ലോകത്ത് ഏറ്റവുമധികം ആളുകൾ കുടിയേറിപ്പാർക്കാനായി ആ​ഗ്രഹിക്കുന്നത് ഈ രാജ്യത്തിലേക്ക്, ഇന്ത്യയുടെ സ്ഥാനം...

First Published | Jul 8, 2022, 12:24 PM IST

ഏതെങ്കിലും കാലത്ത് ഏതെങ്കിലും നാട്ടിലേക്ക് കുടിയേറിപ്പാർക്കണം എന്ന് തോന്നിയിട്ടുണ്ടോ? അങ്ങനെ ചിന്തിക്കുമ്പോൾ മനസിൽ തെളിയുന്ന നാടേതാണ്? ലോകത്ത് ഏറ്റവുമധികം ആളുകൾ ചെന്നു പാർക്കാനാ​ഗ്രഹിക്കുന്ന നാട് കാനഡയാണത്രെ. ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള 'കംപയർ ദ മാർക്കറ്റാ'ണ് (Compare the Market ) പ്രസ്തുത റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള 50 -ലേറെ രാജ്യങ്ങളെടുത്ത് പരിശോധിച്ചാൽ ഏറ്റവുമധികം ആളുകൾ മാറിത്താമസിക്കാനാ​ഗ്രഹിക്കുന്നത് കാനഡയിലേക്കാണ് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 

കൊവിഡ് മഹാമാരിക്ക് ശേഷം മിക്ക കമ്പനികളും അവരുടെ ജോലി രീതി പരിഷ്കരിക്കുകയും പലരും സ്ഥിരമായി 'വർക്ക് ഫ്രം ഹോം' രീതിയിലേക്ക് മാറുകയും ചെയ്തതോടെ മിക്കവരും സ്ഥിരമായി ഏതെങ്കിലും ഇഷ്ടരാജ്യത്തേക്ക് മാറിത്താമസിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. 

എന്നാൽ, അത് മാത്രമല്ല മറ്റ് പല കാരണങ്ങളും നോക്കിയാണ് ആളുകൾ മറ്റൊരു രാജ്യം താമസിക്കാനായി തെരഞ്ഞെടുക്കുന്നത്. അതിൽ ജോലിസാധ്യത, വിദേശികളോടുള്ള രാജ്യത്തിന്റെയും പൗരന്മാരുടെയും മനോഭാവം, കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസ സാധ്യത എന്നിവയെല്ലാം പെടുന്നു. 

ഇവയൊക്കെയാണ് ആളുകൾ കൂടുതലായി താമസിക്കാൻ തെരഞ്ഞെടുക്കുന്ന രാജ്യങ്ങൾ.

കാനഡ : ഏറ്റവുമധികം ആളുകൾ കുടിയേറിത്താമസിക്കാനാ​ഗ്രഹിക്കുന്ന നാട് കാനഡയാണ്. ആഫ്രിക്ക, ഏഷ്യ, സൗത്ത് അമേരിക്ക എന്നിവിടങ്ങളിൽ നിന്നൊക്കെയാണ് ആളുകൾ പ്രധാനമായും ഇങ്ങോട്ട് മാറാനാ​ഗ്രഹിക്കുന്നത്. സുതാര്യമായ സർക്കാർ സംവിധാനം, പൗരസ്വാതന്ത്ര്യം, മെച്ചപ്പെട്ട ജീവിതനിലവാരം, സാമ്പത്തിക സ്വാതന്ത്ര്യം, മെച്ചപ്പെട്ട വിദ്യാഭ്യാസം എന്നിവയെല്ലാമാണ് ആളുകളെ ഇങ്ങോട്ട് ആകർഷിക്കുന്നത്. 

ജപ്പാൻ : ഓസ്ട്രേലിയയിൽ നിന്നടക്കം നിരവധി ആളുകൾ മാറിത്താമസിക്കാൻ ആ​ഗ്രഹിക്കുന്ന രാജ്യമാണ് ജപ്പാൻ. ഭാവിയിൽ മികച്ച ജീവിതസൗകര്യങ്ങൾ പ്രതീക്ഷിക്കപ്പെടുന്ന സ്ഥലമാണ് ജപ്പാൻ. അത് തന്നെയാവാം പട്ടികയിൽ ജപ്പാൻ രണ്ടാമതെത്താനും കാരണമായിരിക്കുക. 


