റഷ്യയുടെ പാളിപ്പോയ യുദ്ധ തന്ത്രവും യുക്രൈന്‍റെ പോരാട്ടവീര്യവും ബാക്കിവയ്ക്കുന്നത്

First Published | Feb 24, 2023, 1:48 PM IST

റഷ്യയുടെ യുദ്ധ തന്ത്രങ്ങളിലെ പാളിച്ചയും ആസൂത്രണത്തിലെ വീഴ്ചയും യുക്രൈനുമായുള്ള യുദ്ധത്തില്‍  വെളിവാക്കപ്പെട്ടപ്പോള്‍  യുക്രൈന്‍റെ ചെറുത്തുനിൽപ്പും പോരാട്ട വീര്യവും ലോകം കണ്ടു. ഒന്ന് രണ്ട് ആഴ്ചയ്ക്കുള്ളില്‍ തീരുമെന്ന് കരുതിയ യുദ്ധം ഇന്ന് ഒരു വര്‍ഷം തികയ്ക്കുകയാണ്. ആര്‍ക്കും വ്യക്തമായ വിജയമില്ലാതെ അനന്തമായി നീളുന്ന റഷ്യ - യുക്രൈന്‍ യുദ്ധത്തില്‍ ഇതുവരെ നടന്ന പ്രധാന സംഭവങ്ങള്‍.
മുജീബ് ചെറിയംപുറം എഴുതുന്നു

നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് റഷ്യയും യുക്രൈനും തമ്മിലുള്ള ബന്ധം. റഷ്യൻ വിപ്ലവം കഴിഞ്ഞ് അഞ്ചു വർഷം പിന്നിട്ടതോടെ യുക്രൈൻ സോവിയറ്റ് യൂണിയനിൽ ചേർന്നു. സോവിയറ്റ് യൂണിയനിലെ രണ്ടാമത്തെ വലിയ രാജ്യം എന്നതിനപ്പുറം തന്ത്ര പ്രധാന സ്ഥലം കൂടെയായിരുന്നു യുക്രൈൻ. തുടര്‍ന്നങ്ങോട്ട് ഏഴ് പതിറ്റാണ്ട് കാലം സോവിയറ്റ് യൂണിയനൊപ്പം. 

1991 ൽ സോവിയറ്റ് യൂണിയൻ തകർന്നതോടെ യുക്രൈനും സ്വതന്ത്ര രാജ്യമായി. ഇതോടെയാണ് റഷ്യ - യുക്രൈൻ ബന്ധം സംഘർഷത്തിലേക്കും തർക്കത്തിലേക്കും വഴിമാറുന്നത്. സോവിയറ്റ് കാല നിർമ്മിതികളുടെ പങ്ക് വയ്ക്കലും, ആണവ പ്ലാന്‍റുകളുടെ കൈമാറ്റവുമായിരുന്നു ആദ്യ കാലതർക്കത്തിന് കാരണം.  


യുക്രൈൻ - നാറ്റോ സഖ്യത്തിൽ ചേരാൻ ശ്രമങ്ങൾ ആരംഭിച്ചതോടെ സംഘർഷം രൂക്ഷമായി. മേഖലയിലെ തന്ത്രപ്രധാന രാജ്യം നാറ്റോ സഖ്യത്തിലെത്തുന്നതായിരുന്നു റഷ്യുയുടെ എതിർപ്പിന് കാരണം.2014 ൽ യുക്രൈനെ ആക്രമിച്ച് റഷ്യ ക്രൈമിയ പിടിച്ചെടുത്തു. ഇതോടെ യുക്രൈൻ നാറ്റോ അംഗത്വ ശ്രമങ്ങൾ ഊർജിതമാക്കി. 

2019ൽ സെലൻസ്കി അധികാരത്തിലെത്തിയതോടെ നാറ്റോയുമായുള്ള ചർച്ചകൾ ശക്തമായി. യുക്രൈൻ അതിർത്തിയിൽ സൈനിക വിന്യാസം കൂട്ടിയായിരുന്നു റഷ്യയുടെ പ്രതികരണം. അതിർത്തി രാജ്യമായ ബെലറൂസുമായി ചേർന്ന് സൈനിക അഭ്യാസവും തുടങ്ങി.

ഒടുവില്‍ 2022 ഫെബ്രുവരി 24 ന് യുക്രൈനെതിരായ സൈനിക നടപടിക്ക് പുടിൻ അനുമതി നല്‍കി. മേഖലയിലെ സമാധാനത്തിനും യുക്രൈന്‍റെ നിരായുധീകരണത്തിനുമാണ് പ്രത്യേക സൈനിക നടപടിയെന്നായിരുന്നു പ്രഖ്യപനം. 

വടക്ക് ബെലാറൂസിലൂടെയും, കിഴക്ക് ഡോൺബാസ് മേഖലയിലൂടേയും, തെക്ക് ക്രിമിയിലൂടേയും റഷ്യൻ സേന ഇരച്ചെത്തി. യുക്രൈൻ തലസ്ഥാനമായ കീവ് വരെ റഷ്യൻ സേനയെത്തി. സെലൻസ്കി അധികാരമൊഴിയണം, റഷ്യയ്ക്ക് മുന്നിൽ കീഴടങ്ങണമെന്നായിരുന്നു റഷ്യയുടെ ആവശ്യം.

കീഴടങ്ങില്ലെന്നും രാജ്യം വിടില്ലെന്നും വ്യക്തമാക്കിയ സെലൻസ്കി കീവിലെ വസതിക്ക് മുന്നിൽ നിന്നും പ്രതിരോധിക്കാൻ ആഹ്വാനം ചെയ്തു.  ആഴ്ചകൾക്കകം കീഴടങ്ങുമെന്ന് കരുതിയ യുക്രൈന് പോരാടാൻ ലഭിച്ച ഇന്ധനമായിരുന്നു സെലൻസ്കിയുടെ പ്രഖ്യാപനം. 

