പട്ടാള വെടിവയ്പ്പിൽ ശനിയാഴ്ച മാത്രം കൊല്ലപ്പെട്ടത് നൂറോളം പേർ, വീട്ടിൽക്കയറി കുഞ്ഞുങ്ങളെപ്പോലും വെടിവച്ചു

First Published | Mar 28, 2021, 11:18 AM IST

മ്യാൻമറിൽ ശനിയാഴ്ച നടന്ന മരണത്തിൽ 'വാഷിംഗ്ടൺ ഞെട്ടിയിരിക്കുകയാണ്' എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. കഴിഞ്ഞ മാസമാണ് രാജ്യം സൈന്യം ഏറ്റെടുത്തത്. അതിനുശേഷമുള്ള ഏറ്റവും ഭീകരമായ ദിവസമായിരുന്നു ശനിയാഴ്ച. പ്രതിഷേധത്തിനിടെ ഡസൻ കണക്കിന് ആളുകളെയാണ് സുരക്ഷാസേന കൊന്നുകളഞ്ഞത്. നൂറിലധികം പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകും എന്നാണ് കണക്കാക്കുന്നത്. എന്താണ് മ്യാൻമറിൽ സംഭവിക്കുന്നത്. 

"ചുരുക്കം ചിലരെ സേവിക്കാനായിട്ടാണ് ഭരണകൂടം ജനങ്ങളുടെ ജീവൻ ബലിയർപ്പിക്കുന്നത്" എന്ന് ബ്ലിങ്കണ്‍ പറഞ്ഞു. "ബർമയിലെ ധീരരായ ആളുകൾ സൈന്യത്തിന്റെ ഭീകരഭരണത്തെ നിരസിക്കുകയാണ്" എന്നും ബ്ലിങ്കണ്‍ പറയുന്നു. സുരക്ഷാസേന നിരായുധരായ മനുഷ്യരെ കൊന്നുതള്ളുകയാണ് എന്ന് യുഎസ് എംബസി പറയുന്നു.
മ്യാൻമറിലേക്കുള്ള യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘം ഔദ്യോഗികമായി സായുധ സേനാ ദിനമായ ശനിയാഴ്ച "ഭീകരതയുടെയും അപമാനത്തിന്റെയും ദിനമായി ഈ ദിനം കൊത്തിവച്ചിരിക്കും" എന്നാണ് പറഞ്ഞത്. യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞത്, “ഞാൻ വളരെയധികം ഞെട്ടിയിരിക്കുകയാണ്” എന്നാണ്. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ഇതിനെ 'ഏറ്റവും നിരാശാജനകമായത്' എന്നാണ് വിശേഷിപ്പിച്ചത്.

