കോടതിവിധിയിലൂടെ രാജ്യത്ത് ഗർഭച്ഛിദ്രങ്ങള്‍ നിരോധിച്ചിരിക്കുകയാണ്. അമ്മയുടെ ജീവന് തന്നെ ഭീഷണിയാവുക, ബലാത്സംഗത്തെ തുടര്‍ന്ന് ഗര്‍ഭിണിയാവുക തുടങ്ങിയ സാഹചര്യങ്ങളിലൊഴികെ വേറൊരു സാഹചര്യത്തിലും ഗര്‍ഭഛിദ്രം അനുവദിക്കില്ലെന്നാണ് പുതിയ വിധി പറയുന്നത്. ഗര്‍ഭസ്ഥശിശുവിന് ഏതെങ്കിലും തരത്തിലുള്ള വൈകല്യമുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞാല്‍ പോലും ഇനി ഗര്‍ഭഛിദ്രം സാധ്യമാകില്ല. കഴിഞ്ഞ വര്‍ഷം നിയമപ്രകാരം നടന്ന 98 ശതമാനം ഗർഭച്ഛിദ്രവും ഗര്‍ഭസ്ഥശിശുവിനുണ്ടായ വൈകല്യത്തെ പ്രതിയുണ്ടായതാണ്.
പോളണ്ടില്‍ നിലവില്‍ത്തന്നെ വളരെ കര്‍ശനമായ ഗർഭച്ഛിദ്ര നിയമം നിലനില്‍ക്കുന്ന രാജ്യമാണ്. കണക്കുകള്‍ പ്രകാരം രണ്ടായിരത്തില്‍ താഴെ മാത്രം ഗര്‍ഭഛിദ്രമേ ഇവിടെ നടക്കുന്നുള്ളൂ എന്ന് പറയുമ്പോഴും ഏകദേശം രണ്ട് ലക്ഷം ഗര്‍ഭഛിദ്രമെങ്കിലും നിയമവിരുദ്ധമായോ വിദേശത്തുപോയോ നടക്കുന്നുണ്ടെന്ന് സ്ത്രീകളുടെ സംഘടനകള്‍ പറയുന്നു.
വിധിയെ തുടര്‍ന്ന് പോസ്‍നാൻ, വാർസോ, റോക്ലോ, ക്രാക്കോ എന്നിവിടങ്ങളിലെല്ലാം വെള്ളിയാഴ്ച പ്രതിഷേധം നടന്നതായിട്ടാണ് ടിവിഎൻ സംപ്രേഷണംചെയ്‍ത ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.
രണ്ടാമത്തെ ദിവസവും ശക്തമായ പ്രതിഷേധം രാജ്യത്ത് നടക്കുകയാണ്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കര്‍ശനമായ നിര്‍ദേശങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമാണ് പോളണ്ട്. പത്തില്‍ കൂടുതല്‍ ആളുകള്‍ കൂടി നില്‍ക്കരുതെന്ന് നിര്‍ദ്ദേശമുള്ളിടത്താണ് സ്ത്രീകള്‍ രാത്രിയിലടക്കം തെരുവില്‍ ശക്തമായി പ്രതിഷേധിക്കുന്നത്.
വെള്ളിയാഴ്ച പുലര്‍ച്ചെ സമരക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. വാര്‍സോയിലെ ഉപപ്രധാനമന്ത്രിയും ലോ ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി നേതാവുമായ ജറോസ്ലോ കാസിൻസ്കിയുടെ ഭവനത്തിന് മുന്നില്‍ വച്ചായിരുന്നു ഇത്. സമരക്കാര്‍ വീടിനുനേരെ കല്ലെറിയുകയും വീട് വളയാന്‍ ശ്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കുരുമുളക് സ്പ്രേ ഉപയോഗിക്കേണ്ടി വന്നുവെന്നും ബലപ്രയോഗം നടത്തേണ്ടി വന്നുവെന്നുമാണ് പൊലീസ് പറയുന്നത്.
