King of Piel: പീൽ ദ്വീപില്‍ പബ് മാനേജരുടെ ഒഴിവ്; തെരഞ്ഞെടുക്കപ്പെട്ടാല്‍ നിങ്ങള്‍ തന്നെ 'രാജാവ്'

First Published | Dec 23, 2021, 11:45 AM IST

മാഞ്ചസ്റ്ററിൽ  നിന്ന് ഏകദേശം 100 കിലോമീറ്റർ വടക്ക്-പടിഞ്ഞാറ് മാറി മോർകാംബെ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന പീൽ ഐലൻഡിലെ (Piel Island) ഷിപ്പ് ഇന്‍ (Ship inn) എന്ന പബ്ബിന് പുതിയ മാനേജര്‍ക്കുള്ള അപേക്ഷ ക്ഷണിക്കാനുള്ള തയ്യാറെടുപ്പിലാണ് ബാരോ ബറോ കൗൺസിൽ (arrow Borough Council). ഇംഗ്ലണ്ടിന്‍റെ വടക്ക് പടിഞ്ഞാറൻ തീരത്തുള്ള 20 ഹെക്ടർ ( 50 ഏക്കര്‍) വലുപ്പമുള്ള ചെറിയ ദ്വീപായ പീൽ ദ്വീപിലെ ഒഴിവുകള്‍ അടുത്ത വര്‍ഷത്തോടെ നികത്താനുള്ള ശ്രമത്തിലാണ് ദ്വീപ് നടത്തിക്കുന്ന കമ്പനി. കുംബ്രിയ തീരത്ത് ബാരോ-ഇൻ-ഫർനെസിന് സമീപം സ്ഥിതിചെയ്യുന്ന പീൽ ദ്വീപിന്‍റെ മാനേജരായി നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍, പിന്നെ നിങ്ങളായിരിക്കും ആ ദ്വീപിലെ രാജാവും. 

പബ് മാനേജരായി തെരഞ്ഞെടുക്കപ്പെടുന്നയാളുടെ കിരീടധാരണം ചെയ്യാൻ, ഹെൽമറ്റ് ധരിപ്പിക്കുകയും പുരാതന വാളുമായി പുരാതനമായൊരു കസേരയിൽ ഇരുത്തി തലവഴി ബിയർ ഒഴിക്കുകയും ചെയ്യണമെന്ന് പീല്‍ ദ്വീപന്‍റെ പാരമ്പര്യം അനുശാസിക്കുന്നു. ദ്വീപിന്‍റെ മുൻ ജന്മിയും രാജാവുമായിരുന്ന സ്റ്റീവ് ചാറ്റവേ, തന്‍റെ 13 വർഷത്തെ പബ്ബിന്‍റെ ചുമതലയില്‍ നിന്ന് കഴിഞ്ഞ മാര്‍ച്ചില്‍ വിരമിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഇപ്പോള്‍ കമ്പനി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

14-ആം നൂറ്റാണ്ടിലെ ഒരു കോട്ടയും ഈ ദ്വീപിലുണ്ട്. ലോക്ക്ഡൗണുകൾക്കും കോവിഡ് -19 നും ശേഷം ജൂലൈയിൽ പബ് വീണ്ടും തുറന്നപ്പോൾ, പീൽ ഐലൻഡ് പബ് കമ്പനി എന്ന താൽക്കാലിക പങ്കാളിത്തത്തിലാണ്  ദ്വീപിന്‍റെ കാര്യങ്ങള്‍ നടത്തിയത്. എന്നാല്‍ കൊവിഡ് പ്രതിസന്ധി ഒഴിയന്നതോടെ അടുത്ത ജനുവരി മുതല്‍ വീണ്ടും ഒരു സ്ഥിരം ഭൂവുടമയെ അന്വേഷിക്കുകയാണ് ദ്വീപിന്‍റെ ഉടമകളായ ബാരോ ബറോ കൗൺസിൽ. 


