മനഃശാസ്‌ത്രത്തെക്കുറിച്ച് അറിയേണ്ടതെല്ലാം, പ്രാദേശിക ഭാഷയില്‍ ഇതാദ്യം, മലയാളത്തിൽ ന്യൂസ്‌ലെറ്ററുമായി അധ്യാപക‌ർ

By Web Team  |  First Published Nov 11, 2023, 7:57 PM IST

മനഃശാസ്‌ത്രവും മാനസികാരോഗ്യവും സംബന്ധിച്ച ശാസ്‌ത്രീയവും ആധികാരികവുമായ  വിവരങ്ങൾ ലളിതമായ ഭാഷയിൽ പൊതുസമൂഹത്തിന്‌ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു കൂട്ടം അധ്യാപകരുടെയും ഗവേഷകരുടെയും നേതൃത്വത്തില്‍ ന്യൂസ് ലെറ്റര്‍ തയ്യാറാക്കിയിരിക്കുന്നത്


തിരുവനന്തപുരം: മനഃശാസ്‌ത്രത്തെക്കുറിച്ചുള്ള ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങള്‍ അറിയാനും വായിക്കാനുമായി മലയാളം ന്യൂസ് ലെറ്റര്‍ പുറത്തിറക്കി അധ്യാപകര്‍. മനഃശാസ്‌ത്രവർത്തമാനം എന്ന പേരിലാണ് മലയാളം ന്യൂസ്‌ ലെറ്റർ പുറത്തിറക്കിയിരിക്കുന്നത്. മനഃശാസ്‌ത്രവും മാനസികാരോഗ്യവും സംബന്ധിച്ച ശാസ്‌ത്രീയവും ആധികാരികവുമായ  വിവരങ്ങൾ കഴിയുന്നത്ര ലളിതമായ ഭാഷയിൽ പൊതുസമൂഹത്തിന്‌ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു കൂട്ടം അധ്യാപകരുടെയും ഗവേഷകരുടെയും നേതൃത്വത്തില്‍ ന്യൂസ് ലെറ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യൻ പ്രാദേശികഭാഷയിലെ ആദ്യ മനഃശാസ്‌ത്ര ന്യൂസ്‌ ലെറ്ററിന്റെ ആദ്യ ലക്കം കേരളപ്പിറവി ദിനത്തില്‍ ഇവര്‍ പുറത്തിറക്കി. മൂന്നുമാസത്തെ ഇടവേളകളിൽ ന്യൂസ് ലെറ്ററിന്‍റെ തുടര്‍ ലക്കങ്ങളും പുറത്തിറക്കും. തീര്‍ത്തും സൗജന്യമായി ഇമെയിലില്‍ ന്യൂസ് ലെറ്റര്‍ വായനക്കാരിലേക്ക് എത്തിക്കുകയാണിവര്‍.  

പോണ്ടിച്ചേരി സർവകലാശാലയിലെ അസി. പ്രൊഫസറായ ഡോ. ചിഞ്ചുവാണ് ചീഫ് എഡിറ്റര്‍.  പത്തനംതിട്ട കേന്ദ്രമായ അസെന്റ്‌ (അസോസിയേഷൻ ഫോർ സോഷ്യൽ ചെയ്‌ഞ്ച്‌, ഇവലൂഷൻ ആൻഡ്‌ ട്രാൻസ്‌ഫോർമേഷൻ) ആലുവയിൽ ഏപ്രിലിൽ നടത്തിയ "മനഃശാസ്ത്രം മലയാളത്തിൽ’ ശിൽപ്പശാലയാണ്‌ ന്യൂസ്‌ ലെറ്റർ എന്ന ആശയം രൂപപ്പെടുന്നത്. അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷന്റെ ഭാഗമായ സൊസൈറ്റി ഫോർ ദ സൈക്കോളജിക്കൽ സ്‌റ്റഡി ഓഫ്‌ സോഷ്യൽ ഇഷ്യൂസസിൽനിന്ന്‌ (എസ്‌പിഎസ്‌എസ്‌ഐ) സി ചിഞ്ചുവിന്‌ ലഭിച്ച ഗ്രാന്റിന്റെ സഹായത്തോടെയായിരുന്നു ശിൽപ്പശാല നടത്തിയത്. സെഷനുകളിലും ഇടവേളകളിലുമായി മലയാളം ജേർണലിനെക്കുറിച്ചും മാസികയെക്കുറിച്ചും കുറേ ആശയങ്ങൾ ചർച്ചയായി. അതിൽനിന്നാണ് മലയാളത്തിൽ ന്യൂസ്‌ലെറ്റർ പുറത്തിറക്കുകയെന്ന തീരുമാനമുണ്ടാകുന്നത്. ലോക മാനസികാരോഗ്യദിനത്തോട് അനുബന്ധിച്ച്‌ കേരളപ്പിറവി ദിനത്തിലാണ് മാനസികാരോഗ്യം സാർവത്രിക മനുഷ്യാവകാശം എന്ന പ്രമേയത്തില്‍ ന്യൂസ് ലെറ്ററിന്‍റെ ആദ്യ ലക്കം പുറത്തിറക്കിയത്.

Latest Videos

undefined

നിതിൻ ലാലച്ചൻ, ഫാത്തിമ മുസ്‌ഫിന, കവിത ജി ഭാസ്‌കരൻ, നിഷ സുമിത്രൻ, ഡോ. ഫാത്തിമ ബുഷ്റ സാലിഹ എന്നിവരടങ്ങിയതാണ് എഡിറ്റോറിയൽ ടീം. മനശാസ്ത്രത്തെക്കുറിച്ച് ജനങ്ങള്‍ക്കുള്ള തെറ്റായ ധാരണകള്‍ മാറുന്നതിനും ശാസ്ത്രീയമായ വിവരങ്ങള്‍ അറിയുന്നതിനും സഹായമാകുന്നതാണ് ന്യൂസ് ലെറ്റര്‍. പൂര്‍ണമായും സന്നദ്ധസേവനമെന്ന നിലയിലാണ് രചനകളെഴുതുന്നതും അവ പ്രസിദ്ധീകരിക്കുന്നതും. ന്യൂസ് ലെറ്റര്‍ പുറത്തിറക്കുന്നതിനായി https://manashasthram.in/ എന്ന വെബ്‌സൈറ്റും ഇവര്‍ ഒരുക്കിയിട്ടുണ്ട്. ശാസ്‌ത്രീയമായ റഫറൻസുകളുള്ള എഴുത്തുകൾ മാത്രമാണ്‌ ന്യൂസ് ലെറ്ററില്‍ പ്രസിദ്ധീകരിക്കുകയെന്നും ആദ്യലക്കത്തിന് മികച്ച പ്രതികരണാണ് ലഭിച്ചതെന്നും അടുത്ത ലക്കത്തിന്റെ പണിപ്പുരയിലാണെന്നും ശരിയായ അവബോധമുണ്ടാക്കലും അറിവ്‌ പങ്കുവയ്‌ക്കലുമാണ്‌ കൂട്ടായ്‌മയുടെ ലക്ഷ്യമെന്നും ഡോ. ചിഞ്ചു പറഞ്ഞു.

യുവാക്കളുടെ മാനസികാരോഗ്യം ഉറപ്പുവരുത്താന്‍ പദ്ധതികള്‍ ആവിഷ്കരിക്കും: യുവജന കമ്മീഷൻ

click me!