തുര്‍ക്കിയില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക്; 8000 കിലോമീറ്റര്‍ നടന്ന് ലിറ്റില്‍ അമല്‍ !

First Published | Oct 25, 2021, 11:00 AM IST

റബിയില്‍ 'പ്രതീക്ഷ' എന്നര്‍ത്ഥമുള്ള 'അമല്‍' എന്ന പേരുമായി 3.5 മീറ്റര്‍ ഉയരമുള്ള പാവ 'ലിറ്റില്‍ അമല്‍' (Little Amal) തുര്‍ക്കി സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് നടന്ന് നടന്ന് 8000 കിലോമീറ്റര്‍ പിന്നിട്ട് ഇന്നലെ ഇംഗ്ലണ്ടിലെത്തി. സെന്‍റ് പോൾസ് കത്തീഡ്രല്‍ അമലിന് നല്‍കിയ സ്വീകരണത്തില്‍ "അമല്‍, അമല്‍, അമല്‍" വിളികളുമായി കുട്ടികള്‍ പിന്നാലെ കൂടി. ഹാൻഡ്സ്പ്രിംഗ് പപ്പറ്റ് കമ്പനി നിര്‍മ്മിച്ച 'ലിറ്റിൽ അമൽ' , 'ദ വാക്ക്' (the walk) എന്ന അന്താരാഷ്ട്ര കലാപരിപാടിയുടെ ഭാഗമായാണ് ലണ്ടനിലെത്തിയത്. സ്വന്തം സുരക്ഷയ്ക്കായി ജനച്ച നാടും വീടും കുടുംബത്തേയും ഉപേക്ഷിച്ച് അന്യരാജ്യത്തേക്ക് കുടിയേറേണ്ടിവരുന്ന കുട്ടികളുടെ പ്രതിനിധിയാണ് ലിറ്റില്‍ അമല്‍ എന്ന് ഹാൻഡ്സ്പ്രിംഗ് പപ്പറ്റ് കമ്പനി ( The Handspring Puppet Company) പറയുന്നു. ആ കുരുന്നുകളുടെ പ്രതീക്ഷയാണ് 'അമല്‍'.

തന്‍റെ നീണ്ട നടത്തത്തിനിടെ ലിറ്റില്‍ അമല്‍ കടന്ന് പോയത് 8,000 കിലോമീറ്റര്‍ ദൂരമാണ്. തുര്‍ക്കി - സിറിയന്‍ അതിര്‍ത്തി പട്ടണമായ    - ല്‍ നിന്നാണ് അമല്‍ തന്‍റെ ദീര്‍ഘദൂര നടത്തം ആരംഭിച്ചത്. 

തുര്‍ക്കി - സിറിയന്‍ അതിര്‍ത്തി നഗരമായി ഗാസിയാന്‍ടെപ്പില്‍ നിന്ന് ഇംഗ്ലണ്ടിലേക്കുള്ള നടത്തത്തിനിടെ അമല്‍ കടന്ന് പോയത് ഒമ്പത് യൂറോപ്യന്‍ രാജ്യങ്ങളിലൂടെയാണ്. ഈ എട്ട് രാജ്യങ്ങളാണ് പശ്ചിമേഷ്യയില്‍ നിന്ന് യൂറോപ്പിലേക്ക് രക്ഷപ്പെടുന്ന ഭയാര്‍ത്ഥികളുടെ യാത്രാപഥം. 


ജീവിതം ദുസഹമായ തങ്ങളുടെ ജന്മദേശത്ത് നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന ജനത, അവരുടെ രക്ഷാമാര്‍ഗ്ഗത്തിലൂടെ നടത്തുന്ന യാത്രയാണ് ലിറ്റില്‍ അമനും നടത്തുന്നത്. “ഞങ്ങളെക്കുറിച്ച് മറക്കരുത്” എന്നതാണ് അമലിന്‍റെ യാത്രയിലുടെ നീളമുള്ള സന്ദേശം. 

