മയക്കുമരുന്ന് കച്ചവടം, ഖനനം, പണപ്പിരിവ്; താലിബാന്‍ കോടീശ്വരന്‍മാരായ കഥ

First Published | Aug 13, 2021, 4:06 PM IST

വിദേശ സൈനികര്‍ സ്ഥലം വിട്ടതിനു പിന്നാലെ, താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്താന്‍ പിടിയിലാക്കുകയാണ്. ദുര്‍ബലരായ അഫ്ഗാന്‍ ഭരണകൂടത്തെ സൈനിക മാര്‍ഗങ്ങളിലൂടെ പരാജയപ്പെടുത്തി  രാജ്യം പിടിച്ചെടുക്കുകയാണ് താലിബാന്റെ ലക്ഷ്യം. അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാറുംഹെറാത്തും പിടിച്ചെടുത്തതോടെ അവര്‍ ലക്ഷ്യത്തിലേക്ക് അതിവേഗം അടുക്കുകയാണ്. ആകെയുള്ള 34 പ്രവിശ്യകളില്‍ 11 എണ്ണമാണ് ഇപ്പോള്‍ താലിബാന്‍ പിടിച്ചെടുത്തത്. കാബൂള്‍ അടക്കം താലിബാന്‍ പിടിെച്ചടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. 

2001-ല്‍ അമേരിക്കന്‍ ഇടപെടലിനെ തുടര്‍ന്ന് അധികാരത്തില്‍നിന്നു പുറത്തായ ശേഷം താലിബാന്‍ പിന്നോട്ടുപോക്കിലായിരുന്നു. വിദേശ സൈന്യങ്ങള്‍ നടത്തിയ പഴുതടച്ച ആക്രമണത്തില്‍ താലിബാന്‍ നേതൃത്വം തകര്‍ന്നടിഞ്ഞു. ഒപ്പം, അവരുടെ സംഘടനാ ശേഷിയെയും തകര്‍ത്തു എന്നായിരുന്നു അമേരിക്കന്‍ നാറ്റോ ശക്തികള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍, തകര്‍ന്നടിഞ്ഞ അവസ്ഥയില്‍നിന്ന് തന്ത്രപൂര്‍വ്വം മുന്നേറുകയായിരുന്നു അവരെന്നാണ് ഇപ്പോള്‍ തെളിയുന്നത്. എങ്ങനെയാണ് താലിബാന്‍ ഭീകരര്‍ വെല്ലുവിളികളെ പരാജയപ്പെടുത്തിയത്? ആരാണ് അവര്‍ക്ക് ഇതിനുള്ള സാമ്പത്തിക സഹായം നല്‍കുന്നത്? ഇക്കാര്യം അന്വേഷിച്ചാല്‍, ഞെട്ടിക്കുന്ന വിവരങ്ങളാണ് നമുക്ക് ലഭിക്കുക. തകര്‍ന്നടിഞ്ഞ നേരത്തുപോലും അവര്‍ കോടികള്‍ വാരിക്കൂട്ടുകയായിരുന്നു എന്നാണ് രേഖകള്‍ തെളിയിക്കുന്നത്. 2020 സാമ്പത്തിക വര്‍ഷം താലിബാന്‍ ഉണ്ടാക്കിയത് 1.6 ബില്യന്‍ അമേരിക്കന്‍ ഡോളറാണ്. അതായത് 1. 18 ലക്ഷം കോടി രൂപ. അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ തുടരുന്ന സമയത്താണ് ഇത്രയും തുക അവര്‍ ഉണ്ടാക്കിയത്. താലിബാന്‍ ആത്മീയ നേതാവ് മുല്ലാ ഉമറിന്റെ പുത്രന്‍ മുല്ലാ യാഖൂബ് നാറ്റോ സമിതിക്കു മുമ്പാകെ നല്‍കിയ കണക്കാണിത്. റേഡിയോ ഫ്രീ യൂറോപ്പ് ആണ് രഹസ്യ രേഖകള്‍ പരിശോധിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.  

