ക്ലിന്റൺ മുതൽ ബൈഡൻ വരെ: അഞ്ച് അമേരിക്കൻ പ്രസിഡണ്ടുമാരുമായും ഒദ്യോഗിക കൂടിക്കാഴ്ച നടത്തിയ ഒറ്റ റഷ്യൻ നേതാവ്

First Published | Jun 17, 2021, 4:58 PM IST

അഞ്ച് അമേരിക്കൻ പ്രസിഡണ്ടുമാരുമായും ഭരണത്തിലിരിക്കെ കൂടിക്കാഴ്ച നടത്താൻ സാധിച്ച ഒരേയൊരു റഷ്യൻ പ്രസിഡണ്ടായിരിക്കും പുടിൻ. പുതുതായി അധികാരത്തിലേറിയ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനുമായും ജനീവ സമ്മിറ്റിൽ പുടിൻ കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. അതോടെ, ക്ലിന്റൻ മുതൽ ബൈഡൻ വരെ നീളുന്നു ആ പട്ടിക. സൗഹൃദത്തിലും വിയോജിപ്പിലും തെളിഞ്ഞും ഉലഞ്ഞും പോകുന്ന ബന്ധമാണ് കാലങ്ങളായി റഷ്യയും അമേരിക്കയും തമ്മിൽ. ഇക്കഴിഞ്ഞ കാലങ്ങളിൽ റഷ്യൻ പ്രസിഡണ്ട് നടത്തിയ കൂടിക്കാഴ്ച ഇതാണ്. 

പുടിന്‍- ബില്‍ ക്ലിന്‍റൺ: 1999 ഓഗസ്റ്റിൽ റഷ്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം നവംബറിലാണ് നോർവേയിലെ ഓസ്ലോയിൽ ക്ലിന്റനുമായി പുടിന്‍ ആദ്യ കൂടിക്കാഴ്ച നടത്തുന്നത്. ചെച്‌നിയയിൽ റഷ്യൻ സൈന്യത്തിന്റെ സാന്നിധ്യത്തെ കുറിച്ചായിരുന്നു അന്ന് ഇരുവരും സംസാരിച്ചത്. പിന്നീട് രണ്ടായിരത്തില്‍ മോസ്കോയില്‍ വച്ചും ഇരുവരും കണ്ടുമുട്ടി. അത് പ്രസിഡണ്ടായിട്ടുള്ള ക്ലിന്‍റന്‍റെ അവസാന വര്‍ഷവും പുടിന്‍ റഷ്യയുടെ പ്രസിഡണ്ടായ കാലവുമായിരുന്നു. യുഎസ് തുടങ്ങാന്‍ പദ്ധതിയിട്ട നാഷണല്‍ മിസൈല്‍ ഡിഫന്‍സ് സിസ്റ്റത്തെ കുറിച്ചായിരുന്നു അന്നത്തെ സംസാരം. രണ്ടുപേരും വിളിച്ച പത്രസമ്മേളനമായിരുന്നിട്ടും ഇരുവരും പരസ്പരം നോക്കുകയോ ചിരിക്കുകയോ ചെയ്തിട്ടില്ലായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
പുടിന്‍- ജോര്‍ജ്ജ് ഡബ്ല്യു ബുഷ്: ബുഷ് അധികാരമേറ്റ ശേഷം ആദ്യമായി 2001 -ലെ സ്ലൊവേനിയ സമ്മിറ്റിലാണ് രണ്ടുപേരും കാണുന്നത്. 'പുടിന്റെ കണ്ണിൽ നോക്കിയാല്‍ മതി അദ്ദേഹത്തിന്‍റെ ആത്മാവ് കാണാം, തനിക്ക് അതിന് കഴിഞ്ഞു' എന്നും ബുഷ് പറഞ്ഞത് ഈ കൂടിക്കാഴ്ചയിലാണ്. 'അദ്ദേഹം തന്റെ രാജ്യത്തോടും രാജ്യത്തിന്റെ കാര്യങ്ങളിലും അഗാധമായ പ്രതിബദ്ധതയുള്ള ആളാണ്, അദ്ദേഹത്തിന്‍റെ തുറന്ന സംഭാഷണത്തെ ഞാൻ വളരെയധികം അഭിനന്ദിക്കുന്നു, അതാണ് വളരെ ക്രിയാത്മക ബന്ധത്തിന്റെ ആരംഭം' എന്നും അന്ന് ബുഷ് പുടിനെക്കുറിച്ച് പറഞ്ഞു.

