യൂറോപ്പില്‍ ഉഷ്ണതരംഗം; നദികള്‍ വറ്റി, കാട്ടുതീ വ്യാപകം, ആയിരക്കണക്കിന് ഹെക്ടര്‍ കത്തി നശിച്ചു

First Published | Jul 16, 2022, 11:47 AM IST

കാലാവസ്ഥാ വ്യതിയാനത്തെ (Climate Change) തുടര്‍ന്ന് തെക്കന്‍ യൂറോപ്പില്‍ ഉഷ്ണതരംഗം (heatwave) ശക്തമായി. ഇതിന്‍റെ അനന്തരഫലമായി നദികള്‍ മിക്കതും വറ്റിവരണ്ടെന്നും കാടുകളില്‍ കാട്ടുതീ പടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭൂമിയിലെ ഏറ്റവും ചൂടേറിയ സ്ഥലങ്ങളിലൊന്നായ ഡെത്ത് വാലിയിലെ താപനിലയുമായി താരതമ്യപ്പെടുത്തുമ്പോൾ 200 വർഷത്തിനിടയിലെ ഏറ്റവും തീവ്രമായ താപ തരംഗങ്ങളിലൊന്നിലൂടെയാണ് യൂറോപ്പ് കടന്നുപോകുന്നതെന്ന് അക്വാവെതര്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. 1757 ന് ശേഷം ഭൂഖണ്ഡത്തിലെ ഏറ്റവും മോശം കാലാവസ്ഥയെയാകും യൂറോപ്പ് (Europe) നേരിടുക. പോര്‍ച്ചുഗല്‍, സ്പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, ഇംഗ്ലണ്ട് തുടങ്ങി യൂറോപിന്‍റെ തെക്ക് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ അതിശക്തമായ ഉഷ്ണതരംഗം ആഞ്ഞ് വീശുകയാണ്. ഇതിന്‍റെ ഫലമായി ജലാശയങ്ങളും നദികളും വറ്റിവരണ്ടു. യൂറോപിലാകമാനം ആയിരക്കണക്കിന് പ്രദേശങ്ങളില്‍ ശക്തമായ കാട്ട് തീ ആളിപ്പടരുകയാണ്. ഇറ്റലിയില്‍ 70 വര്‍ഷത്തിനിടെ ആദ്യമായി പോ നദി ഏറ്റവും വലിയ വരള്‍ച്ചയെ നേരിടുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

തീവ്രമായ കാലാവസ്ഥാ വ്യതിയാനം യൂറോപ്യന്‍ ഭൂഖണ്ഡത്തിലുടനീളം മാരകമായി മാറിയേക്കാമെന്നും അക്വാവെതറിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാസം 8 -ാം തിയതി മുതല്‍ പോര്‍ച്ചുഗലിലും സ്പെയിനിലും 38 ഡിഗ്രി സെല്‍ഷ്യസ് ചൂട് ഉയര്‍ന്നു. സ്പെയിനിലെ സെവില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. 

ജൂലൈ 14 ആകുമ്പോഴേക്കും പോർച്ചുഗലിലെ പിൻഹാവോയിൽ 47 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയപ്പോള്‍ അത് ജൂലൈയിൽ രാജ്യത്ത് രേഖപ്പെടുത്തപ്പെട്ട ഏറ്റവും ഉയര്‍ന്ന ചൂടായി മാറി. 1995-ൽ അമരലേജയിൽ രേഖപ്പെടുത്തിയ 46.5 ഡിഗ്രി സെല്‍ഷ്യസ് ആണ് രാജ്യത്തിന്‍റെ നിലവിലെ ജൂലൈ റെക്കോർഡ് ചൂടെന്നും സ്പാനിഷ് പത്രമായ എൽ പൈസ് റിപ്പോർട്ട് ചെയ്തു. ഈ വര്‍ഷം ഇതുവരെ രാജ്യത്ത് 80-ലധികം മരണങ്ങൾ ഉഷ്ണ തരംഗത്തെ തുടർന്ന് ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 


ഫ്രാന്‍സില്‍ പത്ത് വാട്ടര്‍ ബോംബര്‍ വിമാനങ്ങളുടെ സഹായത്തോടെ 1,000 അഗ്നിശമന സേനാംഗങ്ങള്‍ കഴിഞ്ഞ ചൊവ്വാഴ്ച ആരംഭിച്ച തീ പിടിത്തത്തിനെതിരെ പോരാട്ടം തുടരുകയാണ്. ആയിരക്കണക്കിന് ആളുകളെ പ്രദേശത്ത് നിന്നും ഒഴിപ്പിച്ച് കഴിഞ്ഞു. തീപിടുത്തത്തിൽ ഫ്രാന്‍സിന്‍റെ പടിഞ്ഞാറന്‍ മേഖലയായ ജിറോണ്ടെയിൽ 7,300 ഹെക്ടർ വനഭൂമി കത്തിനശിച്ചു.  ഒറ്റരാത്രി കൊണ്ട് മാത്രം 2,000 ഹെക്ടർ കാട് കത്തി നശിച്ചതായി അധികൃതർ പറഞ്ഞു. 

