യൂറോപ്പില്‍ ഉഷ്ണതരംഗം; ഫ്രാന്‍സില്‍ 11,500 പേരെ ഒഴിപ്പിച്ചു, സ്പെയിനിലും പോര്‍ച്ചുഗലില്ലുമായി മരണം 1000
First Published | Jul 19, 2022, 2:46 PM ISTതെക്കന്‍ യൂറോപ്പിലും വടക്കന്‍ ആഫ്രിക്കയിലും തുടരുന്ന ഉഷ്ണതരംഗത്തില്‍ (Heatwave) ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം സ്പെയിനില്‍ അതിശക്തമായ കാട്ടു തീ (Wild fire) പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ച ട്രെയിന്‍ കടന്ന് പോയത് കാട്ടുതീ പടര്‍ന്ന് പിടിച്ച പ്രദേശത്ത് കൂടിയായിരുന്നു. ഏതാണ്ട് 11,500 പേരെ ഇതിവരെ ഒഴിപ്പിച്ചതായി ഫ്രാന്‍സ് അറിയിച്ചു. അതേ സമയം സ്പെയിനും പോര്‍ച്ചുഗല്ലില്ലുമായി ഉഷ്ണതരംഗത്തെ തുടര്‍ന്ന് ഇതുവരെ 1000 പേര്‍ മരിച്ചെന്നും വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്പില്‍ പോര്‍ച്ചുഗല്‍, സ്പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലാണ് ഉഷ്ണതരംഗം ഏറ്റവും ശക്തമായി വീശുന്നത്. ഉഷ്ണതരംഗത്തെ തുടര്‍ന്ന് യൂറോപ്പിലെ താപനില 40 ഡിഗ്രി സെല്‍ഷ്യസിലേക്ക് കടന്നു. സ്പെയിനിലെ പടിഞ്ഞാറന്‍ നഗരമായ ഫെറോളില്‍ നിന്ന് ഇന്നലെ മാഡ്രിഡിലേക്ക് പുറപ്പെട്ട ഒരു ട്രെയിന്‍, കാട്ടുതീ പടര്‍ന്ന് പിടിച്ച പ്രദേശങ്ങളിലൂടെ കടന്ന് പോയത് യാത്രക്കാരില്‍ ഏറെ ആശങ്കയുണ്ടാക്കി.