എങ്ങനെയാണ് താലിബാന്‍ ഇത്രയും പണമുണ്ടാക്കിയത്? അമേരിക്കയിലെ നെബ്രാസ്‌ക ഒമാ സര്‍വകലാശാലയിലെ സെന്റര്‍ ഓഫ് അഫ്ഗാനിസ്താനിലെ ഇക്കണോമിക് പോളിസി അനലിസ്റ്റ് ഹനീഫ് സുഫിസാദ 'കോണ്‍വര്‍സേഷന്‍സ്'മാസികയില്‍ എഴുതിയ ലേഖനം ഇക്കാര്യത്തില്‍ വെളിച്ചം വീശുന്നുണ്ട്. താലിബാന്റെ സാമ്പത്തിക സ്രോതസ്സുകള്‍ ഇവയാണ്: 

1. മയക്കുമരുന്നുകള്‍. ഏകദേശം 416 മില്യന്‍ അമേരിക്കന്‍ ഡോളര്‍ (മുപ്പതിനായിരം കോടി രൂപ) ആണ് മയക്കുമരുന്ന് കച്ചവടത്തില്‍നിന്നും താലിബാന്‍ ഉണ്ടാക്കുന്നത് എന്നാണ് കണക്കുകള്‍. 

കഴിഞ്ഞ അഞ്ചു വര്‍ഷമായി ആഗോള കറുപ്പ് (മയക്കുമരുന്നായ ഓപ്പിയം) ഉല്‍പ്പാദനത്തിന്റെ 84 ശതമാനവും അഫ്ഗാനിസ്ഥാനിലാണെന്നാണ് 2020-ലെ  ഐക്യരാഷ്ട്രസഭാ ഡ്രഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 


നിയമവിരുദ്ധമായ ഈ മയക്കു മരുന്ന് വില്‍പ്പനയുടെ ഭൂരിഭാഗം ലാഭവും പോവുന്നത് താലിബാനാണ്. താലിബാന് നിയന്ത്രണമുള്ള സ്ഥലങ്ങളില്‍ വന്‍തോതിലാണ് കറുപ്പ് നിര്‍മിക്കുന്നത്. 

കാബൂള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഫ്ഗാനിസ്താന്‍ റിസര്‍ച്ച് ആന്റ് ഇവാല്വേഷന്‍ യൂനിറ്റിന്റെ 2008-ലെ റിപ്പോര്‍ട്ട്  പ്രകാരം മയക്കുമരുന്നുല്‍പ്പാദന ശൃംഖലകളുടെ ഓരോ ലിങ്കിനും പത്തു ശതമാനം നികുതിയാണ് താലിബാന്‍ ചുമത്തുന്നത്.

 ഒാപ്പിയം നിര്‍മാണത്തിനുപയോഗിക്കുന്ന പോപ്പി ചെടികള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍, അവയെ മാരക മയക്കുമരുന്നായി മാറ്റുന്ന ലാബ് നടത്തിപ്പുകാര്‍,  രാജ്യത്തിനു പുറത്തേക്ക് ഈ മയക്കുമരുന്ന് എത്തിക്കുന്ന കച്ചവടക്കാര്‍ എന്നിവര്‍ അടങ്ങുന്നതാണ് ഈ ശൃംഖല.  

2. ഖനനമാണ് താലിബാന്റെ മറ്റൊരു പ്രധാന വരുമാന മാര്‍ഗം. ഇരുമ്പയിര്, മാര്‍ബിള്‍, ചെമ്പ്, സ്വര്‍ണ്ണം, സിങ്ക് മറ്റു ലോഹങ്ങള്‍, റെയര്‍ എര്‍ത്ത് മിനറല്‍സ് എന്നിവയുടെ ഖനനമാണ് താലിബാന്റെ മറ്റൊരു മേഖല. 

താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാന്‍ മലനിരകള്‍ ഇവ ഖനനം ചെയ്യുന്ന മേഖലകള്‍ കൂടിയാണ്. താലിബാന് വന്‍ തുക നല്‍കിയാണ് ചെറുകിട ഖനന കമ്പനികള്‍ മുതല്‍ വമ്പന്‍ ഖനന കമ്പനികള്‍ വരെ ഈ കച്ചവടം നടത്തുന്നത്.  താലിബാന് പണം നല്‍കാതെ ഈ മേഖലകളില്‍ ഖനനം നടത്താന്‍ സാധ്യമല്ല.

