അനന്തതയിലേക്ക് മിഴിനട്ട ബഷീര്‍ മുതല്‍ നിഷ്‍കളങ്കതയുടെ ചിരിചൂടി മാധവിക്കുട്ടി വരെ; ആ ക്യാമറയില്‍ പതിഞ്ഞത്

First Published | Aug 15, 2020, 12:56 PM IST

പ്രശസ്‍ത ഫോട്ടോഗ്രാഫറായ പുനലൂര്‍ രാജന്‍ ഓര്‍മ്മയായിരിക്കുന്നു. അദ്ദേഹം പകര്‍ത്തിയ അനേകക്കണക്കിന് ചിത്രങ്ങള്‍ പക്ഷേ ഇവിടെ ബാക്കിയുണ്ട്. രാഷ്‍ട്രീയക്കാര്‍, എഴുത്തുകാര്‍, അഭിനേതാക്കള്‍ അവരുടെയൊക്കെ പല ഭാവത്തിലുള്ള ചിത്രങ്ങള്‍ പുനലൂര്‍ രാജന്‍റെ ക്യാമറയില്‍ ജീവനോടെ പകര്‍ത്തിവയ്ക്കപ്പെട്ടു. അവരെയോര്‍ക്കുമ്പോഴെല്ലാം ആ ക്യാമറയില്‍ പതിഞ്ഞ മുഖങ്ങളാണ് നമ്മുടെ മനസിലേക്കോടിയെത്തിയത്. ഇന്നലകളെ അപ്പാടെ ഒപ്പിവയ്ക്കുകയായിരുന്നു അദ്ദേഹം. പുനലൂര്‍ രാജന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം. എഴുത്ത്: മാങ്ങാട് രത്‍നാകരന്‍.

വൈക്കം മുഹമ്മദ് ബഷീര്‍ ആയാലും ഇംഎംഎസ് ആയാലും മാധവിക്കുട്ടിയായാലും ശാരദയായാലും എല്ലാ വികാരതീവ്രതയോടും കൂടി നാമെന്നുമോര്‍ക്കുന്ന ആ ചിത്രങ്ങള്‍ അങ്ങനെത്തന്നെ ജീവനോടെ പകര്‍ത്തിവയ്ക്കാന്‍ പുനലൂര്‍ രാജനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക. വിസ്‍മയമായിരുന്നു ആ ചിത്രങ്ങള്‍.
കടമ്മനിട്ട: കോഴിക്കോട്ടെത്തിയാല്‍, ആ 'നഗരത്തിന്റെ താക്കോല്‍ സൂക്ഷിക്കുന്ന' ചെലവൂര്‍ വേണുവിന്റെ സങ്കേതത്തിലായിരുന്നു കടമ്മനിട്ടയുടെ വാസം. കടമ്മനിട്ട മാത്രമല്ല രവീന്ദ്രന്‍, ടി വി ചന്ദ്രന്‍, പവിത്രന്‍, തുടങ്ങിയവരെല്ലാം വേണുവിന്റെ സങ്കേതത്തിലുണ്ടാകും. ചെലവൂര്‍ വേണു ഉറ്റ സുഹൃത്തായതിനാല്‍, പുനലൂര്‍ രാജന്‍ മിക്കപ്പോഴും, കോഴിക്കോട് ആകാശവാണിക്കു തൊട്ടടുത്തുള്ള അലങ്കാര്‍ ലോഡ്ജിലെ സൈക്കോ ഓഫീസിലെത്തും. അങ്ങനെയൊരു നിമിഷത്തില്‍ പകര്‍ത്തിയതാണ് ഒരു കവിത ചുണ്ടില്‍ വിരിയുന്നതുപോലെ തോന്നിച്ച കടമ്മനിട്ടയെ.

