ഈ ഇനത്തിന് ഭീമാകാരമായ പൂക്കളാണുള്ളത്. മുകുളങ്ങൾ നിലത്തുനിന്നോ നേരിട്ട് അവയുടെ ആതിഥേയ സസ്യങ്ങളുടെ താഴത്തെ കാണ്ഡത്തിൽ നിന്നോ ആണ് ഉയരുന്നത്. ഇവയുടെ ഒരു ഇനത്തിൽ ലോകത്തിലെ ഏറ്റവും വലിയ പൂക്കൾ വരെ വിരിയാറുണ്ട്. ഈ ജനുസ്സിൽ ഏകദേശം 28 സ്പീഷീസുകളാണ് ഉള്ളത്. ഇവയെ തെക്ക്-കിഴക്കൻ ഏഷ്യയിൽ ഉടനീളം കാണപ്പെടുന്നു.
1791 നും 1794 നും ഇടയില്‍ ഫ്രഞ്ച് സർജനും പ്രകൃതി ശാസ്ത്രജ്ഞനുമായ ലൂയിസ് ദെഷാംപ്‌സാണ് ഇവയെ ആദ്യമായി ജാവയിൽ നിന്ന് കണ്ടെത്തി യൂറോപിന് പരിചയപ്പെടുത്തിയത്. എന്നാൽ 1803-ൽ ബ്രിട്ടീഷുകാർ പിടിച്ചെടുത്ത അദ്ദേഹത്തിന്‍റെ കുറിപ്പുകളും ചിത്രീകരണങ്ങളും 1861 വരെ പാശ്ചാത്യ ശാസ്ത്ര ലോകത്തിന് ലഭ്യമായിരുന്നില്ല. 1818-ൽ, സുമാത്രയിലെ ബെങ്കുലുവിലുള്ള ഇന്തോനേഷ്യയിലെ മഴക്കാടുകളിൽവെച്ച് ജോസഫ് അർനോൾഡിനെ തദ്ദേശീയനായ ഒരു സഹായിയാണ് പിന്നീട് ഈ പുഷ്പത്തെ കാണിച്ച് കൊടുക്കുന്നത്.
തുടര്‍ന്ന് പര്യവേഷണത്തിന്‍റെ നേതാവും സമകാലിക സിംഗപ്പൂരിന്‍റെ സ്ഥാപകനുമായ സ്റ്റാംഫോർഡ് റാഫിൾസിന്‍റെ പേര് ഈ പുഷ്പത്തിന് നല്‍കി. പൂക്കൾ അഴുകിയ മാംസം പോലെയാണ്. മാത്രമല്ല ഇവ പുറത്ത് വിടുന്ന ദുർഗന്ധം ശവത്തിന്‍റെ മണത്തിന് തുല്യമാണ്. ഇത് ഈച്ചകളെയും മറ്റ് പ്രാണികളെയും ആകര്‍ഷിക്കുന്നു. ഇവ വഴിയാണ് ഈ പൂക്കള്‍ പരാഗണം നടത്തുന്നത്. ഇവയിൽ ആൺപൂക്കളും പെൺപൂക്കളും വെവ്വേറെയുണ്ട്.
റാഫ്ലെസിയ അർനോൾഡിക്ക്, ഏതൊരു പൂച്ചെടിയിലുമുള്ള ഏറ്റവും വലിയ ഒറ്റ പുഷ്പമാണുള്ളത്. ഇന്തോനേഷ്യയിൽ ഇവ 'പത്മ' എന്ന് അറിയപ്പെടുന്നു. ഇവയുടെ മറ്റൊരു വകഭേദമായ ആർ. ആർനോൾഡിയെ പത്മ രാക്ഷസ ("ഭീമൻ പത്മം") എന്നാണ് വിളിക്കുന്നത്. ജാവനീസ് ഭാഷയിലും ഇവയെ പത്മ എന്ന് വിളിക്കുന്നു. നിരവധി യൂറോപ്യന്‍ ജേര്‍ണലുകളില്‍ ഇവയെ ശവ പുഷ്പം അഥവാ മോൺസ്റ്റർ ഫ്ലവർ എന്നും വിളിക്കുന്നു. ഫിലിപ്പീൻസിലും തായ്‌ലൻഡിലും ഈ പുഷ്പത്തെ പ്രാദേശിക വൈദ്യത്തിന് ഉപയോഗിക്കുന്നു.
പൂർണ്ണമായി പൂവിട്ട് ഏഴ് ദിവസത്തിന് ശേഷമുള്ള ഒരു റാഫ്ലെസിയ പൂവാണിത്. ഒരിക്കൽ തിളങ്ങുന്ന ചുവന്ന പുഷ്പം ദിവസങ്ങള്‍ കഴിയുമ്പോഴേക്കും ഇരുണ്ടു തുടങ്ങും. മനോബോ-തസാഡൈകൾ ഇതിനെ 'ബുഹ്വ' എന്നും വിളിക്കുന്നു. ഫിലിപ്പീൻസിലെ സൗത്ത് കോട്ടബാറ്റോയിലെ ലേക്ക് സെബു തടാകത്തിലെ ഗെതൻ തസാഡേയിൽ (മൗണ്ട് തസാഡേ) പ്രകൃതിദത്തമായി കാണപ്പെടുന്ന ഒരു പരാന്നഭോജിയാണ് ഈ ഭീമാകാരമായ പുഷ്പം.
അമോർഫോഫാലസ് ടൈറ്റാനം, ടൈറ്റൻ അരം, അരേസി കുടുംബത്തിലെ ഒരു പൂച്ചെടിയാണ്. ലോകത്തിലെ ഏറ്റവും വലിയ ശാഖകളില്ലാത്ത പൂങ്കുലയാണിത്. ടൈറ്റാനം സുമാത്രയിലാണ് കാണപ്പെടുന്നത്. ചീഞ്ഞളിഞ്ഞ ശവത്തിന്‍റെ ദുർഗന്ധം കാരണം ഇവയ്ക്ക് ശവപുഷ്പം എന്നും വിളിപ്പേരുണ്ട്.