അനിശ്ചിതത്വം നീളുന്നു; കുത്തിയൊഴുകുന്ന നദിയും മഴയും വെല്ലുവിളി, അര്‍ജുനായുള്ള കാത്തിരിപ്പ് നീളും

First Published | Jul 25, 2024, 4:51 PM IST

എന്‍എച്ച് 66 -ൽ ഷിരൂരിന് സമീപം ദേശീയപാതയിലേക്ക് മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പത്താം ദിവസവും പുരോഗമിക്കുകയാണ്. ഗം​ഗാവലി നദിയിൽ റഡാർ സി​ഗ്നലും സോണാർ സി​ഗ്നലും ഒരേ സ്ഥലത്ത് നിന്നും ലഭിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ ഈ മേഖല കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. എന്നാല്‍, മഴയും നദിയിലെ ജലനിരപ്പ് ഉയരുന്നതും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. നദിക്കരയില്‍ നിന്നും നാല്പത് മീറ്റര്‍ മാറി, പതിനഞ്ച് മീറ്റര്‍ താഴ്ചയിലാണ് ലോറി കണ്ടെത്താനായത്. ഷിരൂരിലെ അപകടസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അക്ഷയ് അജിത്ത്. 

ഷിരൂർ ഉള്‍പ്പെടുന്ന ഉത്തര കന്നട ജില്ലയില്‍ ഇന്നും യെല്ലോ അലര്‍ട്ടാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മഴയ്ക്കിടയിലും നദിയിലെ ജലനിരപ്പ് ഉയരുമ്പോഴും രക്ഷാപ്രവര്‍ത്തകര്‍ ഗംഗാവലി പുഴയില്‍ അർജുന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. 

പതിനാല് ദിവസം മുമ്പ് കേരളത്തില്‍ നിന്ന് അടക്കമുള്ള ദീര്‍ഘദൂര ലോറിക്കാര്‍ വിശ്രമിക്കാനും കുളിക്കാനുമൊക്കെയായി ഇടത്താവളമായി കണ്ട ഷിരൂരിലെ ഗംഗാവലി നദിക്കരയിലെ ലോറിത്താവളം ഇന്ന് മലമുകളില്‍ നിന്നുള്ള ചെമ്മണ്ണ് അടിഞ്ഞ് ചുവന്നിരിക്കുന്നു. പഴയ ലോറിത്താവളത്തിന്‍റെ അവശിഷ്ടങ്ങളൊന്നും തന്നെ ഇന്ന് അവിടെയില്ല. 

Latest Videos


മലയില്‍ നിന്നും ഇടിഞ്ഞ് നദിയിലേക്ക് വീണ മണ്ണ് ഉയര്‍ത്തിയ കൂറ്റന്‍ തിര മറുകരയിലെ വീടുകളെ കൂടി തച്ചുടച്ചാണ് വീണ്ടും നദയിലേക്ക് തിരച്ചെത്തിയത്. ഇരുകരയിലും ഒരുപോലെ നാശം വിതച്ച അപകടം. നിരവധി വീടുകള്‍, കടകള്‍, വാഹനങ്ങള്‍, മനുഷ്യർ, കന്നുകാലികള്‍, മറ്റ് മൃഗങ്ങള്‍... എല്ലാറ്റിനെയും വലിച്ചെടുത്ത് നദി വീണ്ടുമൊഴുകി. 
 

നാല് ദിവസങ്ങള്‍ക്ക് ശേഷം കോഴിക്കോട് സ്വദേശിയായ അർജുനെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് അപകട സ്ഥലത്ത് കാര്യമായ പരിശോധന പോലും നടക്കുന്നത്. പരിശോധന തുടങ്ങി  ഇന്നേക്ക് പത്ത് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അപ്പോഴും നദിക്കരയില്‍ നിന്നും നാല്പത് മീറ്റര്‍ അകലെ പതിനഞ്ച് മീറ്റര്‍ താഴ്ചയില്‍ കണ്ടെത്തിയ ലോഹ സിഗ്നല്‍ മാത്രമാണ് ഏക കച്ചിത്തുരുമ്പ്. 

അർജുന്‍റെ ട്രക്ക് കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി നിർണയിക്കാൻ, കേന്ദ്രത്തിന്‍റെ  പ്രത്യേക അനുമതിയോടെ നോയിഡയിൽ നിന്ന് എത്തിച്ച ഐബോഡ് ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയായിരുന്നു ഇന്ന് പ്രധാനമായും നടന്നത്. ഡ്രോൺ ഇപയോഗിച്ച് പ്രവർത്തിക്കുന്ന സ്കാനറില്‍ പുഴയ്ക്ക് അടിയില്‍ നിന്നും കൃത്യമായ സിഗ്നല്‍ ഇതുവഴി ലഭിക്കും.