പുതുജീവിതം തേടിയുള്ള ഈ യാത്രയില്‍ അഭയാര്‍ത്ഥികള്‍ അനുഭവിക്കേണ്ടിവരുന്ന ദുരിതസമാനമായ ജീവിതം ലോകത്തിന് കാണിച്ചുകൊടുക്കുകയെന്ന് ദൌത്യമാണ് ലിറ്റില്‍ അമലിന്‍റെത്. 

അഭയാർത്ഥികൾക്ക് ഭക്ഷണവും പുതപ്പും ആവശ്യമാണ്, അതോടൊപ്പം അവർക്ക് അന്തസ്സും ശബ്ദവും ആവശ്യമാണ്. അഭയാർത്ഥിയുടെ അപകടകരമായ സാഹചര്യങ്ങൾ മാത്രമല്ല, അവരുടെ കഴിവുകൾ ഉയർത്തിക്കാട്ടുക എന്നതാണ് ദി വാക്കിന്‍റെ ലക്ഷ്യം. ചെറിയ അമലിന് 3.5 മീറ്റർ ഉയരമുണ്ട്, കാരണം ലോകം അവളെ അഭിവാദ്യം ചെയ്യുന്നത്ര വലുതായി വളരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. വലുതായി ചിന്തിക്കാനും വലുതായി പ്രവർത്തിക്കാനും അവൾ ഞങ്ങളെ പ്രചോദിപ്പിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ” ദി വാക്കിന്‍റെ ആർട്ടിസ്റ്റിക് ഡയറക്ടർ അമീർ നിസാർ സുവാബി പറയുന്നു. 

ജീവനും കൈയില്‍ പിടിച്ച് പുതുജീവിതം തേടിയുള്ള ഒട്ടത്തിനിടെ അച്ഛനെയും അമ്മയേയും വേര്‍പെട്ട്, ഒറ്റയ്ക്കായി പോകുന്ന കുട്ടികളുടെ എണ്ണവും കുറവല്ല. ഇത്തരത്തില്‍ സിറിയില്‍ നിന്ന് യൂറോപിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച ഒരു സിറിയന്‍ അഭയാര്‍ത്ഥി പെണ്‍കുട്ടിയുടെ പാവയുടെ പേരാണ് അമല്‍. 

ജീവന്‍ രക്ഷിക്കാനുള്ള ഓട്ടത്തിനിടെ , സിറിയിലെ അലപ്പോയില്‍ നിന്നുള്ള ആ ഒമ്പത് വയസ്സുകാരി പെണ്‍കുട്ടിക്ക് തന്‍റെ അമ്മയെ നഷ്ടപ്പെട്ടു. അവളുടെ പാവയുടെ പേരാണ് ഹാൻഡ്സ്പ്രിംഗ് പപ്പറ്റ് കമ്പനി തങ്ങളുടെ പാവയ്ക്കും നല്‍കിയിരിക്കുന്നത്. ലിറ്റില്‍ അമല്‍. 

തങ്ങളുടെ പാവ ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററില്‍ എത്തുമ്പോഴുക്കും അവള്‍ക്കും അതുപോലെ അമ്മമാരെ നഷ്ടപ്പെട്ട അഭയാര്‍ത്ഥികളായ എല്ലാ കുട്ടികള്‍ക്കും അവരുടെ അമ്മമാരെ തിരിച്ച് കിട്ടട്ടെയെന്ന് ആഗ്രഹിക്കുന്നതായി കമ്പനി വക്താക്കള്‍ പറഞ്ഞു. 

"സെന്‍റ് പോൾസിന്‍റെ താഴികക്കുടം ലോകമെമ്പാടും അറിയപ്പെടുന്നു. ഞങ്ങളുടെ വാതിലുകൾ നിങ്ങളെ സ്വീകരിക്കാൻ പര്യാപ്തമാണ്. ഈ നഗരത്തിൽ അഭയം തേടുന്ന എല്ലാവരെയും സ്വീകരിക്കാൻ ഇവിടം പര്യാപ്തമാണ്. ലോകചരിത്രത്തിലെ ഏറ്റവും വൈവിധ്യമാർന്ന നഗരമാണ് ലണ്ടൻ. ഇവിടെ എല്ലാവര്‍ക്കുമുള്ള ഇടമുണ്ട്. "  ലണ്ടനില്‍ ലിറ്റില്‍ അമലിനെ സ്വാഗതം ചെയ്ത് ഡീൻ ഡേവിഡ് ഐസണ്‍ പറഞ്ഞു. 