കടമ്മനിട്ടയുടെ കവിതകള്‍ രണ്ടു വാള്യങ്ങളായി കമനീയമായി പ്രസിദ്ധീകരിക്കുന്നത് ചെലവൂര്‍ വേണുവിന്റെ നേതൃത്വത്തിലുള്ള പ്രപഞ്ചം പബ്ലിക്കേഷന്‍സാണ്. കവിതകള്‍ പ്രകാശനം ചെയ്തുകൊണ്ട് എം ഗോവിന്ദന്‍ പറഞ്ഞു, '' ഈ പുസ്തകത്തോടെ ചെലവൂര്‍ വേണു വരവൂര്‍ വേണുവാകും. '' പക്ഷേ, ചെലവൂര്‍ വേണു ഇന്നും ചെലവൂര്‍ വേണുവായി തുടരുന്നു.ചിത്രത്തില്‍, എം എ ബേബിയും കടമ്മനിട്ടയും
കെ.പി.എ.സി ലളിത: കെ.പി.എ.സിയുടെ ഒരു നാടക റിഹേഴ്‌സലിനിടെയാണ് ലളിതയുടെ ഫോട്ടോകള്‍ പുനലൂര്‍ രാജന്‍ എടുത്തത്, 1969-ല്‍. അന്നു ലളിതയ്ക്ക് 22 വയസ്സ്. കെ. പി. എ. സി.യുടെ പ്രതീകമായിരുന്നു അന്ന് ലളിത. സിനിമയിലേക്കു വരുന്നതും അതേ വര്‍ഷമാണ്. 'കൂട്ടുകുടുംബ'ത്തിലൂടെ. ലളിത 'ആത്മകഥ'യില്‍ പറയുന്നു. ''ഇന്നു നിങ്ങള്‍ കാണുന്ന ലളിത രൂപപ്പെടുന്നതിന്റെ ആരംഭം കുറിച്ചത് 1964 സെപ്റ്റംബര്‍ 4-ാം തീയതിയാണ്. ആ ദിവസം എനിക്ക് മറക്കാന്‍ പറ്റില്ല. ഞാന്‍ ഞാനായിത്തീര്‍ന്നതിന്റെ ആദ്യ ദിവസം. എന്റെ പേരിനൊപ്പം നാലക്ഷരംകൂടി ചേരുന്നതിന്റെ ആരംഭം. അതൊരു വെറും നാലക്ഷരമല്ല. പൊരുതുന്ന ഒരു കലാസാംസ്‌കാരിക പ്രസ്ഥാനം എന്റെ പേരിനോടു കൂട്ടിച്ചേര്‍ത്ത നാലക്ഷരമാണ്.''
ലളിതയെ ഗ്രാമസൗഭാഗ്യങ്ങളോടെ 'നിഷ്‌കളങ്കയായ പെണ്‍കുട്ടി'യായി ചിത്രീകരിക്കാനാണ് പുനലൂര്‍ രാജന്‍ ശ്രദ്ധിച്ചത്. ഗ്രാമാന്തരീക്ഷത്തില്‍, നിറചിരിയുമായി പ്രകാശം പരത്തുന്ന പെണ്‍കുട്ടി.
രണ്ടു വര്‍ഷത്തിനുശേഷം, സി.പി.ഐയുടെ ഒമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ (1971 ഒക്‌ടോബര്‍ 3-10) ലളിതയും സംഘവും സ്വാഗതഗാനം ആലപിക്കുന്ന ദൃശ്യവും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് എം എന്‍ ഗോവിന്ദന്‍ നായരോടൊപ്പമുള്ള ചിത്രവും രാജന്‍ എടുത്തു. ശരിക്കും കമ്യൂണിസ്റ്റ് അന്തരീക്ഷം. എം.എന്റെ തലയ്ക്കു പിന്നില്‍ ലെനിന്‍.
ടി പത്മനാഭന്‍: 'കടല്‍' എന്ന കഥയില്‍ 'ആഴിതന്‍ നിത്യമാം തേങ്ങല്‍' കേള്‍ക്കാം. നടുക്കടലിന്റെ ശാന്തി കൈവരിക്കാനാവുമ്പോഴും തീരത്തേയ്ക്ക് വെമ്പുന്ന കടല്‍. മൃതിയുടെ വിവൃത കവാടത്തിനരികെനിന്ന് ജീവിതത്തിലെ ഏറ്റവും സാന്ദ്രമായ യാത്രകളിലേക്ക് തിരിഞ്ഞുനോക്കുന്ന കഥ. കടലിന്റെ സകലഭാവങ്ങളും ഈ കഥയില്‍ ഉള്‍ച്ചേരുന്നു. കടയില്‍ ടി പത്മനാഭന്‍ എഴുതുമ്പോലെ, ''കടലിന്റെ ഒരു ഭാഗമായി, തിരയായി, ചുഴിയായി, ചലനമായി, ആഴമായി....''.ടി പത്മനാഭനെ, കടലിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ഈ ഫോട്ടോ കഥാകൃത്തിന്റെ അനുഭവസഞ്ചയത്തിന്റെ കൂടി വിശാലലോകം സൃഷ്ടിക്കുന്നു.