താലിബാന്റെ സ്‌റ്റോണ്‍സ് ആന്റ് മൈനിംഗ് കമീഷന്‍ (Da Dabaro Comisyoon) കണക്കു പ്രകാരം 464 മില്യന്‍ യു എസ് ഡോളറാണ് (ഇരുപത്തിയൊമ്പതിനായിരം കോടി രൂപ) ഇതില്‍നിന്നുള്ള വരുമാനം. 

എന്നാല്‍, നാറ്റോയുടെ കണക്കില്‍ തുക ഇതിലും കൂടുതലാണ്. 464 മി മില്യന്‍ യു എസ് ഡോളറാണ് (മുപ്പത്തിനാലായിരം കോടി രൂപ) താലിബാന്‍ ഖനന ബിസിനസിലൂടെ സ്വരൂപിക്കുന്നത് എന്നാണ് നാറ്റോ കണക്കുകള്‍. 2016-ല്‍ ഇതു കേവലം 35 മില്യന്‍ യു എസ് ഡോളറായിരുന്നു (260 കോടി രൂപ). അതില്‍നിന്നാണ് കഴിഞ്ഞ കാലങ്ങളില്‍ താലിബാന്‍ വന്‍ കുതിപ്പ് നടത്തിയത്. 

3. നികുതികളാണ് അടുത്ത വരുമാന മാര്‍ഗം. അഫ്ഗാനിസ്താനിലെ വ്യാവസായിക പ്രാധാന്യമുള്ള സ്വാത് മേഖലയുടെ നിയന്ത്രണം കൈയിലാക്കിയ താലിബാന്‍ ജനങ്ങളില്‍നിന്നും വ്യവസായ സ്ഥാപനങ്ങളില്‍നിന്നും നികുതി ഈടാക്കുന്നുണ്ട്. 

സര്‍ക്കാര്‍ മാതൃകയില്‍ ഈ നികുതിക്ക് രശീതി പോലും നല്‍കുന്നുണ്ട്. ഖനന കമ്പനികള്‍, മാധ്യമ സ്ഥാപാനങ്ങള്‍, ടെലികമ്യൂണിക്കേഷന്‍ സ്ഥാപനങ്ങള്‍, അന്താഷ്ട്ര ധന സഹായത്തോടെയുള്ള വികസന പദ്ധതികള്‍ എന്നിയൊക്കെ താലിബാന് നികുതി കൊടുക്കുന്നുണ്ട്. 

താലിബാന്‍ നിയന്ത്രണത്തിലുള്ള ഹൈവേകള്‍ ഉപയോഗിക്കുന്നതിന് ഡ്രൈവര്‍മാരില്‍നിന്നും അവര്‍ ചുങ്കം പിരിക്കുന്നുണ്ട്. 

കച്ചവടം നടത്തുന്നതിന് വ്യാപാരികളില്‍നിന്നും അവര്‍ ഇതോടൊപ്പം നികുതി വാങ്ങുന്നു. 

അതോടൊപ്പം, കര്‍ഷകരുടെ വിളകളുടെ പത്തു ശതമാനവും ഇവര്‍ ഉസ്ഹര്‍ നികുതിയായി വാങ്ങുന്നു. ഒപ്പംം സമ്പത്തിന്റെ രണ്ടര ശതമാനം സക്കാത്തായി താലിബാന്‍ വാങ്ങുന്നുണ്ട്. 

4 ചാരിറ്റബിള്‍ സഹായങ്ങള്‍ ആണ് മറ്റൊരു വരുമാന മാര്‍ഗം. ലോകമാകെയുള്ള സ്വകാര്യ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നും താലിബാന്‍ രഹസ്യമായി സംഭാവന സ്വീകരിക്കുന്നുണ്ട്. പശ്ചിമേഷ്യയില്‍ പ്രവര്‍ത്തിക്കുന്ന താലിബാനോട് അനുഭാവമുള്ള ചാരിറ്റി, മത ഏജന്‍സികളാണ് താലിബാന് സംഭാവന നല്‍കുന്നവരില്‍ ഏറെയും. 

