Wedding ring : 60 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉരുളക്കിഴങ്ങ് പാടത്ത് നഷ്ടപ്പെട്ട വിവാഹ മോതിരം ഒടുവില്‍ കണ്ടെത്തി !

First Published | Dec 3, 2021, 2:30 PM IST


60 വർഷം മുമ്പ് സ്കോട്ട്ലാന്‍റിലെ പടിഞ്ഞാറൻ ദ്വീപുകളിലെ ഒരു ഉരുളക്കിഴങ്ങ് പാടത്ത് നഷ്ടപ്പെട്ട വിവാഹ മോതിരം ഒടുവില്‍ ഉടമയ്ക്ക് ലഭിച്ചു. 1960 കളുടെ അവസാനത്തില്‍ സ്കോട്ട്ലാന്‍റിലെ ബെൻബെകുലയിലെ വീട്ടിനോട് ചേര്‍ന്നുള്ള ഉരുളക്കിഴങ്ങ് പാടത്ത് വിളവെടുക്കാന്‍ പോയതായിരുന്നു പെഗ്ഗി മാക്‌സ്വീൻ. അന്ന് വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ മാത്രമേ ആയൊള്ളൂ. ഉരുളക്കിഴങ്ങ് ശേഖരിക്കുന്നതിനിടെ പെഗ്ഗിയുടെ വിരലില്‍ നിന്ന് വിവാഹമോതിരം താഴേ വീണു. താന്‍ ഇനിയൊരിക്കലും ആ വിവാഹമോതിരം കാണില്ലെന്ന് പെഗ്ഗി കരുതി. ഒടുവില്‍ അവര്‍ക്ക് ആ മോതിരം തിരികെ ലഭിച്ചിരിക്കുന്നു. 

60 വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടപ്പെട്ട മോതിരത്തെ കുറിച്ച് അടുത്തകാലത്താണ് ദ്വീപുവാസിയായ ഡൊണാൾഡ് മാക്ഫീയോട് പെഗ്ഗി പറഞ്ഞത്. ഇതിനകം മുത്തശ്ശിയായി കഴിഞ്ഞ പെഗ്ഗിയുടെ വിവാഹമോതിരം തിരിച്ചെടുക്കാന്‍ തന്നെ അയാള്‍ തീരുമാനിച്ചു. 

തുടര്‍ന്ന് ഒരു മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് ഡൊണാൾഡ് മാക്ഫീ ഉരുളക്കിഴങ്ങ് പാടം മൊത്തം പരിശോധിച്ചു. ഏതാണ്ട് മൂന്ന് ദിവസം എടുത്താണ് അയാള്‍ ആ പാടം മൊത്തം പരിശോധിച്ചത്. മെറ്റല്‍ ഡിറ്റക്ടര്‍ ചൂണ്ടിക്കാണിച്ച 90 ഓളം സ്ഥലത്ത് അയാള്‍ കുഴിച്ചു. അവിടെ നിന്ന് പഴയ ലോഹ കഷ്ണങ്ങളും ഡ്രിങ്ക് ക്യാനുകളും അങ്ങനെ പലതും കിട്ടി. 


"അവൻ വാതിൽക്കൽ വന്ന് പറഞ്ഞു. എനിക്ക് നിങ്ങളെ ഒന്ന് കാണിക്കാനുണ്ടെന്ന്. അത് നഷ്ടപ്പെട്ട മോതിരമായിരുന്നു. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല, പക്ഷേ അത് അവിടെ ഉണ്ടായിരുന്നു." 86 കാരിയായ മിസ്സിസ് മാക്‌സ്വീൻ പറയുന്നു. 1960-കളുടെ തുടക്കത്തില്‍ സ്കോട്ട്ലാന്‍റിലെ മണൽ നിറഞ്ഞ തീരദേശ പുൽമേടായ ലിനിക്ലേറ്റ് മച്ചെയറിൽ ഉരുളക്കിഴങ്ങുകൾ ശേഖരിക്കുന്നതിനിടയിലാണ് മിസ്സിസ് മാക്‌സ്വീനിന് തന്‍റെ വിവാഹ മോതിരം നഷ്ടപ്പെട്ടത്. 

"അന്ന് എന്‍റെ കയ്യുറകളിലെ നിന്ന് മണൽ കുലുക്കി കളയുകയായിരുന്നു. അതിനിടെ മോതിരം അപ്രത്യക്ഷമായി.  വീട്ടിലെത്തുന്നത് വരെ എനിക്കത് അറിയില്ലായിരുന്നു. അതന്വേഷിച്ച് ഒന്നോ രണ്ടോ തവണ ഇറങ്ങിയിരുന്നു. പക്ഷേ, അന്നൊന്നും അത് കണ്ടെത്താൻ കഴിഞ്ഞില്ല." അവര്‍ പറയുന്നു.

1958 ജൂലൈയിലാണ് ജോണും പെഗ്ഗി മാക്‌സ്വീനും തമ്മിലുള്ള വിവാഹം നടന്നത്. നഷ്ടപ്പെട്ടതിന് പകരമൊന്ന് വാങ്ങുന്നത് വരെ അവര്‍ അമ്മയുടെ വിവാഹ മോതിരം ധരിച്ചു. ജോണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. ഇന്ന് പെഗ്ഗി മാക്സ്വീന്‍റെ വിരലില്‍ മൂന്ന് വിവാഹ മോതിരങ്ങളുണ്ട്. ഒന്ന് പെഗ്ഗിയുടെ ആദ്യ വിവാഹമോതിരം. രണ്ടാമത്തെത് അമ്മയുടെത്. മൂന്നമത്തേത് നഷ്ടപ്പെട്ടതിന് പകരമായി ഭര്‍ത്താവ് വാങ്ങിക്കൊടുത്തത്. 

Latest Videos

click me!