പിന്നീട് 2001 -ൽ ബുഷ് പുടിനെ ടെക്സസിലെ ക്രോഫോർഡിലേക്ക് കൊണ്ടുവന്നു. അവിടെയായിരുന്നു അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ കൃഷിസ്ഥലം. സന്ദർശനവേളയിൽ ഇരുവരും ടെക്സസ് ഹൈസ്കൂൾ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി. മൂന്ന് ദിവസത്തെ ഉച്ചകോടിക്ക് ശേഷം യുഎസിന്റെയും റഷ്യയുടെയും ആണവ ശേഖരം കുറയ്ക്കാൻ ഇരുവരും സമ്മതിച്ചു. മറ്റ് നേതാക്കള്‍ക്കൊപ്പം പലവിധ കൂടിക്കാഴ്ചകളും പിന്നീടും ഉണ്ടായെങ്കിലും 2007 -ല്‍ മെയ്നില്‍ കെന്നെബങ്ക്പോർട്ടില്‍ അവര്‍ വീണ്ടും കണ്ടുമുട്ടി. ഫാമിലി കോമ്പൗണ്ട് സന്ദർശിക്കുന്നതിനിടയിൽ, ബുഷും പുടിനും മത്സ്യബന്ധനത്തിന് പോവുകയും പോളണ്ടിലെയും ചെക്ക് റിപ്പബ്ലിക്കിലെയും സൈനിക പ്രതിരോധ സംവിധാനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.
പുടിന്‍- ഒബാമ: ജൂലൈ 2009 -ലാണ് ആദ്യമായി പുടിനും ഒബാമയും കാണുന്നത്. 'പ്രതീക്ഷ നല്‍കുന്ന സന്ദര്‍ശനം' എന്നാണ് അന്ന് യോഗം കഴിഞ്ഞ് പുറത്തുവന്ന ഒബാമ പറഞ്ഞത്. 'യുഎസ് -റഷ്യ ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള കനത്ത കാല്‍വെയ്പാണ് ഇതെ'ന്ന് ഒബാമ പറയുകയുണ്ടായി. പിറ്റേവര്‍ഷം രണ്ട് നേതാക്കളും ചേര്‍ന്ന് 'ന്യൂ സ്റ്റാര്‍ട്ട് ട്രീറ്റി' ഒപ്പുവച്ചു. രാജ്യങ്ങളുടെ ആണവായുധ ശേഖരം കുറയ്ക്കുക എന്നതായിരുന്നു ഇതിന്‍റെ പിന്നില്‍. എന്നാല്‍, പിന്നീട് പ്രസിഡണ്ടുമാര്‍ തമ്മില്‍ വിയോജിപ്പുകളുണ്ടായി. 2013 ജൂണിൽ വടക്കൻ അയർലണ്ടിൽ നടന്ന ജി 8 ഉച്ചകോടിയിൽ ഇരുനേതാക്കളും വീണ്ടും കണ്ടുമുട്ടി. ഒബാമ രണ്ടാമതും പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ശേഷമായിരുന്നു ഇത്. സിറിയയിലെ സംഘർഷത്തെക്കുറിച്ച് അവർ ചർച്ച ചെയ്തു. ആണവായുധങ്ങൾ ലഭിക്കുന്നതിൽ നിന്ന് ഇറാനെയും ഉത്തര കൊറിയയെയും തടയുന്നതിൽ പുടിനും ഒബാമയ്ക്കും സമാനമായ താൽപ്പര്യങ്ങളുണ്ടായിരുന്നു.