തുര്‍ക്കിയില്‍ നിന്ന് ഗ്രീസിലേക്കും, ഗ്രീസില്‍ നിന്ന് ഇറ്റലിയിലേക്കുമുള്ള യാത്രയ്ക്കിടെ അമല്‍ കുറച്ചേറെ ദൂരം കടല്‍ വഴിയുള്ള യാത്രയും നടത്തി. ഈ കടല്‍ യാത്രയും അഭയാര്‍ത്ഥികളുടെ യാത്രപഥത്തിലുള്ളവയാണ്. 

അഭയാർഥികൾക്കുള്ള ഐക്യരാഷ്ട്രസഭാ ഹൈക്കമ്മീഷണറുടെ ഡാറ്റ പ്രകാരം അമല്‍ സഞ്ചരിച്ച ഈ കടല്‍ യാത്രാമാര്‍ഗ്ഗത്തിലൂടെ ഈ വര്‍ഷം മാത്രം  87,449 ആളുകൾ പശ്ചിമേഷ്യയില്‍ നിന്ന് യൂറോപിലേക്ക് കടന്നതായി പറയുന്നു. യുഎൻ‌എച്ച്‌സി‌ആറിന്‍റെ കണക്കനുസരിച്ച് കുറഞ്ഞത് 1,299 പേരെങ്കിലും ഈ യാത്രയില്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നാണ്. 

ഹാൻഡ്സ്പ്രിംഗ് പപ്പറ്റ് കമ്പനിയുമായി സഹകരിച്ച് അതിന്‍റെ നിർമ്മാതാക്കളായ സ്റ്റീഫൻ ഡാൽഡ്രി, ഡേവിഡ് ലാൻ, ട്രേസി സീവാർഡ് എന്നിവർ ചേർന്ന് അവതരിപ്പിച്ച യുകെ ആസ്ഥാനമായുള്ള ഗുഡ് ചാൻസ് തിയേറ്ററിന്‍റെ കലയുടെയും പ്രത്യാശയുടെയും യാത്രാ ഉത്സവമാണ് അമലിന്‍റെ 8,000 കിലോമീറ്റര്‍ ദൂരമുള്ള 'ദി വാക്ക്'.

ഗുഡ് ചാൻസിന്‍റെ ആദ്യ നിർമ്മാണമായ ദി ജംഗിളിലെ ഒരു കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ലിറ്റിൽ അമൽ. കലൈസ് കുടിയേറ്റ ക്യാമ്പിനെക്കുറിച്ചുള്ള ഒരു നാടകത്തില്‍ നിന്നാണ് ഈ ആശയം രൂപപ്പെട്ടത്. ഹാൻഡ്സ്പ്രിംഗ് പപ്പറ്റ് കമ്പനി നീണ്ട രണ്ട് വർഷത്തെ വർക്ക് ഷോപ്പുകളിലും ടെസ്റ്റിംഗിലുമാണ് കഥാപാത്രത്തിന്‍റെ ഭൗതിക രൂപം രൂപപ്പെടുത്തിയത്.

നാടക രചയിതാവും സംവിധായകനുമായ അമീർ നിസാർ സുവാബി 2020 ൽ ഈ പദ്ധതിയിൽ കലാസംവിധായകനായി ചേർന്നു. തുടര്‍ന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് അന്താരാഷ്ട്ര സഹകരണങ്ങൾ കുഞ്ഞ് അമലിന്‍റെ നിര്‍മ്മാണത്തിലും നടത്തത്തിലും ഒത്തു ചേര്‍ന്നു.