ശനിയാഴ്ച മുന്നറിയിപ്പുകള്‍ അവഗണിച്ച് കുട്ടികളടക്കം ജനങ്ങള്‍ പ്രതിഷേധവുമായി നഗരങ്ങളിലും തെരുവുകളിലും ഇറങ്ങിയതാണ് കൊലയില്‍ കലാശിച്ചത്. 'അസിസ്റ്റന്‍സ് അസോസിയേഷന്‍ ഫോര്‍ പൊളിറ്റിക്കല്‍ പ്രിസണേഴ്സ്' പറയുന്നത് ചുരുങ്ങിയത് 91 പേരെങ്കിലും ശനിയാഴ്ച മാത്രം കൊല്ലപ്പെട്ടു എന്നാണ്. മരണസംഖ്യ ഇതിലും കൂടാനാണ് സാധ്യത എന്നാണ് പ്രാദേശിക ചാനലുകള്‍ പറയുന്നത് എന്ന് ബിബിസി എഴുതുന്നു.
'പക്ഷികളെയും കോഴികളെയും കൊല്ലുന്നത് പോലെയാണ് പട്ടാളം ജനങ്ങളെ കൊന്നുതള്ളുന്നത്, അതും വീട്ടില്‍ക്കേറിപ്പോലും കൊല്ലുകയാണ്' എന്ന് പ്രദേശവാസി റോയിട്ടേഴ്സിനോട് പറഞ്ഞു. എന്നാല്‍, ഇതിനെയെല്ലാം അവഗണിച്ചുകൊണ്ട് തങ്ങള്‍ പ്രതിഷേധം തുടരുമെന്നും ജനങ്ങള്‍ പറയുന്നു. ഫെബ്രുവരി ഒന്ന് മുതലിങ്ങോട്ടായി 400 പേരെ പട്ടാളം വധിച്ചു കഴിഞ്ഞു.
ശനിയാഴ്ച എന്താണ് സംഭവിച്ചത്? മ്യാന്‍മറിലെങ്ങുമായി ശനിയാഴ്ച ജനങ്ങള്‍ പ്രതിഷേധങ്ങളുമായി ഒത്തുകൂടി. അതിന് തലേദിവസം വൈകുന്നേരം സ്റ്റേറ്റ് ടിവി ഒരു അറിയിപ്പ് സംപ്രേഷണം ചെയ്തിരുന്നു, 'നേരത്തേയുള്ള മരണങ്ങളുടെ ദുരന്തത്തിൽ നിന്ന് ആളുകൾ പഠിക്കണം, തലയ്ക്കും പിന്നിലും വെടിയേറ്റാൽ നിങ്ങൾക്ക് അപകടമുണ്ടാകാം' എന്നായിരുന്നു അറിയിപ്പ്. റാലികള്‍ തടയാന്‍ സൈന്യവും സുസജ്ജമാവുകയായിരുന്നു. സാമൂഹികമാധ്യമങ്ങളില്‍ പങ്കുവയ്‍ക്കപ്പെട്ടിരിക്കുന്ന ചിത്രങ്ങളില്‍ വെടിയേറ്റുള്ള മുറിവുകളുള്ളവരെയും അവരുടെ കുടുംബം കരയുന്നതും കാണാം.
'യാതൊരു വിധ പരിധികളോ, തത്വങ്ങളോ ഇല്ലാതെയാണ് സൈന്യം പെരുമാറിക്കൊണ്ടിരിക്കുന്നത്' എന്ന് യുകെ -യിലെ ബര്‍മ ഹ്യുമന്‍ റൈറ്റ്സ് നെറ്റ്‍വര്‍ക്ക് ഡയറക്ടര്‍ പറഞ്ഞു. 'ഇനിയും ഇതിനെ ഒരു അടിച്ചമര്‍ത്തലായി കാണാന്‍ പറ്റില്ല, ഇത് കൂട്ടക്കൊല തന്നെയാണ്' എന്ന് ക്യാവ് വിന്‍ പറഞ്ഞു.
40 ഇടങ്ങളിലെങ്കിലും തത്സമയ വെടിവെപ്പ് നടന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രാദേശിക മാധ്യമമായ മ്യാന്‍മര്‍ നൗ ശനിയാഴ്ച 114 മരണങ്ങളെങ്കിലും നടന്നിരിക്കും എന്ന് പറയുന്നു. വലിയ തരത്തിലുള്ള മരണങ്ങളും നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട് എന്ന് ഐക്യരാഷ്ട്ര സഭയും പറയുന്നു.
മാഗ്‌വേ, മൊഗോക്ക്, ക്യാക്പാഡാങ്, മയാങ്കോൺ നഗരങ്ങളിലും ടൗൺഷിപ്പുകളിലും നടന്ന പ്രതിഷേധക്കാരുടെ മരണത്തെക്കുറിച്ച് സാക്ഷികള്‍ ബിബിസി ബർമീസിനോട് പറഞ്ഞു. യാങ്കോണിലും രണ്ടാമത്തെ വലിയ നഗരമായ മണ്ടാലെയുടെ തെരുവുകളിലും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അവിടെ പ്രതിഷേധക്കാർ എൻ‌എൽ‌ഡിയുടെ പതാക വഹിക്കുകയും അവരുടെ പരമ്പരാഗത സ്വേച്ഛാധിപത്യ വിരുദ്ധ മൂന്നുവിരൽ സല്യൂട്ട് നൽകുകയും ചെയ്തു. നേരത്തെയും സമാനമായ പ്രതിഷേധങ്ങൾ നടന്നിരുന്നു.
