5ജി വ്യാവസായികാടിസ്ഥാനത്തില്‍ പൂര്‍ണ്ണമായി എത്തിയില്ലെങ്കിലും 5ജി ഫോണ്‍ ചര്‍ച്ചകള്‍ സജീവമാണ്. കൊറിയയിലും മറ്റും 5ജി നെറ്റ്വര്‍ക്കും ഫോണും ലഭ്യമാണ്. അമേരിക്ക പൊലുള്ള വിപണികളില്‍ ഇതിന്‍റെ ലഭ്യത ഉടനുണ്ടാകും. എന്നാല്‍ ഇന്ത്യപോലുള്ള വിപണിയില്‍ 5ജി ലഭ്യമാകുന്നതോടെ സ്മാര്‍ട്ട്ഫോണ്‍ വിപണിയും 5ജിയിലേക്ക് ഒരു മാറ്റം നടത്തേണ്ടിവരും. ഇന്ത്യയില്‍ കൂടുതലായി വില്‍ക്കുന്നത് 30,0000 താഴെയുള്ള ഫോണുകള്‍ ആയതിനാല്‍ വിലകുറഞ്ഞ 5ജി ഫോണുകള്‍ ആദ്യം എത്തുക ഇന്ത്യയിലായിരിക്കും. അതിനാല്‍ തന്നെ ചിലപ്പോള്‍ വിലകുറഞ്ഞ 5ജി ഫോണ്‍ ആദ്യം എത്തുക ഇന്ത്യയിലായിരിക്കും.
സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍ കത്തികയറുമ്പോള്‍- 2019 ല്‍ ഇന്ത്യയിലെ ഡിജിറ്റല്‍ സ്ട്രീമിംഗ് രംഗത്തെ സമീപിച്ച് വസന്തകാലമായിരുന്നു. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ വീഡിയോ കാണുന്നവരുടെ എണ്ണം സര്‍വകാല റെക്കോഡില്‍ എത്തി. അതിന് അനുസരിച്ച് പണം കൊടുത്ത് നെറ്റ്ഫ്ലിക്സും,ആമസോണ്‍ പ്രൈം, ഹോട്ട് സ്റ്റാര്‍ തുടങ്ങിയ പ്ലാറ്റ്ഫോം കാണുന്നവരുടെ എണ്ണം കൂടി. ഇതിന്‍റെ രണ്ടാംഘട്ടം 2020 ല്‍ സംഭവിക്കും എന്ന് തന്നെ പ്രതീക്ഷിക്കാം. കൂടുതല്‍ വിഭവങ്ങള്‍ എത്തിച്ച് തങ്ങളുടെ ഉപയോക്താക്കളുടെ കൂട്ടം വര്‍ദ്ധിപ്പിക്കാന്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍ ശ്രദ്ധിക്കും. ഈ രംഗത്ത് കൂടുതല്‍ കൂടുതല്‍ പുതിയ കമ്പനികള്‍ എത്തുന്നതോടെ സബ്സ്ക്രിപ്ഷന്‍ ഫീസ് കുറയാനും, കണ്ടന്‍റ് നിലവാരം കൂടുവാനും ഉള്ള സാധ്യതയാണ് 2020 ല്‍ കാണുക
ഗെയിമിംഗ് ഫോണുകളുടെ കാലം - മൊബൈല്‍ ഗെയിമിംഗ് എന്നത് വളരെക്കാലമായി നമ്മുക്ക് ചുറ്റുമുണ്ട്. എന്നാല്‍ പബ് ജി പോലുള്ള ഗെയിം എത്തിയതോടെ ഈ രംഗത്തിന്‍റെ ജാതകം ഒന്ന് മാറ്റിയെഴുതേണ്ട സ്ഥിതിയായിട്ടുണ്ട്. ഇതിനാല്‍ തന്നെ കൂടുതല്‍ ഗെയിമിംഗ് കണ്‍സോള്‍ ഉപയോഗിച്ച് ഗെയിം കളിക്കുന്ന അനുഭവം ഒരു സ്മാര്‍ട്ട്ഫോണില്‍ എത്തിക്കാന്‍ ആണ് ഫോണ്‍ നിര്‍മ്മാതാക്കളും, അത് പോലെ ഗെയിം ഡെവലപ്പര്‍സും ശ്രമിക്കുന്നത്. ഇതിന്‍റെ തുടര്‍ പകര്‍പ്പുകള്‍ ഉടലെടുക്കാനും, കൂടുതല്‍ ഗെയിമിംഗ് കേന്ദ്രീകൃത ഫോണുകള്‍ ഇറങ്ങാനും 2020 ല്‍ സാധ്യതയേറെയാണ്.
