പ്രതിഷേധത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് വുമണും ബ്രസീലിയന്‍ ലെഫ്റ്റ് മുതിര്‍ന്ന നേതാവുമായ 79 -കാരി ബെനഡിറ്റ ഡാ സില്‍വ പറഞ്ഞത് ജനങ്ങള്‍ ഉണര്‍ന്നിരിക്കുന്നു എന്നാണ്. ഈ രാക്ഷസനെ അധികാരത്തില്‍ നിന്നും പുറത്താക്കാനും ബ്രസീലിനെ തിരിച്ചുകൊണ്ടുവരാനും വേണ്ടിയാണ് താനിന്നീ പ്രതിഷേധത്തില്‍ പങ്കാളിയാകുന്നത് എന്ന് 64 -കാരിയായ മാഗ്ഡ സൌസ, തന്റെ ഭർത്താവ് ജോസ് ബാപ്റ്റിസയ്‌ക്കൊപ്പം റിയോ നഗരത്തിലെ പ്രതിഷേധത്തില്‍ പങ്കാളിയാകവെ പറയുന്നു.
ബോൾസൊനാരോയുടെ ഇടതുപക്ഷ എതിരാളിയായ മുൻ പ്രസിഡന്റ് ലൂയിസ് ഇനേഷ്യോ ലുല ഡാ സിൽവയുടെ തിരിച്ചുവരവിന് ആഹ്വാനം ചെയ്ത ചുവന്ന ടി-ഷർട്ടാണ് സൌസ ധരിച്ചിരുന്നത്. ലൂയിസ് ഇനേഷ്യോ ലുല ഡാ സിൽവ അടുത്തിടെ രാഷ്ട്രീയരംഗങ്ങളിലേക്ക് വന്‍ തിരിച്ചുവരവ് നടത്തിയിരുന്നു. അടുത്ത വർഷം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ, പ്രകടനത്തിൽ പലരും തങ്ങൾ ബ്രസീലിന്റെ ഇടതുപക്ഷ അംഗങ്ങളല്ലെന്നും അഴിമതിയും ജനദ്രോഹനയങ്ങളും വച്ചുപുലര്‍ത്തുന്ന ഒരാളെന്ന നിലയില്‍ ബോള്‍സൊനാരോയെ പുറത്താക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ മാത്രമാണ് എന്നും പറയുന്നതായി ദ ഗാര്‍ഡിയന്‍ എഴുതുന്നു.
വാക്സീന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്കുമായി 200 ലക്ഷം ഡോസ് വാക്സിനാണ് ഫെബ്രുവരിയില്‍ 3.16 കോടി ഡോളറിന് ബ്രസീല്‍ കരാര്‍ ഒപ്പിട്ടത്. ഇതില്‍ അഴിമതിയുണ്ട് എന്ന് ആരോപണം ഉയര്‍ന്നിരുന്നു. വെള്ളിയാഴ്ച സുപ്രീം കോടതി അന്വേഷണത്തിന് അനുമതിയും നല്‍കി. അഴിമതി ആരോപണത്തിന് പിന്നാലെ ഭാരത് ബയോടെക്കുമായുള്ള കരാര്‍ ബ്രസീല്‍ സര്‍ക്കാര്‍ റദ്ദാക്കി. എങ്കിലും അഴിമതി ആരോപണം അന്വേഷിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരിക്കുകയാണ്. ബ്രസീലിയന്‍ ഫെഡറല്‍ പ്രൊസിക്യൂട്ടേഴ്‌സും കംപ്‌ട്രോളര്‍ ജനറല്‍ ഓഫിസും വെവ്വേറെ അന്വേഷിക്കും. ഗവണ്‍മെന്റ് ചീഫ് വിപ്പ് റിക്കാര്‍ഡോ ബാരോസിനെതിരെയും ആരോപണമുയര്‍ന്നിട്ടുണ്ട്.
ഇത് കൂടാതെ, പ്രസിഡണ്ടിന്റെ നിരുത്തരവാദപരമായ പെരുമാറ്റവും ഗൗരവമില്ലായ്മയും രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയര്‍ത്തിയെന്ന പ്രതിഷേധവും നിലനില്‍ക്കുന്നുണ്ട്. 522,000 പേര്‍ കൊവിഡിനെ തുടര്‍ന്ന് മരണപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. ഇപ്പോഴും രാജ്യത്ത് കൊവിഡ് നിയന്ത്രിക്കാനായിട്ടില്ല.