എന്നാല്‍, പട്ടാളം ഇതുവരെ കൊലപാതകങ്ങളെ കുറിച്ച് പ്രതികരിച്ചിട്ടില്ല. സായുധ സേനാ ദിനത്തില്‍ ടിവി പ്രസംഗത്തിൽ പട്ടാള നേതാവ് മിൻ ഔങ് ഹേലിംഗ് പറഞ്ഞത്, 'ജനാധിപത്യം സംരക്ഷിക്കുന്നതിന് സൈന്യം മുഴുവൻ രാജ്യവുമായി കൈകോർക്കാൻ ആഗ്രഹിക്കുന്നു' എന്നാണ്. 'ആവശ്യങ്ങൾ ഉന്നയിക്കുന്നതിന് സ്ഥിരതയെയും സുരക്ഷയെയും ബാധിക്കുന്ന അക്രമപ്രവർത്തനങ്ങൾ അനുചിതമാണ്' എന്നും സൈന്യത്തിന്‍റെ നേതാവ് പറഞ്ഞു.
കൊല്ലപ്പെട്ടവരില്‍ കുഞ്ഞുങ്ങളും: ഫെബ്രുവരി ഒന്ന് മുതല്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരില്‍ കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നു. പതിനാലുകാരിയായ പാന്‍ എയ് പ്യൂവിന്‍റെ അമ്മ പറയുന്നത്, പട്ടാളം തങ്ങളുടെ തെരുവിലേക്ക് വരുന്നത് കണ്ടപ്പോള്‍ തന്നെ വാതിലടക്കാന്‍ ഓടിയിരുന്നു. പക്ഷേ, അപ്പോഴേക്കും വൈകിപ്പോയി. ഒരുനിമിഷത്തിനുശേഷം അവര്‍ക്ക് അവരുടെ മകളുടെ രക്തത്തില്‍ കുളിച്ച ശരീരം താങ്ങേണ്ടി വന്നു. ആദ്യം മകള്‍ തളര്‍ന്നു വീഴുകയാണ് എന്നാണ് കരുതിയത്. എന്നാല്‍, പിന്നീടാണ് ശരീരത്തില്‍ രക്തം കാണുന്നത്. പട്ടാളത്തിന്‍റെ വെടിയേറ്റ് അവള്‍ കൊല്ലപ്പെട്ടു.
തെരുവില്‍ കാണുന്ന ആരെയും വെടിവയ്ക്കാന്‍ സജ്ജമായിരുന്നു ശനിയാഴ്ച സൈന്യം എന്ന് തന്നെയാണ് മനസിലാവുന്നത്. യുദ്ധങ്ങളിലുപയോഗിക്കുന്ന ആയുധങ്ങളുമായിട്ടാണ് ശനിയാഴ്ച സൈന്യം തെരുവിലേക്കിറങ്ങിയത്. പട്ടാളം അട്ടിമറിയിലൂടെ ഭരണം കൈക്കലാക്കിയ അന്ന് മുതലുള്ള കൊല പരിശോധിച്ചാല്‍ ഇതിലും തീവ്രമായ കൊലയ്ക്ക് രാജ്യം സാക്ഷ്യം വഹിക്കേണ്ടി വരും എന്നാണ് മനസിലാവുന്നത്. ജനങ്ങളും ഉറപ്പിച്ച് തന്നെയാണ് നില്‍ക്കുന്നത് എന്നാണ് മനസിലാക്കാനാവുന്നത്.
'ജനങ്ങള്‍ക്ക് സുരക്ഷയും സ്ഥിരതയയും ഉറപ്പ് വരുത്താനാണ് തങ്ങള്‍ പരിശ്രമിക്കുന്നത്' എന്നാണ് സൈന്യം പറയുന്നത്. എന്നാല്‍, ഏറിയ പങ്കും യുവാക്കളങ്ങുന്ന തെരുവിലേക്കിറങ്ങുന്ന ജനങ്ങള്‍ പറയുന്നത് 'പട്ടാളത്തിന്‍റെ സ്വേച്ഛാധിപത്യ ഭരണം അവസാനിപ്പിക്കുന്നത് വരെ സമരം തുടരും' എന്നാണ്. വരും ദിവസങ്ങളിലെന്ത് സംഭവിക്കും എത്രപേര്‍ കൊല്ലപ്പെടുമെന്ന അനിശ്ചിതത്വത്തില്‍ തുടരുകയാണ് മ്യാന്‍മര്‍.

Latest Videos

click me!