ഇ എം എസ്: കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ പുനലൂര്‍ രാജന്‍ സി. പി. ഐയോടൊപ്പമാണ് നിന്നത്. അതിനു കാരണം, തന്റെ ബന്ധുവായ കാമ്പിശ്ശേരി കരുണാകരനും മുതിര്‍ന്ന സുഹൃത്തായ തോപ്പില്‍ ഭാസിയും കലാസംഘടനയായ കെ. പി എ. സിയുമെല്ലാം സി. പി. ഐയോടൊപ്പം നിലകൊണ്ടതാവാം. കമ്യൂണിസ്റ്റുകാരന്‍ എന്നല്ലാതെ, അതിന്റെ സൈദ്ധാന്തിക കാര്യങ്ങള്‍ രാജന്‍ അന്വേഷിച്ചിരുന്നില്ല. ഒരു കലാകാരന്‍ എന്ന നിലയില്‍ തന്റെ കര്‍മ്മമേഖലയില്‍ എന്തുചെയ്യാനാവും എന്നായിരുന്നു അന്വേഷണം. വലതു കമ്യൂണിസ്റ്റ് പാര്‍ട്ടിയും (സി. പി. ഐ) ഇടതു കമ്യൂണിസ്റ്റ് പാര്‍ട്ടിയും (സി. പി. ഐ. എം) അന്ന് പോരുകോഴികളെപ്പോലെയായിരുന്നു. 'ഇടത്' സി.പി.ഐയെ ഒറ്റുകാരെപ്പോലെയായിരുന്നു കണ്ടിരുന്നത്. അവര്‍ തമ്മില്‍ ഉഗ്രമായ വാക്‌പോരും പരിഹാസശരങ്ങളും ഉണ്ടായി. കണിയാപുരം രാമചന്ദ്രന്‍ (സി.പി.ഐ) ഒരു പ്രസംഗത്തില്‍, സി. പി. ഐ. എം എന്നാല്‍ ആശുപത്രിയിലെ പ്രസവമുറിയില്‍ സ്ത്രീകള്‍ക്കുമാത്രം എന്നെഴുതുന്നതുപോലെ പരിഹാസ്യമാണെന്ന് കളിയാക്കി. അതിനു സി. പി. ഐ. എമ്മിലെ ഒരു നേതാവ് മറുപടി പറഞ്ഞത്, ചില കള്ളുകുടിയന്‍മാര്‍ ഓടിക്കേറാതിരിക്കാന്‍ വേണ്ടിയാണ് അങ്ങനെ വെച്ചത് എന്നാണ്. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ 'കയ്യാലപ്പുറത്തായിരുന്ന' ഇ. എം.എസ്, എ. കെ. ജിയുടെ പ്രേരണയാലാണ് ഇടത്തോട്ട് ചായുന്നത്. ഇ. എം. എസിന്റെ സൈദ്ധാന്തിക വ്യാഖ്യാനങ്ങള്‍ ഇടതിനെ പടച്ചട്ടയണിയിച്ചു. 'സോവിയറ്റ് യൂണിയന്‍ ഞങ്ങളുടെ കൂടെയാണെന്ന് പറഞ്ഞ് സി. പി. ഐ ജനവിശ്വാസം നേടിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍, ജനങ്ങള്‍ ഞങ്ങളുടെ കൂടെയാണെന്ന് പറഞ്ഞ് സോവിയറ്റ് യൂണിയന്റെ വിശ്വാസം നേടാനാണ് സി. പി. ഐ. എം ശ്രമിക്കുന്നത്-തന്റെ താര്‍ക്കിക യുക്തിയില്‍ ഇ.എം.എസ് സമര്‍ത്ഥിച്ചു .
