ദിവസങ്ങള്‍ നീളുന്ന ചുമ, കിതപ്പ്- കൂടെ തുമ്മലും ജലദോഷവും; ഇത് വെറുതെയല്ല...

By Web Team  |  First Published Oct 20, 2023, 10:08 AM IST

തൊണ്ടയില്‍ ചൊറിച്ചില്‍- അസ്വസ്ഥത, തുമ്മല്‍, ശ്വാസതടസം, ജലദോഷം, ചുമ, ഇടയ്ക്ക് പനി എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്നുണ്ടെങ്കിലാണ് ശ്രദ്ധിക്കേണ്ടത്. ശ്വാസകോശം പ്രശ്നത്തിലാണെന്ന് തെളിയിക്കുന്ന ലക്ഷണങ്ങളാണിവ. 


നിത്യജീവിതത്തില്‍ നാം വിവിധ തരത്തിലുള്ള ചെറുതും വലുതുമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടാറുണ്ട്. ഇക്കൂട്ടത്തില്‍ ചുമയും ജലദോഷവുമെല്ലാം തീവ്രത കുറഞ്ഞ അണുബാധകളായേ നാം കണക്കാക്കാറുള്ളൂ. എന്നാല്‍ കൊവിഡ് 19 വന്നതിന് ശേഷം സാഹചര്യങ്ങളെല്ലാം മാറി. ചുമയും ജലദോഷവും പോലും ഭയത്തോടെയും ആശങ്കയോടെയുമാണ് നാം നോക്കിക്കാണുന്നത്.

ഇപ്പോള്‍ വീണ്ടും ചുമയും ജലദോഷവും തുമ്മലും ശ്വാസതടസവുമൊക്കെ നേരിടുന്ന രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ആശുപത്രികളില്‍ ഈ ലക്ഷണങ്ങളുമായി എത്തുന്നവര്‍ ഏറെയാണ്. ഇതില്‍ കുട്ടികളുമുള്‍പ്പെടുന്നു. മിക്കവരും ഇത് കൊവിഡ് ആണോ എന്ന് സംശയിക്കാറുണ്ട്. അങ്ങനെ പരിശോധനയും നടത്തും എന്നാല്‍ ടെസ്റ്റ് ഫലം നെഗറ്റീവായിരിക്കും. 

Latest Videos

സംഗതി ഇതൊന്നുമല്ല- ശ്വാസകോസത്തെ ബാധിക്കുന്ന പല രോഗങ്ങളുടെയും അണുബാധകളുടെയും തോത് കാര്യമായ രീതിയില്‍ വര്‍ധിച്ചുവെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. 

ആസ്ത്മ, 'ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ്' (സിഒപിഡി), 'ഇന്‍റര്‍സ്റ്റീഷ്യല്‍ ലംഗ് ഡിസീസ്' (ഐഎല്‍ഡി), 'അപ്പര്‍ റെസ്പിരേറ്ററി ട്രാക്ട് ഇൻഫെക്ഷൻ' (യുആര്‍ഐ) എന്നിങ്ങനെ  പല രീതികളില്‍ ശ്വാസകോശം ബാധിക്കപ്പെടുന്നതിന്‍റെ തോത് ഇപ്പോള്‍ കൂടുതലാണെന്നാണ് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്. 

തൊണ്ടയില്‍ ചൊറിച്ചില്‍- അസ്വസ്ഥത, തുമ്മല്‍, ശ്വാസതടസം, ജലദോഷം, ചുമ, ഇടയ്ക്ക് പനി എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്നുണ്ടെങ്കിലാണ് ശ്രദ്ധിക്കേണ്ടത്. ശ്വാസകോശം പ്രശ്നത്തിലാണെന്ന് തെളിയിക്കുന്ന ലക്ഷണങ്ങളാണിവ. 

ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വൈറല്‍ ആക്രമണങ്ങളാണ് ഇങ്ങനെ ശ്വാസകോശത്തെ അവതാളത്തിലാക്കുന്ന അണുബാധകളും ആവര്‍ത്തിക്കുന്നതിന് കാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. H3N2, H1N1, RSV, അഡിനോവൈറസ് എന്നിങ്ങനെയുള്ള വൈറസുകളാണത്രേ പ്രധാന പ്രശ്നക്കാര്‍. ഇതിനിടെ ബാക്ടീരിയല്‍ ന്യുമോണിയ പിടിപെടുന്ന രോഗികളുടെ എണ്ണവും കൂടുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുന്നു. 

ആസ്ത്മയുണ്ടായിട്ടും വര്‍ഷങ്ങളായി കാര്യമായി പ്രശ്നങ്ങളൊന്നും നേരിട്ടിട്ടില്ലാത്തവരില്‍ പോലും ഇപ്പോള്‍ പ്രശ്നങ്ങളുയര്‍ന്നുവരുന്നതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ ആസ്ത്മ രോഗികള്‍ക്ക് ഇൻഹേലര്‍ - നെബുലൈസേഷൻ എല്ലാം ആവശ്യമായി വരുന്നു. അധികവും വര്‍ധിച്ചുവരുന്ന വായു മലിനീകരണമാണ് ഈ പ്രശ്നങ്ങള്‍ക്ക് കാരണമായി ആരോഗ്യവിദഗ്ധര്‍ എടുത്തുപറയുന്നത്. വായു മലിനീകരണം കൊണ്ടുള്ള പ്രശ്നങ്ങള്‍ ഇനിയും കൂടുമെന്നും വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു. 

വായു മലിനീകരണമുള്ളയിടങ്ങളില്‍ രാവിലെ വാക്കിംഗ്- ജോഗിംഗ് എന്നിവയ്ക്ക് പോകാതിരിക്കുന്നതാണ് ഉചിതമെന്നും അതുപോലെ തന്നെ പ്രായമായവരും നേരത്തെ തന്നെ ശ്വാസകോശരോഗങ്ങളോ അലര്‍ജിയോ ഉള്ളവര്‍ തിരക്കുള്ളയിടങ്ങള്‍ കഴിവതും ഒഴിവാക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.

Also Read:- പിസിഒഡി മൂലമുള്ള വണ്ണമോ? കുറയ്ക്കാൻ ഇക്കാര്യങ്ങളൊന്ന് ചെയ്തുനോക്കൂ..

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!