ആഴ്ചകളോളം നീണ്ടു നിൽക്കുന്ന ചുമയും ആസ്‌ത്മ രോഗത്തിന് സമാനമായ നിലയിൽ കടുത്ത ശ്വാസംമുട്ടലും ശബ്ദമടപ്പുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധ വര്‍ധിക്കുന്നതോടൊപ്പം ചുമ, ശ്വാസം മുട്ടൽ പോലുള്ള രോഗങ്ങളുടെ കാഠിന്യം വര്‍ധിക്കുന്നത് ആശങ്ക പരത്തുന്നു. ആഴ്ചകളോളം നീണ്ടു നിൽക്കുന്ന ചുമയും ആസ്‌ത്മ രോഗത്തിന് സമാനമായ നിലയിൽ കടുത്ത ശ്വാസംമുട്ടലും ശബ്ദമടപ്പുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ദിവസങ്ങളോളം മരുന്ന് കഴിച്ചിട്ടും രോഗം ബേധമാകുന്നില്ലെന്ന പരാതിയും രോഗികളിൽ നിന്ന് ഉയരുന്നു.
ഇപ്പോഴത്തെ കാലാവസ്ഥ ഇത്തരം പകര്‍ച്ച വ്യാധികൾ പതിവായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സമയമാണെങ്കിലും രോഗലക്ഷണങ്ങളുടെ കാഠിന്യമാണ് ആശങ്കയാകുന്നത്. രോഗബാധയ്ക്ക് കാരണം കൊവിഡാണോയെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. എന്നാൽ കാലാവസ്ഥാ മാറ്റത്തോടെയുണ്ടാകുന്ന രോഗമാണിതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതേസമയം കൊവിഡിന് രോഗവുമായി തീരെ ബന്ധമില്ലെന്ന് പറയാനാവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
undefined
രോഗത്തിന് കാരണം വൈറസ്
അഡിനോ വൈറസ്, ഇൻഫ്ലുവൻസ വൈറസുകൾ, റെസ്പിറേറ്ററി സിൻസീഷ്യൽ വൈറസ് എന്നിവയാണ് ഇപ്പോഴത്തെ രോഗാവസ്ഥയ്ക്ക് കാരണമാകുന്നതെന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലെ ശ്വാസകോശ രോഗ വിദഗ്ദ്ധനായ പ്രൊഫസര്‍ ഷാജഹാൻ പറഞ്ഞു. എന്നാലും ചില കേസുകളിൽ കൊവിഡുമായി ബന്ധപ്പെട്ടും ലക്ഷണങ്ങൾ കാണുന്നതായി അദ്ദേഹം പറഞ്ഞു. ആളുകൾ അണുബാധയാണെന്ന് കരുതി സ്വന്തം നിലയ്ക്ക് ആന്റിബയോട്ടിക് കഴിക്കുന്നത് കൊണ്ട് പ്രതികൂല ഫലമായിരിക്കും ഉണ്ടാവുകയെന്നും ഭൂരിഭാഗം കേസുകളിലും ഇത് അണുബാധയല്ലെന്നും അദ്ദേഹം പറഞ്ഞു. ശ്വാസകോശ നാളികളിൽ നീര്‍ക്കെട്ടുണ്ടാകുന്ന അവസ്ഥയ്ക്ക് ബാക്ടീരിയയെ നേരിടാനുള്ള ആന്റിബയോട്ടിക് കഴിച്ചാൽ ഗുണം ചെയ്യില്ലെന്ന് എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയിലെ ശ്വാസകോശ രോഗ വിദഗ്ദ്ധൻ ഡോ.ഹരി ലക്ഷ്‌മണൻ പിയും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
ചുമയും ശ്വാസം മുട്ടലും എങ്ങിനെ?