സി.പി.ഐ അനുഭാവിയായിരുന്നുവെങ്കിലും ഇ. എം.എസിനോട് പുനലൂര്‍ രാജന് ഇഷ്ടവും ആദരവുമുണ്ടായിരുന്നു. ഇ. എം. എസിന്റെ ധാരാളം നിശ്ചലദൃശ്യങ്ങളും ചലനദൃശ്യങ്ങളും രാജന്‍ എടുത്തു. തിരുവനന്തപുരത്തെ വസതി, കോഴിക്കോട്ടെ പാര്‍ട്ടി ഓഫീസ് എന്നിവിടങ്ങളില്‍നിന്നാണ് ഫോട്ടോകള്‍ എടുത്തത്. (16 എം.എം ചലനദൃശ്യങ്ങളുടെ സ്പൂള്‍, സി. പി. ഐ. എമ്മിലെ ഒരു മുതിര്‍ന്ന നേതാവ് ആവശ്യപ്പെട്ടതനുസരിച്ച് കൊടുത്തു, പിന്നീടതിനെക്കുറിച്ച് യാതൊരു വിവരവുമില്ല.) നിശ്ചലദൃശ്യങ്ങള്‍ എനിക്കു തന്നതുകൊണ്ട് അവ ബാക്കിയായി.
വയലാര്‍: ആ ദിവസം പുനലൂര്‍ രാജന്‍ വ്യക്തമായി ഓര്‍ക്കുന്നു. 1972 സെപ്തംബര്‍ 24. തിരുവോണത്തിന്റെ പിറ്റേനാള്‍. തിരുവോണ നാളിന്റെ ഓര്‍മ്മയല്ല. തലേന്നാള്‍ തിരുവോണ രാത്രിയിലാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉജ്വല നേതാവ് അഴീക്കോടന്‍ രാഘവന്‍ തൃശൂരില്‍ കൊലക്കത്തിക്ക് ഇരയായത്. തുടര്‍ന്ന് കേരളമാകെ ബന്ദും അക്രമവും. തകഴിയുടെ ഏണിപ്പടികള്‍ തോപ്പില്‍ ഭാസി സിനിമയാക്കുന്നതുമായി ബന്ധപ്പെട്ടാണ് അന്നേ കമ്യൂണിസ്റ്റ് സഹയാത്രികനായ പുനലൂര്‍ രാജന്‍ ആലപ്പുഴയില്‍ എത്തിയത്. ഉദയാ സ്റ്റുഡിയോയുടെ ഗസ്റ്റ് ഹൗസിലായിരുന്നു താമസം. കോഴിക്കോട്ടേക്ക് അന്ന് പോകാതിരിക്കുകയാണ് നല്ലത് എന്നു വിചാരിച്ച് ഗസ്റ്റ് ഹൗസില്‍ത്തന്നെ തങ്ങി. അപ്പോഴാണ് ഉച്ചയോട് അടുക്കുന്ന നേരത്ത് ഒരാള്‍ ഓടിക്കിതച്ചുവരുന്നത്. വയലാര്‍ രാമവര്‍മ്മ. ''എവിടെടാ പുനലൂര്‍ രാജന്‍'' എന്ന് ചോദിച്ച്. അവര്‍ മുമ്പേ പരിചിതര്‍. പുനലൂര്‍ രാജനെ വയലാര്‍ വീട്ടിലേക്ക് കൂട്ടി. വയലാറിന്റെ അമ്മ അംബാലിക തമ്പുരാട്ടി ഒരു കസവുമുണ്ട് ഓണസമ്മാനമായി നല്‍കി. ഭാര്യ ഭാരതി തമ്പുരാട്ടി ഓണസ്സദ്യ ഒരുക്കി.
അന്ന് പുനലൂര്‍ രാജന്‍ കുറേയേറെ ഫോട്ടോകള്‍ എടുത്തു. വയലാര്‍, അമ്മ, ഭാര്യ, പെണ്‍മക്കളായ ഇന്ദുലേഖ, യമുന, സിന്ധു, മകന്‍ ശരത് ചന്ദ്രന്‍-ഒരുമിച്ചും അല്ലാതെയും. വയലാര്‍ തനിച്ച്, വയലാറും അമ്മയും ഭാര്യയും. അങ്ങനെ.
