'എഡിഎച്ച്ഡി അത്ര ഭീകരനല്ല, എഡിഎച്ച്ഡിയുള്ള കുട്ടികൾ പ്രത്യേക കഴിവുള്ളവർ...';

By Web Team  |  First Published May 29, 2024, 7:12 PM IST

എന്താണ് ADHD? കുട്ടിക്കാലത്തെ ചികിത്സിച്ചില്ലെങ്കിൽ  ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ,  ADHD നമ്മുടെ കുട്ടികൾക്കുണ്ടോ എങ്ങനെ നേരത്തെ കണ്ടെത്താം, എന്താണ് ചികിത്സ...


നടൻ ഫഹദ് ഫാസിൽ പറഞ്ഞ എഡിഎച്ച്ഡിയെ (Attention-deficit/hyperactivity disorder (ADHD)) കുറിച്ചാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച നടക്കുന്നത്. എന്താണ് എഡിഎച്ച്ഡിയെന്നും കുട്ടികളിൽ ഈ രോഗമുണ്ടെങ്കിൽ എങ്ങനെ നേരത്തെ കണ്ടെത്താമെന്നതിനെ കുറിച്ചും സൈക്കോളജിസ്റ്റ് ആൻഡ് ഫാമിലി കൗൺസലറായ ജയേഷ് കെ ജി എഴുതുന്ന ലേഖനം...

" എടാ മോനെ ADHD ഞാൻ പറഞ്ഞതുപോലെ അത്ര ഭീകരനല്ല .... പറയുന്നത് വ്യക്തമായി ശ്രദ്ധിക്കേണ്ട അംബാനെ....ADHD യുള്ള കുട്ടികൾ പ്രത്യേക കഴിവുള്ളവർ"

Latest Videos

സിനിമാതാരം ഫഹദ് ഫാസിൽ പറഞ്ഞ ADHD ഭയക്കേണ്ട രോഗമല്ല. അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ  ഉള്ള കുട്ടികൾ ചില ബുദ്ധിമുട്ടുള്ളവരെങ്കിലും ഏറെ കഴിവുകളുള്ളവരാണ്. നാൽപ്പത്തിയൊന്നാം വയസ്സിലാണ് തനിക്ക് ഈ രോഗം കണ്ടെത്തിയതെന്നു മലയാളികളുടെ പ്രിയനടൻ വിളിച്ചു പറഞ്ഞപ്പോൾ എന്താണ് ADHD എന്ന് പലരും തിരഞ്ഞു തുടങ്ങി.

അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ ഉണ്ടെന്ന് കുട്ടിക്കാലത്തെ തിരിച്ചറിഞ്ഞ് പരിഹരിച്ചിരുന്നെങ്കിൽ ഇപ്പോൾ ഉള്ള  ബുദ്ധിമുട്ടുകൾ ഒഴിവാക്കാമായിരുന്നു എന്നും താരം പറഞ്ഞപ്പോൾ ഏറെ ഭയപ്പെട്ടത് ചില മാതാപിതാക്കളാണ്.  എന്താണ് ADHD കുട്ടിക്കാലത്തെ ചികിത്സിച്ചില്ലെങ്കിൽ  ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ,  ADHD നമ്മുടെ കുട്ടികൾക്കുണ്ടോ എങ്ങനെ നേരത്തെ കണ്ടെത്താം, എന്താണ് ചികിത്സ.

ഒരിടത്തും  അടങ്ങിയിരിക്കാതെ പാരന്റ്സിന്റെ ക്ഷമ വളരെയധികം പരീക്ഷിക്കുന്ന കുട്ടികളിലെ ഹൈപ്പർ  ആക്ടിവിറ്റി ( അമിത വികൃതി) പൊതുവേ പലരും വിശ്വസിച്ചു പോരുന്നത്. വളർത്തുദോഷം എന്ന പേരിലാണ്. ചില കുട്ടികൾ മനപ്പൂർവ്വമാണ് പിരിപിരിപ്പും വികൃതിയും കാണിക്കുന്നതെന്ന്  കുറ്റപ്പെടുത്താറുണ്ട്. എന്നാൽ ഇത് തെറ്റായ ഒരു ധാരണയാണ്.

മൂന്ന് വയസ്സിനും ഏഴ് വയസ്സിനു ഇടയിലാണ് കുട്ടികൾക്ക് ഹൈപ്പർ ആക്ടിവിറ്റി കണ്ടുവരാറ്.  പെൺകുട്ടികളെ അപേക്ഷിച്ച് ആൺകുട്ടികളിലാണ് അമിത വികൃതിയുള്ളത്.

