Kaavan : കാവനിപ്പോള്‍ ലോകത്തിലെ ഏറ്റവും ഏകാന്തനായ ആനയല്ല !

First Published | Dec 1, 2021, 3:58 PM IST

കാവനെ ഓര്‍മ്മയില്ലേ ? 35 വര്‍ഷത്തോളം ഇസ്ലാമാബാദിലെ മൃഗശാലയില്‍ തടവില്‍ കഴിയാന്‍ വിധിക്കപ്പെട്ട കാവന്‍ എന്ന ആനയെ ഓര്‍മ്മയില്ലേ ?  ഇസ്ലാമാബാദ് മാർഗസാർ മൃഗശാലയിലെ ജീവിതത്തിനിടെ കാവന് ചാര്‍ത്തിക്കിട്ടിയ പട്ടമായിരുന്നു ' ലോകത്തിലെ ഏറ്റവും ഏകാന്തനായ ആന' എന്നത്. ഒടുവില്‍ പാകിസ്ഥാനിലെ  ഫ്രന്‍റ്സ് ഓഫ് ഇസ്ലാമബാദ് സൂ അടക്കമുള്ള മൃഗസംരക്ഷകരുടെ നിരന്തര ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കാവനെ കംബോഡിയയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി കാവന്‍ കംബോഡിയയിലാണ് താമസം. ഒടുവില്‍ കാവന് ഒരു കൂട്ടുകാരിയെ കിട്ടിയെന്ന വാര്‍ത്തയും വന്നു. അങ്ങനെ നീണ്ട വര്‍ഷങ്ങളുടെ ഏകാന്ത ജീവിതം കാവന്‍ അവസാനിപ്പിച്ചുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. 

1985 ല്‍ ശ്രീലങ്കയിലെ  പിന്നവാല ആന സങ്കേതത്തില്‍ നിന്നാണ് കാവന്‍ പാകിസ്ഥാനിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി അന്നത്തെ ശ്രീലങ്കന്‍ പ്രധാനമന്ത്രി റാണസിംഹേ പ്രേമദാസ, പിന്നവാല ആന സങ്കേതത്തില്‍ നിന്നുള്ള കുഞ്ഞു കാവനെ പാകിസ്ഥാന്‍ സൈനിക ഭരണാധികാരിയായിരുന്ന ജനറല്‍ സിയാവുല്‍ ഹഖിന് സമ്മാനിക്കുകയായിരുന്നു. 

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 1990-ലാണ് കാവന്‍ ഏതാന്ത ജീവിതത്തിന് ഒരു അവസാനമുണ്ടാകുന്നത്.  1990 ല്‍ ബംഗ്ലാദേശില്‍ നിന്നും സഹേലി എന്ന പിടിയാന മാര്‍ഘുസാര്‍ മൃഗശാലയിലെത്തി. പിന്നീട് അവള്‍ കാവന്‍റെ ജീവിത സഹിയായി. ദുഃഖത്തിലും സന്തോഷത്തിലും അവര്‍ ഒന്നിച്ച് നിന്നു.


ഇരുപത്തിരണ്ട് വര്‍ഷം ആ ബന്ധം ഊഷ്മളമായി തുടര്‍ന്നു. ഒടുവില്‍ 2012ൽ ​​തന്‍റെ ഇണ ചെരിഞ്ഞ ശേഷം കാവൻ അക്രമാസക്ത​നാകാന്‍ തുടങ്ങിയെന്നാണ് മാർഗസാർ മൃഗശാലാ അധികൃതർ പറയുന്നത്. അതോടൊപ്പം ഇസ്‍ലാമാബാദ് മൃഗശാലയിലെ മോശം സാഹചര്യങ്ങൾ കൂടി ചേർന്നതോടെ അവന്‍റെ ആരോഗ്യനില തീര്‍ത്തും വഷളായി. 