പബ് ഉടമയായി തെരഞ്ഞെടുക്കപ്പെടുന്നയാളിന് അടുത്ത വർഷം ആദ്യം ജോലി ഏറ്റെടുക്കാം. പബ് നടത്തുന്നതിനൊപ്പം, പുതിയ ഭൂവുടമ ദ്വീപ് തന്നെ കൈകാര്യം ചെയ്യുകയും പരിപാലിക്കുകയും വേണമെന്ന് നിര്‍ബന്ധമാണ്. ഓരോ കിരീടധാരണത്തിലും, സ്ഥാനമൊഴിയുന്ന രാജാവ് സ്ഥാനമേറ്റെടുക്കുന്ന രാജാവിനെ കിരീടമണിയിക്കും. എന്നാല്‍ ഒരിക്കല്‍ പോലും ഒരു രാജ്ഞി ദ്വീപിനെ ഭരിച്ചിട്ടില്ല. പീയൽ ദ്വീപിലെ പുതിയ നൈറ്റ്‌സിനെ തെരഞ്ഞെടുക്കുന്നത് രാജാവിന്‍റെ സ്ഥാനാരോഹണ ചടങ്ങിലൂടെയാണ്. 

'നിങ്ങളുടെ മനസ്സിൽ പതിഞ്ഞിരിക്കട്ടെ, നിങ്ങൾ ഒരു സ്വതന്ത്ര മദ്യപാനിയും, മിതമായ പുകവലിക്കാരനും, എതിർലിംഗത്തിലുള്ളവരുടെ തീവ്ര കാമുകനും ആയിരിക്കണം.' എന്ന ദ്വീപിന്‍റെ നിയമാവലി സ്ഥാനാരോഹണ ചടങ്ങിനിടെ വായിക്കുന്നു. ഈ സമയമത്രയും നൈറ്റ്സ് തങ്ങളുടെ വാളുകള്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കും.  ദ്വീപിൽ  'കോഴിപ്പോർ, പ്രാവിനെ വെടിവയ്ക്കൽ' എന്നിവ തടയാൻ രാജാവിനെ സഹായിക്കാനും നൈറ്റ് ബാധ്യസ്ഥനാണ്.

എന്നാല്‍ അത്രയെളുപ്പമല്ല കാര്യങ്ങള്‍. ഷിപ്പ് ഇന്നിന്‍റെ പുതിയ മാനേജര്‍ക്ക് അഥവാ രാജാവിന് അനിശ്ചിതമായ  കാലാവസ്ഥയെ നേരിടേണ്ടിവരും.  ദ്വീപിലെ എട്ട് കോട്ടേജുകളിൽ ഏകദേശം 10 ആളുകൾക്ക് മാത്രമേ താമസിക്കുവാന്‍ കഴിയൂ. ഒറ്റപ്പെടലായിരിക്കും മിക്കപ്പോഴും നിങ്ങളെ കാത്തിരിക്കുന്നത്. 

ജോലി ലഭിക്കുന്നവർക്ക് 'വലിയ അർപ്പണബോധം' ആവശ്യമാണെന്ന് ലോക്കൽ ഗൈഡ് ജോൺ മർഫി ഗാർഡിയനോട് പറയുന്നു. 'നിങ്ങൾ പീല്‍  ദ്വീപിലായിരിക്കുമ്പോൾ , ഒരു റൊട്ടിക്കായി നിങ്ങൾക്ക് ടെസ്‌കോയിലേക്ക് കടക്കാൻ കഴിയില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'നിങ്ങൾക്ക് അർപ്പണബോധവും ഒറ്റപ്പെടലിനും സമാധാനത്തിനും സ്വസ്ഥതയ്ക്കും വേണ്ടി ശക്തമായ അഭിനിവേശവും ഉണ്ടായിരിക്കണം. ഇതിന് ഒരു പ്രത്യേക വ്യക്തിത്വം ആവശ്യമാണ്.' അത് തന്നെയാണ് ഈ ജോലിയുടെ ഏറ്റവുിം വലിയ പ്രത്യേകതയും. 

ഏപ്രിൽ മുതൽ സെപ്തംബർ വരെ ബോട്ട്  സര്‍വ്വീസ് ഉണ്ടാകും. അല്ലെങ്കില്‍ വേലിയേറ്റം കുറവുള്ളപ്പോൾ കാൽനടയായോ ദ്വീപിലെത്താം. എല്ലാ ദിശകളിലും ദ്വീപില്‍ നിന്ന് മനോഹരമായ കാഴ്ചകൾ ഉണ്ട്.  'പീൽ ദ്വീപിന്‍റെ അടുത്ത രാജാവ്/രാജ്ഞിയാകുക എന്ന ഉയർന്ന പ്രതിഫലം ലഭിക്കുന്ന വെല്ലുവിളി ഏറ്റെടുക്കുന്ന ഏതൊരാൾക്കും ഞങ്ങൾ ആശംസകൾ നേരുന്നു.' എന്ന് കഴിഞ്ഞ മാര്‍ച്ചില്‍ സ്ഥാനമൊഴിഞ്ഞ മുന്‍ രാജാവും മുന്‍ പബ് മാനേജരുമായ ചാറ്റ്‌വേയും ഭാര്യ ഷീലയും പറഞ്ഞു. 