എആര്‍വിആര്‍ മുന്നേറ്റം- വളരെക്കാലമായി ഓഗ്മെന്‍റ് റിയാലിറ്റി, ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് എന്നിവ സംബന്ധിച്ച് ടെക് ലോകം സംസാരിക്കാന്‍ തുടങ്ങിയിട്ട്. എന്നാല്‍ പൊതുജനത്തിലേക്ക് അവയുടെ പ്രചാരം ഇന്നും സാമന്യ അളവില്‍ എത്തിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. രണ്ട് കാര്യങ്ങളാണ് ഇതിന് തടസമായി നില്‍ക്കുന്നത്. ഒന്ന്. എആര്‍വിആര്‍ കണ്ടന്‍റുകളുടെ ലഭ്യതകുറവ്. രണ്ട്. അവ ലഭിച്ചാല്‍ തന്നെ പൂര്‍ണ്ണതയില്‍ അവ അനുഭവിക്കാനുള്ള ഡിവൈസുകളുടെ അപര്യപ്തത. ഇതിന് ഒരു പരിഹാരം 2020 ല്‍ ഉണ്ടാകും എന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു. ഐഫോണ്‍ 12 അടക്കം പുറത്തിറക്കാനിരിക്കുന്ന പ്രിമീയം ഫോണുകള്‍ എആര്‍വിആര്‍ അധിഷ്ഠിതമായി ഏറെ ഫീച്ചറുകള്‍ അവതരിപ്പിച്ചേക്കാം എന്നാണ് വിപണിയിലെ സൂചന. അത്തരത്തില്‍ പ്രമീയം ഫോണുകളില്‍ എത്തുന്ന ഫീച്ചറുകള്‍ അപ്പോള്‍ തന്നെ അനുകരിക്കാറുള്ള മിഡ് ബഡ്ജറ്റ് ഫോണ്‍ നിര്‍മ്മാതാക്കള്‍ കാലതാമസം ഇല്ലാതെ സാധാരണ ഉപയോക്താവിലേക്കും എത്തിക്കും എന്ന പ്രതീക്ഷയാണ് 2020 നല്‍കുന്നത്.
ഒപ്റ്റിക്കല്‍ സൂം ശേഷി വര്‍ദ്ധിക്കുന്ന ഫോണുകള്‍- നിരവധി പുതിയ ഫീച്ചറുകളാണ് 2019ല്‍ സ്മാര്‍ട്ട്ഫോണ്‍ ക്യാമറകളില്‍ അവതരിപ്പിക്കപ്പെട്ടത്. പലപ്പോഴും കൂടിയ ഫീച്ചര്‍ ചര്‍ച്ചകള്‍ അള്‍ട്ര വൈഡ് ലെന്‍സിലും, വീഡിയോ റെക്കോഡിങ്ങിലെ ഫീച്ചറുകളിലും നിന്നു. ഇപ്പോള്‍ പല ക്യാമറകളിലും ഒപ്റ്റിക്കല്‍ സൂം 2X വരെയാണ്. എന്നാല്‍ വാവ്വെ, ഒപ്പോ എന്നിവര്‍ 5X ഒപ്റ്റിക്കല്‍ സൂം ക്യാമറകള്‍ അവതരിപ്പിച്ച് സൂചനകള്‍ നല്‍കി. അതായത് ഒപ്റ്റിക്കല്‍ സൂം ശേഷി വര്‍ദ്ധിപ്പിച്ച ഫോണുകള്‍ 2020 ല്‍ ഒഴുകും എന്ന് ചുരുക്കം. വാവ്വെയുടെ പ്രീമിയം എന്‍റ് ഫോണ്‍ പി40 പ്രോ എത്തുന്നത് 10X ഒപ്റ്റിക്കല്‍ സൂം ശേഷിയുമായാണ് എന്നാണ് സൂചന. ഗ്യാലക്സി എസ്11, ആപ്പിള്‍ ഫോണുകള്‍ എന്നിവയിലും കാര്യമായ വ്യത്യാസം കാണും. ഇത് മിഡ് ബഡ്ജറ്റ് ഫോണുകള്‍ ഇറക്കുന്ന ചൈനീസ് കമ്പനികള്‍ പിന്തുടര്‍ന്ന ഒപ്റ്റിക്കല്‍ സൂം പ്രത്യേകതയുടെ കാര്യത്തില്‍ 2020 ല്‍ ഒരു സ്മാര്‍ട്ട്ഫോണ്‍ വിപ്ലവം നടക്കും.
മാറുന്ന ടിവികള്‍- ഒരു കാഴ്ച ഉപകരണം എന്നതിനപ്പുറം ഇന്‍ററാക്ടീവായ ഒരു ഉപകരണമായി ടിവികള്‍ മാറിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് സ്മാര്‍ട്ട് ടിവികള്‍ തുറന്നിടുന്നത് വലിയ സാഹചര്യമാണ്. സ്മാര്‍ട്ട് ടിവികള്‍ 50,000 രൂപയ്ക്ക് താഴെ ലഭിക്കും എന്ന സ്ഥിതി വന്നതോടെ ഇന്ത്യന്‍ ടിവി വിപണിയില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. ഈ ട്രെന്‍റ് തുടരുന്നതോടൊപ്പം. പുതിയ ഫീച്ചറുകളും വില കുറവും എല്ലാം 2020 ല്‍ ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ പ്രതീക്ഷിക്കാം.