എഴുതാനായി ജനിച്ച ഒരാൾ, എം.ടി എന്ന മഹാപ്രതിഭ; എഴുത്തിന്റെ പെരുന്തച്ചാ, വിട...

First Published | Dec 26, 2024, 12:31 AM IST

ഒരാഴ്ചയിലധികമായി മലയാളികൾ‌ തീവ്രമായി ആ​ഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു ആ മടങ്ങി വരവിന്. പക്ഷേ, എല്ലാം വിഫലമായി, ആ മഹാപ്രതിഭ യാത്രയായി. പ്രിയപ്പെട്ട എഴുത്തുകാരാ വിട... 

മഹാപ്രതിഭയ്ക്ക് വിട

സാഹിത്യകാരനായും മാധ്യമ പ്രവർത്തകനായും തിരക്കഥാകൃത്തായും ചലച്ചിത്രസംവിധായകനായും അടയാളപ്പെടുത്തപ്പെട്ട പ്രതിഭ. എല്ലാ പ്രാർത്ഥനകളെയും ആ​ഗ്രഹങ്ങളെയും വിഫലമാക്കിക്കൊണ്ട് അദ്ദേഹം വിട പറഞ്ഞിരിക്കുന്നു -വേദനയോടെ മലയാളം എഴുത്തിന്റെ പെരുന്തച്ചന് വിട പറയുന്നു. വലിപ്പച്ചെറുപ്പങ്ങളില്ലാതെ ഓരോ മനുഷ്യനും വായിക്കാനാകുന്ന എഴുത്തുകാരനായിരുന്നു എം.ടി. അതുകൊണ്ടാവാം ഓരോ മലയാളിക്കും ഇഷ്ടപ്പെട്ട എഴുത്തുകാരനായി അദ്ദേഹം മാറിയതും. പുസ്തകങ്ങൾക്കൊപ്പം യാത്ര പോവുകയാണ് ഒരു വായനക്കാരൻ ചെയ്യുന്നത്. അങ്ങനെയെങ്കിൽ എംടിയുടെ എഴുത്തിന്റെ പരിസരങ്ങൾ ഓരോ വായനക്കാരനും പരിചിതമാവണം. വായനക്കാരും കഥാപാത്രം തന്നെയായി മാറുന്ന വൈകാരികമുഹൂര്‍ത്തങ്ങളാണ് അദ്ദേഹം എഴുത്തിലൂടെ തീർത്തത്. അല്ലെങ്കിൽ, കണ്ടുപരിചിതരായ ആരെപ്പോലെയോ എന്ന് മലയാളികൾ ആ കഥാപാത്രങ്ങളെ ഒരു വിങ്ങലോടെ നെഞ്ചോട് ചേർത്തു. 

(ചിത്രങ്ങൾ പുനലൂർ രാജൻ, അജിലാൽ)

പാലക്കാട്‌ ജനനം

1933 ജൂലൈ 15 -ന് പാലക്കാട്‌ ജില്ലയിലെ കൂടല്ലൂരിലാണ് എം ടി വാസുദേവൻ നായർ എന്ന മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായരുടെ, പ്രിയപ്പെട്ട എം.ടിയുടെ ജനനം. അച്ഛൻ ടി. നാരായണൻ, അമ്മ അമ്മാളുവമ്മ. എം.ടിയുടെ പിതാവ് സിലോണിലായിരുന്നു. 'നിന്റെ ഓർമ്മയ്ക്ക്' എം.ടിയുടെ ബാല്ല്യകാലത്തിന്റെ ഓർമ്മകൾ പിണഞ്ഞുകിടക്കുന്ന കഥയായിരുന്നു. 


അധ്യാപകനായ എം.ടി

പാലക്കാട് വിക്ടോറിയ കോളേജിൽ രസതന്ത്രമാണ് പഠിച്ചത്. ജോലി കിട്ടാനുള്ള സാധ്യത തന്നെയായിരുന്നു ഈ വിഷയം തെരഞ്ഞെടുക്കാനുള്ള കാരണം. പട്ടാമ്പി ബോർഡ് ഹൈസ്‌കൂളിലും ചാവക്കാട് ബോർഡ് ഹൈസ്‌കൂളിലും അധ്യാപകനായി ജോലി നോക്കി പഠനശേഷം അദ്ദേഹം. പിന്നീട്, ഒരു ട്യൂട്ടോറിയൽ കോളേജിലും അധ്യാപകനായി. തളിപ്പറമ്പിൽ ​ഗ്രാമസേവകനായി ജോലി കിട്ടിയെങ്കിലും ഉപേക്ഷിച്ച് തിരികെ വരികയായിരുന്നു. 

എം.ടിയെന്ന പത്രാധിപര്‍

പിന്നീടാണ് അദ്ദേഹം പത്രപ്രവർത്തകന്റെ വേഷമണിയുന്നത് -മാതൃഭൂമിയിൽ. മാതൃഭൂമിയിൽ വിവിധ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായ എം.ടി കോഴിക്കോടുകാരനായി. 1956 -ലാണ് അദ്ദേഹം ആഴ്ചപ്പതിപ്പിൽ സബ് എഡിറ്റർ ട്രെയിനിയാവുന്നത്. 1968 -ൽ അദ്ദേഹം ആഴ്ച്ചപ്പതിപ്പിന്റെ പത്രാധിപരായി. 81 -ലാണ് പത്രാധിപസ്ഥാനം രാജിവെച്ചത്. പിന്നീട് 89 -ൽ പീരിയോഡിക്കൽ എഡിറ്ററായി വീണ്ടും തിരികെയെത്തി. 99 -ലാണ് രാജി വയ്ക്കുന്നത്. 