ഗംഗാവലി പുഴയുടെ അടിയൊഴുക്കും ജലനിരപ്പ് ഉയരുന്നതുമാണ് നിലവിൽ നേവി സംഘം നേരിടുന്ന പ്രധാന വെല്ലുവിളി. പുഴയുടെ അടിയൊഴുക്കിന്‍റെ ശക്തിയടക്കം പരിശോധിച്ചാണ് നാവിക സേന ഓരോ ചുവടും മുന്നോട്ട് വയ്ക്കുന്നത്.    നിലവിൽ 6 നോട്ട് സ്പീഡിലാണ് ഗംഗാവലിപ്പുഴയുടെ ഒഴുക്ക്. ഇത് കൃത്രിമമായി പകുതിയോളം കുറയ്ക്കാനാകുമോ എന്ന് പരിശോധിക്കും. 

മൂന്ന് ബോട്ടുകളായി നദിയില്‍ നിരവധി തവണ പരിശോധന നടത്തിയ നാവിക സേനയുടെ സ്കൂബാ ഡൈവർമാർ ഇന്നലെ ലോഹഭാഗം കണ്ടെത്തിയ ഭാഗത്ത് ഇറങ്ങാൻ ശ്രമിച്ചെങ്കിലും കനത്ത മഴയും ശക്തമായ അടിയൊഴുക്കും കലങ്ങി മറിഞ്ഞ് ഒഴുകുന്ന പുഴയും പ്രതികൂല ഘടകങ്ങളായി മാറി. ഇന്നും നദിയുടെ കുത്തൊഴുക്കില്‍ കാര്യമായ വ്യത്യാസമില്ലാത്തത് രക്ഷാപ്രവര്‍ത്തനത്തെ ദുഷ്ക്കരമാക്കുന്നു. 

ഇതിനിടെ കാണാതായ സന്നി ഹനുമന്ത ഗൗഡ എന്ന സ്ത്രീയുടെ മൃതദേഹം രണ്ട് ദിവസം മുമ്പാണ് 12 കിലോമീറ്റര്‍ അകലെ നിന്നും കണ്ടെത്തിയത്. അർജുന്‍ അടക്കം മൂന്ന് പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇന്ന് ഉച്ചയോടെ അർജുന്‍ ഓടിച്ചിരുന്ന ബെന്‍സ് ലോറിയില്‍ ഉണ്ടായിരുന്ന തടികള്‍ 12 കിലോമീറ്റര്‍ അകലെ നിന്നും കണ്ടെത്തിയതായി ലോറി ഉടമ മനാഫ് അവകാശപ്പെട്ടു. 

രണ്ട് ബൂം എസ്കവേറ്ററുകള്‍ ഉപയോഗിച്ച് നദിയില്‍ അടിഞ്ഞ് കൂടിയ മണ്ണ്, മാറ്റനുള്ള ശ്രമങ്ങള്‍ ഇപ്പോഴും പുരോഗമിക്കുന്നു. കുത്തിയൊഴുകുന്ന നദിയില്‍ അടിഞ്ഞ് കൂടി മണ്ണിന് അടിയില്‍ മൂന്ന് ഭാഗങ്ങളിലായാണ് ലോഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. വിവിധ പരിശോധനകളില്‍ ഇവിടെ നിന്നും ലഭിച്ച സിഗ്നലുകളാണ് ഇവ ലോഹഭാഗങ്ങളാണെന്ന് തിരിച്ചറിഞ്ഞത്. 

നാവിക - കര സേനകള്‍ സോളാര്‍, റഡാര്‍ പരിശോധനകളില്‍ കണ്ടെത്തിയ ലോഹ സാന്നിധ്യം ലോറിയുടേതാണെന്ന് തിരിച്ചറിഞ്ഞു. അതേസമയം, ലോറി തലകുത്തനെയാണ് കിടക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. ഇത് ഉറപ്പിക്കുന്നതിനായി ഇന്ന് സ്വകാര്യ ഉടമസ്ഥതയിലുള്ള ക്യുറ്റ്പേയുടെ ഡ്രോണ്‍ റഡാർ ഐബോഡ് പരിശോധന നടത്തി ലോറിയുടെ ക്യാബിന്‍ എവിടെയാണ് കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതിന് ശേഷം നദിയുടെ ഒഴുക്കിനെ അടിസ്ഥാനമാക്കിയാകും സ്കൂബ ഡൈവർമാരുടെ നദിയില്‍ ഇറങ്ങിയുള്ള പരിശോധന. അതിന് ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് ഏറ്റവും ഒടുവിലെ വിവരം. 

click me!