പ്രധാനമായി നാല് കാരണങ്ങൾ കൊണ്ടാണ് കുട്ടികളിൽ ഹൈപ്പർ ആക്ടിവിറ്റി ഉണ്ടാകുന്നത്.

1) കുട്ടിയെ ഗർഭം ധരിച്ചിരിക്കുന്ന സമയത്ത് അമ്മമാരിൽ ഉണ്ടാകുന്ന അമിതമായ തൈറോയ്ഡ്, ടെൻഷൻ, പ്രഷർ, ഷുഗർ, ബ്ലീഡിങ് ഇത്തരം അവസ്ഥയിലൂടെ കടന്നുവരുന്ന കുട്ടികളിലാണ് ഹൈപ്പർ  ആക്ടിവിറ്റി'കൂടുതലായി കണ്ടുവരുന്നത്.

2) മാസം തികയാതെയുള്ള പ്രസവം, ഭാരക്കൂടുതലും ഭാരക്കുറവുമുള്ള കുട്ടികളിലും ഇത്തരം പ്രശ്ന‌ങ്ങൾ കൂടുതലായിരിക്കും.

3) ചെറുപ്പത്തിലെ ഉണ്ടാകുന്ന ഫിറ്റ്സ് ( അപസ്മാരം) മെനിഞ്ചൈറ്റിസ്, ന്യൂമോണിയ എന്നിവ വന്നിട്ടുള്ള കുട്ടികളിലും ഹൈപ്പർ ആക്ടിവിറ്റി കാണാറുണ്ട്.

4) കുട്ടികളുടെ മാതാപിതാക്കൾക്കോ ബന്ധുക്കൾക്കോ ചെറുപ്പത്തിൽ അമിതമായ പിരിപിരിപ്പോ ഹൈപ്പർ ആ ക്ടിവിറ്റിയോ ഉണ്ടായിട്ടുണ്ടെങ്കിൽ പാരമ്പര്യമായും അത് പകർന്നു കിട്ടാനുള്ള സാധ്യതയുണ്ട്. പ്രധാനമായിട്ടും ഇക്കാര്യങ്ങൾ കൊണ്ടാണ് കുട്ടികളിൽ അമിത വികൃതി കണ്ടുവരുന്നതിനുള്ള കാരണങ്ങൾ. അല്ലാതെ കുട്ടികൾ മനപ്പൂർവ്വം ചെയ്യുന്നതോ നിങ്ങളുടെ വളർത്തു ദോഷമോ അല്ല എന്ന് തിരിച്ചറിയുക.

ഹൈപ്പർ ആക്ടിവിറ്റി എങ്ങനെ കണ്ടുപിടിക്കാം?

താഴെ പറയുന്ന ഒമ്പത് ലക്ഷണങ്ങളിൽ ആറോ അതിലധികമോ നിങ്ങളുടെ കുട്ടിക്ക് ഉണ്ടെങ്കിൽ  അത് ഹൈപ്പർ ആക്ടിവിറ്റി ഉള്ളതിന്റെ സൂചനയാണ്. ഇത്തരം ലക്ഷണങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുകയാണെങ്കിൽ എത്രയും പെട്ടെന്ന് അടുത്തുള്ള സൈക്കോളജിസ്റ്റിന്റെ സേവനം തേടേണ്ടതാണ്. അതിനൊപ്പം നിങ്ങളുടെ പാരന്റിങ് രീതിയിൽ ചില മാറ്റങ്ങൾ കൂടി വരുത്തിയാൽ കുട്ടികളെ വളരെ എളുപ്പത്തിൽ നിയന്ത്രിക്കാം.

ലക്ഷണങ്ങൾ

1) നിങ്ങളുടെ കുട്ടി അമിതമായ വികൃതി കാണിക്കുന്നുണ്ടോ?

