എല്ലായ്പോഴും സ്ത്രീകളെക്കാള്‍ ആരോഗ്യപ്രശ്നങ്ങള്‍ തുറന്നുപറയാതെ ഉള്ളിലൊതുക്കി നടക്കുന്നവര്‍ പുരുഷന്മാരാണ്. അത് ശാരീരികമായ പ്രശ്നങ്ങളാണെങ്കിലും അതെ, മാനസികമായതാണെങ്കിലും ശരി.
ജൂണ്‍ മാസം പുരുഷന്മാരുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൂടുതല്‍ അവബോധമൊരുക്കുന്നതിനായി 'മെന്‍സ് ഹെല്‍ത്ത് മന്ത്' ( Men's Health Month ) ആയി ആചരിക്കാറുണ്ട്. പ്രത്യേകിച്ച് ജൂണ്‍ 13 മുതല്‍ 19 വരെയുള്ള ദിവസങ്ങള്‍. ഈ ഒരാഴ്ച 'മെന്‍സ് ഹെല്‍ത്ത് വീക്ക്' ( Men's Health Week ) ആയാണ് കണക്കാക്കുന്നത്.
എല്ലായ്പോഴും സ്ത്രീകളെക്കാള്‍ ആരോഗ്യപ്രശ്നങ്ങള്‍ തുറന്നുപറയാതെ ഉള്ളിലൊതുക്കി നടക്കുന്നവര്‍ പുരുഷന്മാരാണ്. അത് ശാരീരികമായ പ്രശ്നങ്ങളാണെങ്കിലും അതെ, മാനസികമായതാണെങ്കിലും ശരി. പല പഠനങ്ങളും ഇക്കാര്യങ്ങള്‍ നേരത്തെ മുതല്‍ക്ക് തന്നെ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.
ഇതുമായി ചേര്‍ത്തുവായിക്കാവുന്ന ചില വിവരങ്ങളാണിനി പങ്കുവയ്ക്കുന്നത്. ഉത്കണ്ഠ അഥവാ 'ആംഗ്സൈറ്റി' എന്ന മാനസികപ്രശ്നത്തെ കുറിച്ച് കേട്ടിട്ടില്ലേ? ജീവിതത്തില്‍ നാം നിത്യേന കൈകാര്യം ചെയ്യുന്ന പല കാര്യങ്ങളെയും ചൊല്ലി നമ്മളില്‍ ഉത്കണ്ഠ ഉണ്ടാകാം. എന്നാല്‍ ഈ ഉത്കണ്ഠ മൂലം നമ്മുടെ കാര്യങ്ങള്‍ക്ക് മുടക്കം വരുന്ന അവസ്ഥയുണ്ടാകുന്നുവെങ്കില്‍ അത് അസുഖമായി കണക്കാക്കപ്പെടുന്നു.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഉത്കണ്ഠ ഏറെയും കാണപ്പെടുന്നത്. എന്നാല്‍ പുരുഷന്മാരിലും ഉത്കണ്ഠ കാണാം. പലപ്പോഴും ഇത് വേണ്ടവിധം ചര്‍ച്ചയില്‍ വരുന്നില്ലെന്ന് മാത്രം. 2019ലെ ഒരു കണക്ക് പ്രകാരം 30 കോടിയിലധികം പേരാണ് ഉത്കണ്ഠ ബാധിച്ച് ലോകത്താകമാനം കഴിയുന്നത്. ഇതില്‍ ആറ് കോടിയോളം കുട്ടികളും കൗമാരപ്രായത്തിലുള്ളവരും ആണ്.
ഇത്രയധികം പേരെ ബാധിക്കുന്ന ഉത്കണ്ഠ വേണ്ടത്ര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യപ്പെടുന്നില്ല എന്നതാണ് വാസ്തവം. പ്രത്യേകിച്ച് പുരുഷന്മാരില്‍.
സ്വതവേ തങ്ങള്‍ നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ തുറന്നുപറയാന്‍ മടിക്കുന്ന പുരുഷന്മാരുടെ വിമുഖത തന്നെ ഉത്കണ്ഠ തുറന്നുപങ്കുവയ്ക്കപ്പെടുന്നതിനും ചികിത്സ തേടുന്നതിനും തടസമാകുന്നു. പുരുഷന്മാരില്‍ കാണുന്ന ഉത്കണ്ഠയുടെ ലക്ഷണങ്ങളും അവര്‍ ഇതിനെ കൈകാര്യം ചെയ്യാന്‍ ആശ്രയിക്കുന്ന മാര്‍ഗങ്ങളും അവരില്‍ ഉത്കണ്ഠയുണ്ടാക്കുന്ന അപകടങ്ങളുമെല്ലാം സ്ത്രീകളില്‍ നിന്ന് വ്യത്യസ്തമാണ്.
പുരുഷന്മാരില്‍ കാണുന്ന ഉത്കണ്ഠയുടെ ലക്ഷണങ്ങള്‍...