ഫോട്ടോ എടുത്തുകഴിഞ്ഞപ്പോള്‍ രാജന് വയലാറിന്റെ അമ്മയോടൊപ്പം ഒരു ഫോട്ടോ എടുക്കാന്‍ മോഹം. കൂടെ ഉണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ പി.രാമസ്വാമിയെ ക്യാമറ ഏല്‍പിച്ചു. അപ്പോള്‍ വയലാര്‍ പിന്നില്‍ നിന്ന് വന്നു രാജനെ കെട്ടിപ്പിടിച്ചു.
മാധവിക്കുട്ടി: മാവേലിക്കര രവിവര്‍മ്മ ആര്‍ട്‌സ് സ്‌കൂളില്‍ ചിത്രകല പഠിച്ച പുനലൂര്‍ രാജന്‍ മാധവിക്കുട്ടിയെ ആദ്യം കണ്ടപ്പോള്‍ മനസ്സില്‍ തെളിഞ്ഞ മുഖം മൊണാലിസയുടേതാണ്. പക്ഷേ, പുഞ്ചിരി നിഗൂഢമല്ല. ഒന്നും ഒളിക്കാനില്ലാത്ത നിഷ്‌കളങ്കമായ, പ്രകാശം പരത്തുന്ന മുഖം. 1967 -ലോ 68 -ലോ ആണ് രാജന്‍ മാധവിക്കുട്ടിയെ ആദ്യമായി കാണുന്നത്. മാധവിക്കുട്ടിയുടെ അച്ഛന്‍ വിഎം നായര്‍ 'മാതൃഭൂമി'യുടെ മാനേജിംഗ് ഡയറക്ടറായിരുന്നു. കോഴിക്കോട്ടെ പ്രശസ്തമായ ബാങ്കോക്ക് ഹൗസിലായിരുന്നു താമസം.
മാധവിക്കുട്ടിയുടെ കഥകള്‍ അന്നേ പ്രസിദ്ധമായിരുന്നു. ബാലാമണിയമ്മയുടെ ഫോട്ടോകള്‍ എടുക്കാനായിരുന്നു രാജന്‍ ചെന്നത്. മാധവിക്കുട്ടി അവിടെയുണ്ടാവുമെന്ന് കരുതിയിരുന്നില്ല. കണ്ടപ്പോള്‍ മാധവിക്കുട്ടിക്കും ഫോട്ടോകളിലൂടെ രാജനെ നല്ല പരിചയം. തുരുതുരാ ഫോട്ടോകള്‍ എടുത്തു. തനിച്ചും അമ്മക്കൊപ്പവും മകന്‍ ജയസൂര്യക്കൊപ്പവും നില്‍ക്കുന്ന പടങ്ങള്‍.
അതില്‍ ഏറ്റവും നല്ലതെന്നു തോന്നിയ ഫോട്ടോ 'ജനയുഗ'ത്തിനയച്ചു കൊടുത്തു. 'ജനയുഗം' ഫോട്ടോ മുഖചിത്രമായി ചേര്‍ത്തു. ആ ലക്കം ആഴ്ചപ്പതിപ്പ് ചൂടപ്പം പോലെ വിറ്റുപോയത് പുനലൂര്‍ രാജന്‍ ഓര്‍ക്കുന്നു.
വൈക്കം മുഹമ്മദ് ബഷീര്‍: സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീറിനെ കണ്ട നാള്‍മുതല്‍ പുനലൂര്‍ രാജന്‍ ക്യാമറ തുറക്കാത്ത കാലമുണ്ടായിട്ടില്ല. ബഷീറിനെ പതിനായിരം തവണയെങ്കിലും ക്യാമറക്കണ്ണിലൂടെ നോക്കിയിട്ടുണ്ടാകും. അതിന് ബഷീര്‍ പുനലൂര്‍ രാജന് കണക്കിനു കൊടുത്തിട്ടുണ്ട്. ''രാജന്‍ ഫോട്ടോ എടുത്തെടുത്താണ് എന്റെ മുഖം തേഞ്ഞുപോയത്.' അതായത്, സുന്ദരനായ ബഷീറിനെ അസുന്ദരനാക്കിയ കശ്മലനാണ് രാജന്‍, കൊടുംപാതകി!
