Anxiety Management : 'ആംഗ്‌സൈറ്റി'യും 'സ്‌ട്രെസ്'ഉം കുറയ്ക്കാന്‍ ഇതാ ചില പരീക്ഷണങ്ങള്‍...

By Web Team  |  First Published Dec 24, 2021, 11:41 AM IST

ഉത്കണ്ഠ തോന്നിത്തുടങ്ങിയാല്‍ അതില്‍ തന്നെ തുടരുന്നത് തീര്‍ത്തും അപകടകരം തന്നെയാണ്. ക്രമേണ ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് തോന്നിപ്പിക്കാനും, അത്തരം കഥകള്‍ മെനയാനും മനസിനെ ഈ ശീലം പ്രേരിപ്പിക്കും. ഇത് കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് വഴിവയ്ക്കുകയും ചെയ്യുന്നു


ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മനസിന്റെ ആരോഗ്യവും ( Mental Health ). എന്നാല്‍ പലപ്പോഴും മാനസികാരോഗ്യത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കാന്‍ ആളുകള്‍ ശ്രദ്ധിക്കാറില്ലെന്നതാണ് സത്യം. ഇന്ത്യയിലാണെങ്കില്‍ വിഷാദരോഗം ( Depression ), ഉത്കണ്ഠ ( Anxiety ) തുടങ്ങിയ മാനസികപ്രശ്‌നങ്ങള്‍ നേരിടുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 

ഒരുപക്ഷേ, വിഷാദരോഗത്തെക്കാള്‍ പ്രയാസകരമാണ് ഉത്കണ്ഠയെ കൈകാര്യം ചെയ്യാന്‍ എന്നാണ് മിക്കവരും പരാതിപ്പെടാറ്. വര്‍ധിച്ചുവരുന്ന മാനസിക സമ്മര്‍ദ്ദമാണ് അധിക സാഹചര്യങ്ങളിലും ഇത്തരത്തില്‍ 'ആംഗ്‌സൈറ്റി'യിലേക്ക് നമ്മെ നയിക്കുന്നത്. 

Latest Videos

എങ്ങനെയാണ് 'സ്‌ട്രെസി'നെ പിടിച്ചുകെട്ടി ഉത്കണ്ഠയെ വരുതിയിലാക്കേണ്ടത്? ഇത് ഒരിക്കലും സാധ്യമല്ലെന്ന് ചിന്തിക്കാറുണ്ടോ? 

തീര്‍ച്ചയായും ഉത്കണ്ഠയെ കൈകാര്യം ചെയ്യാന്‍ നമുക്ക് സാധ്യമാണെന്നാണ് പ്രമുഖ ലൈഫ്‌സ്റ്റൈല്‍ കോച്ചായ ലൂക്ക് കുടീഞ്ഞ്യോ പറയുന്നത്. ഇനി, എത്തരത്തിലാണ് ഉത്കണ്ഠയെ നിയന്ത്രിക്കേണ്ടതെന്നും, ഇതിന് പരീക്ഷിക്കേണ്ട മാര്‍ഗങ്ങളേതെല്ലാമെന്നും ലൂക്ക് പങ്കുവയ്ക്കുന്നു... 

ഒന്ന്...

ഉത്കണ്ഠയെ ഒരു മോശം അവസ്ഥയായി കണക്കാക്കുന്ന മനോനില ആദ്യം മാറേണ്ടതുണ്ടെന്ന് ലൂക്ക് പറയുന്നു. 

ഏതെങ്കിലും കാര്യങ്ങള്‍ 'നെഗറ്റീവ്' ആയി നാം എടുത്തുകഴിഞ്ഞാല്‍ തീര്‍ച്ചയായും നമ്മെ അത് 'നെഗറ്റീവ്' ആയിത്തന്നെ ബാധിക്കുമെന്നും അതിനാല്‍ ഉത്കണ്ഠയെ മോശം കാര്യമായി സമീപിക്കാതിരിക്കണമെന്നും ലൂക്ക് നിര്‍ദേശിക്കുന്നു. 

നമ്മള്‍ തന്നെ നമുക്കായി ഒരുക്കുന്ന അന്തരീക്ഷമാണ് പലപ്പോഴും ഉത്കണ്ഠയില്‍ സംഭവിക്കുന്നതെന്നും അതിനാല്‍ തന്നെ അതിനോട് മോശമായ മനോഭാവം പുലര്‍ത്താതിരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. അതുപോലെ തന്നെ എവിടെ നിന്നാണ് 'സ്‌ട്രെസ്' വരുന്നത് എന്ന് കൃത്യമായി മനസിലാക്കി ആ കാരണത്തെ ധൈര്യപൂര്‍വ്വം ഏറ്റെടുക്കേണ്ടതുണ്ടെന്നും ലൂക്ക് പറയുന്നു. 

രണ്ട്...

ഉത്കണ്ഠ എന്നത് മനുഷ്യന്റെ അതിജീവനത്തിന്റെ ഭാഗമാണ്. നമ്മളിലേക്ക് കടന്നുവരാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളെയും സമ്മര്‍ദ്ദങ്ങളെയും മുന്നില്‍ക്കണ്ട് അതിനോടുള്ള പ്രതികരണമെന്ന നിലയിലാണ് മിക്കപ്പോഴും ഉത്കണ്ഠയുണ്ടാകുന്നത്. ഉത്കണ്ഠയുണ്ടാകുമ്പോള്‍ തന്നെ അതിനുള്ള പരിഹാരവും കൂടെയുണ്ടായിരിക്കും. ഉദാഹരണത്തിന് ഷുഗര്‍ നില കാര്യമായി വര്‍ധിച്ചാല്‍ അത് നിയന്ത്രിക്കുന്നതിനായി നമ്മള്‍ ലൈഫ്‌സ്റ്റൈല്‍ മാറ്റാറില്ലേ? അതുപോലെ തന്നെ ഉത്കണ്ഠയെയും കൈകാര്യം ചെയ്യാന്‍ സാധ്യമാണ്. 

മൂന്ന്...

പലപ്പോഴും ഉത്കണ്ഠ അനുഭവപ്പെടുമ്പോള്‍ മിക്കവരും അതില്‍ തന്നെ തുടരുകയാണ് പതിവ്. ഇത് ഒട്ടും ആരോഗ്യകരമായ ഒരു പ്രവണതയല്ലെന്ന് ലൂക്ക് പറയുന്നു. ഉത്കണ്ഠയില്‍ 'ട്രാപ്' ആകാതെ അതില്‍ നിന്ന് മുന്നോട്ടുപോകാനുള്ള ഉപാധികള്‍ കണ്ടെത്തണം. 

സാഹചര്യങ്ങള്‍ നമ്മുടെ കയ്യില്‍ ഒതുങ്ങാത്ത അവസ്ഥയാണെങ്കില്‍ വരുന്നതിനെ നേരിടാം എന്ന മുന്നൊരുക്കവും ആകാം. 

എന്തായാലും ഉത്കണ്ഠ തോന്നിത്തുടങ്ങിയാല്‍ അതില്‍ തന്നെ തുടരുന്നത് തീര്‍ത്തും അപകടകരം തന്നെയാണ്. ക്രമേണ ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് തോന്നിപ്പിക്കാനും, അത്തരം കഥകള്‍ മെനയാനും മനസിനെ ഈ ശീലം പ്രേരിപ്പിക്കും. ഇത് കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് വഴിവയ്ക്കുകയും ചെയ്യുന്നു.

Also Read:- സെക്‌സിന് ശേഷം വിഷാദമോ? കാരണം, പരിഹാരമാർഗങ്ങൾ

click me!