പാത്തു ആഗ്രഹിച്ചു... ഫിറു മഹറായി നല്‍കി; ലോകത്തിലാദ്യമായി മഹറായി ഒരു വീല്‍ചെയര്‍... !

First Published | Oct 6, 2021, 2:22 PM IST

ഫാത്തിമാ അസ്‍ല ആഗ്രഹിച്ചത് , തന്‍റെ വിവാഹത്തിന് മഹറായി ഒരു വീല്‍ചെയര്‍ കിട്ടണമെന്നതായിരുന്നു. ഒടുവില്‍ ഫാത്തിമയുടെ ആഗ്രഹം സഫലമാക്കി ഫിറോസ് നെടിയത്ത് വീല്‍ച്ചെയര്‍ മഹറായി നല്‍കി ഫാത്തിമയുടെ കരം ഗ്രഹിച്ചു. ഫാത്തിമ അസ്‍ലയെ അറിയില്ലേ ? സ്വന്തം വിധിയോട് പോരാടി , ഹോമിയോ ഡോക്ടറായ ഫാത്തിമ അസ്‍ല. ശരീരിക  ബലഹീനതകളെ  സ്വന്തം നിശ്ചയദാര്‍ഢ്യം കൊണ്ട് നേരിട്ടാണ് ഫാത്തിമ ഡോക്ടറായത്. ഒടുവില്‍ തന്‍റെ ആഗ്രഹത്തിനൊത്തൊരു പങ്കാളിയെ തന്നെ ഫാത്തിമയ്ക്ക് ലഭിച്ചു. ഫാത്തിമയുടെ ഫേസ്ബുക്ക് കുറിപ്പ് ആ ആഗ്രഹത്തിന്‍റെ കഥ പറയുന്നു. ചിത്രങ്ങള്‍ പകര്‍ത്തിയത് വിഷ്ണു സന്തോഷ്, വെഡ്കാം വെഡ്ഡിങ്ങ് കമ്പനി. 

ഒരു പക്ഷെ ലോകത്തിലാദ്യമായാവും വീൽചെയർ മഹറായി നൽകുന്നത്. ആദ്യമാവുക എന്നതിലപ്പുറം മാറ്റങ്ങൾക്ക് തുടക്കമാവുക എന്നതിലാണ് ഞങ്ങൾ രണ്ട് പേരും വിശ്വസിക്കുന്നതെന്നും ഫാത്തിമ എഴുതുന്നു.

വിവാഹത്തെ കുറിച്ച് ചിന്തിച്ചപ്പോഴൊക്കെ മഹറായി വീൽചെയർ ലഭിക്കണേയെന്ന് ഫാത്തിമ ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹമാണ് ഫിറോസ് നെടിയത്ത് സാധിച്ച് കൊടുത്തത്. 


ഫാത്തിമയ്ക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ് ഓസ്റ്റിയോജെനിസിസ് ഇംഫെർഫെക്ട അഥവാ പൊട്ടുന്ന അസ്ഥി രോഗം കണ്ടെത്തിയത്. വളര്‍ന്നപ്പോള്‍ ഫാത്തിമയ്ക്ക് വീല്‍ചെയറില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നായി. 

ശാരീരികമായ ബലഹീനത കാരണം മെഡിക്കൽ വിദ്യാഭ്യാസത്തിന് 'യോഗ്യയല്ലെന്ന്' ന്നായിരുന്നു മെഡിക്കൽ ബോർഡിന്‍റെ കണ്ടെത്തല്‍. പക്ഷേ, പിന്‍മാറാന്‍ ഫാത്തിമ ഒരുക്കമായിരുന്നില്ല. 

ഇന്ന് ഫാത്തിമ അസ്‍ല, കോഴിക്കോട് ഹോമിയോപ്പതി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. അത് കഴിഞ്ഞാല്‍ ഹോമിയോപ്പതിയില്‍ പ്രാക്ടീസ് തുടങ്ങും. '

പത്താം ക്ലാസ് പരീക്ഷയിൽ അസ്‍ല 90 ശതമാനം മാർക്ക് നേടി. പ്ലസ് ടുവിനായി സയൻസ് ഗ്രൂപ്പ് തെരഞ്ഞെടുത്തു. പക്ഷേ, ശാരീരിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഫാത്തിമ പക്ഷേ, പിന്തിരിഞ്ഞില്ല. ഒടുവില്‍ പ്ലസ്ടു റിസള്‍ട്ട് വന്നപ്പോള്‍ ഫാത്തിമയ്ക്ക്  85 ശതമാനം മാര്‍ക്ക്. 

തുടര്‍ന്നാണ് എന്‍ട്രന്‍സ് ക്രാഷ് കോഴ്സിന് ചേര്‍ന്നത്. മെഡിസിന് റാങ്കോടെ പാസായെങ്കിലും 'യോഗ്യയല്ലെന്ന്' ന്നായിരുന്നു മെഡിക്കൽ ബോർഡിന്‍റെ കണ്ടെത്തല്‍. 

പക്ഷേ പിന്‍മാറാന്‍ അസ്‍ല ഒരുക്കമായിരുന്നില്ല. നിരന്തരമായ പരിശീലനത്തിലൂടെ അവള്‍ ക്രച്ചസ് ഉപയോഗിക്കാന്‍ ശീലിച്ചു. കുടുംബം ഒപ്പം നിന്നു. ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും കുടുംബത്തിന് കാന്തപുരം എ പി അബൂബക്കർ മുസലിയാർ, മർകസ് എന്നിവരുടെ പിന്തുണ ലഭിച്ചു. 

ഫാത്തിമ അസ്‍ല വീണ്ടും മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരായി. തുടര്‍ന്ന് അവൾ കോട്ടയം എന്‍എസ്എസ് ഹോമിയോ മെഡിക്കൽ കോളേജിൽ ബിഎച്ച്എംഎസിന് ചേര്‍ന്നു. കൊവിഡിനെ തുടര്‍ന്ന് പരീക്ഷ നീണ്ടുപോയി. 

അതിനിടെയായിരുന്നു വിവാഹ നിശ്ചയം. ഒരു വര്‍ഷത്തിന് ശേഷം വിവാഹ ദിനമെത്തിയപ്പോള്‍ ഫിറോസ് നെടിയത്ത്, അസ്‍ല ആഗ്രഹിച്ച പോലെ വീല്‍ച്ചെയര്‍ സമ്മാനമായി നല്‍കി. ഫാത്തിമയുടെ വാക്കുകളില്‍ പറഞ്ഞാല്‍... വീൽചെയർ മഹർ തല്‍‌കി ഫിറൂ പാത്തൂനെ കൂടെ കൂട്ടിയിരിക്കുന്നു... 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos

click me!