സ്ത്രീകളിലാണ് പുരുഷന്മാരെക്കാള്‍ ഉത്കണ്ഠ കൂടുതല്‍ കാണപ്പെടുകയെങ്കിലും ഉത്കണ്ഠ ഗുരുതരമാകുന്നത് പുരുഷന്മാരിലാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് മൂര്‍ച്ഛിച്ച് ആരോഗ്യപ്രശ്നങ്ങളിലേക്ക് പെട്ടെന്ന് തന്നെ എത്തിപ്പെടുന്നതും പുരുഷന്മാര്‍ തന്നെ. തലവേദനയാണ് ഇത്തരത്തില്‍ ഉത്കണ്ഠ മൂലം പുരുഷന്മാരില്‍ ഉണ്ടാകുന്ന ആദ്യ ശാരീരികപ്രശ്നം.
വിശപ്പില്ലായ്മ, ശരീരത്തില്‍ വിറയല്‍, പെരുമാറ്റത്തിലും സംസാരത്തിലുമെല്ലാം നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥ എന്നിവയെല്ലാം പുരുഷന്മാരില്‍ കാണപ്പെടുന്ന അധികരിച്ച ഉത്കണ്ഠയുടെ ലക്ഷണങ്ങളാണ്. സ്ത്രീകളെ അപേക്ഷിച്ച് പരാജയബോധം, നഷ്ടബോധം എന്നിവ ഉത്കണ്ഠ മൂലം കൂടുതല്‍ കാണപ്പെടുന്നതും പുരുഷന്മാരില്‍ തന്നെ.
ജീവിതം ഇവിടെ തീര്‍ന്നു, ഇനി മുന്നോട്ടുപോകാനില്ല എന്ന് തുടങ്ങി ഒരിക്കലും രക്ഷയുണ്ടാകില്ലെന്ന തീര്‍പ്പിലേക്ക് എത്താന്‍ വരെ ഇത് കാരണമാകുന്നു. ഗുരുതരമാകുന്നത് വരെ അത് തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കില്ല. എന്നാല്‍ ഗുരുതരമാകുന്ന പക്ഷം ചിന്തകളെയും സംസാരത്തെയും പെരുമാറ്റത്തെയുമെല്ലാം ബാധിച്ചുതുടങ്ങുന്നു.
ഉത്കണ്ഠയെ പുരുഷന്മാര്‍ കൈകാര്യം ചെയ്യുന്നത്...
സ്ത്രീകള്‍ പൊതുവേ പുരുഷന്മാരെ അപേക്ഷിച്ച് വൈകാരികത കൂടുതല്‍ പ്രകടിപ്പിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഉത്കണ്ഠയെ കൈകാര്യം ചെയ്യുന്നതിന് വൈകാരികമായ പിന്തുണയാണ് അവര്‍ ആദ്യം അന്വേഷിക്കുക. ഇതൊരു പരിധി വരെ ഉത്കണ്ഠയെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
എന്നാല്‍ പുരുഷന്‍ തീര്‍ത്തും അപകടകരമായ രീതിയില്‍ മുന്നോട്ടുപോകാനാണ് സാധ്യതകള്‍ കൂടുതല്‍. സ്വന്തം വിഷമം പുറത്തുപറയാതെ, വൈകാരികമായ പിന്തുണയോ ചികിത്സയോ തേടാതെ രോഗം മൂര്‍ച്ഛിക്കുന്നതിലേക്ക് വഴിയൊരുക്കുന്നു. ശേഷം മദ്യപാനം, പുകവലി, മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗം പോലുള്ള ഒളിച്ചോട്ടവും നടത്താം.
ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ പുരുഷന്മാര്‍ ഉത്കണ്ഠ പോലുള്ള മാനസികപ്രശ്നങ്ങള്‍ തുറന്ന് പങ്കുവയ്ക്കാനും ചികിത്സ തേടാനും ശ്രമിക്കുക. അതുപോലെ തന്നെ മറ്റുള്ളവര്‍ക്ക് ഇവരെ ഇത്തരത്തില്‍ സഹായം തേടാനായി പിന്തുണയ്ക്കാം. ചികിത്സയ്ക്ക് സ്നേഹപൂര്‍വ്വം നിര്‍ബന്ധിക്കാം. അതുപോലെ മാനസികമായ പിന്തുണയും നല്‍കാം. ഈ സാഹചര്യത്തിലാണ് 'മെന്‍സ് ഹെല്‍ത്ത് മന്തി'ന്‍റെയും ( Men's Health Month ) 'മെന്‍സ് ഹെല്‍ത്ത് വീക്കി'ന്‍റെയുമെല്ലാം ( Men's Health Week ) പ്രാധാന്യം വര്‍ധിക്കുന്നത്.
Also Read:- 'സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ ഇക്കാര്യങ്ങള്‍ തുറന്നുപറയില്ല...'