ബഷീറിന്റെ ഏറ്റവും പ്രശസ്തമായ ബഷീര്‍ ഫോട്ടോ ഏതാണ്? ഒരു സംശയവുമില്ല, ഇതുതന്നെ. നിരവധി ബഷീര്‍ പുസ്തകങ്ങളുടെ മുഖച്ചട്ടയായി, ബഷീറിനെ കുറിച്ചുള്ള ഓര്‍മ്മകളില്‍ തിലകക്കുറിയായി ഈ ചിത്രം വന്നു. ഈ ഫോട്ടോയെക്കുറിച്ച് പുനലൂര്‍ രാജന്‍ എന്നോടു പറഞ്ഞു: ''ഞാന്‍ ഒരു ദിവസം ചെല്ലുമ്പോള്‍ ബഷീര്‍ താടിക്കു കൈകൊടുത്ത് അനന്തതയിലേക്ക് കണ്ണയച്ച് വിഷാദമഗ്‌നനായി ഇരിക്കുകയായിരുന്നു, എന്നെ കണ്ടതുപോലുമില്ല. ഞാന്‍ ആ മുഖത്തിന്റെ എക്സ്ട്രീം ക്ലോസപ്പ് എടുത്തു. കുറച്ചുനേരം കഴിഞ്ഞ് എന്നോടു പറഞ്ഞു, ''രാജാ, എന്റെ ഉമ്മ മരിച്ചു, രാജന് വിഷമമാകേണ്ട എന്നു വിചാരിച്ച് ഞാന്‍ വിളിച്ചു പറയാതിരുന്നതാണ്.''
ശാരദ: ആ ചിത്രത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പുനലൂര്‍ രാജന്‍ എന്നോടു പറഞ്ഞു: 'ശാരദ മലയാളത്തിന്റെ സൗഭാഗ്യമല്ലേ? ഇരുട്ടിന്റെ ആത്മാവിന്റെ (സംവിധാനം: പി ഭാസ്‌കരന്‍, 1967) ചിത്രീകരണത്തിലുടനീളം ഞാനുണ്ടായിരുന്നു. എനിക്കിഷ്ടപ്പെട്ട ദൃശ്യങ്ങള്‍ ഒപ്പിയെടുത്തു. അണിയറയില്‍ ശാരദ ക്യാമറക്ക് മുന്നിലെത്താന്‍ ഒരുങ്ങുന്നു. വാല്‍ക്കണ്ണാടിയില്‍ മുഴുവനായി തെളിഞ്ഞ മുഖത്തില്‍ എന്റെ ക്യാമറക്കണ്ണുടക്കി. പിന്നീട് ചിത്രഭൂമിയില്‍ ഈ ചിത്രം അച്ചടിച്ചു വന്നപ്പോള്‍ ആദ്യം അഭിനന്ദിച്ചതും ഭാസ്‌കരന്‍ മാഷ്. ''രാജാ, ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മനോഹരമായ പടം.'''നിഴലും വെളിച്ചവും ചേര്‍ന്നെഴുതിയ കവിത' എന്നൊക്കെ നാം കാവ്യാത്മകമായി പറയാറില്ലേ, അങ്ങനെയൊരു പടം. പശ്ചാത്തലം ഇരുട്ടും വെളിച്ചത്തിന്റെ പൊട്ടുകളും. ഏതാണ്ട് മധ്യത്തിലായി വാല്‍ക്കണ്ണാടി അതിരിട്ട ഒരു മുഖം. അതിനുള്ളില്‍ വെളിച്ചമാണ് കൂടുതല്‍. കരിമഷിയെഴുതിയ കണ്ണുകളില്‍ ഇത്തിരിപ്പോന്ന ദീപ്തി. നെറ്റിയില്‍ അളകങ്ങളുടെയും ഇടതു കണ്‍ത്തടത്തില്‍ കണ്‍പീലികളുടെയും നിഴല്‍. വടിവൊത്ത നാസിക, വടിവൊത്ത ദന്തനിര, വിടര്‍ന്ന അധരം. ശാരദയുടെ സൗന്ദര്യത്തിന്റെ പ്രതിഫലനം.