എന്നാല്‍ നിങ്ങള്‍ കരുതും പോലെ അത്ര മനോഹരമാണ് കാര്യങ്ങളെന്ന് കരുതേണ്ട. 'ദ്വീപിന്‍റെ സൗന്ദര്യവും പ്രകൃതിദത്ത ആവാസ വ്യവസ്ഥയും സംരക്ഷിക്കുതയെന്നത് ഏറെ പ്രധാനമാണെന്ന്' കൗൺസിലിലെ സന്ദർശക സമ്പദ്‌വ്യവസ്ഥയുടെയും സംസ്കാരത്തിന്റെയും മേധാവി സാന്ദ്ര ബെയ്‌ൻസ് പറയുന്നു. കാലാവസ്ഥ തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. മറ്റൊന്ന് ഏകാന്തതയും. ഇതിനെ മറികടക്കുകയെന്നാല്‍ ചെറിയ കാര്യമല്ലെന്ന് കമ്പനി തന്നെ മുന്നറിയിപ്പ് നല്‍കുന്നു. 

ചുറ്റം വെള്ളമായതിനാല്‍ ബോട്ടില്‍ മാത്രമേ ഇവിടെ എത്തിചേരാന്‍ കഴിയൂ. ഏപ്രിൽ മുതൽ സെപ്‌റ്റംബർ വരെയുള്ള തിരക്കേറിയ സമയങ്ങളിലും, കൂടാതെ വർഷത്തിലെ മറ്റ് സമയങ്ങളിലും സ്‌കൂൾ അവധി ദിവസങ്ങളിലും പ്രത്യേക വാരാന്ത്യങ്ങളിലും. കൊവിഡിന് ശേഷം സജീവമാകുമ്പോള്‍ പബ്ബ് ഏറ്റെടുക്കാൻ ഒരു കമ്പനിയുമായുള്ള താൽക്കാലിക ക്രമീകരണം ഉറപ്പിച്ച ശേഷമാണ് കൗൺസിൽ പുതിയ ഭൂവുടമയെ തിരഞ്ഞ് പരസ്യം നല്‍കിയത്. 

വെറുതെയങ്ങ് പബ്ബുടമയും രാജാവുമായേക്കാം എന്ന് കരുതിയാല്‍ തെറ്റി. ചില നിബന്ധനകളുണ്ട്. മാറാവുന്ന കാലാവസ്ഥ, ദ്വീപിലെ വൈദ്യുതി പ്രശ്‌നങ്ങൾ, ഒറ്റപ്പെടൽ എന്നിവ കൈകാര്യം ചെയ്യുന്ന പുതിയ ഭൂവുടമ നല്ല പ്രതിരോധശേഷിയുള്ളവനായിരിക്കണം. "സൈറ്റിന്‍റെ ഒരു പ്രദേശത്ത് വൈദ്യുതി, കാലാവസ്ഥ, പ്രവേശനം, അതിന്‍റെ സ്ഥാനം എന്നിവ നൽകുന്ന നിയന്ത്രണങ്ങളെ ഏതൊരു ഓപ്പറേറ്ററും അഭിനന്ദിക്കേണ്ടതുണ്ട്. പ്രത്യേക ശാസ്ത്രീയ താൽപ്പര്യം." ഡിസംബർ 16 ന് കൗൺസിലർമാർക്കുള്ള ഒരു റിപ്പോർട്ട് വായിച്ചു.

പുതിയ ഭൂവുടമയ്ക്ക് പൈന്‍റ് ഒഴിക്കുന്നതിനും ഭക്ഷണം വിളമ്പുന്നതിനും മാത്രമല്ല, ദ്വീപിന്‍റെ ക്യാമ്പിംഗ് ഏരിയകളുടെയും ടോയ്‌ലറ്റ് ബ്ലോക്കുകളുടെയും മൈതാനങ്ങളുടെയും പരിപാലനത്തിന്‍റെ ഉത്തരവാദിത്തം കൂടി അവര്‍ ഏറ്റെടുക്കേണ്ടതുണ്ട്. ലൈസൻസുള്ള ഒരു പരിസരം പ്രവർത്തിപ്പിക്കുന്നതിനും ആളുകളെ അങ്ങോട്ട് ആകര്‍ഷിക്കുന്നതിനും ഏതൊരു ഓപ്പറേറ്റർക്കും അനുഭവം ആവശ്യമാണ്. ജീവനക്കാർ, സാമ്പത്തിക സുസ്ഥിരത, വർഷം മുഴുവനും പരിസരത്തിന്‍റെയും ദ്വീപിന്‍റെയും ഉത്തരവാദിത്തം നിലനിർത്തിക്കൊണ്ട് വർഷത്തിൽ ഒരു ചെറിയ കാലയളവിലേക്ക് മാത്രമായി തുറന്ന് പ്രവര്‍ത്തിക്കാനും ഉദ്യോഗാര്‍ത്ഥി തയ്യാറാകണം. 