ജിറോണ്ടെയിലെ രണ്ട് തീപിടുത്തങ്ങളിൽ ഒന്ന് ബോർഡോക്‌സിന് തെക്ക് ലാൻഡിരാസ് പട്ടണത്തിന് ചുറ്റുമാണ്.  അവിടെ 4,200 ഹെക്ടർ കത്തിനശിച്ചു. റോഡുകൾ അടച്ചു. 480 താമസക്കാരെ ഒഴിപ്പിച്ചു. പ്രദേശത്ത് നിന്ന് ഇതുവരെയായി 1,000 പേരെ ഒഴിപ്പിച്ചു. 

ഫ്രാന്‍സിലെ പ്രധാന തീപിടുത്തങ്ങളിലൊന്ന് അറ്റ്ലാന്‍റിക് റിസോർട്ട് പട്ടണമായ ആർക്കച്ചോണിന്‍റെ തെക്ക് ഭാഗത്തുള്ള വനപ്രദേശത്താണ്. വേനൽക്കാലത്ത് ഫ്രാൻസിന് ചുറ്റുമുള്ള സന്ദർശകരുടെ പ്രധാന ആകർഷണ കേന്ദ്രം കൂടിയാണ് ഇവിടം. മുന്തിരിത്തോട്ടങ്ങള്‍ നിറഞ്ഞ താഴ്വാരമാണിവിടം. 

കഴിഞ്ഞ വ്യാഴാഴ്ച പാരീസിൽ നടന്ന ബാസ്റ്റിൽ ഡേ പരേഡിൽ പ്രദർശിപ്പിക്കേണ്ടിയിരുന്ന ചില അഗ്നിശമന വിമാനങ്ങളും ഉപകരണങ്ങളും ബോർഡോ മേഖലയിലെ തീപിടുത്തത്തിൽ ഉപയോഗിക്കാനായി കൊണ്ട് പോയി. തെക്കുകിഴക്കൻ ഫ്രാൻസിലും പാരീസിന്‍റെ വടക്ക് ഭാഗത്തും ശക്തമായ കാട്ടുതീ പടര്‍ന്ന് പിടിക്കുകയാണ്. ഇതുവരെ രാജ്യത്ത് ഇത്തരമൊരു തീപിടിത്തം കണ്ടിട്ടില്ലെന്നും ഇത് ആദിമകാലത്തിന് ശേഷമുള്ള സര്‍വ്വവും വിഴുങ്ങുന്ന തീപിടിത്തമാണിതെന്നും പ്രദേശവാസിയായ കാരിൻ ലെ ഫിഗാരോ അഭിപ്രായപ്പെട്ടു. 

വ്യാഴാഴ്ച തെക്ക്-കിഴക്കൻ പട്ടണമായ ടാരാസ്കോണിന് സമീപം പൊട്ടിപ്പുറപ്പെട്ട മറ്റൊരു കാട്ടുതീയില്‍ കുറഞ്ഞത് 1,000 ഹെക്ടറെങ്കിലും കത്തിച്ചതായി അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചു. പോർച്ചുഗൽ, സ്പെയിൻ, ക്രൊയേഷ്യ എന്നിവിടങ്ങളിൽ കാട്ടുതീ പടർന്നു പിടിക്കുകയാണ്. ആയിരക്കണക്കിന് വീടുകൾ കത്തിച്ചാമ്പലായി. ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു. 

യൂറോപ്പിന്‍റെ ഭൂരിഭാഗം പ്രദേശവും കാട്ടുതീ ഉയര്‍ത്തിവിട്ട പുകപടലത്തിലും ചൂടിലും ശ്വാസം മുട്ടുകയാണെന്നും വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്രാന്‍സിന്‍റെ മറ്റൊരു പടിഞ്ഞാറന്‍ തീരവും യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ മണല്‍ക്കാടുമായ ഡ്യൂൺ ഡു പിലാറ്റിന് സമീപമുള്ള അറ്റ്ലാന്‍റിക് തീരത്താണ് മറ്റൊരു ശക്തമായ കാട്ടുതീ പടരുന്നത്. ഈ പ്രദേശത്ത് ഇതിനകം 3,100 ഹെക്ടര്‍ പ്രദേശം കത്തിക്കഴിഞ്ഞു. 

