്പ് നല്‍കി.
പത്രങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ പൊതിഞ്ഞു നല്‍കുന്നത് 2018ല്‍ എഫ് എസ് എസ് എ ഐ നിരോധിച്ചതാണ്. സമൂസ, പക്കാവട, പഴംപൊരി എന്നിവയില്‍ നിന്നെല്ലാം എണ്ണ ഒപ്പിയെടുക്കാനും പൊതുവെ ന്യൂസ് പേപ്പറുകള്‍ ഉപയോഗിക്കാറുണ്ട്. ഇതും പാടില്ലെന്ന് നിര്‍ദേശമുണ്ട്. 2019ല്‍ ചെന്നൈയില്‍ ഭക്ഷണ സാധനങ്ങള്‍ ന്യൂസ് പേപ്പറില്‍ പൊതിഞ്ഞുവില്‍ക്കുന്നത് നിരോധിച്ചിരുന്നു. കുറച്ചുമാസം മുന്‍പ് ഛത്തിസ്ഗഢ് സര്‍ക്കാരും സമാന ഉത്തരവിട്ടു.