ഒരു നിമിഷം പോലും അടങ്ങിയിരിക്കാതെ എപ്പോഴും എന്തെങ്കിലും ഒക്കെ ചെയ്തു കൊണ്ടേയിരിക്കും, വീടിനകത്തും പുറത്തും എവിടെയാണെങ്കിലും അടങ്ങി ഇരിക്കാതെ ഓടിച്ചാടി നടക്കും. ഏതെങ്കിലും ഫംഗ്ഷനിൽ  പങ്കെടുക്കുമ്പോൾ അങ്ങോടും ഇങ്ങോട്ടും  ചാടിയും ഓടിയും നടക്കുന്നുണ്ടെങ്കിൽ  ഹൈപ്പർ ആക്ടിവിറ്റി ഉള്ളതുകൊണ്ടാണ് എന്ന് തിരിച്ചറിയണം

2) നിങ്ങളുടെ മക്കൾക്ക് അടങ്ങിയൊതുങ്ങി ഇരിക്കാൻ ബുദ്ധിമുട്ടുണ്ടോ?

ഏതു സമയവും കൈകാലുകൾ ചലിപ്പിച്ചു കസേരയിൽ അടങ്ങിയിരിക്കാതെ കാലുകൾ ഏതുനേരവും ആട്ടിക്കൊണ്ടിരിക്കുകയോ കസേരയിൽ കാലുകൾ കയറ്റി വെച്ചു കൊണ്ടിരിക്കുക.

3) മറ്റുള്ളവരുമായി വളരെ പെട്ടെന്ന് ഇടപഴകുന്നുണ്ടോ?

പരിചയമുള്ളവരോ അല്ലാത്തവരുമായിട്ട് പെട്ടെന്ന് കമ്പനിയാവുകയും അങ്ങോട്ട് ഇടിച്ചു കയറി സംസാരിക്കുന്നതും ഹൈപ്പർ ആക്ടിവിറ്റിയുടെ ലക്ഷണങ്ങളിൽപ്പെടുന്നു. 

4) ഏതുനേരവും ഗോഷ്ടികൾ കാണിച്ചു കൊണ്ടിരിക്കുന്ന ശീലം ഉണ്ടോ?

കൈ കാലുകൾ കൊണ്ടോ കണ്ണുകൾ കൊണ്ടോ, വായ കൊണ്ടോ . ഉദാഹരണത്തിന് വണ്ടി ഓടിക്കുന്നത് പോലെയും, ഡാൻസ് കളിക്കുന്നതു പോലെയുള്ള ആക്ഷൻ കാണിച്ച് നടക്കുന്നുണ്ടെങ്കിൽ.

5) പറയുന്നതു മുഴുവൻ കേട്ടിരിക്കാനുള്ള ക്ഷമ കുറവ് ഉണ്ടോ?

നിങ്ങളുടെ കുട്ടികളോട് നിങ്ങൾ എന്തെങ്കിലും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്ന സമയത്ത് അത് മുഴുവനായി കേൾക്കാതെ അതിനുള്ള ക്ഷമ കാണിക്കാതെ അവിടെ നിന്നും ഓടി പോകുന്നുണ്ടെങ്കിൽ

6) നേരിട്ട് / ഫോണിലൂടെയോ മറ്റുള്ളവരോട് നിങ്ങൾ സംസാരിക്കുന്ന സമയത്ത് ഇടയ്ക്ക് കയറി സംസാരിച്ച് ആ  സംഭാഷണത്തെ തടസ്സപ്പെടുത്തുകയും ബുദ്ധിമുട്ടിക്കുകയോ  ചെയ്യുന്നുണ്ടോ?

7) ഹോംവർക്ക് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് മറ്റു ശബ്ദങ്ങൾ കേൾക്കുമ്പോൾ അതെന്താണെന്ന് അറിയാൻ എഴുന്നേറ്റു ഓടുകയോ ഹോംവർക്ക് പൂർത്തിയാക്കാതിരിക്കുകയോ ചെയ്യുന്നുണ്ടോ?

8) എന്ത് ചെയ്താലും പാതിവഴിയിൽ ഉപേക്ഷിക്കുന്ന സ്വഭാവമുണ്ടോ? ഉദാഹരണത്തിന് ഒരു ടോയ് എടുത്തു കളിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ അത് ഉപേക്ഷിച്ചു മറ്റൊന്ന് എടുക്കുക, സ്കൂൾ നോട്ടുകൾ ഇൻകംപ്ലീറ്റ് ആക്കുക തുടങ്ങിയവ.

9) സ്കൂളിൽ ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോൾ എഴുന്നേറ്റു നടക്കുക, പുറത്തേക്ക് നോക്കിയിരിക്കുക, മറ്റു കുട്ടികളുടെ സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ടോ?  ഇത്തരം കംപ്ലൈന്റ്റുകൾ ടീച്ചേഴ്സ് പറഞ്ഞിട്ടുണ്ടെങ്കിൽ അതും ഹൈപ്പർ ആക്ടിവിറ്റിയുടെ ലക്ഷണങ്ങളാണ്.