ആർക്കച്ചോൺ ബേ ഏരിയയുടെ ആകാശത്തും ഇരുണ്ട പുകയുടെ കനത്ത മേഘങ്ങൾ ഉയര്‍ന്നു. ബുധനാഴ്ച ഏകദേശം 6,000 പേരെയും വ്യാഴാഴ്ച പുലർച്ചെ 4,000 പേരെയും ചുറ്റുമുള്ള ക്യാമ്പ് സൈറ്റുകളിൽ നിന്ന് ഒഴിപ്പിച്ചു. പ്രദേശത്ത് മൂന്ന് വീടുകളും രണ്ട് റെസ്റ്റോറന്‍റുകളും ഒറ്റ രാത്രി കൊണ്ട് കത്തി അമര്‍ന്നതായി അധികൃതർ പറഞ്ഞു.

കടുത്ത താപനിലയും വരൾച്ചയും മൂലം പോർച്ചുഗീസില്‍ 13 വ്യത്യസ്ത തീപിടിത്തങ്ങള്‍ അണയ്ക്കാന്‍ ,000-ത്തിലധികം അഗ്നിശമന സേനാംഗങ്ങൾ പാടുപെടുകയാണ്. പോര്‍ച്ചുഗീസില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനിലയായ 47 ഡിഗ്രി സെല്‍ഷ്യസ് അലിജോയിൽ രേഖപ്പെടുത്തി. 27 വര്‍ഷം റെക്കാര്‍ഡ് ചൂടാണ് ഇത്തവണ രേഖപ്പെടുത്തിയത്. 

പോര്‍ച്ചുഗല്ലിലെ പൊമ്പൽ പട്ടണത്തിനടുത്ത് പടര്‍ന്ന് പിടിച്ച തീയണയ്ക്കാന്‍ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് വെള്ളം തളിക്കുന്നത് തുടരുകയാണ്. പ്രദേശത്ത് ഹെക്ടര്‍ കണക്കിനുണ്ടായിരുന്ന പൈൻ, യൂക്കാലിപ്റ്റസ് മരങ്ങൾ കത്തിയമര്‍ന്നു. 'യൂക്കാലിപ്റ്റസിൽ എത്തുമ്പോൾ, ഒരു സ്ഫോടനം പോലെയാണ്,' അടുത്തുള്ള ഗ്രാമമായ ഗെസ്റ്റെയ്‌റയിലെ പ്രായമായ അന്‍റോണിയോ തന്‍റെ കാഴ്ചയെ കുറിച്ച് പറയുന്നു. 

സ്പെയിനില്‍ പല തൊഴില്‍ സ്ഥാപനങ്ങളും ചൂട് കൂടിയതിനാല്‍ പൂട്ടി. സ്പെയിനിലെ പല ഭാഗത്തും 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ചൂട്. കാസെറസിലെയും സലാമങ്കയിലെയും കാട്ട് തീ പടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടിമിന്നലിനെ തുടര്‍ന്ന് പടര്‍ന്ന് പിടിച്ച തീ നാല് ദിവസത്തിനിടെ 4000 ഹെക്ടര്‍ പ്രദേശത്തെ ചാരമാക്കി മാറ്റി. 

ശക്തമായ കാട്ടുതീയെ തുടര്‍ന്ന് സലാമങ്ക ആശ്രമത്തിലെ പുരോഹിതരെ രക്ഷപ്പെടുത്താന്‍ സൈന്യത്തെ വിളിച്ചു. ചരിത്രാതീതകാലത്തെ നിരവധി ഗുഹാചിത്രങ്ങൾ കണ്ടെത്തിയ പ്രശസ്ത പക്ഷിസങ്കേതമായ മോൺഫ്രാഗ് ദേശീയ ഉദ്യാനത്തിലും ശക്തമായ തീപിടിത്തമുണ്ടായി.

മോൺഫ്രാഗിലെ പ്രധാന ആകര്‍ഷണമായ   കറുത്ത കഴുകൻ പക്ഷികളുടെ നിരവധി കൂടുതകള്‍ കത്തി നശിച്ചതായി മോൺഫ്രാഗ് കൂട്ടായ്മ പറഞ്ഞു. ഉഷ്ണതരംഗത്തിന്‍റെ ഫലമായി തെക്കന്‍ യൂറോപിലെ പല നദികളും വറ്റിവരണ്ടു കഴിഞ്ഞു. മിക്ക പ്രദേശങ്ങളിലും ജലക്ഷാമം അതിരൂക്ഷമായി തുടരുകയാണ്. നിരവധി നഗരങ്ങളില്‍ ജലവിതരണ സംവിധാനം തകരാറിലായി. 
 

Latest Videos

click me!