യന്ത്രത്തോക്കുമായി പ്രസവവാര്‍ഡിലെത്തി ചോരക്കുഞ്ഞുങ്ങളെ കൊന്നവര്‍, കാബൂള്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ഇവര്‍!
First Published | Aug 27, 2021, 6:15 PM ISTകാബൂള്‍ വിമാനത്താവളത്തില്‍ ഇന്നലെയുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനങ്ങള്‍ക്കു ശേഷം അഫ്ഗാനിസ്താന്റെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വീണ്ടും മാറിമറിഞ്ഞിരിക്കുകയാണ്. ഹാമിദ് കര്‍സായി രാജ്യാന്തര വിമാനത്താവളത്തിനു പുറത്തും അടുത്തുള്ള ബറോണ്‍ ഹോട്ടലിലുമുണ്ടായ അതിശക്തമായ സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 103 ആയി. ഇവരില്‍ 13 പേര്‍ അമേരിക്കന്‍ സൈനികരാണ്. ഭീകരാക്രമണ സാദ്ധ്യത ഉണ്ടാവുമെന്ന് നാലു ദിവസമായി അമേരിക്ക അടക്കം മുന്നറിയിപ്പുകള്‍ നല്‍കിയതിനു പിന്നാലെയാണ് ലോകത്തെ ഞെട്ടിച്ച സ്‌ഫോടനങ്ങള്‍ നടന്നത്. പാക്കിസ്താന്‍-അഫ്ഗാനിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് സ്‌റ്റേറ്റ് ഖൊറാസാന്‍ (ഐ എസ്-കെ) എന്ന ഭീകരസംഘടനയാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയത്. തങ്ങളാണ് സ്‌ഫോടനം നടത്തിയതെന്ന് തങ്ങളുടെ ടെലിഗ്രാം അക്കൗണ്ടില്‍ ഐ എസ്-കെയും അവകാശപ്പെട്ടിട്ടുണ്ട്. 2015 മുതല്‍ പാക്കിസ്താനിലും അഫ്ഗാനിസ്താനിലുമായി പ്രവര്‍ത്തിക്കുന്ന അപകടകാരികളായ ഈ സംഘടന അമേരിക്കന്‍ സൈന്യവും അഫ്ഗാന്‍ സൈന്യവും നടത്തിയ ഭീകരവിരുദ്ധ നടപടികളില്‍ സംഘടനയിലെ വലിയൊരു വിഭാഗം കൊല്ലപ്പെട്ടതിനാല്‍ കഴിഞ്ഞ കുറേക്കാലമായി അത്ര സജീവമായിരുന്നില്ല. അതിനിടെയാണ്, ലോകത്തിന്റെ കണ്ണുകള്‍ മുഴുവന്‍ കാബൂള്‍ വിമാനത്തിലായ സമയത്ത്, അതിശക്തമായ ആക്രമണം നടത്തി അവര്‍ സാന്നിധ്യം അറിയിച്ചത്.
അഫ്ഗാന്‍ പിടിച്ചെടുത്തതു മുതലുള്ള സംഭവവികാസങ്ങള്‍ താലിബാന് അനുകൂലമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ ഭീകരാക്രമണം നടന്നത്. ഭീകരതയ്ക്ക് എതിരായ യുദ്ധം അവസാനിപ്പിച്ച് അമേരിക്കന്‍ സൈന്യം വിട്ടുനില്‍ക്കുകയും നാറ്റോ അടക്കമുള്ള ശക്തികള്‍ ഈ വിഷയത്തില്‍ ഇടപെടാതിരിക്കുകയും ചെയ്യുന്ന സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. പഴയതിനേക്കാള്‍ ഉദാരമായ സമീപനമായിരിക്കും തങ്ങളുടേത് എന്ന പ്രചാരണത്തിലൂടെ പുതിയ ഇമേജ് നിര്‍മിക്കാനുള്ള ശ്രമത്തിലായിരുന്നു താലിബാന്‍. ചൈനയും റഷ്യയും താലിബാന്‍ അനുകൂല നിലപാട് സ്വീകരിക്കുകയും മറ്റ് വിദേശരാജ്യങ്ങള്‍ മാറിനില്‍ക്കുകയും ചെയ്യുന്ന സാഹചര്യം ഉരുത്തിരിഞ്ഞു വരുന്നതിനിടെയാണ്, പൊടുന്നനെ കാര്യങ്ങള്‍ മാറിയത്. അ്ഫ്ഗാന്‍ കാര്യങ്ങളില്‍ ഇനിയില്ലെന്ന് പറഞ്ഞു മാറിനിന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് തന്നെ വീണ്ടും ഈ വിഷയത്തില്‍ ഇടപെടേണ്ടി വന്നു. ആക്രമണം നടത്തിയവര്‍ക്കെതിരെ ശക്തമായ പ്രതികാര നടപടികള്‍ ഉണ്ടാവുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. അമേരിക്കയുടെ സഖ്യരാജ്യങ്ങളും സമാനമായ നിലപാടിലേക്കാണ് എത്തുന്നത്. അഫ്ഗാന്‍ വിഷയത്തില്‍ വീണ്ടും വിദേശ ഇടപെടലുണ്ടാവുന്നത് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ ആകെ മാറ്റും. താലിബാനെതിരെ, പഴയ വടക്കന്‍ സഖ്യത്തിന്റെ മുന്‍കൈയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെയാണ്, ഹഖാനി ഗ്രൂപ്പുമായി അടുപ്പമുള്ള ഭീകരസംഘടനയുടെ അപ്രതീക്ഷിത ആഗമനം. ഏകപക്ഷീയമായി മുന്നേറിക്കൊണ്ടിരിക്കുന്ന താലിബാന്റെ ആത്മവിശ്വാസം കുറയ്ക്കുന്ന സാഹചര്യമാണിതെന്ന് ഭീകരവിരുദ്ധ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.
ഒരൊറ്റ സ്‌ഫോടനത്തിലൂടെ ഇത്രയും വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ച ഈ ഭീകരവാദികള്‍ ആരാണ്? ഇവര്‍ക്ക് താലിബാനുമായി എന്താണ് ബന്ധം? നമുക്ക് പരിശോധിക്കാം.