സ്പെയിൻ : അടുത്തതായി ആളുകൾ ഏറെയും ചെന്ന് താമസിക്കാനാ​ഗ്രഹിക്കുന്ന നാട് സ്പെയിനാണ്. 19 രാജ്യങ്ങളിൽ നിന്നുള്ള ആളുകളാണ് സ്പെയിനിലേക്ക് കുടിയേറിപ്പാർക്കാനായി ആ​ഗ്രഹിക്കുന്നത്. മികച്ച ആരോ​ഗ്യസുരക്ഷയും മെച്ചപ്പെട്ട ജീവിതനിലവാരവുമാണ് സ്പെയിൻ തെരഞ്ഞെടുക്കാനായി ആളുകളെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ. 

ചൈന : അടുത്തതായി വരുന്നത് ചൈനയാണ്. 15 രാജ്യങ്ങളിൽ നിന്നുമുള്ള ആളുകൾ ചൈനയിലേക്ക് മാറിത്താമസിക്കാൻ ആ​ഗ്രഹിക്കുന്നുവെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 

ഫ്രാൻസ് : റിപ്പോർട്ടിൽ അഞ്ചാം സ്ഥാനത്ത് വരുന്നത് ഫ്രാൻസാണ്. സൗന്ദര്യം കൊണ്ടും ലോകത്തിലെ തന്നെ മനോഹരമായി നിർമ്മിച്ചിരിക്കുന്ന കെട്ടിടങ്ങൾകൊണ്ടുമെല്ലാം ആകർഷകമായ സ്ഥലമാണ് ഫ്രാൻസ്. അതുപോലെ തന്നെ ഭക്ഷണം, വൈൻ, ഫാഷൻ എന്നിവയ്ക്കും ഫ്രാൻസ് പേരുകേട്ടതാണ്. 11 രാജ്യങ്ങളിൽ നിന്നുള്ളവർ തങ്ങളുടെ പ്രിയപ്പെട്ട സ്ഥലമായി തെരഞ്ഞെടുത്തിരിക്കുന്നത് ഫ്രാൻസിനെയാണ്. 

തുർക്കി : പട്ടികയിൽ ആറാമത് തുർക്കിയാണ്. ഇതിന്റെ മനോഹാരിതയും സാംസ്കാരികവും കലാപരവുമായ പ്രത്യേകതകളും ഭക്ഷണവൈവിധ്യവുമെല്ലാം അതിന് കാരണമായി പറയുന്നു. 

സൗത്ത് ആഫ്രിക്ക : തുർക്കിക്ക് പിന്നാലെ ആളുകൾ തെരഞ്ഞെടുത്തിരിക്കുന്നത് സൗത്ത് ആഫ്രിക്കയേയാണ്. ആളുകള്‍ ഇങ്ങോട്ട് കുടിയേറിപ്പാര്‍ക്കാനായി ആഗ്രഹിക്കുന്നു എന്നും റിപ്പോര്‍ട്ട് പറയുന്നു. 

ഇന്ത്യ : അടുത്തതായി പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത് നമ്മുടെ രാജ്യമാണ്. ഏഴ് സ്ഥലങ്ങളിൽ നിന്നുമുള്ള ആളുകളാണ് ഇന്ത്യയിലേക്ക് കുടിയേറിപ്പാർക്കാനായി ആ​ഗ്രഹിക്കുന്നത്. ബം​ഗ്ലാദേശ്, ഭൂട്ടാൻ, ഫിൻലാൻഡ്, ഐവറി കോസ്റ്റ്, ലിബിയ, നൈജർ, യുഎഇ എന്നിവിടങ്ങളിൽ നിന്നാണ് ആളുകൾ ഇന്ത്യയിലേക്ക് കുടിയേറിപ്പാർക്കാൻ ആ​ഗ്രഹിക്കുന്നത്. 

ഒമ്പതും പത്തുമായി പട്ടികയിലുള്ളത് ഓസ്ട്രേലിയ, ​ഗ്രീസ്, ഫിജി എന്നിവയാണ്. 

Latest Videos

click me!