അഫ്ഗാനിസ്താന്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് പോളിസി സ്റ്റഡീസിന്റെ കണക്കു പ്രകാരം പ്രതിവര്‍ഷം 150 -200 മില്യന്‍ യു എസ് ഡോളര്‍ (1200 മുതല്‍ 1500 വരെ കോടി രൂപ) ഇങ്ങനെ ലഭിക്കുന്നതായാണ് കണക്ക്. 

സൗദി അറേബ്യ, പാക്കിസ്താന്‍, ഇറാന്‍, ചില ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലുള്ള സ്വകാര്യ വ്യക്തികളില്‍നിന്നും താലിബാന്‍ നിയന്ത്രണത്തിലുള്ള ഹഖാനി നെറ്റ് വര്‍ക്കിന് പ്രതിവര്‍ഷം 60 മില്യന്‍ യു എസ് ഡോളര്‍ (445 കോടി രൂപ) ലഭിക്കുന്നതായാണ് അമേരിക്കന്‍ കൗണ്ടര്‍ ടെററിസം ഏജന്‍സികളുടെ കണക്ക്. 

5. ഉപഭോക്തൃ വസ്തുക്കളുടെ കയറ്റുമതിയില്‍നിന്നും 240 മില്യന്‍ യു എസ് ഡോളര്‍ (1783 കോടി രൂപ) താലിബാന്‍ സമ്പാദിക്കുന്നതായാണ് യു എന്‍ സുരക്ഷാ സമിതിയുടെ കണക്ക്. 

ഓട്ടോമൊബൈല്‍ പാര്‍ട്‌സുകളും പഴയ വാഹനങ്ങളും വില്‍ക്കുന്ന ബഹുരാഷ്ട്ര കമ്പനിയായ നൂര്‍സായി ബ്രദേഴ്‌സ് ലിമിറ്റഡുമായി താലിബാന് അടുത്ത ബന്ധമുണ്ട്.  

6. താലിബാന്‍ നേതാവ് മുല്ലാ യാക്കൂബ് നാറ്റോ സമിതിക്കു നല്‍കിയ കണക്കു പ്രകാരം അഫ്ഗാനിസ്താന്‍, പാക്കിസ്താന്‍, മറ്റ് ചില രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ താലിബാന് റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകളുണ്ട്. പാക്കിസതാന്‍ ടിവി ചാനലായ സംആയും ഈ വിവരം പുറത്തുവിട്ടിരുന്നു. 

80 മില്യന്‍ യു എസ് ഡോളര്‍ (594 കോടി രൂപ) ആണ് താലിബാന്‍ റിയല്‍ എസ്‌റ്റേറ്റിലൂടെ സമ്പാദിക്കുന്നത് എന്നാണ് മുല്ലാ യാക്കൂബ് നല്‍കിയ കണക്കിലുള്ളത്. 

7. ഗള്‍ഫിലെ ചില രാജ്യങ്ങളില്‍നിന്നും 106 മില്യന്‍ യു എസ് ഡോളര്‍ (787 കോടി രൂപ) താലിബാന്‍ സ്വീകരിച്ചതായുള്ള സി ഐ എയുടെ രഹസ്യ രേഖ ബിബിസി പുറത്തുവിട്ടിരുന്നു.

 റഷ്യ, ഇറാന്‍, പാക്കിസ്താന്‍, സൗദി ഭരണകൂടങ്ങളില്‍നിന്നും വന്‍തുക താലിബാന് ലഭിക്കുന്നതായാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിഗമനം. 

500 മില്യന്‍ യു എസ് ഡോളര്‍ (3714 കോടി രൂപ) ഈയിനത്തില്‍ താലിബാന് ലഭിക്കുന്നതായാണ് അനുമാനം. എന്നാല്‍, വ്യക്തമായ കണക്കുകള്‍ ഇതിനില്ല. 

Latest Videos

click me!