പാട്രിക്ക റിബെയ്റോ എന്ന 47 -കാരി പറയുന്നത് അവരിതുവരെ തെരുവിലെ ഒരു പ്രതിഷേധത്തിലും പങ്കെടുത്തിരുന്നില്ല. പക്ഷേ, കൊവിഡ് വന്ന് മരിച്ച സഹോദരനുള്ള ആദരാഞ്ജലിയായിട്ടാണ് ഈ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത് എന്നാണ്. തന്‍റെ സഹോദരന്‍റെ മരണത്തിന് ഉത്തരവാദി സര്‍ക്കാരാണ് എന്നും മനുഷ്യരുടെ ജീവന് യാതൊരു വിലയുമില്ല എന്നാണ് സര്‍ക്കാര്‍ ധരിച്ചിരിക്കുന്നത് എന്നും പാട്രിക്ക ആരോപിക്കുന്നു.
പ്രതിഷേധത്തില്‍ പങ്കെടുത്ത പലരും കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മരിച്ചവരുടെ കുടുംബാംഗങ്ങളാണ്. എല്ലാവരെയും കൊല്ലണമെന്നാണ് ബോൾസൊനാരോയുടെ മനസിലിരിപ്പ് എന്ന് പലരും ദേശീയമാധ്യമങ്ങളോട് പ്രതികരിക്കുന്നു.
നിരവധി പ്രതിഷേധക്കാർ ബ്രസീലിന്റെ മഞ്ഞ, പച്ച നിറമുള്ള പതാക കയ്യിലേന്തി. ജെയർ ബോൾസോനാരോയുടെ വലതുപക്ഷ പ്രസ്ഥാനം ഉപയോഗിച്ച ചിഹ്നം കൂടിയാണിത്. ബ്രസീല്‍ ഞങ്ങളുടെയെല്ലാമാണ്, ഈ പതാകയും ഞങ്ങളുടെയെല്ലാമാണ് എന്നാണ് പ്രതിഷേധക്കാരുടെ പക്ഷം.
ബെലെം, റെസിഫെ, സാവോ പോളോ, ബ്രസീലിയ എന്നിവയുൾപ്പെടെ ബ്രസീലിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലും ലണ്ടൻ, ബാഴ്‌സലോണ, ഡബ്ലിൻ ഉൾപ്പെടെയുള്ള യൂറോപ്യൻ നഗരങ്ങളിലും ബോൾസോണാരോ വിരുദ്ധ പ്രതിഷേധം നടന്നതായി റിപ്പോർട്ടുണ്ട്.
ബെലെം, റെസിഫെ, സാവോ പോളോ, ബ്രസീലിയ എന്നിവയുൾപ്പെടെ ബ്രസീലിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലും ലണ്ടൻ, ബാഴ്‌സലോണ, ഡബ്ലിൻ ഉൾപ്പെടെയുള്ള യൂറോപ്യൻ നഗരങ്ങളിലും ബോൾസോണാരോ വിരുദ്ധ പ്രതിഷേധം നടന്നതായി റിപ്പോർട്ടുണ്ട്.നേരത്തെയും ബോൾസൊനാരോയ്ക്കെതിരെ പലപ്പോഴും ജനങ്ങൾ പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങിയിട്ടുണ്ട്. ആമസോൺ വനങ്ങളുടെ കയ്യേറ്റങ്ങൾക്ക് ഒത്താശ ചെയ്യുന്നുവെന്നാരോപിച്ചു കൊണ്ട് ബോൾസൊനാരോ ആമസോണിന്റെ ഘാതകൻ എന്നു പറഞ്ഞ് നിരവധിയാളുകളാണ് അന്ന് പ്രതിഷേധിച്ചത്.(ചിത്രങ്ങൾ: ബോൾസൊനാരോയെ പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജനങ്ങൾ നടത്തിയ പ്രതിഷേധങ്ങളിൽ നിന്ന് ഗെറ്റി ഇമേജസ്)