മൂന്ന് തരത്തിലാണ് ചുമയും ശ്വാസം മുട്ടലും രോഗികളിൽ അനുഭവപ്പെടുന്നതെന്ന് പ്രൊഫസര്‍ ഷാജഹാൻ വിശദീകരിച്ചു. ആസ്ത്മയുടെ സമാനലക്ഷണങ്ങളാണ് ഇതുവരെ ആസ്ത്മ വന്നിട്ടില്ലാത്തവരില്‍ കാണുന്നത്. നീണ്ടുനില്‍ക്കുന്ന ചുമ, നെഞ്ചില്‍ മുറുക്കം, കുറുകല്‍, വലിവ് ഇവയെല്ലാം ഇത്തരം രോഗികളിൽ കാണുന്നുണ്ട്. അതേസമയം ചെറുപ്പത്തിൽ ആസ്ത്മ വന്ന് ഭേദമായവര്‍ക്ക് അസുഖം തിരിച്ചു വരുന്നതും കാണുന്നുണ്ട്. മരുന്ന് ആവശ്യമില്ലാതിരുന്നവര്‍ ഇന്‍ഹേലര്‍/ഗുളിക ഉപയോഗിക്കേണ്ടി വരുന്ന സ്ഥിതിയാണ്. എന്നാൽ ഇന്‍ഹേലര്‍ ഉപയോഗിച്ച് ആസ്ത്മ നിയന്ത്രിച്ചിരുന്നവരില്‍ രോഗാവസ്ഥ വല്ലാതെ വഷളായെന്നും രോഗികള്‍ ഇന്‍ഹേലറിനു പുറമെ മറ്റു മരുന്നുകളും ഉപയോഗിക്കേണ്ടി വരുന്നു. ആസ്ത്മ വഷളായി ഏറെപ്പേര്‍ ചികിത്സയ്ക്ക് എത്തുന്നുണ്ട്. രോഗികളില്‍ ഇന്‍ഹേലറിന് പുറമെ ശ്വാസനാളികളുടെ വികാസത്തിനുള്ള മരുന്നുകളും ചിലര്‍ക്ക് ഹ്രസ്വകാലത്തേക്ക് സ്റ്റിറോയ്ഡുകളും വേണ്ടിവരും. ആസ്ത്മ ഇതുവരെ ഇല്ലാതിരുന്നവരിലും ചുമയും കുറുകലുമൊക്കെ മാറാന്‍ കാലതാമസം വരുന്നുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.
കൊവിഡല്ല കാരണം
കാലാവസ്ഥാ മാറ്റത്തെ തന്നെയാണ് പകര്‍ച്ചവ്യാധിക്ക് കാരണമായി പ്രശസ്ത ഡോക്ടര്‍ സണ്ണി ഓറത്തേലും ചൂണ്ടിക്കാട്ടിയത്. തണുപ്പ് കാലത്ത് അന്തരീക്ഷത്തിൽ പൊടിപടലങ്ങളിൽ മുകളിലേക്ക് ഉയര്‍ന്ന് പോകാതെ ഭൗമോപരിതലത്തിൽ തങ്ങനിൽക്കുമെന്നും ഇതാണ് വായുജന്യ രോഗങ്ങൾ വര്‍ധിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. മാസ്ക് അടക്കമുള്ള മുൻകരുതലുകൾ സ്വീകരിച്ചാൽ ഒരു പരിധി വരെ ഇത്തരം രോഗങ്ങൾ തടയാൻ കഴിയുമെന്ന് ഡോ.ഹരി ലക്ഷ്‌മണൻ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് മൂലമല്ല ഈ രോഗങ്ങളെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കൊവിഡിന് ശേഷം വ്യക്തികളുടെ പ്രതിരോധ ശേഷിയിൽ കുറവ് സംഭവിച്ചിട്ടുണ്ടോയെന്നത് വിശദമായ പഠനം നടത്തേണ്ടെുന്ന ഒരു വിഷയമാണെന്ന അഭിപ്രായം പ്രൊഫ ഷാജഹാൻ പങ്കുവച്ചു.