അതിനിടെ തീരുമാനിച്ചിരുന്ന ഒരു കൂടിക്കാഴ്ച ഒബാമ ഒഴിവാക്കി. ക്ലാസിഫൈഡ് ഡോക്യുമെന്‍റുകള്‍ ചോര്‍ത്തിയെന്ന കുറ്റം ചുമത്തപ്പെട്ട മുന്‍ എന്‍എസ്എ കോണ്‍ട്രാക്ടര്‍ എഡ്വാര്‍ഡ് സ്നോഡന് റഷ്യ അഭയം നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇത്. ഇതോടെ രണ്ട് രാജ്യങ്ങളും തമ്മിലുള്ള അകല്‍ച്ച വര്‍ധിച്ചു. അനധികൃതമായി ക്രിമിയ പിടിച്ചടക്കിയതിന് 2014 -ൽ റഷ്യയെ ജി8 -ൽ നിന്ന് പുറത്താക്കിയ ശേഷം, ഒബാമയും പുടിനും നോർമാണ്ടിയിൽ നടന്ന ഡി-ഡേയുടെ 70-ാം വാർഷികത്തിലാണ് പിന്നെ കാണുന്നത്. പിന്നീട് പല അനൗദ്യോഗിക കൂടിക്കാഴ്ചകളും ഉണ്ടായെങ്കിലും ഔദ്യോഗികമായി ഇരുവരും കാണുന്നത് 2015 -ലെ യുഎന്‍ -ന്‍റെ മീറ്റിംഗിലാണ്. സിറിയയിലെയും ഉക്രൈയിനിലെയും സൈനികനടപടിയെ കുറിച്ചാണ് ഇരുവരും സംസാരിച്ചത്. ഇരുവരുടെയും അവസാനത്തെ കൂടിക്കാഴ്ച ഒബാമ വൈറ്റ് ഹൌസില്‍ നിന്നും പടിയിറങ്ങുന്നതിന് മുമ്പായി ബെയ്ജിംഗില്‍ നടന്ന ജി20 സമ്മിറ്റിലാണ്. സിറിയയിലെ വെടിനിര്‍ത്തലും സമാധാനവുമാണ് അന്ന് ചര്‍ച്ച ചെയ്യപ്പെട്ടത്.
പുടിനും ട്രമ്പും: 2017 ജൂലൈയിൽ ജർമ്മനിയിലെ ഹാംബർഗിൽ നടന്ന ജി 20 ഉച്ചകോടിയിലാണ് ഇരുവരും ആദ്യകൂടിക്കാഴ്ച നടത്തുന്നത്. 'നന്നായി പോകുന്നു' എന്നാണ് ചര്‍ച്ചയെ കുറിച്ച് ട്രംപ് സൂചിപ്പിച്ചത്. ഡിന്നര്‍ സമയത്ത് ഇരുവരും റഷ്യന്‍ കുട്ടികളെ അമേരിക്കന്‍ മാതാപിതാക്കള്‍ ദത്തെടുക്കുന്നതിനെ കുറിച്ചാണ് സംസാരിച്ചത്. 2012 -ലെ 'മാഗ്നിറ്റ്സ്കി നിയമം' റദ്ദാക്കാൻ യുഎസ് സർക്കാരിനെ സമ്മർദ്ദത്തിലാക്കാനുള്ള തന്റെ നിരന്തരമായ ശ്രമത്തിന്റെ ഭാഗമായാണ്, ദത്തെടുക്കൽ വിഷയം പുടിൻ അവതരിപ്പിച്ചത്. നിയമത്തിനെതിരെയുള്ള പ്രതികാരമായി പുടിൻ റഷ്യൻ കുട്ടികളെ ദത്തെടുക്കുന്നത് നിരോധിച്ചിരുന്നു.
ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെയും അവർ കൂടിക്കാഴ്ച നടത്തി. ശേഷം 2016 -ലെ യുഎസ് തെരഞ്ഞെടുപ്പിൽ റഷ്യ ഇടപെടുന്നില്ലെന്ന് പറഞ്ഞപ്പോൾ താൻ പുടിനെ വിശ്വസിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. ട്രംപും പുടിനും 2018 ജൂലൈയിൽ ഫിൻ‌ലാൻഡിലെ ഹെൽ‌സിങ്കിയിൽ കണ്ടുമുട്ടി. അന്ന് റഷ്യയുടെ തെരഞ്ഞെടുപ്പിലുള്ള ഇടപെടലുകളെ കുറിച്ചുള്ള ഇന്‍റലിജെന്‍സ് ഏജന്‍സികളുടെ കണ്ടെത്തലില്‍ തനിക്ക് സംശയമുണ്ട് എന്ന് ട്രംപ് പറഞ്ഞത് വാര്‍ത്തയായി. എന്നാല്‍, പിറ്റേന്ന് അത് അറിയാതെ സംഭവിച്ചതാണ് എന്ന് ട്രംപ് പറയുകയായിരുന്നു.
പുടിനും ബൈഡനും: അമേരിക്കയും റഷ്യയും തമ്മിൽ പലവിധത്തിലുള്ള ആശയസംഘർഷങ്ങളും നിലനിൽക്കുന്നതിനിടെയാണ് അമേരിക്ക, റഷ്യ പ്രസിഡണ്ടുമാർ കൂടിക്കാഴ്ച നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്. എന്നാൽ, രാജ്യങ്ങളുടെ ബന്ധം തകരാതിരിക്കാനും നന്നായി മുന്നോൗട്ട് പോകാനുമുള്ള ശ്രമങ്ങൾ നടക്കുന്നു എന്നാണ് വൈറ്റ് ഹൗസിൽ നിന്നും കിട്ടുന്ന വിവരം.
2036 വരെ തുടരുമോ പുടിൻ? 2024 -ലാണ് നിലവിലുള്ള പുടിന്റെ പ്രസിഡണ്ട് കാലാവധി കഴിയുന്നത്. എന്നാൽ, 2036 വരെ പുടിനെ തന്നെ ഭരണത്തിൽ തുടരാൻ അനുവദിക്കുന്ന ബില്ലിൽ ഒപ്പുവച്ചതോടെ ഇനി നീണ്ട കാലത്തേക്ക് റഷ്യയ്ക്ക് മറ്റൊരു പ്രസിഡണ്ട് ഉണ്ടാവാൻ സാധ്യതയില്ല. അങ്ങനെ ആണെങ്കിൽ ഒരു മൂന്ന് അമേരിക്കൻ പ്രസിഡണ്ടുമാരുമായിക്കൂടി പുടിന് കൂടിക്കാഴ്ച നടത്താനായേക്കും.
ജീവിതരീതി കൊണ്ടും ഫിറ്റ്‍നെസിലെ അമിതശ്രദ്ധകൊണ്ടുമെല്ലാം ശ്രദ്ധിക്കപ്പെട്ട നേതാവാണ് പുടിൻ. എന്തൊക്കെ സംഭവിച്ചാലും ഇതിലൊന്നും വിട്ടുവീഴ്ചയില്ലെന്നാണ് റഷ്യൻ നേതാവിന്റെ പക്ഷം. നേരത്തെ സൈബീരിയയിൽ അവധിയാഘോഷിക്കുന്ന പുടിന്റെ അനേകചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു. ഏതായാലും ലോകത്തിലെ രണ്ട് പ്രധാന നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചയെ മറ്റ് രാജ്യങ്ങളും ആകാംക്ഷയോടെയാണ് കാണുന്നത്.

Latest Videos

click me!