ഹൈപ്പർ ആക്ടിവിറ്റി ഉള്ള കുട്ടികളുടെ പ്രത്യേകതകൾ

മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോൾ  ഹൈപ്പർ ആക്ടിവിറ്റിയുള്ള  കുട്ടികൾക്ക് വളരെയധികം പ്രത്യേകതകൾ കാണാൻ കഴിയും. അവർക്ക് ബുദ്ധി കൂടുതലായിരിക്കും ( IQ ). എന്തെങ്കിലും ഒരു കാര്യം ഒറ്റ തവണ പറഞ്ഞുകൊടുത്താൽ  പെട്ടെന്ന് മനസ്സിലാക്കാനുള്ള കഴിവ് കൂടുതലായിരിക്കും. ഒരു വഴിയിലൂടെ പോയി കഴിഞ്ഞാൽ പിന്നീട് ആ വഴിയിലൂടെ പോകാൻ ഇടയായാൽ ആ വഴികൾ കൃത്യമായി പറഞ്ഞു തരാനുള്ള കഴിവും അവർക്കുണ്ടായിരിക്കും, ഒബ്സർവേഷൻ സ്കിൽസ് കൂടുതലായിരിക്കും, ഇവർക്കും മെമ്മറീ പവർ വളരെ കൂടുതലായിരിക്കും,

ഇവർക്ക് ഇമോഷൻസ് എപ്പോഴും കൂടുതലായിരിക്കും. സ്നേഹം, സന്തോഷം, വാശി, സങ്കടം, പിണക്കം എന്നിവ കൂടുതലായിരിക്കും. ബുദ്ധിശക്തിയും കൂടുതലാണ്. ഇത്തരം കുട്ടികളുടെ പെരുമാറ്റത്തിലും പ്രവർത്തിയിലും മാറ്റങ്ങൾ വരുത്തുന്നതിനുള്ള പ്രധാന കാരണങ്ങൾ ഇതൊക്കെയാണ്.

നിങ്ങളുടെ മക്കൾ ഇങ്ങനെ എന്തെങ്കിലും പ്രശ്നങ്ങൾ  കാണിക്കുന്നുണ്ടെങ്കിൽ എത്രയും വേഗം സൈക്കോളജിസ്റ്റിനെ കാണിക്കേണ്ടതാണ്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, നിങ്ങൾ എന്താണ് നിങ്ങളുടെ മക്കൾക്ക് കൊടുക്കുന്നത് അതു തന്നെ ഇരട്ടിയായി അവർ നിങ്ങൾക്ക് തിരികെ നൽകും.

സ്നേഹമാണെങ്കിൽ ഇരട്ടി സ്നേഹം,  ദേഷ്യം എങ്കിൽ അത് ഇരട്ടിയായി തരും. അതുകൊണ്ട് ഇത്തരം കുട്ടികൾ തെറ്റുകൾ ചെയ്യുമ്പോൾ  പണിഷ്മെൻറ് നൽകുന്നത് കുറയ്ക്കുക. പകരം പരമാവധി അവരെ കെയർ ചെയ്യുക, പ്രോത്സാഹിപ്പിക്കുക തെറ്റുകൾ  കണ്ടു കഴിഞ്ഞാൽ അത് എന്തുകൊണ്ടാണ് സംഭവിച്ചതെന്നും അതുകൊണ്ടുണ്ടാകുന്ന ദോഷങ്ങൾ എന്താണെന്നും അവർക്ക് മനസ്സിലാക്കി കൊടുക്കണം.

ഇങ്ങനെ ചെറിയ പ്രായത്തിൽ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ കൃത്യമായ ചികിത്സകൾ എടുക്കുവാൻ കഴിഞ്ഞാൽ ഇത്തരം കുട്ടികൾക്ക് ഭാവിയിൽ പഠന സ്വഭാവ പെരുമാറ്റ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഒരു പരിധി വരെ തടയാം.

കുട്ടികൾ തമ്മിൽ വഴക്കിടുമ്പോഴുണ്ടാകുന്ന സമ്മർദ്ദം; രക്ഷിതാക്കൾ അറിയണം ഇക്കാര്യങ്ങൾ

 

click me!