യുദ്ധം തുടങ്ങി ഒരാഴ്ചക്കകം ഖെർസോണും സാപ്രോഷ്യയും റഷ്യ പിടിച്ചെടുത്തു. യൂറോപ്പിലെ വലിയ ആണവ പ്ലാന്‍റായ സാപ്രോഷ്യ ന്യൂക്ലിയർ പ്ലാന്‍റും റഷ്യ കീഴ്പ്പെടുത്തി.  കീവ് ലക്ഷ്യമാക്കിയെത്തിയ റഷ്യയുടെ വൻ സൈനിക വ്യൂഹം വഴിയിൽ കുടുങ്ങി. മാത്രമല്ല, യുക്രൈന്‍റെ ഡ്രോൺ ആക്രമണത്തെ  റഷ്യൻ സൈനികർക്ക് പ്രതിരോധിക്കാനായില്ല. നിരവധി സൈനികർ കൊല്ലപ്പെട്ടു. 

കീവിൽ നിന്നും റഷ്യ സൈന്യത്തെ പിൻവലിച്ചു. കീവ് പിടിച്ചാൽ യുക്രൈൻ കീഴടക്കാമെന്ന റഷ്യൻ ലക്ഷ്യമാണ് ഇതോടെ തകർന്നത്. പിറകെ ചെർണോബില്ലിൽ നിന്നും റഷ്യൻ സൈനികർ പിൻമാറി. യുക്രൈനുമായുള്ള സമാധാന ചർച്ചകളിൽ നിന്നും പിന്മാറിയ പുടിൻ യുദ്ധം തുടരുമെന്ന് പ്രഖ്യാപിച്ചു.

മരിയോപോളായിരുന്നു റഷ്യൻ ആക്രമത്തിന്‍റെ കേന്ദ്രം. അസോവ് തുറമുഖ നഗരം റഷ്യ പിടിച്ചെടുത്തു. തൊട്ടു പിറകെ കരിങ്കടലിൽ റഷ്യൻ പടക്കപ്പലായ മോസ്ക്വ യുക്രൈന്‍റെ മിസൈലാക്രമണത്തിൽ തകർന്ന് മുങ്ങി. റഷ്യൻ നേവിയുടെ അഭിമാനമായിരുന്ന മിസൈൽ വേദ കപ്പലാണ് യുക്രൈന്‍ മുക്കിയത്. 

മൂന്ന് മാസം നീണ്ട പോരാട്ടത്തിനൊടുവിൽ അസോവ് സ്റ്റീൽ പ്ലാന്‍റ് റഷ്യ പിടിച്ചെടുത്തു.  യുക്രൈൻ അതിർത്തി പ്രദേശങ്ങൾ എല്ലാം റഷ്യുടെ കീഴിലായി. ഡോണെസ്ക്, ലുഹാൻസെക്, സാപ്രോഷ്യയും റഷ്യയോട് ചേർത്തു.

എന്നാല്‍, റഷ്യയ്ക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ലായിരുന്നു. റഷ്യയെ ഞെട്ടിച്ച് യൂറോപ്പിലെ പ്രമുഖ രാജ്യത്തലവൻമാർ കീവിലെത്തി സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. അമേരിക്കയിൽ നിന്നടക്കം കൂടുതൽ ആയുധങ്ങളും എത്തി. റഷ്യൻ സൈന്യം യുക്രൈനിൽ തിരിച്ചടി നേരിടുന്നതായിരുന്നു പിന്നീടുള്ള കാഴ്ച. ഒസേഡയിലെ സനേക് ഐലൻഡ് യുക്രൈൻ തിരിച്ചു പിടിച്ചു.   

ക്രിമിയയിലെ റഷ്യയുടെ നാവിക താവളം തകർത്തു. ഖാർകീവിലും റഷ്യൻ സേനക്ക് തിരിച്ചടി നേരിട്ടു. ക്രിമിയയെയും റഷ്യയെയും ബന്ധിപ്പിക്കുന്ന പാലത്തിന് യുക്രൈൻ സേന ബോംബിട്ടു. റഷ്യ - ജർമനി വാതക പൈപ്പ് ലൈനും തകർന്നു. പിടിച്ച് നിൽക്കാനാവാതെ ഖെർസോണിൽ നിന്നും റഷ്യൻ സേന പിന്മാറി. എന്നാല്‍, പിന്മാറുമ്പോള്‍ യുക്രൈന്‍റെ വൈദ്യുത വിതരണ ശൃങ്കല തകർത്തു കൊണ്ടായിരുന്നു റഷ്യ മറുപടി നല്‍കിയത്. 

യുദ്ധം ഒരു വർഷം പിന്നിടുമ്പോൾ കീവ് വരേ ഇരച്ചെത്തിയ റഷ്യൻ സേന നിപ്പർ നദിയ്ക്കപ്പുറത്തേക്ക്  ഒതുങ്ങി എന്നതാണ് യാഥാർത്ഥ്യം. ആദ്യഘട്ടത്തിൽ റഷ്യ കീഴടക്കിയ സ്ഥലങ്ങളിൽ പകുതിയും യുക്രൈൻ തിരികെ പിടിച്ചു. ഒടുവിൽ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനെ വരെ കീഴിലെത്തിച്ച് യുക്രൈന്‍ തങ്ങളുടെ നയതന്ത്രക്കരുത്ത് തെളിയിച്ചു. 

Latest Videos

click me!