ഇതോടെയാണ്, കാവന് വേണ്ടി ലോകമെങ്ങുമുള്ള മൃഗസ്നേഹികൾ ശബ്ദമുയർത്തി തുടങ്ങി. കാവന് വേണ്ടി നിരവധി ഹര്‍ജികള്‍ മൃഗസ്നേഹികള്‍ നല്‍കി. ഓസ്കാര്‍ ജേതാവും നടിയും സംഗീതജ്ഞയുമായ ഷേര്‍, കാവന്‍റെ മോചനത്തിനായി നേരിട്ടിറങ്ങി. അവര്‍ കാവന് വേണ്ടി ലേകമെങ്ങും സംഗീത നിശകള്‍ സംഘടിപ്പിച്ചു. 

ഒടുവില്‍  ഇസ്​ലാമാബാദ് ഹൈക്കോടതി 2020 മെയില്‍ കാവനെ കംബോഡിയയിലേക്ക് കൊണ്ട് പോകാന്‍ അനുവദിച്ചു. അങ്ങനെ ഏറെ പേരുടെ ആവശ്യത്തെ തുടര്‍ന്ന് കാവനെ 2020 ഡിസംബറോടെ കംബോഡിയയിലെ  പ്രശസ്ത ആന പരിപാലന കേന്ദ്രമായ കുലേന്‍ പ്രോംതെപ് വന്യജീവി സങ്കേതത്തിലേക്ക് മാറ്റി. 

കുലേന്‍ പ്രോംതെപ് വന്യജീവി സങ്കേതത്തിലെ ഒരു വര്‍ഷത്തെ ജീവിതത്തിനിടയില്‍ കാവന് വലിയ മാറ്റങ്ങളുണ്ടായി. അവന്‍ ഒരു ഇണയെ കണ്ടെത്തി. അങ്ങനെ ഒരിക്കൽ 'ലോകത്തിലെ ഏറ്റവും വലിയ ഏകാന്തൻ' എന്ന് വിശേഷിപ്പിക്കപ്പെട്ട ആന ഇപ്പോൾ 'തനിക്ക് അർഹമായ ജീവിതം നയിക്കുകയാണ്' എന്നാണ് കംബോഡിയിയില്‍ നിന്നുള്ള വാര്‍ത്തകള്‍. 

പാകിസ്ഥാനില്‍ നിന്ന് കാവനൊപ്പം എത്തിയതാണ് അവനെ പരിചരിക്കുന്ന ഡോ. അമീർ ഖലീൽ. അദ്ദേഹം പറയുന്നത്, ' കംബോഡിയ വന്യജീവി സങ്കേതത്തിലെ തന്‍റെ പുതിയ വീട്ടിൽ അവനിപ്പോള്‍ ഏകാന്തനല്ല' എന്നാണ്. കഴിഞ്ഞ ഏട്ട് വര്‍ഷത്തെ ഏകാന്ത ജീവിതം കാവന്‍ അവസാനിപ്പിച്ച് കഴിഞ്ഞു. 

'കാവന്‍ തന്‍റെ സ്വാഭാവിക സഹജാവബോധം വീണ്ടും കണ്ടെത്തി. മറ്റ് ആനകളോടൊപ്പം ചുറ്റിക്കറങ്ങുന്നതില്‍ അവന്‍ ഏറെ സന്തുഷ്ടനാണ്. കാവന്‍ വീണ്ടും ജീവിതം ആസ്വദിച്ച് തുടങ്ങിയിരിക്കുന്നു. അവനെ ഒന്നൂടെ കാണാന്‍ എനിക്ക് വലിയ ആഗ്രഹമുണ്ട്, ഡോ. അമീർ ഖലീൽ പറയുന്നു.

ഇസ്ലാമാബാദ് മൃഗശാലയിലെ കാവന്‍റെ ജീവിതം കണ്ട് അവനെ സഹായിക്കാനായി എത്തിയതായിരുന്നു  ഡോ. അമീർ ഖലീൽ എന്ന മൃഗപരിപാലകന്‍. ഒടുവില്‍ കാവനെ കംബോഡിയയിലേക്ക് കൊണ്ടുപോകുമ്പോള്‍ അദ്ദേഹവും അവനൊപ്പം പോയി. പിന്നീട് കാവന്‍ കംബോഡിയയിലെ തന്‍റെ പുതിയ വാസസ്ഥലവുമായി ഇണങ്ങിത്തുടങ്ങിയപ്പോഴാണ് അദ്ദേഹം തിരിച്ച് പോയത്. 