ഇതൊക്കെ വെറുതെയാണെന്ന് കരുതേണ്ട.  നിങ്ങളെ കാത്തിരിക്കുന്നത് വലിയ അംഗീകാരങ്ങളാണ്. കാര്യങ്ങളേറ്റെടുക്കുന്നയാള്‍ക്ക് നല്‍കുന്ന,  "പീൽ ദ്വീപിന്‍റെ രാജാവ്" എന്ന സ്ഥാനമാണ് ഏറ്റവും വലിയ ബഹുമതി. ദ്വീപിലെ രാജാവും നൈറ്റ്‌സും ഒരു വലിയ പാരമ്പര്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. വർഷങ്ങളായി, പുതിയ ആളുകള്‍ സ്ഥാനമേറ്റെടുക്കാനെത്തുമ്പോള്‍ സ്ഥാനാരോഹണ ചടങ്ങ് നടക്കും.

പുതിയ രാജാവിനെ ഒരു പുരാതന കസേരയിൽ ഹെൽമറ്റ് ധരിച്ച് ഇരിത്തും. തുടര്‍ന്ന് രാജാവിന്‍റെ തലവഴി മദ്യം ഒഴിക്കും. ഈ സമയം മറ്റുള്ളവര്‍ വാളും പിടിച്ച് നില്‍ക്കും. ഈ ചടങ്ങി് ശേഷമാകും ദ്വീപിന്‍റെ രാജാവെന്ന് പദവി കൈവരിക. രാജവാഴ്ചാ ചടങ്ങിന്‍റെ ഉത്ഭവം 15-ാം നൂറ്റാണ്ട് മുതലാണെന്ന് ഔദ്യോഗിക പയൽ ഐലൻഡ് വെബ്‌സൈറ്റില്‍ പറയുന്നു. " ചടങ്ങിന്‍റെ ആദ്യകാല തെളിവ് കസേരയിൽ കൊത്തിയെടുത്ത ഗ്രാഫിറ്റിയാണ്." എന്ന് വെബ് സൈറ്റില്‍ പറയുന്നു.

1487-ൽ ലാംബെർട്ട് സിംനെലിന്‍റെ ലാൻഡിംഗ് എന്ന നടന്‍ രാജവാഴ്ചയെ പരിഹസിക്കുന്ന ഒരു ആദരാഞ്ജലിയായി തുടങ്ങിയ ചടങ്ങായിരിക്കാനാണ് ഇതെന്നാണ് വിശ്വസിക്കപ്പെടുന്നത്. റോസസ് യുദ്ധങ്ങളുടെ അവസാനത്തിൽ ഇംഗ്ലീഷ് സിംഹാസനം പിടിച്ചെടുക്കാൻ ശ്രമിച്ച ഒരു നടനായിരുന്നു ലാംബെർട്ട് സിംനെൽ. 1914 ൽ ഒരു പ്രധാനമന്ത്രിയും പ്രഭുവും മേയറും ദ്വീപിന്‍റെ ഭാഗമായിരുന്നു. എങ്കിലും രാജാവും നൈറ്റ്‌സും അടങ്ങിയ ഭരണക്രമമായിരുന്നു നിലനിന്നിരുന്നത്. . പീൽ എല്ലായ്‌പ്പോഴും 'സ്വതന്ത്ര മദ്യപാനത്തെയും പുകവലിയെയും സ്‌ത്രീ ലൈംഗികതയെയും പ്രോത്സാഹിപ്പിച്ചിരുന്നു.' ജനുവരിയിൽ ദ്വീപിലേക്ക് രാജാവിന്‍റെയും മാനേജരുടെയും ഒഴിവുകള്‍ പരസ്യപ്പെടുത്തും.  മാർച്ചോട് കൂടി പുതിയ രാജാവിന്‍റെ സ്ഥാനാരോഹണ ചടങ്ങുകളും നടക്കും. 
 

Latest Videos

click me!