ഛായാചിത്ര ഫോട്ടോഗ്രാഫിയില്‍ പുനലൂര്‍ രാജന്‍ സൃഷ്ടിച്ച മുദ്ര നാം പരിചയിച്ചതാണ്. ബഷീര്‍, തകഴി, പൊറ്റെക്കാട്ട്, മാധവിക്കുട്ടി, എംടി, വി.കെ.എന്‍ തുടങ്ങിയ പ്രിയപ്പെട്ട എഴുത്തുകാരുടെ മുഖങ്ങള്‍, ഇ.എം.എസ്, വി.ടി, എം.എന്‍ തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തകരുടെ മുഖങ്ങള്‍-ചിത്രകല അഭ്യസിച്ച രാജന്‍ അവരുടെ മുഖങ്ങളെ 'ഫോട്ടോഗ്രാഫി എന്ന കല'യില്‍ മുക്കിയെടുത്തു. നടീനടന്‍മാരെ നാം അക്കൂട്ടത്തില്‍ വല്ലപ്പോഴുമേ കണ്ടിട്ടുള്ളൂ. മോസ്‌കോയിലെ ഓള്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് സിനിമാട്ടോഗ്രാഫിയില്‍ പഠിച്ച രാജന്‍ സിനിമയുടെ ലോകത്തേക്ക് പോയില്ല.
തകഴി:പുനലൂര്‍ രാജന്‍, വൈക്കം മുഹമ്മദ് ബഷീറിന്റെ ഫോട്ടോഗ്രാഫറാണ്. പതിനായിരത്തിലേറെ തവണ രാജന്‍, ബഷീറിനെ ക്യാമറക്കണ്ണിലൂടെ നോക്കിയിട്ടുണ്ടാവും. പക്ഷേ, രാജന്റെ കണ്‍കണ്ട എഴുത്തുകാരന്‍ ബഷീറല്ല, തകഴി ശിവശങ്കരപിള്ളയാണ്! ചെമ്മീന്‍, ഏണിപ്പടികള്‍, ഔസേപ്പിന്റെ മക്കള്‍ തുടങ്ങിയവ ഇഷ്ടകൃതികള്‍. ചെമ്മീനു കിട്ടിയ റോയല്‍റ്റി കൊണ്ട് അഞ്ചുപറ നിലം വാങ്ങിയ കര്‍ഷകരില്‍ കര്‍ഷകനായ തകഴി, രാജന് എഴുത്തുകാരുടെ എഴുത്തുകാരന്‍ കൂടിയാണ്. മുണ്ടും മാടിക്കുത്തി വയലേലകളിലും കയറുപിരിക്കുന്നിടത്തും നെല്ല് ഉണക്കാനിട്ടയിടത്തുമെല്ലാം നില്‍ക്കുന്ന തകഴിയുടെ കറുപ്പിലും വെളുപ്പിലുമുള്ള ചിത്രങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ക്ലാസിക്കുകളാണ്. പുനലൂര്‍ രാജന്‍ മോസ്‌കോയില്‍ പഠിക്കുന്ന കാലത്ത് സോവിയറ്റ് ലാന്‍ഡ് നെഹ്‌റു അവാര്‍ഡ് സ്വീകരിക്കാന്‍ തകഴി അവിടെയെത്തി. കര്‍ഷകനായ, അര്‍ദ്ധനഗ്‌നനായ തകഴിയെ തകഴിയിലെ വീട്ടിലും പാടത്തും വരമ്പത്തും കാത്തയോടൊത്തുമെല്ലാം നിരവധി തവണ രാജന്‍ ഒപ്പിയെടുത്തിട്ടുണ്ട്. മോസ്‌കോയില്‍ തകഴി കോട്ടിലും സ്യൂട്ടിലുമാണ്. മോസ്‌കോയില്‍ പുനലൂര്‍ രാജന്റെ സഹപാഠി സ്‌പെയിന്‍കാരനായ അദല്‍സൊ കാസ്സോ, ചെമ്മീന്‍ സ്പാനിഷില്‍ വായിച്ചിട്ടുണ്ടായിരുന്നു. ചെമ്മീനിന്റെ സ്രഷ്ടാവാണ് തന്റെ മുന്നില്‍ നില്‍ക്കുന്നതെന്ന് രാജന്‍ പറഞ്ഞപ്പോള്‍ അവന് സന്തോഷം അടക്കാനായില്ല. തകഴിയെ കാസ്സോ ആലിംഗനം ചെയ്തു. ആ മുഹൂര്‍ത്തം രാജന്‍ അനശ്വരമാക്കി.

Latest Videos

click me!