"വ്യത്യസ്തമായ അവസ്ഥകളിൽ ദീർഘനേരം പ്രവർത്തിക്കാൻ കഴിയുന്ന ഒരു പാവ നിര്‍മ്മിക്കാനും അത് മഴയെയും ചൂടിനെയും പ്രതിരോധിക്കുകയും വേണമെന്നതായിരുന്നു പ്രധാന വെല്ലുവിളി. കരുത്തുറ്റതും ഭാരം കുറഞ്ഞതുമായ വസ്തുക്കള്‍ കൊണ്ടാണ് അവളെ നിർമ്മിച്ചിരിക്കുന്നത്," ഗുഡ് ചാൻസിലെ ടീം പറയുന്നു.

അവൾ നടക്കുമ്പോൾ അവളെ പരിപാലിക്കുന്ന പാവകളുടേയും സാങ്കേതിക വിദഗ്ധരുടേയും ഒരു സംഘവും അവൾക്കൊപ്പമുണ്ടാകും. അമലിന്‍റെ ഇതിഹാസ യാത്ര ജൂലൈ 27 ന് ഗാസിയാൻടെപ്പിൽ ആരംഭിച്ചു. 8,000 കിലോമീറ്റർ നീളുന്ന ആ നീണ്ടയാത്ര നവംബറിൽ മാഞ്ചസ്റ്ററിൽ അവസാനിക്കും. 250 ഓളം പങ്കാളികളും കലാകാരന്മാരും ഈ സംഘത്തില്‍ പല സ്ഥലങ്ങളില്‍ നിന്നായി ഒത്ത് ചേരുന്നു.

"കഴിഞ്ഞ വർഷങ്ങളില്‍ അഭയാർത്ഥി പ്രതിസന്ധിയുടെ നാളുകളില്‍ ഏറെ ഉപയോഗിക്കപ്പെട്ട കുടിയേറ്റ യാത്രകളുടെ പര്യവസാനമാണ് ഈ യാത്രാപഥം," ഡേവിഡ് ലാൻ പറയുന്നു. പടിഞ്ഞാറൻ ഏഷ്യൻ, ആഫ്രിക്കൻ റൂട്ടുകൾ യൂറോപ്പിലെത്തുമ്പോള്‍ ഇറ്റലിയിലൂടെ കടന്നുപോകുന്നു. അമലിനെ സ്വാഗതം ചെയ്യാൻ ആഗ്രഹിക്കുന്ന സന്നദ്ധസംഘടനകളോ, അല്ലെങ്കില്‍ കടന്ന് പോകുന്ന വഴിയിലെ ചരിത്രപ്രധാന്യമോ കണക്കാക്കിയാണ് യാത്രപഥം നിശ്ചയിച്ചിരിക്കുന്നത്.

ഇന്ന്, മതത്തിന്‍റെ പേരില്‍ മാത്രമൊഴുകുന്ന അഭയാര്‍ത്ഥികള്‍ കോടികളാണെന്ന് ഐക്യരാഷ്ട്ര സഭ തന്നെ വെളിപ്പെടുത്തുന്നു. ഏഷ്യയില്‍ നിന്നും ആഫിക്കയില്‍ നിന്നും യൂറോപ്പിലേക്ക് വലിയ തോതിലുള്ള അഭയാര്‍ത്ഥി പ്രവാഹമാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. മനുഷ്യരാശി ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായി അഭയാര്‍ത്ഥി പ്രവാഹം കണക്കാക്കപ്പെടുന്നു. 

ഇത്തരത്തില്‍ അഭയാര്‍ത്ഥി പ്രവാഹമുണ്ടാകുമ്പോള്‍ പലപ്പോഴും കുട്ടികള്‍ അവരുടെ മാതൃരാജ്യത്ത് നിന്നെന്ന പോലെ മാതാപിതാക്കളില്‍ നിന്നും വേര്‍പിരിയുന്നു. അങ്ങനെ മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിഞ്ഞ് ഒറ്റയ്ക്കായ പതിനായിരക്കണക്കിന് കുരുന്നുകള്‍ യൂറോപിലും അമേരിക്കയിലും അഭയാര്‍ത്ഥികളായി ജീവിക്കുന്നെന്ന് കണക്കുകള്‍ കാണിക്കുന്നു. ഈ കുരുന്നുകളെ വീണ്ടെടുക്കാന്‍ കൂടിയാണ് കുഞ്ഞ് അമല്‍ നടക്കുന്നത്.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos

click me!