‘വളർത്തുമൃഗങ്ങൾ’

സ്കൂൾ കാലഘട്ടത്തിൽ തന്നെ അദ്ദേഹം എഴുതിത്തുടങ്ങിയിരുന്നു. ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങുന്നത് ബിരുദത്തിന് പഠിക്കുമ്പോഴാണ്. 1954 -ൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ ‘വളർത്തുമൃഗങ്ങൾ’ എന്ന അദ്ദേഹത്തിന്റെ കഥ ഒന്നാം സ്ഥാനം നേടി. ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായിട്ടായിരുന്നു മത്സരം. ‘വളർത്തുമൃഗങ്ങൾ’ക്ക് ഒന്നാം സ്ഥാനം കിട്ടിയത് അദ്ദേഹത്തെ ശ്രദ്ധേയനാക്കി. പിന്നീട്, 'പാതിരാവും പകൽ‌വെളിച്ചവും' ഖണ്ഡശഃ പുറത്ത് വന്നു. 1958 -ലാണ് ആദ്യമായി നോവൽ പുസ്തകരൂപത്തിൽ പുറത്തുവരുന്നത്. അത് മലയാള സാഹിത്യത്തിലെ ക്ലാസിക് ആയ 'നാലുകെട്ട്' ആയിരുന്നു. 

എഴുതാനായി ജനിച്ച ഒരാള്‍

പിന്നീടാണ്, 1962 -ൽ അസുരവിത്ത്‌, 1964 -ൽ മഞ്ഞ്, 1969 -ൽ കാലം, 1978 -ൽ വിലാപയാത്ര, 1984 -ൽ രണ്ടാമൂഴം, 2002 -ൽ വാരണാസി എന്നീ നോവലുകൾ വരുന്നത്. ഇരുട്ടിന്റെ ആത്മാവ്‌, ഓളവും തീരവും, കുട്ട്യേടത്തി, വാരിക്കുഴി, പതനം, ബന്ധനം തുടങ്ങി അനേകം കഥകളും എഴുതി അദ്ദേഹം മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനായി മാറുകയായിരുന്നു. അദ്ദേഹം എഴുതിക്കൊണ്ടേയിരുന്നു- എഴുതാനായി ജനിച്ച ഒരാളെപ്പോലെ. കഥകളിൽ പലതും തിരക്കഥകളായി മാറി. ഓരോ കഥാപാത്രവും കാഴ്ചകളിലൂടെയും മലയാളിക്ക് പരിചിതരായി മാറുകയായിരുന്നു. അങ്ങനെ വായിക്കാത്തവരിലേക്ക് പോലും എംടിയുടെ കഥകളുടെ ആഴവും പരപ്പും വൈകാരികമുഹൂർത്തങ്ങളും കടന്നുചെന്നു. അനേകം പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. കേരള സാഹിത്യ അക്കാദമി അവാർഡ്, നിർമ്മാല്യത്തിന് മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം, നാലുതവണ മികച്ച തിരക്കഥക്കുള്ള ദേശീയപുരസ്കാരം, മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം എന്നിങ്ങനെ പല പുരസ്കാരങ്ങൾ. 

ജ്ഞാനപീഠം

1995 -ൽ ഭാരത സാഹിത്യരംഗത്തെ തന്നെ ഏറ്റവും ഉയർന്ന പുരസ്കാരമായ ജ്ഞാനപീഠം അദ്ദേഹത്തിന് ലഭിച്ചു. 2005 -ലാണ് രാജ്യം പത്മഭൂഷൺ നൽകി അ​ദ്ദേഹത്തെ ആദരിക്കുന്നത്. 2013 -ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ് നൽകി. സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌‍ക്കാരമായ പ്രഥമ കേരളജ്യോതി പുരസ്‌‍ക്കാരവും എം ടിക്ക് ലഭിച്ചു.

വിട...

11 ദിവസമായി എം.ടി ആശുപത്രിയിൽ കഴിയുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അന്നുമുതൽ മലയാളികൾ അദ്ദേഹത്തിന്റെ ആരോ​ഗ്യത്തിനും ആയുസിനും വേണ്ടി പ്രാർത്ഥിക്കുകയും തീവ്രമായി ആ​ഗ്രഹിക്കുകയും ചെയ്തു. എന്നാൽ, അതെല്ലാം വിഫലമായി മാറുകയും അദ്ദേഹം വിട പറയുകയും ചെയ്തു. ഇനിയിവിടെ ഇങ്ങനെയൊരാളില്ല. ബാഹ്യമായ ഒരലങ്കാരങ്ങളും ആഘോഷങ്ങളും ഭ്രമിപ്പിച്ചിട്ടില്ലാത്ത ആ വലിയ മനുഷ്യൻ ഓർമ്മയായി. എഴുത്തിന്റെ പെരുന്തച്ചാ, വിട.

(ചിത്രങ്ങൾ പുനലൂർ രാജൻ, അജിലാൽ)

Latest Videos

click me!