ഏറെ ശ്രമകരമായിരുന്നു കാവന്‍റെ കംബോഡിയന്‍ യാത്ര. സൈനീക വാഹനങ്ങളുടെ അകമ്പടിയോടെയാണ് കാവനെ അന്ന്  വിമാനത്താവളത്തിലെത്തിച്ചത്.  അവിടെ നിന്ന് പ്രത്യേകം തയ്യാറാക്കിയ വിമാനത്തില്‍ കയറ്റി. വിമാനത്തില്‍ കാവനായി 200 കിലോ ഭക്ഷണം വരെ തയ്യാറാക്കിയിരുന്നു. 

ഏഴ് മണിക്കൂർ പറക്കലിനൊടുവിലാണ് അവന്‍ കംബോഡിയയുടെ മണ്ണില്‍ കാവന്‍ കാല്‍കുത്തിയത്. വിമാനത്തില്‍ നിന്ന് താഴെ ഇറങ്ങിയ കാവനെ ബുദ്ധ സന്യാസിമാർ പഴങ്ങള്‍ നല്‍കി പ്രാര്‍ത്ഥനാപൂര്‍വ്വമാണ് സ്വീകരിച്ചത്.  മൂന്ന് പിടിയാനകളായിരുന്നു അന്ന് കാവനെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയിരുന്നത്. 

കാവൻ ഇതുവരെ മറ്റ് ആനകളുമായി അത്രയ്ക്ക് അങ്ങ് ഇടപെട്ട് തുടങ്ങിയിട്ടില്ല. അവന്‍റെ ഒരോ നീക്കവും നിരീക്ഷിക്കാന്‍ CWS-ലെ ടീം അവനൊടൊപ്പം തന്നെയുണ്ട്. അടുത്ത് തന്നെ അവന്‍ തന്‍റെ ഇണയെ തെരഞ്ഞെടുക്കുമെന്ന് തന്നെ അവര്‍ പറയുന്നു. 

പരസ്പരം മണം പിടിക്കാനും പിടിയാനകളുടെ തുമ്പിക്കൈയിൽ സ്പർശിക്കാനും അയൽപക്കത്ത് ചുറ്റിനടക്കാനും അവനിപ്പോള്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്നും അവര്‍ പറയുന്നു. 

പാകിസ്ഥാനിലെ മാര്‍ഘുസാര്‍ മൃഗശാലയില്‍ നിന്ന് കംബോഡിയയിലെ  കുലേന്‍ പ്രോംതെപ് വന്യജീവി സങ്കേതത്തിലെത്തിയപ്പോള്‍ അവനില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. 

മാര്‍ഘുസാര്‍ മൃഗശാലയില്‍ ആരെയും അടുപ്പിക്കാതെ പരിമിതമായ സ്ഥലത്ത് തലങ്ങും വിലങ്ങും നടന്നിരുന്ന കാവന്‍ ഇപ്പോള്‍ കുലേന്‍ പ്രോംതെപ് വന്യജീവി സങ്കേതത്തിലെ നീണ്ട നടപ്പാതകള്‍ ഉപയോഗിക്കുന്നു. ഏറെ സമയം ചുറ്റിനടക്കുന്നതില്‍ അവന്‍ ആനന്ദം കണ്ടെത്തുന്നുവെന്നും കാവനെ പരിപാലിക്കുന്ന സംഘം പറയുന്നു. 

കൂടുതല്‍ വായനയ്ക്ക് :  35 വര്‍ഷത്തെ ഏകാന്തതയ്ക്ക് വിരാമം, 'കാവന്‍' ഇസ്ലാമാബാദില്‍ നിന്ന് കംബോഡിയയിലേക്ക്


കൂടുതല്‍ വായനയ്ക്ക് :  ലോകത്തിലെ ഏകാന്തനായ ആന കാവന് ഇനി കംബോഡിയയില്‍ വിശ്രമ ജീവിതം

Latest Videos

click me!