വെള്ളിയാഴ്ച രാത്രിയിലും പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്‍റെ വീടിനു പരിസരത്തെത്തി. 'ഇതൊരു യുദ്ധമാണ്', 'നിങ്ങളുടെ കയ്യില്‍ രക്തം പുരണ്ടിരിക്കുന്നു' തുടങ്ങിയ സന്ദേശങ്ങളും അവര്‍ കയ്യില്‍ പിടിച്ചിരുന്നു.
എന്നാല്‍, വീടിനരികിലെത്തും മുമ്പ് തന്നെ പൊലീസ് അവരെ തടയുകയാണുണ്ടായത്. ആളുകള്‍ കൂട്ടം കൂടരുത് എന്ന നിര്‍ദ്ദേശം ലൗഡ് സ്‍പീക്കറിലൂടെ നല്‍കുന്നുണ്ടായിരുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞിരുന്നില്ല.
രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ പൊതുവിടങ്ങളിലും സ്ക്വയറുകളിലും പള്ളിക്കരികിലുമെല്ലാം പ്രതിഷേധക്കാര്‍ ഒത്തുകൂടി. പ്രതിഷേധക്കാരിലൊരാളായ 34 -കാരി മഗ്‍ഡ ടിവിഎന്നിനോട് പറഞ്ഞത് ഇങ്ങനെയാണ്, 'ഈ രാജ്യത്ത് സ്ത്രീകള്‍ക്ക് ബഹുമാനം കിട്ടുന്നില്ല. ആരും ഞങ്ങളെ കേള്‍ക്കാന്‍ തയ്യാറാവുന്നില്ല.'
ഫെഡറേഷന്‍ ഫോര്‍ വുമണ്‍ ആന്‍ഡ് ഫാമിലി പ്ലാനിംഗ് മേധാവിയായ ക്രിസ്റ്റീന കാക്പുര പറയുന്നത്, 'രാജ്യത്തിന്‍റെ പകുതിയോളം വരുന്ന സ്ത്രീകളെ രാജ്യം ഈ നിയമത്തിലൂടെ അപമാനിച്ചിരിക്കുകയാണ്. ഞങ്ങളിതൊരിക്കലും മറക്കില്ല' എന്നാണ്.
കാത്തലിക് ശക്തി പ്രകടമായ രാജ്യമാണ് പോളണ്ടെങ്കിലുംഇവിടെ നേരത്തെ തന്നെ ജനങ്ങള്‍ക്കിടയില്‍ ഗർഭച്ഛിദ്ര നിയമത്തെ മുന്‍നിര്‍ത്തി ഒരു അഭിപ്രായ സര്‍വേ നടത്തിയിരുന്നു. അന്ന് ഭൂരിഭാഗം പേരും കര്‍ശനമായൊരു നിയമം വരുന്നതിനെ എതിര്‍ക്കുകയാണുണ്ടായത്. ആ എതിര്‍പ്പ് നിലനില്‍ക്കുന്നതിനിടെയാണ് പുതിയ നിയമം വരുന്നത്.
യൂറോപ്പിലെ മനുഷ്യാവകാശ നിയമങ്ങളുടെ കമ്മീഷണറായ ദുഞ്ച മിജടോവിക് ഇതിനെ 'സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് മേലെയുള്ള മോശപ്പെട്ട ദിവസം' എന്നാണ് വിശേഷിപ്പിച്ചത്. രാജ്യത്ത് സ്ത്രീകളുടെ പ്രതിഷേധം ശക്തമാവുകയാണ്. തങ്ങളുടെ ശരീരത്തിനുമേല്‍ തങ്ങള്‍ക്കുള്ള അവകാശം നിഷേധിക്കുന്ന വിധിയാണിതെന്നും ശക്തമായി ഇതിനെ എതിര്‍ക്കുന്നുവെന്നും പ്രതിഷേധക്കാര്‍ പറയുന്നു.